വാക്കുരുക്കം
കാലത്തിന്റെ കാവൽക്കാരി

എൻ ഇ സുധീർ
Published on Jun 08, 2026, 11:55 AM | 3 min read
റോമില ഥാപ്പറിനെ ഓർമിക്കുമ്പോൾ ആരും ജെഎൻയുവിനെയും (ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) ഓർമിക്കും. അത്രയും അഭേദ്യമായ ബന്ധമാണ് റോമില ഥാപ്പർ എന്ന ചരിത്രകാരിയും ഇന്ത്യയിലെ പേരെടുത്ത ആ സർവകലാശാലയും തമ്മിലുണ്ടായിരുന്നത്. എന്നാൽ അതും ചരിത്രമായി ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാലം മാറിക്കഴിഞ്ഞു, വലിയതോതിൽ. ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ തകർച്ച മനസ്സിലാക്കണമെങ്കിൽ റോമില ഥാപ്പറിനോട്, 2019ൽ ആ സർവകലാശാല ഒടുവിലായി എന്തുചെയ്‌തു എന്നന്വേഷിച്ചാൽ മാത്രം മതി.
2019ൽ ജെഎൻയു അധികൃതർ റോമില ഥാപ്പറിന് ഒരു കത്തെഴുതുകയുണ്ടായി. പ്രായം 75 കഴിഞ്ഞതിനാൽ അവരുടെ ഇമെരിറ്റസ് പ്രൊഫസർ സ്ഥാനം നിലനിർത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിലേക്കായി ഒരു ബയോഡാറ്റ സർവകലാശാലയിൽ ഹാജരാക്കണം എന്നായിരുന്നു അതിൽ ആവശ്യപ്പെട്ടിരുന്നത്. സർവകലാശാല നിയോഗിച്ച ഒരു കമ്മിറ്റി ആ ബയോഡാറ്റ വിലയിരുത്തിയശേഷം റോമില ഥാപ്പർ ഇമെരിറ്റസ് പ്രൊഫസറായി തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കും എന്നായിരുന്നു സർവകലാശാല അറിയിച്ചത്. റോമില ഥാപ്പറിനെ അത് ശരിക്കും ഞെട്ടിച്ചു. വല്ലാതെ ചൊടിപ്പിക്കുകയും ചെയ്‌തു. ഇമെരിറ്റസ് പ്രൊഫസറാക്കിക്കൊണ്ടുള്ള നിയമന ഉത്തരവിൽ ഇങ്ങനെയൊന്നും പറയുന്നില്ലെന്നും, മറിച്ച് ജീവിതകാലം മുഴുവൻ എന്നാണ് പറഞ്ഞിരിക്കുന്നതെന്നും കാണിച്ച് അവർ സർവകലാശാലയ്‌ക്ക് വൈകാതെ മറുപടി അയച്ചു. താൻ ഏറെ സംഭാവനകൾ നൽകിയ ആ സ്ഥാപനത്തിന് ഇത്രയും മോശമായി പെരുമാറാൻ കഴിയുന്നു എന്നത് അവരെ വല്ലാതെ അസ്വസ്ഥയാക്കി. അതുകൊണ്ടുതന്നെ അവർ ഈ പ്രശ്നം പൊതുസമൂഹത്തിന് മുന്നിൽ വച്ചു. മാധ്യമങ്ങളും അക്കാദമികലോകവും അതിനെ ഏറ്റെടുത്തു. ‘ദി ഇമെരിറ്റസ് എപ്പിസോഡ്' എന്ന പേരിൽ ആ പ്രശ്നം അറിയപ്പെട്ടു.

റോമില ഥാപ്പറിനെ അംഗീകരിക്കുകവഴി പല അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾക്കും മികവും മാന്യതയും വർധിച്ചു എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. അത്രമാത്രം അംഗീകരിക്കപ്പെട്ടതാണ് അവരുടെ രചനകളും ഇടപെടലുകളും. ചരിത്രകാരന്മാർക്ക് കൊടുക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന പുരസ്‌കാരമായി കരുതപ്പെടുന്ന, അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ് നൽകുന്ന ക്ലൂഗ് പ്രൈസ് റോമില ഥാപ്പറിന് ലഭിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി അവരെ ആദരിച്ചു. അതൊരു കടംവീട്ടലായിരുന്നു. ചെറുപ്പകാലത്ത് ഓക്‌സ്‌ഫോർഡിൽ പഠിക്കണമെന്നാഗ്രഹിച്ച് അവരവിടത്തെ പ്രവേശന പരീക്ഷ എഴുതുകയുണ്ടായി. പരീക്ഷാർഥിയുടെ നിലവാരം കുറവാണെന്നും അതിനാൽ പ്രവേശനം തരാൻ സാധിക്കില്ലെന്നും ഓക്‌സ്‌ഫോർഡ് സർവകലാശാല അറിയിച്ചു. വർഷങ്ങൾക്കിപ്പുറം അതേ സർവകലാശാല ആദരവോടെ ക്ഷണിച്ച് ആ പഴയ പരീക്ഷാർഥിക്ക് ഡോക്ടറേറ്റ് നൽകുകയായിരുന്നു. അതേറ്റുവാങ്ങിക്കൊണ്ട് റോമില ഥാപ്പർ ഇങ്ങനെ പറഞ്ഞു: “ഇവിടെ പഠിച്ച് ഇവിടുന്നൊരു ഡോക്ടർ ബിരുദമെടുക്കാൻ എന്നെ കൊള്ളില്ലെന്നു പറഞ്ഞ അതേ സർവകലാശാല ഇപ്പോൾ വിളിച്ചു തരുന്ന ഈ ഡോക്ടർ ബിരുദം സ്വീകരിക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്.” ലോകത്തിലെ മറ്റു പ്രധാന സർവകലാശാലകളും റോമില ഥാപ്പർ എന്ന ചരിത്രകാരിയെ പലപ്പോഴും ആദരിച്ചിട്ടുണ്ട്. അതേസമയം രാജ്യം നൽകിയ പത്മ പുരസ്‌കാരങ്ങൾ രണ്ടുതവണയും അവർ സ്വീകരിക്കാതിരിക്കുകയും ചെയ്‌തു. സ്റ്റേറ്റ് നൽകുന്ന ആദരവ് സ്വീകരിക്കില്ല എന്ന കർശന നിലപാട് മൂലമാണത്. തന്റെ അന്വേഷണ മേഖലയിലെ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരങ്ങളും ആദരവും മാത്രമേ സ്വീകരിക്കൂ എന്ന് റോമില ഥാപ്പർ എന്ന ചരിത്രകാരിക്ക് നിർബന്ധമുണ്ട്. അതിൽനിന്ന് അവരൊരിക്കലും വ്യതിചലിച്ചില്ല.
അങ്ങനെയൊക്കെയുള്ള ഒരാളോടാണ് നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാന സർവകലാശാല, അവർ ദീർഘകാലം പഠിപ്പിച്ച സർവകലാശാല നന്ദികേട് കാണിച്ചത്. 1971 മുതൽ, അതായത് അതിന്റെ തുടക്കംമുതൽ അവർ ആ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളുടെ കാതലായ ഭാഗമാണ്. ജെഎൻയുവിന്റെ അഭിമാനമായി കരുതിപ്പോന്ന റോമിലയോട് സർവകലാശാല കാണിച്ച ഈ അനീതി മാറുന്ന ഇന്ത്യയുടെ പ്രതീകമായാണ് വായിച്ചെടുക്കേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ ജെഎൻയു ഇപ്പോൾ പഴയ ജെഎൻയു അല്ല. പുതിയ അധികാരശക്തികൾ ശത്രുതാമനോഭാവത്തോടെ നോക്കിക്കണ്ട് അതിനെ തകർത്തുകളഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘Just Being’ എന്ന റോമില ഥാപ്പറിന്റെ ആത്മകഥ കിട്ടിയപ്പോൾ ഞാനാദ്യം നോക്കിയത് ഈ പ്രശ്നം അതിൽ എഴുതിയിട്ടുണ്ടോ എന്നാണ്. എഴുന്നൂറോളം പേജുകളുള്ള ഈ പുസ്‌തകത്തിൽ, അവസാനഭാഗത്തായി അത് ഭംഗിയായി വിവരിക്കുന്നുണ്ട്. ജെഎൻയു എന്ന സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കളങ്കം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുകയാണ്, റോമില ഥാപ്പർ എന്ന ലോകപ്രശസ്‌ത ചരിത്രകാരി അവരുടെ ആത്മകഥയിലൂടെ. ആത്മകഥ മുഴുവനായും വായിക്കാത്തതുകൊണ്ടും ഈ കുറിപ്പ് ആ പുസ്‌തകത്തെക്കുറിച്ചല്ല എന്നതുകൊണ്ടും കൂടുതലെഴുതുന്നില്ല. തീർച്ചയായും ആധുനിക ഇന്ത്യയുടെ ആത്മാവിനെ ആഴത്തിലറിഞ്ഞതിന്റെയും പ്രാചീന ഇന്ത്യയെ തിരിച്ചറിഞ്ഞതിന്റെയും അനുഭവസാക്ഷ്യമായിരിക്കും ആ ആത്മകഥ. കാലം സ്‌നേഹാദരങ്ങളോടെ കാത്തുസൂക്ഷിക്കാൻ പോകുന്ന ഒരു പുസ്‌തകം. ഇന്ത്യാചരിത്രത്തിലെ നിർണായകമായ ഒരു കാലത്ത് സംഭവിക്കുന്ന ബൗദ്ധികവും രാഷ്‌ട്രീയവുമായ ഇടപെടലുമാണത്.

പുസ്‌തകങ്ങളെപ്പറ്റി അവർ പൊതുവിൽ പറയുന്ന ഒരു കാര്യമുണ്ട്. പുസ്‌തകത്തോട്, ഏത് പുസ്‌തകമായാലും ‘എന്താണ് നീ എന്നോട് പറയാൻ ശ്രമിക്കുന്നത്' എന്ന് ആദ്യമേ അന്വേഷിക്കണം. തുടർന്ന് അതുമായി അത്തരത്തിലൊരു സംവാദത്തിലേർപ്പെടണം. പുസ്‌തകവുമായുള്ള അവരുടെ ബന്ധമാണ് പറഞ്ഞുവരുന്നത്. റോമില ഥാപ്പറിന്റെ ആത്മകഥ ലോകത്തോട് പറയുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥയാണ്. അങ്ങനെയൊരു കാലത്ത് ജീവിക്കാൻ സാധിച്ച ഒരാൾ ആ കാലത്തെ വായിക്കാൻ ശ്രമിക്കുകയാണ്. അതൊരു സൂക്ഷ്മവായനയാണ്.
അവർ ആദ്യകാലത്ത് ആഗ്രഹിച്ചതുപോലെ സസ്യശാസ്‌ത്രമോ സാഹിത്യമോ ഫിലോസഫിയോ ആണ് പഠിക്കാൻ പോയതെങ്കിൽ ലോകത്തിന് വലിയ നഷ്ടം സംഭവിക്കുമായിരുന്നു. റോമില എന്ന ചരിത്രകാരി സൃഷ്ടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള ലോകത്തിന്റെ അറിവ് ശുഷ്‌കവും വികലവുമാവുമായിരുന്നു. ഇന്നത്തെ ഹിന്ദുത്വ രാഷ്‌ട്രീയക്കാർക്ക് തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ കൂടുതൽ എളുപ്പമായേനെ. ചരിത്രം എങ്ങനെയാണ് വിധ്വംസക രാഷ്ടീയത്തിന് വളമായി മാറുന്നത് എന്ന് നമ്മളിപ്പോൾ ഭയപ്പാടോടെ കാണുന്നുണ്ടല്ലോ. ഇതേപ്പറ്റിയൊക്കെ ചിന്തിക്കുമ്പോഴാണ് അവരെപ്പോലെ ധിഷണാശാലിയായ ഒരാൾ ചരിത്രകാരിയായതിന്റെ പ്രാധാന്യം മനസ്സിലാവുക. നിലവിലെ ഭരണകൂടം അവരെ ഭയപ്പെടുകയും അവർ നേടിയെടുത്ത അക്കാദമിക മികവിനെ റദ്ദുചെയ്യാൻ ശ്രമിക്കുകയുമാണ്. റോമിലയുണ്ടാക്കിയ ചരിത്രവിജ്ഞാനം ഇക്കൂട്ടരെ അത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട്.
മുരളിമനോഹർ ജോഷിയെന്ന ബിജെപി നേതാവ് മന്ത്രിയായിരുന്നപ്പോൾ പാർലമെന്റിൽ റോമില ഥാപ്പറെ രാജ്യദ്രോഹിയെന്നും ഹിന്ദു വിരുദ്ധയെന്നും അക്കാദമിക് ഭീകരവാദിയെന്നും വിശേഷിപ്പിച്ചത് ഓർമയുണ്ടായിരിക്കണം. അങ്ങനെയാണ് ഹിന്ദുത്വവാദികളുടെ വിലയിരുത്തൽ! റോമില എന്തുകൊണ്ട് ബിജെപിയുടെ ശത്രുവായി എന്നതിന്റെ ഉത്തരം, അവർ അത്രമാത്രം ചരിത്രസത്യങ്ങളെ ഭയപ്പെടുന്നു എന്നതുതന്നെയാണ് .










0 comments