കവർസ്റ്റോറി
വിവർത്തനത്തിന്റെ കഥ

മിനിസ്‌തി എസ്
Published on Oct 05, 2026, 04:46 PM | 8 min read
ബൈബിളിൽ, (1 Corinthians 12:7-11) ഒമ്പത് ആത്മീയ അനുഗ്രഹങ്ങളെ പറ്റിയുള്ള വിശദീകരണങ്ങളുണ്ട്. അതിലൊന്ന് പരിഭാഷയാണ്.
‘…And to still another, the interpretation of tongues.’
അരുളപ്പാടിന്റെ വാക്കുകളെ, സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലോട്ടു മൊഴിമാറ്റുന്ന ഒരു കഴിവ്.
ഇന്നിപ്പോൾ Daisy Rockwell, Geetanjali Shree, Bhanu Mushtaq, Deepa Bhasthi, Han Kang, Deborah Smith, Jenny Erpenbeck, Michael Hoffman എന്നിങ്ങനെ, പരിഭാഷകളിലൂടെ അന്താരാഷ്‌ട്ര സാഹിത്യലോകത്ത് പ്രശസ്‌തരായവരുടെ പേരുകൾ, മിക്കവാറും പേർക്ക് പരിചിതങ്ങളാണ്.
Asterix എന്ന കോമിക് സീരീസ് വായിച്ചവർക്ക് വളരെ വേണ്ടപ്പെട്ട പേരാണ് Anthea Bell. ഫ്രഞ്ച് ഭാഷയിലെ ഓരോ ചെറു ചിരിയും അതുപോലെ തന്നെ നമ്മിലെത്തിച്ചത് ആ മഹതിയുടെ അധ്വാനമാണല്ലോ!
പറഞ്ഞുവന്നത് "ട്രാൻസ്ലേഷൻ' എന്ന കലയെപ്പറ്റിയാണ്. അതിനുതന്നെ എത്ര പര്യായങ്ങളുണ്ട്! പരിഭാഷ, തർജമ, മൊഴിമാറ്റം, ഭാഷാന്തരം, വിവർത്തനം...!
(ഹിന്ദിയിലാകട്ടെ, "അനുവാദ്' എന്നാണ് പറയുന്നത്. രസകരമായ വാക്ക്-‐ ഒറിജിനൽ എഴുത്തിന്റെ അനുവാദം വാങ്ങിയിട്ട് മാത്രമേ ഭാഷ മാറ്റാൻ പാടുള്ളൂ!)
എനിക്ക് പരിഭാഷ ഒരു പ്രാർഥനയാണ്. ‘The state of mind that approaches prayer’, എന്ന്, Henri Matisse, പ്രതിഭാശാലിയായ ഫ്രഞ്ച് ചിത്രകാരൻ, ക്രിയാത്മകതയെ വിശേഷിപ്പിച്ചിട്ടുണ്ട്.
മിനിസ്‌തി എസ്
എന്റെ ജീവിതത്തിൽ പരിഭാഷയുടെ നിയോഗം വളരെ വിചിത്രമായാണ് സംഭവിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടിൽവച്ച് എഴുത്തുകാരി കെ ആർ മീരയെ കണ്ടുമുട്ടുന്നു. അവരുടെ രണ്ട് പുസ്‌തകങ്ങൾ‐ -‘മീരാസാധു’, ‘നേത്രോന്മീലനം’ ഞാൻ തർജമ ചെയ്യുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് അവ പബ്ലിഷ് ചെയ്യുന്നു. പിന്നീടുള്ള സാഹിത്യ സഞ്ചാരത്തിൽ, വി ജെ ജെയിംസിന്റെ നാല് നോവലുകൾ -‐ ‘ആന്റി-ക്ലോക്ക്’, ‘നിരീശ്വരൻ’, ‘ദത്താപഹാരം’, ‘പുറപ്പാടിന്റെ പുസ്‌തകം’ എന്നിവ -ഞാൻ ഇംഗ്ലീഷിലോട്ട് പരിഭാഷപ്പെടുത്തി. പെൻഗ്വിൻ അവ പ്രസിദ്ധീകരിച്ചു. ഇതിൽ ‘ആന്റി ക്ലോക്ക്’, പ്രശസ്‌തമായ ജെസിബി അവാർഡിന്റെ (2021) ചുരുക്കപ്പട്ടികയിലെത്തി.
മേൽപ്പറഞ്ഞവ കൂടാതെ, ഷീല ടോമി, ബെന്യാമിൻ, സോണിയ റഫീഖ്, കെ എൽ മോഹനവർമ്മ, വീരാൻകുട്ടി, നിയാസ് കരീം, സോണിയ ചെറിയാൻ, ഷാജികുമാർ എന്നിങ്ങനെ പ്രതിഭാശാലികളായ എഴുത്തുകാരുടെയും പുസ്‌തകങ്ങൾ മൊഴിമാറ്റാൻ അവസരം ലഭിച്ചു. Penguin, Harper Collins, Simon & Schuster, Niyogi, Rupa, Orient Blackswan തുടങ്ങി പ്രശസ്‌തരായ പല പബ്ലിഷേഴ്‌സുമായും -സഹകരിച്ചു പ്രവർത്തിക്കാനായി.
ഷീല ടോമിയുടെ പുസ്‌തകത്തിന് വൈസ് റൗൾ ലിറ്റററി അവാർഡിന്റെ റണ്ണർ അപ്പ് അവാർഡ് (2026) ലഭിച്ചു. ബെന്യാമിന്റെ പുസ്‌തകത്തിന്റെ പരിഭാഷയ്‌ക്ക് 2026-‐ലെ വി അബ്ദുല്ല പരിഭാഷ സമ്മാനവും ലഭിച്ചു. ധാരാളം വിവർത്തനങ്ങൾ വിവിധ സാഹിത്യ അവാർഡുകളുടെ ലോങ്ലിസ്റ്റിലും ഷോർട്ട് ലിസ്റ്റിലും സ്ഥാനം പിടിച്ചു.
വിവർത്തനം ചെയ്യുക എന്നത് വളരെ എളുപ്പമുള്ള പണിയാണെന്നാണ് പലരും കരുതുന്നത്.
"അതങ്ങു ഗൂഗിൾ ട്രാൻസ്ലേറ്റില് ഇട്ടാൽ പോരെ?’
‘അതെന്താ സ്വന്തമായൊന്നും എഴുതാത്തത്?'
"ഞാൻ ഒരു ബുക്ക് എഴുതി. വിവർത്തനം ചെയ്‌തു തരാമോ?'
മറുപടിയൊന്നും കൊടുക്കാറില്ല, ഇത്തരം ചോദ്യങ്ങൾക്ക്.
ഒരു ഭാഷയിൽനിന്നും മറ്റൊരു ഭാഷയിലേക്ക് പുസ്‌തകത്തിന്റെ മൊഴി മാറ്റുമ്പോൾ, എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ശൈലി, വാക്കുകളുടെ താളം, (tenor and rhythm), ഭാവാത്മകത, ചിരിയുടെയും രോഷത്തിന്റെയും കരച്ചിലിന്റെയും നവരസങ്ങളുടെ തന്നെ മൊഴിമാറ്റം, വാക്കുകൾക്കുള്ളിൽ പറയാത്ത രഹസ്യങ്ങൾ (reading between the lines) അങ്ങനെ എന്തൊക്കെയാണ് ഒരു പരിഭാഷകയ്‌ക്ക് ശ്രദ്ധിക്കേണ്ടി വരുന്നത്! പിന്നെ, ഓരോ എഴുത്തുകാർക്കും ഓരോ ഇഷ്‌ടാനിഷ്ടങ്ങളുണ്ട്.
ജെയിംസിന്റെ പുസ്‌തകങ്ങൾ വളരെ ആഴമുള്ളവയാണ്. ബൈബിളും ഉപനിഷത്തും ഭൗതികശാസ്‌ത്രവും അധ്യാത്മികതയും വിശ്വാസവും എല്ലാമുണ്ടവയിൽ! വളരെ നന്നായി അപഗ്രഥിച്ചു പഠിച്ചതിനു ശേഷമേ ഓരോ പുസ്‌തകവും വിവർത്തനം ചെയ്യാൻ സാധിക്കൂ. ഓരോ അധ്യായങ്ങൾ ഞാൻ എഴുത്തുകാരന് അയച്ചുകൊടുക്കും. അദ്ദേഹം, വരിയിലെ കോമയും ഫുൾ സ്റ്റോപ്പും വരെ കണിശമായി ചെക്ക് ചെയ്‌താണ് ഫീഡ്ബാക്ക് അയക്കുന്നത്.
‘‘മിനി, ‘contemplate’ എന്ന് പ്രയോഗിച്ചാലോ?’’ പിന്നെ ആ വാക്കിനെ കുറിച്ചുള്ള ചർച്ചയായി. ഒടുവിലത്തെ അഭിപ്രായം പരിഭാഷകയുടേതാകാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്.
‘നിരീശ്വരനാ’ണ് ഏറ്റവും കുഴക്കിയ പുസ്‌തകം. യോഗ വസിഷ്ഠയുടെയും, അഷ്ടാവക്ര ഗീതയുടെയും മറ്റും റഫറൻസ് നോക്കേണ്ടി വന്നിട്ടുണ്ട്, ചില ഭാഗങ്ങൾ മനസ്സിലാക്കാൻ. ജെയിംസ് ചിരിച്ചു കൊണ്ട് പറയും... ‘‘ഒന്നും കൂടി പോളിഷ് ചെയ്‌താലോ?’’

എത്രയോ വർഷങ്ങൾ കഠിനാധ്വാനം ചെയ്‌ത്, ഓരോ വാക്കും തേച്ചുമിനുക്കി വച്ച എഴുത്തുകാരന്റെ സെൻസിറ്റിവിറ്റി അഭിനന്ദിച്ചേ തീരൂ! എന്തായാലും, ഓരോ ജെയിംസ് നോവൽ തർജമ ചെയ്‌തു കഴിയുമമ്പോഴും ഞാൻ എന്റെ എൻജിനിയറിങ് ഡിഗ്രിക്കും നന്ദി പറയും! ‘ദത്താപഹാര’മായാലും, ‘ആന്റി-ക്ലോക്ക്’ ആയാലും, ‘നിരീശ്വരനാ’യാലും, ഒരു സൂക്ഷ്മമായ ശാസ്‌ത്രജ്ഞന്റെ നോട്ടം നോവലിൽ കിടപ്പുണ്ട്. വിവർത്തനം ചെയ്യുന്ന പുസ്‌തകത്തിന്റെ ഉൾക്കാമ്പ് വിവർത്തകയ്‌ക്ക് മനസ്സിലായില്ലെങ്കിൽ പണി പാളും.
ഇംഗ്ലീഷിലെ പ്രമുഖരായ എല്ലാ പബ്ലിഷിങ് ഇടങ്ങളിലും, രണ്ടു തരത്തിലുള്ള എഡിറ്റിങ് ഉണ്ട്. കമീഷനിങ് എഡിറ്ററുടെ ഫസ്റ്റ് റൗണ്ട് എഡിറ്റിങ്, പിന്നെ കോപ്പി എഡിറ്റിങ്.
എഴുത്തുകാരനും പരിഭാഷകയും ഒരുമിച്ച് അംഗീകരിച്ച ഡ്രാഫ്റ്റ് പുസ്‌തകം കമീഷൻ ചെയ്‌ത എഡിറ്റർ അവരുടെ എഡിറ്റിങ് പ്രക്രിയയ്‌ക്ക് വിധേയമാക്കുന്നു.
ഓരോ വരിയും കണിശമായി വിശകലനം ചെയ്‌തിട്ടാണ് ചോദ്യങ്ങൾ വരുന്നത്. വളരെ ബഹുമാനത്തോടെയാണ് ചോദിക്കുന്നത്.
“ഇവിടെ, എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു? ഈ വാക്യത്തിന് പ്രസക്തിയുണ്ടോ? ഈ വാക്കിന് പകരം വേറൊരു വാക്ക് ചേർക്കാൻ കഴിയുമോ? ഈ ടൈറ്റിൽ കുറച്ചുകൂടി ഭംഗിയാക്കാമോ? ഈ വാക്യഘടന കുറച്ചു ബുദ്ധിമുട്ടാണ്. മാറ്റാമോ?”
അങ്ങനെ, ഒരു 400 പേജുള്ള നോവലിന്, എഴുത്തുകാരനും പരിഭാഷകയും കൂടി ഓരോ ചോദ്യങ്ങൾക്കും ഉത്തരം കൊടുത്ത് എഡിറ്ററെ ബോധ്യപ്പെടുത്തണം.
(ജെയിംസിന്റെ നോവലുകളിൽ പല ഫിലോസഫിക്കൽ ആയ ആശയങ്ങളും വളരെ നീണ്ട ഇ- മെയിലുകളിലൂടെയാണ് ഞങ്ങൾ എഡിറ്ററെ ബോധ്യപ്പെടുത്തിയത്!)
പിന്നെ അതാ വരുന്നു, കോപ്പി എഡിറ്ററും ടീമും! അതേ പ്രക്രിയയാണ് ഇവിടെയും. സംശയങ്ങൾ, വാക്യഘടനയും വ്യാകരണവും എല്ലാം ഒരു ഭൂതക്കണ്ണാടി വച്ചു പരിശോധിക്കപ്പെടുന്നു.
ഇപ്പോൾ ഒരു controversy ഉണ്ടായാൽ, നമുക്ക് കമീഷനിങ് എഡിറ്ററെ സഹായത്തിനു വിളിക്കാം. (ആ വാക്യം കോപ്പി എഡിറ്റർ വെട്ടിക്കളഞ്ഞു! അത് തിരിച്ചു വരണം. അതിനു വളരെ പ്രാധാന്യമുണ്ട്. Help!) അങ്ങനെ 400 പേജുകളിൽ കൂടി പിന്നെയും ഒരു യാത്ര!
മലയാള പബ്ലിഷിങ് ലോകത്തിൽ നമ്മൾ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ഇത്തരം കണിശമായ എഡിറ്റിങ്. ഭാഷയുടെ സൗന്ദര്യവും ഒതുക്കവും ക്രമവുമൊക്കെ ഉറപ്പിക്കാനും മിനുക്കാനും അതിനാവും.
അതിനിടയിൽ കവർ ഡിസൈൻ, എഴുത്തുകാരന്റെ നോട്ട് (അതും വിവർത്തനം ചെയ്യുന്നത് പരിഭാഷകരാണ്), പരിഭാഷകയുടെ നോട്ട്, എല്ലാം സമാന്തര പ്രക്രിയകളായി നടക്കുന്നു. എന്തുമാത്രം കഠിനാധ്വാനമാണ് ഓരോ പരിഭാഷയ്‌ക്കും പിന്നിൽ! അവിടെ, എഴുത്തുകാരും പരിഭാഷകരും തമ്മിൽ വിശ്വാസവും പരസ്‌പര ബഹുമാനവും വളരെ ആവശ്യമാണ്.
പരിഭാഷപ്പെടുത്തുന്ന പുസ്‌തകത്തിന്റെ റിവ്യൂകൾ വായിക്കുമ്പോൾ, നല്ല വായനക്കാർ മെസേജുകൾ അയക്കുമ്പോൾ, വളരെ സന്തോഷം തോന്നാറുണ്ട്!
‘‘എന്ത് മനോഹരമായ പുസ്‌തകം. ഇത് ഇംഗ്ലീഷിൽ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു എഴുത്തുകാരനെ അറിയാൻ കഴിയില്ലായിരുന്നു...’’ ഈയിടെ കിട്ടിയ മെസേജാണ്. ‘നിരീശ്വരൻ’ വായിച്ചിട്ട് മറ്റൊരു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു നല്ല വായനക്കാരൻ അയച്ചതാണ്. അപ്പോൾ തന്നെ ഞാനത് എഴുത്തുകാരന് ഫോർവേഡ് ചെയ്‌തു. കഠിനാധ്വാനത്തിന് അർഥമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങൾ!
ഷീല ടോമിയുടെ "ആ നദിയോട് പേര് ചോദിക്കരുത്' (Do not ask the river her name) വളരെ ആകസ്മികമായി വന്നുചേർന്ന പുസ്‌തകമാണ്. അത് വിവർത്തനം ചെയ്‌തു തുടങ്ങിയപ്പോഴാണ് ഇസ്രയേൽ‐അറബ് യുദ്ധം ആരംഭിച്ചത്! പിന്നെ, രാത്രിയും പകലും കഷ്ടപ്പെട്ടാണ് ഹാർപ്പർ കോളിൻസിനു ഡിസംബറിൽ ഞങ്ങൾ സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തത്. ഞാൻ ഇസ്രയേലുമായി ബന്ധപ്പെട്ട് ധാരാളം പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്, സിനിമകളും കണ്ടിട്ടുണ്ട്. അവയൊക്കെ ആ നോവൽ ഭാഷാന്തരം ചെയ്യാൻ സഹായകമായി.

മീരയുടെയും ജെയിംസിന്റെയും പുസ്‌തകങ്ങളിൽ ബൈബിളിന്റെ ആഴത്തിലുള്ള വായനകളുണ്ടായിരുന്നു. ഷീലയുടെ ബുക്ക് വന്നപ്പോൾ ഇംഗ്ലീഷിലും മലയാളത്തിലും ബൈബിൾ തുറന്നുവച്ചുള്ള എന്റെ പരിഭാഷാ ശ്രമങ്ങൾ പിന്നെയും കൂടി. പുതിയ നിയമവും പഴയ നിയമവും വായിക്കാതെ ഷീലയുടെ ബുക്ക് തർജമ ചെയ്യാൻ പറ്റില്ല. അതിനും ചില നിമിത്തങ്ങളുണ്ടെന്നു മനസ്സിലായത് ബെന്യാമിന്റെ പുസ്‌തകം കൈയിൽ വന്നപ്പോഴാണ്! "പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' (The Second Book of Prophets) ബൈബിൾ അറിയാത്ത ഒരു വ്യക്തിക്ക് തലകറക്കം തന്നെ ഉണ്ടാക്കും! ധാരാളം റിസർച്ച് ചെയ്‌ത് ഞാൻ ചെയ്‌ത പുസ്‌തകമാണത്. പല റഫെറൻസ് പുസ്‌തകങ്ങളും തപ്പിയെടുത്തു വായിച്ചു. ഓരോ പേരും സ്ഥലവും ചരിത്രവും ചെക്ക് ചെയ്‌തു. ബെന്യാമിൻ എന്ത് സംശയം ചോദിച്ചാലും ഉടനെ മറുപടി തരും. എന്റെ ചില അഭിപ്രായങ്ങൾ ഹൃദയവിശാലതയോടെ സ്വീകരിച്ചു.
സോണിയ റഫീഖിന്റെ രണ്ടു പുസ്‌തകങ്ങൾ-‐ ‘ഹെർബേറിയം’, ‘പെൺകുട്ടികളുടെ വീട്-’ എന്നിവ ഞാൻ വിവർത്തനം ചെയ്‌തിട്ടുണ്ട്. രൂപ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "The House of Girls,' അറബ് സംസ്‌കാരത്തിലുള്ള സോണിയയുടെ അറിവിനെ തുറന്നുകാട്ടുന്നു.
‘ഹെർബേറിയം’ വിവർത്തനം വായിച്ചിട്ട്, നിയോഗിയുടെ എഡിറ്റോറിയൽ ഡയറക്ടർ, പ്രശസ്‌തനായ വിവർത്തകനും എഴുത്തുകാരനുമായ നിർമ്മൽ കാന്തി ഭട്ടചാർജി, വളരെ സന്തോഷത്തോടെയാണ് ഓഫർ തന്നത്. അതെല്ലാം അവിസ്മരണീയങ്ങളായ നിമിഷങ്ങളാണ്.
വിനുവിന്റെ കഥ, നിയാസ് കരീം എഴുതിയത്, "മരണക്കൂട്ട്: ഒരു ശവംവാരിയുടെ ജീവിത കഥ' ഒരു സുഹൃത്താണ് തന്നത്. വായിച്ചുതീർന്നപ്പോൾ ഞാൻ നിയാസിനെ ഫോണിൽ വിളിച്ച് എനിക്കീ പുസ്‌തകം പരിഭാഷപ്പെടുത്താൻ താൽപ്പര്യമുണ്ട് എന്ന് പറഞ്ഞു. ആ പുസ്‌തകം Juggernaut ആണ് പബ്ലിഷ് ചെയ്‌തത് (The Corpse Collector). ഞാൻ ചെയ്‌ത ആദ്യത്തെ നോൺ-ഫിക്ഷൻ ആണത്.
മോഹനവർമ്മ സാറിന്റെ "ഓഹരി' എനിക്ക് പ്രിയപ്പെട്ട പുസ്‌തകമാണ്. ഞാൻ എംബിഎ പഠിച്ചത് ആ പുസ്‌തകം വായിച്ചിട്ട്, ആവേശം മൂത്താണ്! അതെന്റെ ഗുരുദക്ഷിണയായി പുറത്തിറക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു, "Far ahead of its time...' എന്ന് പറയില്ലേ? ‘റിയലി ബ്രില്ലിയന്റ് ബുക്ക്’ എന്നാണ് ഹാർപ്പർ കോളിൻസിലെ എഡിറ്റർ ഡ്രാഫ്റ്റ് വായിച്ചിട്ടു പറഞ്ഞത്. 1993‐ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്‌തകമാണല്ലോ. ഇനി ലോകം വായിക്കട്ടെ!
പി വി ഷാജികുമാറിന്റെ ‘മരണവംശ’വും, ഡോ. സോണിയ ചെറിയാന്റെ ‘ആർമിയിലെ ഓർമ്മകുറിപ്പുകളും’ (Indian Rainbow) ഇനി പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നു. വീരാൻകുട്ടി സാറിന്റെ ‘തിരഞ്ഞെടുത്ത കവിതകൾ’ "The Heaviness of rain' എന്ന പേരിൽ പബ്ലിഷ് ചെയ്‌തിട്ടുണ്ട്.
ബെന്യാമിന്റെ പുസ്‌തകങ്ങളുടെ ശൈലിയല്ല മോഹനവർമ്മ സാറിന്റേത്. അതുപോലെയല്ല ഷീലയുടേത്. എല്ലാ എഴുത്തുകാർക്കും അവരുടെ സ്വതസിദ്ധമായ ഒരു ശൈലി ഉള്ളപ്പോൾ, ഒരു വിവർത്തകയുടെ മുന്നിലുള്ള വെല്ലുവിളി, എത്രത്തോളം ആ തനിമയെ, അതിന്റെ അഴകും അർഥവും രസവും താളവും ചോരാതെ, അന്യഭാഷയിൽ കൊണ്ടുപോകാൻ പറ്റുന്നു എന്നതാണ്.
ഗ്രാമീണ ഭാഷ സംസാരിക്കുന്ന വ്യക്തിയുടെ തർജമയിലും ആ ലാളിത്യം ഉണ്ടാവണം. ബിസിനസ് സംസാരിക്കുന്നയാളുടെ ഭാഷ വേറെയാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ കഥാപാത്രങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.
ബെന്യാമിന്റെ പുസ്‌തകത്തിൽ, ജീസസിന്റെ മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ വിവരണമുണ്ട്. ‘ദൈവമേ! ആരുടെ ചിന്തകളാണ് ഞാനിപ്പോൾ വിവർത്തനം ചെയ്യുന്നത്!’ പ്രാർഥിച്ചുകൊണ്ടാണ് അത് ചെയ്‌തത്: ‘ആ ചൈതന്യം എന്റെ വാക്കുകളിലും വരണമേ…’
മലയാളി അല്ലാത്തവർ വായിക്കുമ്പോൾ എനിക്ക് കിട്ടിയിട്ടുള്ള ഫീഡ്‌ബാക്ക് എന്താണെന്നു വച്ചാൽ, ‘‘മിനി, നിങ്ങളുടെ സ്ഥലങ്ങളുടെയും ആളുകളുടെയും പേരുകൾ കുഴപ്പിക്കുന്നു. ബന്ധങ്ങളുടെ പേരുകൾ- ചേച്ചി, ഏട്ടൻ, അച്ഛൻ...- അവ പോലും സമയമെടുക്കുന്നു മനസ്സിലാവാൻ. ഞങ്ങളുടെ ദൃഷ്ടിയിൽനിന്നും കാര്യങ്ങൾ നോക്കി, വിവർത്തനത്തിനു ക്ലാരിറ്റി കൊടുക്കാൻ ശ്രമിക്കണം.’’
അത് വളരെ പ്രസക്തിയുള്ള നിരീക്ഷണമാണ്.
അതുകൊണ്ട് തന്നെ, ഞാൻ ‘ഓഹരി' വിവർത്തനം ചെയ്‌തപ്പോൾ, കാര്യങ്ങൾ കൂടുതൽ ലളിതമാക്കാൻ, ചില സ്ഥലങ്ങളിൽ വിസ്‌തരിക്കാൻ, ഒക്കെ ശ്രദ്ധിച്ചു. നാലുകെട്ടും എട്ടുകെട്ടുമൊക്കെ എന്താണെന്നുംകൂടി തെളിയിക്കുന്ന ഒരു പ്രയോഗം. അത് നമ്മൾ ഫൂട്‌നോട്ട് ഉപയോഗിക്കാതെ, വാക്യത്തിൽ തന്നെ കൊണ്ടുവരുന്ന ഒരു ശൈലി ഉപയോഗിച്ചു. പല എഡിറ്റർമാർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി. ചിലർ പറയും, "കമ്യൂണിസ്റ്റ് പച്ച', അങ്ങനെ തന്നെ കിടന്നോട്ടെ. അതിന്റെ ഇംഗ്ലീഷ് ‘Siam Weed’, എന്ന് പ്രയോഗിക്കണ്ട. മറ്റു ചിലർ ഇംഗ്ലീഷിലെ പേര് കൊടുക്കാനും പറയും.
ചില വിവർത്തകർ ഭാഷയിലെ dialect അവരുടെ രീതിയിൽ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഞാൻ പക്ഷെ, ഷാജിയുടെ "മരണവംശം' പരിഭാഷപ്പെടുത്തിയപ്പോൾ, അന്തഃസത്ത നിലനിർത്താനാണ് തുനിഞ്ഞത്. മൊഴിമാറ്റം ഇഷ്‌ടപ്പെട്ട പ്രശസ്‌തരായ രണ്ട് എഡിറ്റർമാർ മെയിൽ ചെയ്‌തു. സന്തോഷം തോന്നി.
ഒരു പുസ്‌തകം വിവർത്തനം ചെയ്‌ത് പബ്ലിഷ് ചെയ്യുന്ന ആ നീണ്ട പാതയിൽ എഴുത്തുകാരനും വിവർത്തകയും സഹയാത്രികരാകുമ്പോൾ, പരസ്‌പര ബഹുമാനവും സൗഹൃദവും വിശ്വാസവും അനിവാര്യമാണ്. എനിക്ക് ഒരിക്കലും എന്റെ കഷ്ടപ്പാടിനെയും സമർപ്പണത്തെയും ബഹുമാനിക്കാത്ത വ്യക്തിയുടെ പുസ്‌തകങ്ങൾ വിവർത്തനം ചെയ്യാൻ സാധിക്കില്ല.
പിന്നെ രസകരമായ ഒരു കാര്യം! ഒരു പുസ്‌തകത്തിൽ നിന്നുമാണ് അടുത്തത് പിറക്കുന്നത്. ഉദാഹരണത്തിന്, ജെയിംസിന് ഞാൻ മെയിൽ അയച്ചാണ് നാല് നോവലുകളുടെ പരിഭാഷയുടെ നീണ്ട യാത്ര തുടങ്ങിയത്. അഞ്ചാമത്തെ പരിഭാഷ അടുത്ത വർഷം പ്രസിദ്ധീകരിക്കും.
സോണിയ റഫീഖിന്റെ പുസ്‌തകമായ ‘ഹെർബേറിയം’ ഡിസി അവാർഡിന് തിരഞ്ഞെടുത്ത കമ്മിറ്റിയിൽ ജെയിംസുമുണ്ടായിരുന്നു. ഞാൻ ‘ഹെർബേറിയം’ പരിഭാഷപ്പെടുത്തി; ‘പെൺകുട്ടികളുടെ വീടും.’ ഷീല ടോമിയുമായി പരിചയപ്പെട്ടത് ജെയിംസും സോണിയയും വഴിയാണ്. പിന്നെ ഷീലയാണ് സോണിയ ചെറിയാന്റെ പുസ്‌തകത്തെപ്പറ്റി പറഞ്ഞത്. അതിപ്പോൾ പ്രസാധകരുടെ എഡിറ്റിങ് പ്രക്രിയയിലാണ്.
മോഹനവർമ്മ സാറിനെ വിളിച്ച് ‘‘എംബിഎ പഠിച്ചത് ‘ഓഹരി’ കാരണമാണ്. ഞാൻ പരിഭാഷ ചെയ്‌തോട്ടെ?’’ എന്ന് ചോദിച്ചു. അന്ന് ഞാൻ ഫിനാൻസ് സെക്രട്ടറി ആയിരുന്നു. അത്ഭുതകരമായ ഒരു നിമിത്തം! നിറഞ്ഞ അനുഗ്രഹമാണ് സാർ തന്നത്. ഞാൻ ആഹ്ലാദിച്ചു ചെയ്‌ത തർജമയാണത്.
‘മരണക്കൂട്ട്’ കൈയിൽ തന്ന പ്രിയമിത്രം പറഞ്ഞു: ‘‘കരഞ്ഞുപോകും, വായിച്ചു നോക്കൂ.’’ ശരിയാണ്! വായിച്ചുതീർന്നതും, ഞാൻ നിയാസ് കരീമിനെ ഫോണിൽ വിളിച്ചു. അങ്ങനെയാണാ സുന്ദരമായ ടീം വർക്ക് തുടങ്ങിയത്. വിനുവിനെ ഞാൻ വീഡിയോ കോളിലൂടെയാണ് പരിചയപ്പെട്ടത്.
ഒന്നുകിൽ ഞാൻ ഒരു പുസ്‌തകം വായിച്ചിട്ട് എഴുത്തുകാരെ കോൺടാക്ട് ചെയ്യും. ഇല്ലെങ്കിൽ പരിചയമുള്ള ആരെങ്കിലും "മിനി ഇതൊന്നു വായിച്ചു നോക്കൂ' എന്ന് പറയും. അങ്ങനെ നടന്നതാണ് ഇതുവരെയുള്ള മൊഴിമാറ്റങ്ങൾ.
പല ക്ലാസിക്കുകളും മലയാളത്തിൽ വായിച്ചാണ് വളർന്നത്. മലയാളമായിരുന്നു പ്രീ-ഡിഗ്രിക്ക് പഠിച്ചത്. പിന്നെ എൻജിനിയറിങ്ങും മാനേജ്മെന്റും പഠിച്ചു. പല സ്ഥലങ്ങളിൽ ജോലി ചെയ്‌തു, ഒടുവിൽ ഐഎഎസ് നേടി ഉത്തർപ്രദേശിലെത്തി.
ഹിന്ദിയുടെ വകഭേദമായ അവധി ഭാഷയിൽ തുളസിദാസ്ജി എഴുതിയ ഹിന്ദി രാമായണത്തിന്റെ- ശ്രീരാമചരിതമാനസം- അഞ്ചോളം കാണ്ഡങ്ങൾ ഇംഗ്ലീഷിലോട്ട് ട്രാൻസ്ലിറ്ററേഷൻ (transliteration) ചെയ്‌തു. ശ്രീരാമചരിതമാനസത്തിൽ ഏഴ് കാണ്ഡങ്ങളാണ്: ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, ലങ്കാകാണ്ഡം, ഉത്തരകാണ്ഡം.

ആദ്യം ചെയ്‌തത് സുന്ദരകാണ്ഡം, പിന്നെ കിഷ്‌കിന്ധാകാണ്ഡം, ആരണ്യകാണ്ഡം, പിന്നീട് കോവിഡ് കാലത്ത് ലങ്കാകാണ്ഡം. ഇവയ്‌ക്കുശേഷം, ബാലകാണ്ഡം രണ്ടു ഭാഗങ്ങളായാണ് ചെയ്‌തത്. രണ്ടാം ഭാഗം ഇപ്പോൾ പ്രസ്സിലാണ്. ഇപ്പോൾ ചെയ്യുന്നത് അയോധ്യാകാണ്ഡത്തിന്റെ വിവർത്തനമാണ്. ഒടുവിൽ കാത്തിരിക്കുന്നത് ഉത്തരകാണ്ഡമാണ്.
മിനിയ്‌ക്ക് സമയം എങ്ങനെ കിട്ടുന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്. സമയം നമ്മൾ സ്വയം കണ്ടെത്തണം. പത്ത് കൊല്ലങ്ങളായി ഈ യാത്ര. ജോലിയിൽ വളരെ ശ്രമകരമായ സന്ദർഭങ്ങളിൽ പോലും, ഈ ക്രിയാത്മകമായ കർമം ഒരാശ്വാസമാണ്. ധാരാളം വായിക്കാനും ചിന്തിക്കാനും പറ്റുന്ന ഒരു പ്രൊജക്ട് വരുമ്പോൾ, വളരെ സന്തോഷമാണ് മനസ്സിന്. ഈ സമാന്തര ജോലി എനിക്ക് അനുഗ്രഹമായാണ് അനുഭവപ്പെടുന്നത്.
മലയാളി, ലോകസാഹിത്യം വായിച്ചത് പരിഭാഷകളിലൂടെയാണ്. മാർകേസിന്റെയും മാക്‌സിം ഗോർക്കിയുടെയും ആശാപൂർണദേവിയുടെയുമൊക്കെ നോവലുകൾ നമ്മുടെ മലയാളത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിഭാഷയ്‌ക്കു കൊടുക്കേണ്ട പ്രാധാന്യം നാം കൊടുക്കണം. പ്രോത്സാഹിപ്പിക്കാൻ അവാർഡുകൾ വേണം. പല സന്ദർഭങ്ങളിലും അവാർഡ് പരിഭാഷപ്പെടുത്തിയ ബുക്കിനാണെങ്കിലും, തർജമ ചെയ്‌ത വ്യക്തിയെ ആദരിക്കുന്നില്ല. പല വേദികളിലും ഞാനിതു ശ്രദ്ധിച്ചിട്ടുണ്ട്. അവിടെ എഴുത്തുകാരാണ് ശബ്ദമുയർത്തേണ്ടത്.
ഭാഷയുടെ അതിർവരമ്പുകൾ കടന്ന്, ലോകസാഹിത്യ ധാരയിൽ പുസ്‌തകങ്ങൾ എത്തിക്കാൻ മൊഴിമാറ്റം അനിവാര്യമാണ്. ഭാഷയോടുള്ള സ്‌നേഹമാണ് മിക്കവാറും വിവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന വസ്‌തുത. പണ്ട്, പരിഭാഷകരുടെ പേരുകൾ, വളരെ ചെറിയ അക്ഷരങ്ങളിൽ, പിന്നിലെ പേജിൽ വരുമായിരുന്നു. ഇപ്പോൾ, കവർ പേജിൽ വന്നുതുടങ്ങി. ഈയിടെ എഴുത്തുകാരനായ വിവേക് ഷാൻബാഗ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, ‘‘എഴുത്തുകാരന്റെയും പരിഭാഷകന്റെയും പേരുകളുടെ വലുപ്പം ഒന്നായിരിക്കണം, പുസ്‌തക കവറിൽ.’’ Hyphen എന്ന പേരിൽ ഒരു പുതിയ സംരംഭത്തിന് തുടക്കം നൽകുകയാണ് അദ്ദേഹം. തർജമകൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വളരെ നല്ല കാര്യം! .









0 comments