കവർസ്റ്റോറി
ഫുട്ബോൾ: യുദ്ധവും സമാധാനവും

മധു ജനാർദനൻ
Published on Jun 15, 2026, 01:03 PM | 7 min read
അതൊരു വെറും കളിയല്ല, വിപ്ലവ മാർഗത്തിലെ ഒരു ആയുധമാണ്‐
ഏണെസ്റ്റോ ചെഗുവേര
ഫുട്ബോൾ വെറും ഒരു കളിയല്ല. ഇതിന് പലവിധ കാരണങ്ങളുണ്ട്. ഫുട്ബോൾ ലോകത്തിന്റെ കളിയായി വിലയിരുത്തപ്പെടുന്നത് ഭാഷ, വർഗം, അതിർത്തി എന്നിവയ്‌ക്കെല്ലാം അതീതമായി അത് കോടിക്കണക്കിന് ആളുകളെ ഒന്നിപ്പിക്കുന്നതുകൊണ്ടാണ്.റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ മലപ്പുറം ജില്ലയിലെ ഗ്രാമമായ വണ്ടൂരിൽനിന്ന് ഭാര്യയുടെ സ്വർണം ബാങ്കിൽ പണയംവച്ച് രണ്ട് സുഹൃത്തുക്കൾ പോകുന്നതും തിരൂരിനടുത്തുള്ള കൂട്ടായി അഴിമുഖത്ത് ബ്രസീൽ ഫാൻസും അർജന്റീന ഫാൻസും ഉറക്കമൊഴിഞ്ഞ് വലിയ സ്ക്രീനിൽ അർധരാത്രി കളി കഴിഞ്ഞ് ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കുന്നതും പാണ്ടിക്കാട്ട് മരാട്ടപ്പടിയിൽ ബ്രസീലിനെ ഇംഗ്ലണ്ട് തോൽപ്പിക്കുമ്പോൾ യൂണിയൻ ജാക്കിന്റെ കൊടികൊണ്ട് അർജന്റീന ആരാധകർ ഷർട്ട് തയ്ച്ചിടുന്നതും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. പാരമ്പര്യവൈരികളായ ഫുട്ബോൾ ടീമുകളിലെ ക്യാപ്റ്റൻമാർ മത്സരത്തിനുശേഷം ആര് ജയിച്ചു ആര് തോറ്റു എന്നത് കണക്കിലെടുക്കാതെ പരസ്‌പരം വിയർപ്പ് നനഞ്ഞ ജെഴ്‌സി അഴിച്ചു കൈമാറി ധരിക്കുന്നത് ഫുട്ബോളിന്റെ ലോകത്തിന് അതിരുകളില്ല എന്നതിനാലാണ്. അവിടെ പാസ്‌പോർട്ടും ഐഡി കാർഡും നിറവും വംശവും അപ്രസക്തമാണ്. സ്‌നേഹം, സാഹോദര്യം, ഐക്യം എന്നീ വികാരങ്ങളുടെ സങ്കലനമാണ് ഫുട്ബോൾ. ഫുട്ബോൾ മറ്റൊരർഥത്തിൽ ഒരു മതമാണ്. രാജ്യം, വംശം, ഭാഷ എല്ലാത്തിനെയും മായ്ച്ചുകളയുന്ന ഒരു അഭിപ്രായം. അർജന്റീനയിൽ ഡീഗോ മറഡോണ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെപേരിൽ ഒരു മതമുണ്ടായി‐ "എൽ ദീഗോ.’ താലി അണിയിക്കുന്നതിന് പകരം ഒഴിഞ്ഞ ഗോൾപോസ്റ്റിൽ ഒരു പെനാൽറ്റി അടിച്ചാണ് വിവാഹം നടക്കുന്നത്. മറഡോണ ഒരു ദൈവത്തോളം വളർന്നതിന്റെ തെളിവാണിത്.
ജർമൻ ബുണ്ടെസ് ലീഗെയിൽ ബൊറൂഷ്യ ഡോർട്‌മുണ്ടിന്റെ ജേഡൻ സാഞ്ചോ, അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാരൻ ആക്രമിച്ചതിൽ പ്രതിഷേധിച്ചപ്പോൾ
ലാറ്റിനമേരിക്കയിൽ പല ഭരണാധികാരികളും ജനാഭിപ്രായം അടിച്ചമർത്താനും ഭരണം നേടാനും നിലനിർത്താനും ഫുട്ബോളിനെ ഉപയോഗിച്ചിട്ടുണ്ട്. 1978ൽ അർജന്റീനയിൽ പട്ടാള ഏകാധിപതി ജനറൽ വിദേല ആ വർഷത്തെ ലോകകപ്പ് രാജ്യം നേടിയത് വലിയ രീതിയിൽ ആഘോഷിച്ചു. പോളണ്ടിനെ അർജന്റീന തോൽപ്പിച്ച് കിരീടം നേടിയത് കാലങ്ങളായി രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്‌ത സംഭവങ്ങളെ സ്വന്തം ജനതയെ തന്നെ മറവിയിൽ ആഴ്‌ത്തുന്നതിന് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. രാജ്യസ്‌നേഹം ഊതിവീർപ്പിക്കാനുള്ള വ്യവഹാരമായി ഫുട്ബോളിനെ ഉപയോഗിച്ച വേറെയും ഉദാഹരണങ്ങളുണ്ട്. ബ്രസീൽ 1970ൽ നേടിയ ലോകകപ്പ് വിജയം അവിടുത്തെ വലതുപക്ഷ പട്ടാള ഭരണകൂടത്തിന് സ്വസ്ഥമായി അഞ്ചുവർഷംകൂടി ഭരിക്കാനുള്ള അവസരം നൽകി. ലാറ്റിനമേരിക്കയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ സമാധാനകാലത്ത് കളിക്കളങ്ങളായും യുദ്ധകാലത്ത് തടവറകളായും ഉപയോഗിക്കപ്പെട്ടു. 1970 ‐ -81-ലെ നിയമവിരുദ്ധ യുദ്ധമുറയുടെ (Dirty War) കാലത്ത് അർജന്റീനയിലും അഗസ്തോ പിനോഷെയുടെ ഭരണകാലത്ത് ചിലിയിലും രാഷ്ട്രീയ പ്രതിയോഗികളെ വധിക്കാൻ സ്റ്റേഡിയങ്ങൾ ഉപയോഗിച്ചിരുന്നു. ജനപ്രീതി നേടാനും ലാറ്റിനമേരിക്കൻ ഭരണാധികാരികൾ ഫുട്ബോളിനെ ദുരുപയോഗിച്ചിട്ടുണ്ട്. 1989ൽ അർജന്റീനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദേശീയ പതാകയുടെ വർണങ്ങളുള്ള ഡ്രസ്സുകൾ അണിഞ്ഞ് കാർലോസ് മെനം സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഫുട്ബോൾ സമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒന്നല്ല എന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
നാസി ജർമനിയുടെ കാലംമുതൽ ഫുട്ബോളിന്റെ പവിത്രതയ്‌ക്ക് മേലുള്ള മാരക ആക്രമണങ്ങൾ തുടങ്ങിയിട്ടുണ്ട്.യുക്രെയ്‌നിലെ കീവിലുള്ള ഡൈനാമോ ക്ലബ് ജർമൻ സൈനികരുടെ ടീമിനെ തോൽപ്പിച്ചതിന് ബാബിയാർ കുന്നിൽ 11 കളിക്കാരെയും വെടിവച്ചു കൊന്ന സംഭവം ഫുട്ബോളിനെ ഒരു വിമോചന തത്വശാസ്ത്രമായി മാറ്റിയത് ചരിത്രമാണ്. കവിയായി മാറാനായി ഫുട്ബോൾ ഉപേക്ഷിച്ച റഷ്യൻ കവി യവ്ജനി യവ്ദുഷങ്കോ ഇത് കവിതയായി എഴുതിയിട്ടുണ്ട്.
"ബാബിയാറിൽ ഒരു സ്മാരകം പോലുമില്ല.
മരണത്തിന്റെ ചെത്തിയൊരുക്കാത്ത
ശിലാഫലകം പോലെ കൊക്കയിലേക്കുള്ള ഒരു കല്ല് അവിടെ കാണാം.’
പതിറ്റാണ്ടുകൾക്ക് ശേഷം ഹംഗേറിയൻ സംവിധായകനായ സോൾട്ടാൻ ഫാബ്രി അത് സിനിമയാക്കി. ഹംഗറിയിലുള്ള ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെ തടവുകാരുടെ ടീം ജർമൻ പട്ടാളക്കാരുടെ ടീമിനെ തോൽപ്പിക്കുമ്പോൾ കണ്ടു സഹിക്കാനാവാത്ത ജർമൻ കേണൽ തോക്ക് കയ്യിലെടുത്ത് മൈതാനത്ത് ജയാരവം മുഴക്കുന്ന കളിക്കാർക്ക് നേരെ ചൂണ്ടുമ്പോൾ കേണലിന്റെ ഭാര്യ, ഇത് ഒരു കളിയല്ലേ എന്ന് ചോദിക്കുന്നു. അതിന് കേണൽ പറയുന്ന മറുപടി, "അല്ല. ഇത് വിപ്ലവമാണ്’ എന്നാണ്.
ചിലിയിലെ സാൽവദോർ അലെൻഡ സർക്കാറിനെ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച ജനങ്ങളെ അഗസ്‌തോ പിനോഷെയുടെ ഭരണകൂടം സാൻഡിയാഗോ നാഷണൽ സ്റ്റേഡിയത്തിൽ തടവുകാരായി എത്തിച്ചപ്പോൾ
ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കാർ പ്രതിഷേധങ്ങൾ, ഐക്യദാർഢ്യങ്ങൾ എന്നിവയ്‌ക്കായി ആം ബാൻഡ് ധരിക്കുക, ജെഴ്സിക്കുള്ളിൽ വേറെ ബനിയൻ ധരിച്ച് അവർക്ക് പറയാനുള്ളത് പ്രദർശിപ്പിക്കുക തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്.ഇത് ഫിഫ വിലക്കിയിട്ടുള്ളത് കളിക്കാർ കണക്കിലെടുക്കാറില്ല.
യുഎസ്എയിലെ മിനസോട്ടയിൽ 2020 മെയ് 25ന് വെള്ളക്കാരനായ പൊലീസ് ഓഫീസർ 9 മിനിറ്റുനേരം കഴുത്തിൽ മുട്ടുകുത്തി നിന്ന് ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരനെ കൊന്നത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ആ വർഷത്തെ ഇംഗ്ലണ്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാച്ചുകളിൽ എല്ലാ കളിക്കാരും ‘കറുത്തവരുടെ ജീവന് വിലയുണ്ട്' എന്ന് എഴുതിയ ആം ബാൻഡ് ധരിക്കുകയോ മുട്ടുകുത്തി പ്രതിഷേധിക്കുകയോ ചെയ്‌തത് ഫുട്ബോൾ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കളിയാണെന്നതിന്റെ പ്രഖ്യാപനമായിരുന്നു. എന്നാൽ ഇതിന്റെ വൈരുധ്യാത്മകമായ വശം ഇറ്റലിയുടെ മുൻനിരക്കാരനായ മരിയോ ബലോട്ടെല്ലി നിരന്തരമായ വംശീയ അധിക്ഷേപത്തിന് വിധേയമാകുന്നതാണ്. 2012ലെ യൂറോ കപ്പിൽ ഗോൾ അടിച്ചതിനുശേഷം ബലോട്ടെല്ലി ജെഴ്സി പൊക്കി കാണിച്ചപ്പോൾ ഉള്ളിൽ ധരിച്ചിരുന്ന ബനിയനിൽ ‘എന്തുകൊണ്ട് എപ്പോഴും ഞാൻ’ എന്ന് എഴുതിയിരുന്നു.ബ്രസീലിയൻ ഫുട്ബോളർ വിനീഷ്യസ് ജൂനിയർ നിരന്തരമായി വംശീയ അധിക്ഷേപത്തിന് വിധേയമാകാറുണ്ട്. കുട്ടികളുടെ ഭക്ഷണ ദാരിദ്ര്യത്തിന് എതിരെ മാർക്കസ് ഫോർഡ് എന്ന ഇംഗ്ലണ്ട് ഫുട്ബോളർ ‘ഞാൻ നിങ്ങളുടെ കൂടെ' എന്നെഴുതിയ ബനിയൻ പ്രദർശിപ്പിച്ചു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ നിലവിലുള്ള നയം മാറ്റുകയുണ്ടായി. ഐവറികോസ്റ്റിൽ ആഭ്യന്തര യുദ്ധം നടക്കുമ്പോൾ ലോകകപ്പിന് യോഗ്യത നേടിയശേഷം (2006) ക്യാമറയിൽ നോക്കി ദിദിയർ ദ്രോഗ്ബ ‘ദയവായി നിങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിക്കുക' എന്ന് അപേക്ഷിച്ചതിനെ തുടർന്ന് ഒരാഴ്‌ചയ്‌ക്കുള്ളിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയുണ്ടായി. ഫലമുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം പ്രതിഷേധങ്ങൾ ഫുട്ബോൾ മൈതാനത്ത് വ്യാപകമാണ്.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുപിന്നാലെ തന്നെ തുടങ്ങിയ ഇറാനിലെ ഹിജാബ് വിരുദ്ധ സമരം തീവ്രസ്വഭാവത്തോടെ ശക്തമായത് 2022‐ലാണ്. 22 വയസുമാത്രം പ്രായമുള്ള മഹ്സ അമീനി എന്ന കുർദിഷ് യുവതി ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസ് മർദനത്താൽ 2022 സെപ്‌തംബർ 16ന് കൊല്ലപ്പെടുകയും ചെയ്‌തത് രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധത്തിന് വിധേയമായി. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ഒരു കൊടുങ്കാറ്റായി വീശിയത്. നൂറുകണക്കിന് സ്ത്രീകൾ കൊല്ലപ്പെടുകയും ആയിരങ്ങൾ അറസ്റ്റിലാവുകയും ചെയ്‌തു. ഇതിന്റെ അനുരണനങ്ങൾ ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലും ദൃശ്യമായി. ഇറാൻ എന്ന രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഫുട്ബോൾ ടീം തന്നെ രാജ്യത്തിനെതിരായി പ്രതികരിച്ചു എന്നത് ഫിഫയെ മാത്രമല്ല, ഇറാൻ ഭരണകൂടത്തെയും ഞെട്ടിച്ചു. നവംബർ 21ന് ഇംഗ്ലണ്ടിനെതിരായി നടന്ന ആദ്യ മാച്ച് തുടങ്ങുന്നതിനുമുമ്പ് സ്റ്റേഡിയത്തിൽ ഇറാന്റെ ദേശീയ ഗാനം മുഴങ്ങുമ്പോൾ 11 കളിക്കാരും ദേശീയ ഗാനം പാടുകയോ ചുണ്ടനക്കുകയോ ചെയ്യാതെ മൗനം പാലിച്ചു നിന്നു. ടീം ക്യാപ്റ്റൻ അലിറേസാ ജഹാൻബഖ്ഷ് കളി തുടങ്ങുംമുമ്പ് തന്നെ ടീം ഒരുമിച്ച് മഹ്‌സ അമിനി പ്രശ്നത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഗാലറിയിൽ ഇരുന്ന ഇറാനിയൻ ആരാധകർ സ്റ്റേഡിയത്തിൽ ഉയർന്ന ദേശീയഗാനത്തെ പരിഹസിക്കുകയും ‘മഹ്സിന അമിനി -22' എന്നും ‘സ്ത്രീ, ജീവിതം,സ്വാതന്ത്ര്യം' എന്നും ആർത്തുവിളിച്ചു. ഇംഗ്ലണ്ടുമായുള്ള കളിയിൽ ഇറാൻ 6-‐2ന് തോറ്റത് അപ്രസക്തമായി എന്നതാണ് ഒരു കാര്യം. രാജ്യത്തിന് മുകളിലാണ് ജനങ്ങളും അവരുടെ സ്വാതന്ത്ര്യവും എന്നൊരു സന്ദേശം ഇറാൻ ഫുട്ബോൾ ടീം ലോകത്തിനു നൽകി.
ഇറാൻ ഭരണകൂടം ടെലിവിഷൻ സംപ്രേക്ഷപണത്തിൽ നിന്ന് ഈ ഭാഗം ഒഴിവാക്കി. ഇറാൻ കളിക്കാർ മൗനം പാലിച്ചതിനെതിരെ ഫിഫ നടപടി എടുത്തില്ല. സ്വന്തം രാജ്യത്തിന്റെ ദേശീയഗാനം പാടാതിരിക്കാൻ കളിക്കാർക്ക് സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു ഫിഫയുടെ വിലയിരുത്തൽ. നിശ്ശബ്ദതയും ഒരു പ്രതിഷേധ മാർഗമായി.വെയിൽസുമായി നടന്ന രണ്ടാമത് കളിയിൽ കളിക്കാർ ദേശീയ ഗാനം ആലപിച്ചു. കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് ഭീഷണി നേരിട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. കളിയിൽ ഇറാൻ 2-‐0ന് വിജയിച്ചു. മൂന്നാമത് കളിയിൽ ഇറാൻ യുഎസ്എയോട് 1-‐0ന് പരാജയപ്പെട്ടു. കളി മനഃപൂർവം തോറ്റതാണെന്നുപോലും വിശ്വസിക്കാൻ ന്യായമുണ്ട്.നാട്ടിൽ തിരിച്ചെത്തിയശേഷം കളിക്കാരെ പരസ്യമായി അറസ്റ്റ് ചെയ്‌തില്ലെങ്കിലും അവർ അന്വേഷണത്തിന് വിധേയരായി. മഹ്സിന അമിനി വിഷയം ലോകത്തിനു മുന്നിൽ 90 മിനിറ്റ് നേരം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇറാൻ ടീമിന്റെ വിജയം.
2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കാൻ പോകുന്ന ലോകകപ്പിൽ ഇറാൻ ടീമിന്റെ വെല്ലുവിളി രാജ്യത്തിനെതിരായല്ല, അമേരിക്കയ്‌ക്ക് എതിരായിട്ടായിരുന്നു. ലോകകപ്പിൽ അമേരിക്കയിൽ കളിക്കാതിരിക്കാൻ ഇറാനും കളിപ്പിക്കാതിരിക്കാൻ അമേരിക്കയും ശ്രമിച്ചെങ്കിലും ഫിഫയുടെ ഇടപെടൽ ആ നീക്കങ്ങളെ നിഷ്ഫലമാക്കി. അമേരിക്കയ്‌ക്കും ഇസ്രയേലിനും എതിരായി ഈ ലോകകപ്പിലും ചില പ്രതീകാത്മക പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ കളി അമേരിക്കൻ ഭൂഖണ്ഡത്തിലായതിനാൽ അതിന് തീവ്രത കുറവായിരിക്കും. നേരത്തെയും പലസ്‌തീന് അനുകൂലമായി പല ഐക്യദാർഢ്യ പ്രകടനങ്ങൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉണ്ടായിട്ടുണ്ട്.
‘ടു ഹാഫ് ടൈംസ് ഓഫ് ഹെൽ’ എന്ന ചിത്രത്തിൽ നിന്ന്
രാഷ്‌ട്രീയ വ്യവഹാരം എന്നതിലുപരി സ്വത്വബോധവും വംശീയതയും പ്രകടിപ്പിക്കാനും ലോകകപ്പ് വേദിയായിട്ടുണ്ട്. 2018ൽ നടന്ന സ്വിറ്റ്സർലൻഡ്- ‐ സെർബിയ മാച്ചിലാണ് ഇത് അതീവമായി പ്രകടമായത്. കൊസോവ ‐ -സെർബിയ സംഘർഷങ്ങളുടെ അന്തർധാരയെക്കുറിച്ച് മനസ്സിലാക്കിയാലേ സ്റ്റേഡിയത്തിലെ പ്രകടനത്തെ ശരിയായ അർഥത്തിൽ വിലയിരുത്താനാവൂ. കൊസോവോ സെർബിയയിലെ ഒരു പ്രവിശ്യയായിരുന്നു. 2008ൽ അവർ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാൽ സെർബിയ അത് അംഗീകരിച്ചിട്ടില്ല. കൊസോവോയെ അവരുടെ ഭാഗമായിത്തന്നെ സെർബിയ കരുതുന്നു. കൊസോവയിലെ ഭൂരിപക്ഷം ജനങ്ങളും അൽബേനിയൻ വംശജരാണ്. 1990ലെ കൊസോവോ യുദ്ധത്തിനുശേഷം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയതാണെങ്കിലും അവർക്ക് പലർക്കും അൽബേനിയൻ പാരമ്പര്യമാണുള്ളത്.
സെർബിയക്കെതിരെ ഗോളടിച്ച സ്വിറ്റ്സർലൻഡ് കളിക്കാരനായ സെർദൻ ഷാകിരി കൊസോവയിൽ ജനിച്ച ആളാണ്. രണ്ടാമത് ഗോളടിച്ച ഗ്രാനിറ്റ് സാക്കയുടെ മാതാപിതാക്കൾ കൊസോവക്കാരാണ്. രണ്ടുപേരും സ്വിറ്റ്സർലൻഡിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും അവർ അൽബേനിയൻ-‐ കൊസോവോ വേരുകളിലാണ് തങ്ങളുടെ സ്വത്വം ഉറപ്പിക്കുന്നത്. സ്വിറ്റ്സർലൻഡ് സെർബിയയുമായി ഏറ്റുമുട്ടുമ്പോൾ അത് കേവലം ഒരു ഫുട്ബോൾ മാച്ച് ആയി പരിമിതപ്പെടുന്നില്ല. ആരാധകരെ സംബന്ധിച്ച് അത് ദേശീയ സ്വത്വം, യുദ്ധത്തിന്റെ ഓർമകൾ, വംശീയ അംഗീകാരം എന്നീ കാര്യങ്ങളെ സ്‌പർശിക്കുന്നു. സെർബിയക്കെതിരെ ഗോളടിച്ചപ്പോൾ ഈ കളിക്കാർ രണ്ട് കരങ്ങളും ചേർത്ത് ഒരു പരുന്തിന്റെ രൂപമുണ്ടാക്കിയാണ് അത് ആഘോഷിക്കുന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ടീമിനെ ഗ്രാനിറ്റ് സാക്ക ഒപ്പം എത്തിക്കുകയും 90-‐ാം മിനിറ്റിൽ രണ്ടാമത് ഗോൾ അടിച്ചു സെർബൻ ഷാകിരി ടീമിനെ വിജയിപ്പിക്കുകയും ചെയ്യുന്നു. തള്ളവിരലുകൾ കോർത്തുപിടിച്ച് മറ്റു വിരലുകൾ ചിറകുകൾ പോലെ വിരിക്കുകയും ചെയ്‌ത് രണ്ട് തലയുള്ള പരുന്തിനെപോലെയാക്കിയാണ് അവർ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. കാരണം അവർക്കത് കേവലം ഒരു ലോകകപ്പ് വിജയം അല്ല, മറിച്ച് യുദ്ധത്തിന്റെ വിജയവും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്. അൽബേനിയൻ പതാകയിലെ പ്രതീകമാണ് ഇരട്ടത്തലയുള്ള പരുന്ത്. അതേസമയം അൽബേനിയൻ പതാകയിലെ പ്രതീകം സെർബിയയെ സംബന്ധിച്ച് പ്രകോപനപരമാണ്.
അതുകൊണ്ടുതന്നെ ഫിഫ രണ്ടു കളിക്കാർക്കും പതിനായിരം സ്വിസ് ഫ്രാങ്ക് പിഴയിട്ടു. ഫെയർ പ്ലേയ്‌ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് അവർ ചെയ്‌തതെന്ന് ഫിഫ വിധിയെഴുതി. എന്നാൽ ഷാകിരിയും സാക്കയും അത് രാഷ്‌ട്രീയമല്ലെന്നും വെറും വികാരപ്രകടനം മാത്രമാണെന്നും പ്രതികരിച്ചു. ഫിഫ അതിൽ മാത്രം ഒതുങ്ങിനിന്നില്ല. ആരാധകർ ഉയർത്തിയ രാഷ്‌ട്രീയാർഥമുള്ള ബാനറുകൾക്കും പ്രതികരണങ്ങൾക്കും എതിരെ സെർബിയൻ ഫുട്ബോൾ അസോസിയേഷന് എതിരെയും പിഴചുമത്തി. ഇരുപതാം മിനിറ്റിൽ ഷാകിരി ഗോൾ നേടുന്നതിന് മുമ്പായി സെർബിയൻ ആരാധകർ ഗാലറിയിൽനിന്ന് ഉതിർത്ത പരിഹാസങ്ങൾക്ക് മറുപടിയായി ഗോളടിച്ച ഉടനെ സെർബിയൻ ആരാധകർക്ക് നേരെ പോയി ചുണ്ടിൽ വിരൽ വച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിക്കുകയുണ്ടായി.
2022ലെ ലോകകപ്പ് നടക്കുമ്പോഴും കൊസോവോ വിഷയം സജീവമായി തുടർന്നു. ബ്രസീലുമായുള്ള സെ ർബിയയുടെ കളിസമയത്ത് കൊസോവോ സെർബിയയുടെ ഭാഗമാണെന്ന ഒരു ബാനർ ഡ്രസിങ് റൂമിൽ പ്രദർശിപ്പിച്ചതിനെതിരെ ഫിഫ അവർക്കെതിരെ നടപടി തുടങ്ങിയിരുന്നു. ഒരേ ഗ്രൂപ്പിൽ തന്നെ തുടർന്നതിനാൽ സ്വിറ്റ്സർലൻഡ് സെർബിയയെ 3 ‐ -2ന് തോൽപ്പിച്ചു. ഇപ്രാവശ്യം മൈതാനത്ത് പ്രകടനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വൈകാരികമായി അൽബേനിയൻ വംശജർ സെർബിയക്ക് മുകളിൽ കൊസോവോയെ വിജയപീഠത്തിൽ അവരോധിച്ചു.
അഭയാർഥി‐- പലായന-‐തൊഴിൽ പ്രശ്നങ്ങളും അമേരിക്കയുടെ ഇടപെടലുകളും ഉണ്ടായിരുന്നെങ്കിലും 1969 ജൂൺ എട്ടിന് ഹോണ്ടുറാസിലെ തെഗുസിഗാൽപയിൽ നടന്ന എൽസാൽ വഡോർ-‐ഹോണ്ടുറാസ് ലോകകപ്പ് യോഗ്യതാമത്സരമാണ് പരോക്ഷമായി ഒരു യുദ്ധത്തിലേക്ക് നയിച്ചത്. ഇതാണ് സോക്കർ വാർ എന്നറിയപ്പെട്ടത്. ജൂലൈ 14ന് പ്രത്യക്ഷ യുദ്ധം തുടങ്ങി. ആക്രമണ പ്രത്യാക്രമണത്തിന്റെ ഇരകൾ പാവപ്പെട്ട ജനങ്ങളായിരുന്നു. 1990‐ലായിരുന്നു യുദ്ധത്തിന് ശേഷമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ കളി. സമാധാനം പുനഃസൃഷ്ടിക്കപ്പെട്ടു.
2022 േലാകകപ്പിലെ ഇറാൻ ടീം ദേശീയഗാനം പാടാതെ പ്രതിഷേധിക്കുന്നു
എന്നാൽ ലൈബീരിയയിൽ ചരിത്രം വൈരുധ്യാത്മകമാണ്.ജീവിക്കാനായി സ്വന്തം രാജ്യത്തുനിന്ന് കാമറൂണിലേക്ക് നാടുവിടുകയും മികച്ച ആഫ്രിക്കൻ ഫുട്ബോളറായി മാറുകയും ചെയ്‌ത ജോർജ് മാനേ വിയ നാട്ടിൽ സമാധാനം സ്ഥാപിക്കാനായാണ് തിരിച്ചെത്തിയത്. നമുക്ക് വേണ്ടത് തോക്കുകളല്ല, ഫുട്ബോളാണെന്ന് വിയ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ലൈബീരിയൻ പ്രസിഡന്റായ വിയ ഫുട്ബോളിനെ സമാധാനത്തിനായി ഉപയോഗിച്ചു. ഫുട്ബോൾ സമാധാനത്തിനായും യുദ്ധത്തിനായും ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് രാജ്യങ്ങളുടേതാണ്.
2022ൽ ഖത്തറിൽ ടൂർണമെന്റ് നടന്ന കാലത്തേക്കാൾ കലുഷിതമാണ് ഇപ്പോൾ രാഷ്‌ട്രീയാന്തരീക്ഷം. ഫ്രീ പലസ്‌തീൻ മുദ്രാവാക്യങ്ങളും ബാനറുകളുംകൊണ്ട് ഗാലറികൾ നിറയും. ഇറാന് വേണ്ടി ആരാധകർ ഐക്യദാർഢ്യ ഗാനങ്ങൾ ആലപിക്കും. കാരണം ഫുട്ബോൾ വെറും ഒരു കളിയല്ല. രാഷ്ട്രീയ വ്യവഹാരമാണ്, ചില സന്ദർഭങ്ങളിൽ ഒരു കലാപം പോലുമാണ്.










0 comments