കവർസ്റ്റോറി
റോമില ഥാപ്പർ എന്ന പൊതുബുദ്ധിജീവി

ജിതീഷ് പി എം
Published on Jun 08, 2026, 10:37 AM | 10 min read
പ്രാചീന ഇന്ത്യൻ ചരിത്രരചനയ്‌ക്ക് മികവുറ്റ സംഭാവന നൽകിയ ചരിത്രകാരിയാണ് റോമില ഥാപ്പർ. ഇന്ത്യൻ ചരിത്രപഠിതാക്കളിൽ ഥാപ്പറോളം ലോകപ്രസിദ്ധി നേടിയവർ വിരളമാണ്. പാശ്ചാത്യ ചരിത്രപണ്ഡിതർ ആധിപത്യം ചെലുത്തിപ്പോരുന്ന ചരിത്രഗവേഷണ മേഖലയിൽ തന്റേതായ മേൽവിലാസം സൃഷ്ടിക്കാൻ റോമില ഥാപ്പർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ മുൻകാല കോളനി രാജ്യങ്ങളിൽനിന്നുള്ള ചരിത്രപഠിതാക്കളിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരാൾ ഇല്ലെന്നുതന്നെ പറയാം. കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും ക്രിയാത്മക ബൗദ്ധിക ഇടപെടൽ നടത്തി നമ്മുടെ ചിന്തകളെ ദീപ്തമാക്കിക്കൊണ്ടിരിക്കുകയാണ് അവർ.
റോമില ഥാപ്പർ
ഫോട്ടോ: മായങ്ക് ഓസ്റ്റിൻ സൂഫി
സാർഥകമായ അക്കാദമിക ജീവിതം
1931 നവംബർ 30ന് ഒരു പഞ്ചാബി കുടുംബത്തിലാണ് ഥാപ്പർ ജനിച്ചത്. ദേശീയ സ്വാതന്ത്ര്യ സമര പശ്ചാത്തലം അവരുടെ ജീവിതവീക്ഷണത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി. തന്റെ വിദ്യാലയത്തിൽ മഹാത്മാഗാന്ധി നടത്തിയ സന്ദർശനം ജീവിതവീക്ഷണത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഥാപ്പർ പിന്നീട് പല സന്ദർഭങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.
പഞ്ചാബ് സർവകലാശാലയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം ലണ്ടനിൽ തുടർപഠനത്തിനായി പോയ റോമില അവിടത്തെ പ്രശസ്‌തമായ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽനിന്നാണ് ചരിത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്. പ്രമുഖ പണ്ഡിതനും ‘ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ’ എന്ന പുസ്‌തകത്തിന്റെ രചയിതാവുമായ എ എൽ ബാഷാമിന്റെ കീഴിലായിരുന്നു ഗവേഷണം. അതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഥാപ്പർ കുരുക്ഷേത്ര സർവകലാശാലയിൽ അധ്യാപികയായി. 1963 മുതൽ 1970 വരെ ഡൽഹി സർവകലാശാലയിലും 1970 മുതൽ 1991 വരെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലും സേവനമനുഷ്ഠിച്ചു.
ബഹുഭൂരിപക്ഷം ചരിത്ര രചയിതാക്കളും പുരുഷന്മാരായിരുന്ന ഒരു കാലഘട്ടത്തിലെ അപൂർവമായ സ്ത്രീസാന്നിധ്യമായാണ് റോമില ഥാപ്പർ കടന്നുവരുന്നത്. 1950‐കളുടെ അവസാനത്തിൽ ആരംഭിച്ച് ഇന്ന് ഏഴ് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും തുടരുന്ന അവരുടെ അക്കാദമികസപര്യ വിജ്ഞാന മണ്ഡലത്തിന് സമ്മാനിച്ചത് ചരിത്രപരമായ തെളിച്ചമാണ്, പുതിയ ഉൾക്കാഴ്‌ചകളാണ്. ഥാപ്പറുടെ സംഭാവനകൾക്കുള്ള അംഗീകാരമായി ഓക്‌സ്‌ഫോർഡ് സർവകലാശാല, ചിക്കാഗോ സർവകലാശാല തുടങ്ങിയ വിശ്വവിഖ്യാത സ്ഥാപനങ്ങൾ ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ യുഎസ് ലൈബ്രറി ഓഫ് കോൺഗ്രസ് 2008ൽ ക്ലൂഗ് പുരസ്‌കാരം നൽകി അവരെ ആദരിച്ചു. കേന്ദ്രസർക്കാർ രണ്ട് തവണ പത്മഭൂഷൺ പുരസ്‌കാരം നൽകിയെങ്കിലും അക്കാദമിക പുരസ്‌കാരങ്ങളല്ലാതെ സർക്കാർ പുരസ്‌കാരങ്ങൾ സ്വീകരിക്കുകയില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ രണ്ടുതവണയും അംഗീകാരം നിരസിക്കുകയുണ്ടായി.
നിരവധി ചരിത്ര പുസ്‌തകങ്ങളും മറ്റ് വൈജ്ഞാനിക ഗ്രന്ഥങ്ങളും ഥാപ്പർ രചിച്ചിട്ടുണ്ട്. ‘Asoka and the Decline of the Mauryas’ (1961), ‘A History of India’ (1966), ‘From Lineage to State’ (1984), ‘The Mauryas Revisited’ (1987), ‘Interpreting Early India’ (1992), ‘Cultural Pasts: Essays in Early Indian History’ (2000), ‘The Penguin History of Early India’ (2002), ‘Somanatha: The Many Voices of a History’ (2005), ‘The Past as Present’ (2014), ‘Which of Us are Aryans?’ (2019), ‘Voices of Dissent’ (2020), ‘The Future in the Past’ (2023), ‘Our History, Their History, Whose History?’ (2023) തുടങ്ങിയവയാണ് ചില പ്രധാനപ്പെട്ട പുസ്‌തകങ്ങൾ. ‘Speaking of History: Conversations about India's Past and Present’ ആണ് പുതിയതായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകം.
റോമില ഥാപ്പറും ഹർബൻസ് മുഖിയയും ജെഎൻയു ക്യാമ്പസിൽ
ചരിത്രം എന്ന
സാമൂഹികശാസ്ത്രം
റോമില ഥാപ്പർ തന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഒരു ചരിത്രപഠിതാവിന്റെ താൽപ്പര്യങ്ങളെയും ഗവേഷണ വിഷയങ്ങളിലെ മുൻതൂക്കങ്ങളെയും ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിൽനിന്നും വേർതിരിച്ചുകൊണ്ട് വിലയിരുത്താൻ സാധിക്കില്ല. ഥാപ്പറുടെ ചിന്തകളെയും ഗവേഷണ താൽപര്യങ്ങളെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രനിർമാണ പ്രക്രിയയുടെയും ദേശീയ പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെയും സന്ദർഭത്തിൽ വായിക്കുന്നതാകും ആ വലിയ ചരിത്രകാരിയുടെ ബൗദ്ധിക പ്രചോദനങ്ങളോട് പുലർത്താവുന്ന നീതി.
കൊളോണിയൽ ചരിത്രരചനാ ശാസ്ത്രവും ഇൻഡോളജിയും ദേശീയവാദ ചരിത്രവുമായിരുന്നു 1950‐കൾവരെ ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളിൽ ആധിപത്യം ചെലുത്തിയിരുന്നത്. ഒരു സാമൂഹിക ശാസ്ത്ര വിഷയം (Social Science) എന്ന നിലയിലല്ല പകരം ഇൻഡോളജിസ്റ്റ് പഠനങ്ങളുടെ ഭാഗമെന്ന നിലയിലാണ് ചരിത്രം മുഖ്യമായും വ്യാഖ്യാനിക്കപ്പെട്ടത്. ജെയിംസ് മിൽ നടത്തിയ ഹിന്ദു-‐മുസ്ലീം- ബ്രിട്ടീഷ് കാലഘട്ട വിഭജനവും ആര്യ‐ദ്രാവിഡ വംശീയ സിദ്ധാന്തങ്ങളും രാഷ്ട്രീയ വംശാവലി ചരിത്രവുമൊക്കെയായിരുന്നു ചരിത്രരചനയിൽ മുഖ്യമായും ഇടംപിടിച്ച പ്രമേയങ്ങൾ. ഇന്ത്യയുടെ ഭൂതകാലത്തെ നിരാകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌ത കൊളോണിയൽ ചരിത്രരചനയോട് ഇടഞ്ഞെങ്കിലും ദേശീയവാദ ചരിത്രരചനയും മില്ലിന്റെ കാലഘട്ട വിഭജനത്തെ മറ്റൊരു നിലയിൽ (പുരാതനം, മധ്യകാലം, ആധുനികം) സ്വീകരിക്കുന്നതായിരുന്നു. രാഷ്‌ട്രീയ ചരിത്രവും രാജ്യചരിത്രങ്ങളുമായിരുന്നു ദേശീയവാദ ചരിത്രകാരന്മാരുടെ പഠനങ്ങളിലും നിറഞ്ഞുനിന്നത്. ഇതിനർഥം ദേശീയവാദ പഠനങ്ങളെല്ലാം തെറ്റായിരുന്നു എന്നല്ല, മറിച്ച് അവ ഏറെക്കുറെ രാഷ്ട്രീയ ചരിത്രത്തിലും ചരിത്ര വസ്‌തുതകളുടെ വിവരണത്തിലുമായി ഒതുങ്ങിനിന്നു എന്നതാണ്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ സർവകലാശാലകളിലും കോളേജുകളിലും പഠിപ്പിക്കപ്പെട്ടിരുന്നത് ഈ നിലയിലുള്ള ചരിത്രമായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷമുള്ള പുതിയ സാമൂഹിക സന്ദർഭത്തിന്, രാഷ്ട്രനിർമാണ പ്രക്രിയയ്‌ക്ക് അനുഗുണമായ മാറ്റങ്ങൾ സാമൂഹിക‐സാംസ്‌കാരിക‐രാഷ്ട്രീയ‐സാമ്പത്തിക-ശാസ്ത്ര മേഖലകളിൽ ഉണ്ടായി. ഒരു പുതിയ ദേശീയ പ്രത്യയശാസ്ത്രം (Nationalist ideology) നിർമിച്ചെടുക്കുന്നതിൽ ഭരണകൂടത്തിനും നിർണായക പങ്കാണ് ഉണ്ടായിരുന്നത്. ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടത് ശാസ്ത്രീയവും മതേതരവും ലിബറലുമായ ദേശീയ പ്രത്യയശാസ്ത്രമാണ്. ചരിത്രപഠന മേഖലയിലും ഈ ചിന്താഗതിയുടെ അനുരണനങ്ങൾ ഉണ്ടായി.
ആദ്യകാല ഇന്ത്യൻ
ചരിത്രം: പുതുസമീപനങ്ങൾ
ചരിത്രപഠനം എന്നത് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂതകാലത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ശാസ്ത്രീയമോ പ്രശംസനീയപരമോ വംശീയമോ വർഗീയപരമോ ആരാധനാപരമോ ആകാം. ഇവയിൽ ഏതു രീതിക്കാണ് മുൻതൂക്കം ലഭിക്കുന്നത് എന്നത് ഒരു സമൂഹത്തിന്റെ ഭൂതകാല വ്യാഖ്യാനത്തെ മാത്രമല്ല, വർത്തമാനകാലത്തെയും സാരമായി ബാധിക്കുന്നതാണ്. ഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശാസ്ത്രീയവും യുക്തിഭദ്രവും വിമർശനാത്മകവുമായ ചരിത്ര പ്രത്യയശാസ്ത്രം പകർന്നുനൽകാൻ ശേഷിയുള്ള ഒരു സംഘം ചരിത്രപഠിതാക്കൾ ഉയർന്നുവരികയുണ്ടായി. ഈ ചരിത്രപഠിതാക്കളിലെ മുൻനിരക്കാരിൽ ഒരാളാണ് റോമില ഥാപ്പർ.
ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസി (SOAS)ൽനിന്നും 1958‐ലാണ് ഥാപ്പർ ഗവേഷണ പഠനം പൂർത്തിയാക്കുന്നത്. ‘അശോകനും മൗര്യന്മാരുടെ തകർച്ചയും' (Asoka and the Decline of the Mauryas) എന്ന ഈ ഗവേഷണ പ്രബന്ധം അധികം വൈകാതെ (1961ൽ) പുസ്‌തകമായി പ്രസിദ്ധീകരിക്കപ്പെടുകയും ഥാപ്പർ അക്കാദമിക മേഖലയിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്‌തു. ഇക്കാലത്ത് ഇന്ത്യൻ ചരിത്രരചനാ രംഗത്ത് വൻമാറ്റങ്ങളാണ് സംഭവിച്ചത്. ഈ മാറ്റത്തിന്റെ പതാകവാഹകരിൽ പ്രമുഖ റോമില ഥാപ്പർ ആയിരുന്നു. ഇൻഡോളജിയിൽനിന്ന് സാമൂഹ്യശാസ്ത്രമെന്ന നിലയ്‌ക്കുള്ള ചരിത്ര പഠനത്തിന്റെ പരിണാമമാണ് ഈ മാറ്റത്തിന്റെ മുഖ്യസവിശേഷത. ഡി ഡി കൊസാംബിയുടെ ‘ഇന്ത്യൻ ചരിത്ര പഠനത്തിനൊരു ആമുഖം’ (An introduction to the Study of Indian History) എന്ന 1956ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകം ഈ നിലയ്‌ക്കുള്ള വലിയൊരു ചുവടുവെപ്പായി മാറിയിട്ടുണ്ടായിരുന്നു. ‘അശോകനും മൗര്യന്മാരുടെ തകർച്ചയും', ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യ' എന്നീ പുസ്‌തകങ്ങളിലൂടെ ഥാപ്പർ ആദ്യകാല ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളിൽ തികച്ചും പുതുമയുള്ള രീതിശാസ്ത്രത്തിനാണ് തുടക്കമിട്ടത്.
ആദ്യകാല ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളിൽ നിഴലിച്ചുനിന്നിരുന്ന മുൻധാരണകളെയും ആവർത്തനവിരസമായ കാഴ്‌ചപ്പാടുകളെയും അപനിർമിക്കുന്നതിൽ അവരുടെ പഠനങ്ങൾ വലിയ പങ്കുവഹിച്ചു. മാറ്റങ്ങൾ സംഭവിക്കാത്തതും ജാതി-മതബദ്ധവുമായിരുന്നു ആദ്യകാല ഇന്ത്യൻ സമൂഹമെന്ന കൊളോണിയൽ വീക്ഷണത്തെയും ഒരു ആദർശാത്മക സാമൂഹ്യവ്യവസ്ഥയായിരുന്നു പുരാതന ഇന്ത്യയിലുണ്ടായിരുന്നതെന്ന ദേശീയവാദ ചരിത്രവാദങ്ങളെയും ഥാപ്പർ നിരാകരിക്കുന്നുണ്ട്. പകരം, വിവിധ സാമ്പത്തിക,- സാമൂഹിക, രാഷ്ട്രീയ ഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യകാല ഇന്ത്യൻ സമൂഹങ്ങളിൽ ഉണ്ടായ ചരിത്രപരമായ മാറ്റങ്ങളാണ് ആറുപതിറ്റാണ്ടോളമായുള്ള തന്റെ ഗവേഷണത്തിലൂടെ അവർ രേഖപ്പെടുത്തുന്നത്.
റോമില ഥാപ്പർ. ആദ്യകാല ചിത്രം
മൗര്യ സാമ്രാജ്യവും
അശോകന്റെ ധമ്മയും
അശോക ചക്രവർത്തിയെക്കുറിച്ച് നിരവധിയായ പഠനങ്ങൾ റോമില ഥാപ്പറുടെ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന് എത്രയോ മുമ്പുതന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇത്രയും വിപുലമായ പഠനം ആദ്യമായിരുന്നു. അശോകന്റെ കാലത്തെ സാമൂഹ്യ വ്യവസ്ഥിതി, സാമ്പത്തിക പ്രവർത്തനങ്ങൾ, ഭരണസംവിധാനം, വിദേശബന്ധങ്ങൾ, ധമ്മയെ (ധർമ എന്ന സംസ്‌കൃത വാക്കിന്റെ പാലി രൂപം) അടിസ്ഥാനപ്പെടുത്തിയുള്ള അശോകന്റെ നയങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ പുസ്‌തകത്തിലെ ഏറ്റവും ദീർഘമായതും പ്രധാനപ്പെട്ടതുമായ മൂന്ന് അധ്യായങ്ങളിലായി പ്രതിപാദിക്കുന്നത്. അശോകന്റെ ആദ്യകാല ജീവിതം, സ്ഥാനാരോഹണം, കാലഗണന, പിൽക്കാല മൗര്യന്മാർ, സാമ്രാജ്യത്തിന്റെ തകർച്ച തുടങ്ങിയ വിഷയങ്ങളാണ് മറ്റ് അധ്യായങ്ങളിൽ വിപുലമായ തെളിവുകളെ അടിസ്ഥാനമാക്കി ഥാപ്പർ വിവരിക്കുന്നത്.
മൗര്യ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ഘടന എങ്ങനെയുള്ളതായിരുന്നു, അശോകന്റെ ധമ്മ എന്ന ആശയം കേവല ധാർമിക സിദ്ധാന്തമായിരുന്നോ എന്നീ രണ്ടു കാര്യങ്ങളിൽ നടത്തിയ പുതുവായന ഥാപ്പറുടെ പഠനത്തെ വ്യതിരിക്തമാക്കി. വി ആർ രാമചന്ദ്ര ദീക്ഷിതരെ പോലുള്ള ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നത് മൗര്യ സാമ്രാജ്യം ഭരണ സ്വരൂപങ്ങളുടെ ഒരു കൂട്ടായ്‌മയാണ് (confederation) എന്നായിരുന്നു. ഈ വാദത്തെ ഥാപ്പർ നിരാകരിച്ചു. ഥാപ്പറുടെ അഭിപ്രായത്തിൽ മൗര്യ സാമ്രാജ്യം ഒരു ഏകീകൃത (unitary) ഭരണസംവിധാനമായിരുന്നു. ഭരണകാര്യങ്ങളിൽ കേന്ദ്രീകൃത സ്വഭാവമാണ് നിലനിന്നിരുന്നത്. ‘മൗര്യ കാലഘട്ടത്തിൽ ഫെഡറേഷൻ എന്ന ആശയം രാഷ്ട്രീയപരമായി പ്രബലമായിരുന്നെങ്കിൽ ഒരുപക്ഷേ അത് കലിംഗയുമായുള്ള സംഘർഷത്തിന് പരിഹാരം കൊണ്ടുവരുമായിരുന്നു.എന്നാൽ അത് സംഭവിച്ചില്ല.പകരം അശോകൻ ആഗ്രഹിച്ചത് ആ ജനപദത്തിനുമുകളിലുള്ള സമ്പൂർണമായ ആധിപത്യമാണ്. അതിനാൽ കലിംഗക്കെതിരെ അദ്ദേഹം യുദ്ധത്തിനു പോവുകയും ചെയ്‌തു’‐ ഥാപ്പർ പറയുന്നു.
അശോകന്റെ ധർമശാസനങ്ങൾ വളരെ പ്രസിദ്ധമാണ്. തന്റെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം ധർമത്തെ സംബന്ധിച്ച് നിരവധി ശിലാശാസനങ്ങൾ കൊത്തിവയ്‌ക്കുകയുണ്ടായി. അശോകന്റെ ധമ്മ എന്നത് ബുദ്ധമതത്തിലെ ധാർമിക സിദ്ധാന്തങ്ങളുടെ കേവലമായ പ്രചാരണമായാണ് പല പണ്ഡിതരും കണ്ടിരുന്നത്. എന്നാൽ ഥാപ്പർ, ധമ്മ എന്ന ആശയത്തിന് പുതിയൊരു വ്യാഖ്യാനം നൽകി. അവരുടെ അഭിപ്രായത്തിൽ, ‘ബുദ്ധ -ഹൈന്ദവ ചിന്താപദ്ധതികളിൽനിന്ന് കടമെടുത്തതാണെങ്കിലും ധമ്മ എന്നത് അശോകന്റെ സ്വന്തം സൃഷ്ടിയാണ്.'
എന്തിനാണ് അശോകൻ ഇത്ര വിപുലമായി ധർമപ്രചാരണം നടത്തിയത് എന്നത് പ്രാധാന്യമർഹിക്കുന്ന ചോദ്യമാണ്. ഇതിന് ഥാപ്പർ നൽകുന്ന ഉത്തരം, അതുവരെയുള്ള വ്യാഖ്യാനങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. ഒരു പൊതുജീവിതരീതിയോ പൊതുധാർമികക്രമമോ അടിസ്ഥാനമാക്കിയല്ലാതെ തന്റെ രാജ്യത്ത് യഥാർഥ ഐക്യം കൊണ്ടുവരാൻ സാധിക്കില്ലെന്ന തിരിച്ചറിവിൽനിന്നാവാം അശോകൻ ധർമപ്രചാരണം നടത്തിയതെന്നാണ് ഥാപ്പറുടെ വാദം.
ആദ്യകാല ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നിനെക്കുറിച്ചും, ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഭരണാധികാരിയെക്കുറിച്ചുമുള്ള ഈ പുതിയ വാദമുഖങ്ങൾ ചരിത്രപണ്ഡിതർക്കിടയിൽ ഥാപ്പറെ ശ്രദ്ധേയയാക്കി.
ഇന്ത്യയുടെ സമഗ്രചരിത്രം
1966ൽ പ്രസിദ്ധീകരിച്ച ഥാപ്പറുടെ ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യ വോള്യം ഒന്ന്' അതുവരെ എഴുതപ്പെട്ട ചരിത്രപുസ്‌തകങ്ങളിൽനിന്നും വ്യത്യസ്‌തമായി പുരാതനകാലംമുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള ഇന്ത്യാചരിത്രം സമഗ്രമായി വിവരിക്കാനുള്ള അപൂർവ ശ്രമമായിരുന്നു. പുസ്‌തകത്തിന്റെ ആമുഖത്തിൽ ഥാപ്പർ തന്നെ സൂചിപ്പിച്ചത് ഈ ഗ്രന്ഥം വിഷയവിദഗ്ധർക്കുവേണ്ടിയല്ല മറിച്ച് ഇന്ത്യയുടെ പൊതുചരിത്രം അറിയാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയാണ് എന്നാണ്. സമ്പൂർണ ഇന്ത്യൻ ചരിത്ര വായനയ്‌ക്ക് ഏറ്റവും അനിവാര്യവും ജനകീയവുമായ പുസ്‌തകമായി ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യ' ഇന്നും തുടരുന്നു. അക്കാലത്ത് ആധിപത്യം ചെലുത്തിയിരുന്ന ചരിത്രരചനകളുമായി തട്ടിച്ചുനോക്കുമ്പോൾ നിരവധി വ്യത്യസ്‌തതകൾ ഈ പുസ്‌തകത്തിനുണ്ടായിരുന്നു.
വംശാവലികളുടെ ചരിത്രം എന്ന നിലയിൽ സാമൂഹികമാറ്റത്തെ വിശദീകരിക്കുന്ന രീതിയെ ഥാപ്പർ ഈ പുസ്‌തകത്തിൽ നിരാകരിച്ചു. പകരം രാഷ്ട്രീയ ചരിത്രത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ച് സാമൂഹിക-‐സാമ്പത്തിക-‐സാംസ്‌കാരിക മാറ്റങ്ങളെ വിശദീകരിക്കുകയാണ് ചെയ്‌തത്. ഹിന്ദു-, മുസ്ലിം, ബ്രിട്ടീഷ് എന്നിങ്ങനെയുള്ള കാലവിഭജനത്തെ ഥാപ്പർ സ്വീകരിക്കുന്നില്ല. ഇന്ത്യൻ ചരിത്രത്തിൽ മാറ്റങ്ങളുടെ പ്രധാന ചാലകശക്തിയായി മതം പ്രവർത്തിച്ചിട്ടില്ല. നിരവധി ഘടകങ്ങളിൽ ഒന്നുമാത്രമായിരുന്നു മതം എന്ന് ഥാപ്പർ പറയുന്നു.
റോമില ഥാപ്പർ ബർട്രന്റ് റസ്സലിനൊപ്പം
ശാസ്ത്രീയ- മതേതര
ചരിത്ര രചനയുടെ
അനിവാര്യത
ചരിത്രത്തിൽ എന്ത് സംഭവിച്ചു എന്നതിനേക്കാൾ എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നതിലാണ് ഥാപ്പറുടെ ഊന്നൽ. അവരുടെ അക്കാദമിക പഠനത്തിന്റെ രീതിശാസ്ത്രം മാർക്‌സിസ്റ്റ് -അനാൽസ് സമീപനങ്ങൾ പ്രദാനംചെയ്യുന്ന ഉൾക്കാഴ്‌ചകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നുപറയാം. ചരിത്രം രചിക്കാനായി ആശ്രയിക്കുന്ന സ്രോതസ്സിനെ വിലയിരുത്തുന്നതിനൊപ്പം അതിനുപിന്നിലെ എഴുത്തുകാരനെയും അജൻഡയെയും സ്വീകർത്താക്കളെയും വിമർശനാത്മകമായി വിലയിരുത്തുന്ന നാല് ഘട്ടങ്ങളായുള്ള തെളിവ് പരിശോധനാ രീതിയാണ് ഥാപ്പർ മുന്നോട്ടുവയ്‌ക്കുന്നത്. അതുവഴി ചരിത്രത്തെ വിവരങ്ങളുടെ കേവല ആഖ്യാനം എന്നതിൽനിന്നും സാമൂഹിക പ്രക്രിയയുടെ വ്യാഖ്യാനം എന്നതിലേക്ക് ഉയർത്താൻ ചരിത്രകാരന് കഴിയുന്നു എന്നതാണ് ഈ സമീപനത്തിന്റെ പ്രാധാന്യം. ഥാപ്പറുടെ രചനകളെല്ലാം ഇത്തരമൊരു സമീപനത്തിന്റെ ക്ലാസിക് ഉദാഹരണങ്ങളാണെന്ന് പറയാം.
കേവലമായ രാഷ്‌ട്രീയ ചരിത്രത്തിന്റെയും കാലഗണനാ വിവരണത്തിന്റെയും രീതിശാസ്‌ത്രത്തിൽനിന്നും മാറി ചരിത്ര ഗവേഷണത്തെ കൂടുതൽ ആഴമുള്ളതാക്കാനായിരുന്നു ഥാപ്പറുടെ ശ്രമം. പുരാതന എഴുത്തുകളെ അതേപടി ആശ്രയിക്കുകയല്ല മറിച്ച് അതിൽനിന്നും ലഭിക്കുന്ന സൂചനകളെ പുരാവസ്‌തുശാസ്‌ത്രം, ഭാഷാശാസ്‌ത്രം തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളിൽനിന്നുള്ള തെളിവുകളുമായി താരതമ്യം ചെയ്‌തുള്ള പഠനത്തിനായിരുന്നു അവരുടെ ശ്രമം. ഇതിലൂടെ ആദ്യകാല ഇന്ത്യയുടെ സാമൂഹിക ചരിത്രവും സാംസ്‌കാരിക ചരിത്രവും തെളിമയോടെ അനാവൃതമാവുകയായിരുന്നു. ചരിത്രത്തെ ഒരു ശാസ്‌ത്രീയ പഠനശാഖ എന്ന നിലയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ ഥാപ്പറുടെ പഠനങ്ങൾ വലിയ സംഭാവനയാണ് നൽകിയത്.
ഒരുഭാഗത്ത് ഇന്ത്യൻ ചരിത്രപഠനത്തെ കൊളോണിയൽ ഹാങ്ങോവറിൽനിന്നും മോചിപ്പിക്കുന്നതിനും, മറുഭാഗത്ത് ലോകമെമ്പാടും ചരിത്രപഠന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യൻ ചരിത്രരചനയെ കാലാനുസൃതമാക്കുന്നതിനുമുള്ള വലിയ ശ്രമമായിരുന്നു ഥാപ്പർ ഏറ്റെടുത്തത്. അവർക്കൊപ്പം ഇർഫാൻ ഹബീബ്, ആർ എസ് ശർമ, ബിപൻ ചന്ദ്ര, എസ് ഗോപാൽ, സതീഷ് ചന്ദ്ര തുടങ്ങി സുപ്രസിദ്ധരായ ഒരു കൂട്ടം ചരിത്രകാരന്മാരുടെ കഠിനപ്രയത്നം വിമർശനാത്മകവും ശാസ്‌ത്രീയുമായ ചരിത്രരചനാ പാരമ്പര്യത്തിനാണ് അടിത്തറ പാകിയത്. 1969ൽ സ്ഥാപിക്കപ്പെട്ട ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ചരിത്രപഠന സിലബസ് രൂപപ്പെടുത്തുന്നതിൽ റോമില നിർണായക പങ്കാണ് വഹിച്ചത്. ഈ സർവകലാശാലയിലെ ചരിത്ര പഠന വിഭാഗത്തെ ലോകോത്തരമാക്കുന്നതിലും അവർ അവിസ്മരണീയ പങ്കുവഹിച്ചു.
സർവകലാശാലാ തലത്തിൽ മാത്രമല്ല സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലും ഥാപ്പർ ശാസ്‌ത്രീയ ചരിത്രാവബോധം പകർന്നു നൽകി. സ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി എൻസിഇആർടിയുടെ പുരാതന, മധ്യകാല ഇന്ത്യൻ ചരിത്ര പാഠപുസ്‌തകങ്ങൾ ഥാപ്പർ തയ്യാറാക്കി നൽകുകയുണ്ടായി.
വളർന്നുവരുന്ന തലമുറയ്‌ക്ക് ശാസ്‌ത്രീയ ചരിത്രാവബോധം പകർന്നുനൽകുന്നതിൽ ഈ പാഠപുസ്‌തകങ്ങൾ വലിയ പങ്കാണ് വഹിച്ചത്.
1961ൽ യുനെസ്‌കോ ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്ര പുസ്‌തകങ്ങളുടെ നിലവാരം പരിശോധിക്കാൻ റോമില ഥാപ്പറെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ പരിശോധനയിൽ പാഠപുസ്‌തകങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ചരിത്രം എത്രത്തോളം കാലഹരണപ്പെട്ടതും കൊളോണിയൽ കാഴ്‌ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് അവർക്ക് ബോധ്യമായി. ഇതേസമയം തന്നെയാണ് കേന്ദ്രസർക്കാർ ചരിത്രകാരൻ താരാചന്ദിന്റെ നേത്യത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ചരിത്ര പുസ്‌തകങ്ങൾ തയ്യാറാക്കാനുള്ള കമ്മിറ്റിക്ക് രൂപംനൽകുന്നതും. പിന്നീട് എസ് ഗോപാലിന്റെ നേതൃത്വത്തിൽ ഈ കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടു. കമ്മിറ്റി അംഗമെന്ന നിലയിൽ റോമില ഥാപ്പർ രണ്ട് പുസ്‌തകങ്ങളാണ് രചിച്ചത്. ‘പുരാതന ഇന്ത്യ’ എന്ന ആറാംതരം വിദ്യാർഥികൾക്കുള്ള പാഠപുസ്‌തകം 1966ലും ഏഴാംതരം വിദ്യാർഥികൾക്കായുള്ള ‘മധ്യകാല ഇന്ത്യ’ എന്ന പുസ്‌തകം 1967ലും പുറത്തിറങ്ങി. വിശകലനാത്മകവും ഓറിയന്റലിസ്റ്റ് -കൊളോണിയൽ -വർഗീയ സ്വാധീനങ്ങളിൽനിന്ന് മുക്തവുമായ പാഠപുസ്‌തകങ്ങളായിരുന്നു ഇവ. എന്നാൽ നിക്ഷിപ്ത താൽപ്പര്യക്കാരും യാഥാസ്ഥിതികരും അന്നുമുതൽ തന്നെ ഥാപ്പറുടെ പുസ്‌തകങ്ങൾക്കെതിരെ എതിർപ്പുമായി വരികയുണ്ടായി.

ചരിത്ര സംവാദങ്ങളിലെ തെളിമ
സമകാലിക ചരിത്ര സംവാദങ്ങളിൽ നിരന്തരം ഇടപെട്ടുപോരുന്ന ഥാപ്പർ നിരവധി മൗലിക നിരീക്ഷണങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നത്. ‘ആര്യന്മാരുടെ' ഉത്ഭവത്തെക്കുറിച്ചുള്ളതാണ് ഒരു സംവാദം. ഥാപ്പറുടെ അഭിപ്രായത്തിൽ ഇന്തോ-‐ആര്യൻ ഭാഷ സംസാരിക്കുന്നവർ അടിസ്ഥാനപരമായി സമകാലിക ഇന്ത്യയുടെ ഭൂമിശാസ്ത്ര അതിർത്തിക്കുള്ളിൽ ഉദയംചെയ്‌തവരല്ല. ആര്യന്മാർ എന്ന് സാമാന്യ വിവക്ഷയിൽ വിശേഷിപ്പിക്കപ്പെടുന്ന ഇവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയ ജനതയാണ്.ഇന്ത്യയിൽ ആര്യൻ അധിനിവേശം ഉണ്ടായി എന്ന കൊളോണിയൽ സിദ്ധാന്തവും ഥാപ്പർ നിരാകരിക്കുന്നു. ഇന്തോ-‐ആര്യൻ ഭാഷ സംസാരിക്കുന്ന ജനത അധിനിവേശത്തിലൂടെയല്ല, പകരം സംഘങ്ങളായുള്ള കുടിയേറ്റത്തിലൂടെ ഇന്ത്യയിലെത്തുകയാണുണ്ടായതെന്ന് ഥാപ്പർ വാദിക്കുന്നു. അടുത്തകാലത്തായി പുറത്തുവന്ന ജനിതക പഠനങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും ഇന്തോ‐ -ആര്യൻ വിഭാഗത്തെക്കുറിച്ചുള്ള ഥാപ്പറുടെ വാദങ്ങളെ ശരിവയ്‌ക്കുകയും ചെയ്യുന്നുണ്ട്. ആര്യ, ദ്രാവിഡ എന്ന നിലയിലുള്ള വിഭജനം അടിസ്ഥാനപരമായി ഭാഷാപരമാണെന്നും(ഇന്തോ-‐ആര്യൻ, ദ്രവിഡീയൻ ഭാഷാവിഭാഗങ്ങൾ എന്ന നിലയിൽ) അതിനെ വംശപരമായ വിഭജനമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഥാപ്പർ തെളിയിക്കുന്നു.
ഗംഗാ സമതലത്തിൽ ആര്യൻ കുടിയേറ്റം വ്യാപകമായതിന്റെ ഭാഗമായി ഇന്ത്യൻ സമൂഹവ്യവസ്ഥ വലിയ മാറ്റങ്ങൾക്ക് വിധേയമായെന്ന് ഥാപ്പർ പറയുന്നു. പഴയ, ഗോത്ര സമൂഹഘടനയിൽനിന്ന് (lineage based social formation) ഭരണകൂട കേന്ദ്രീകൃത (state Centered Society) സമൂഹത്തിലേക്കുള്ള മാറ്റമാണിത്. ഈ മാറ്റം ഒരു രാഷ്ട്രീയ പ്രക്രിയ മാത്രമല്ല. സാമൂഹിക- സാമ്പത്തിക ബന്ധങ്ങളിലും ശ്രദ്ധേയമായ പരിവർത്തനങ്ങളാണ് ഉണ്ടായത്. ഗോത്രത്തോടോ അഥവാ വംശത്തോടോ ഉള്ള കൂറിൽനിന്നും ജാതിക്കൂറിലേക്കുള്ള മാറ്റത്തെ ഈ പരിവർത്തനത്തിന്റെ മികച്ച ഉദാഹരണമായി ഥാപ്പർ ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനങ്ങളിൽ അവരുടെ ശ്രദ്ധേയമായ സംഭാവനയാണ് ‘സിൻഡിക്കേറ്റഡ് ഹിന്ദുയിസം' എന്ന പരികൽപ്പന. എങ്ങനെയാണ് കൊളോണിയൽ കാലഘട്ടത്തിൽ സെമിറ്റിക് സവിശേഷതകളുള്ള മതമായി ഹിന്ദുമതത്തെ നിർണയിച്ചെടുത്തതെന്ന് വിശദീകരിക്കുകയാണ് ഥാപ്പർ. ജാതിയുടെ അടിസ്ഥാനത്തിൽ ശ്രേണീപരമായി വർഗീകരിക്കപ്പെട്ട ഹിന്ദുമതം എങ്ങനെയാണ് കൊളോണിയൽ സാഹചര്യത്തിൽ പ്രവാചകന്മാരും വേദപുസ്‌തകങ്ങളുമുള്ള മിഷണറി സ്വഭാവത്തിലേക്ക് മാറ്റപ്പെട്ടതെന്ന് അവർ സിൻഡിക്കേറ്റഡ് ഹിന്ദുയിസം എന്ന സങ്കൽപ്പത്തിലൂടെ വിശദീകരിക്കുന്നു.
മഹാഭാരതം, രാമായണം എന്നീ ഇന്ത്യൻ ഇതിഹാസങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക ചരിത്രം രചിച്ചയാളാണ് റോമില ഥാപ്പർ. ഈ രണ്ട് ഇതിഹാസങ്ങളുടെയും സൂക്ഷ്മമായ പഠനം ഗോത്ര സമൂഹരൂപത്തിൽനിന്നുള്ള ഇന്ത്യൻ സമൂഹത്തിന്റെ മാറ്റത്തെക്കുറിച്ച് ഉൾക്കാഴ്‌ച നൽകുന്നുണ്ട്. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കേന്ദ്ര ആഖ്യാനം എന്നത് ഉത്തരേന്ത്യയിലെ രണോത്സുക ഗോത്രങ്ങളുടെ വ്യാപനവും ഗംഗാ സമതലത്തിൽ അവർ ജനപദങ്ങൾ (small States) നിർമിച്ചതും സംബന്ധിച്ചാണ്. ഭരണകൂട കേന്ദ്രീകൃതവും, ജാതി അടിസ്ഥാനപ്പെടുത്തിയുള്ളതും, വ്യവസ്ഥാപിതവുമായ സാമൂഹ്യക്രമത്തിലേക്കുള്ള മാറ്റം സംബന്ധിച്ച സൂചനകൾ ഈ പുരാണങ്ങളിലെ കേന്ദ്ര ആഖ്യാനം നൽകുന്നുണ്ടെന്ന് ഥാപ്പർ പറയുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ സമൂഹങ്ങളെ പൊതുവെ ചരിത്രാവബോധമില്ലാത്ത, അല്ലെങ്കിൽ സ്വന്തമായൊരു ചരിത്രം തന്നെയില്ലാത്ത ഭൂഭാഗങ്ങളായാണ് പല യൂറോപ്യൻ കൊളോണിയൽ പണ്ഡിതരും വിലയിരുത്തിയത്. ആധുനിക കാലത്തേക്ക് വരികയാണെങ്കിൽ മിക്ക ആധുനിക ചരിത്രകാരന്മാർക്കും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും സിംഹഭാഗവും ചരിത്രേതരമാണ്. എന്നാൽ ഥാപ്പർ ആദ്യകാല ഇന്ത്യയിലെ ചരിത്രാവബോധത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ചരിതങ്ങളും വംശാവലികളും ഈ ആദ്യകാല ചരിത്രാവബോധത്തിന്റെ തെളിവുകളാണ്. ഥാപ്പറെ സംബന്ധിച്ച് മിത്തുകളും വംശാവലികളും ‘embedded history’യും ഇതിഹാസങ്ങൾ ചരിത്രാവിഷ്‌കാരങ്ങളുടെ ‘externalised’ രൂപവുമാണ്.
ആദ്യകാല ഇന്ത്യയും ഹിന്ദുമതവും സംബന്ധിച്ച പഠനങ്ങൾ, ശകുന്തളയെന്ന പുരാണ സ്ത്രീകഥാപാത്രം വിവിധ ചരിത്രഘട്ടങ്ങളിൽ എങ്ങനെ ചിത്രീകരിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള സാംസ്‌കാരിക ചരിത്ര പഠനം തുടങ്ങി ആദ്യകാല ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഥാപ്പർ ശ്രദ്ധേയമായ രചനകൾ നടത്തിയിട്ടുണ്ട്. വർഗീയ ചരിത്രരചനയുടെയും വ്യാഖ്യാനങ്ങളുടെയും ശക്തയായ വിമർശക കൂടിയാണ് ഥാപ്പർ. ഇത്തരം ചരിത്ര വ്യാഖ്യാനങ്ങൾ കൊളോണിയൽ ചരിത്രരചനാപദ്ധതിയുടെ ഉപോൽപ്പന്നമാണെന്ന് റോമില ഥാപ്പർ അഭിപ്രായപ്പെടുന്നു.
വിമതശബ്‌ദങ്ങളെ കേൾക്കണം
ലോകനിലവാരത്തിലുള്ള അക്കാദമിക് ഗവേഷക എന്നതിനൊപ്പംതന്നെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ പൊതുബുദ്ധിജീവി കൂടിയാണ് റോമില ഥാപ്പർ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും തുല്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പമാണ് അവർ എക്കാലവും നിലകൊണ്ടിട്ടുള്ളത്. ഒരു പൊതുബുദ്ധിജീവി എന്ന നിലയിൽ തന്റെ ചരിത്രരചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും മാത്രമല്ല, കോടതികൾ കയറിയുള്ള ഇടപെടലുകൾക്കുവരെ അവർ സദാ സന്നദ്ധയാണ്.
സമീപകാലത്ത് ഥാപ്പർ രചിച്ച രണ്ട് പുസ്‌തകങ്ങൾ (‘The Public intellectual in India’, ‘Voices of dissent: an Essay’) വർത്തമാനകാലത്തെ സംബന്ധിച്ച ആശങ്കകളിൽനിന്നും പിറവിയെടുത്തതാണ്. ഇന്ത്യയിൽ പൊതുബുദ്ധിജീവികൾ എന്ന വിഭാഗം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന് ആശങ്കപ്പെടുകയാണ് ഥാപ്പർ. സമൂഹത്തെ ഏറ്റവും ഗുരുതരമായ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്ന ബുദ്ധിജീവികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നനിലയിൽ മാത്രമല്ല അവരെ ശ്രവിക്കാൻ തയ്യാറുള്ളവരുടെ എണ്ണവും കുറഞ്ഞുവരുകയാണ് എന്നതാണ് പ്രശ്നം. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് പൊതുബുദ്ധിജീവികളെ കൂടുതൽ ആവശ്യമുള്ള കാലമാണിതെന്നും ഥാപ്പർ ഓർമപ്പെടുത്തുന്നു.
ഇന്ത്യൻ ചരിത്രത്തിലെ വിമതസ്വരങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്ന ഥാപ്പറുടെ പുസ്‌തകമാണ് ‘വോയ്സസ് ഓഫ് ഡിസന്റ്.’ വിമർശനത്തിലൂടെയും നിരന്തരമായുള്ള ചോദ്യംചെയ്യലിലൂടെയും മാത്രമേ സമൂഹത്തിന് പുരോഗതി സാധ്യമാകൂ. നിലനിൽക്കുന്ന അറിവിനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ പുതിയ അറിവ് സൃഷ്ടിക്കപ്പെടുകയുള്ളൂ. ആയതിനാൽ വിമതശബ്ദങ്ങളെ കേൾക്കേണ്ടത് മനുഷ്യവികാസത്തിന് അനിവാര്യമാണെന്ന് ഥാപ്പർ പറയുന്നു.
ഇന്ത്യയുടെ ഭരണഘടനാതത്വങ്ങളും മതേതര മൂല്യങ്ങളും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന ഏത് സന്ദർഭത്തിലും പ്രതീക്ഷയായും ധൈര്യമായും ഥാപ്പർ ഉണ്ടായിട്ടുണ്ട്. തൊണ്ണൂറാം വയസ്സിലും ജ്വലിച്ചുനിൽക്കുന്ന റോമില ഥാപ്പർ ഇന്ത്യൻ ചരിത്രരചനാമണ്ഡലത്തിൽ മാത്രമല്ല ഇന്ത്യൻ ചരിത്രത്തിലെ തന്നെ കരുത്തുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമാണ് .










0 comments