ad
Deshabhimani

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഏതൊക്കെ ബസുകളിൽ എന്ന് വ്യക്തതയില്ലാതെ മന്ത്രി

c p john
വെബ് ഡെസ്ക്

Published on Jun 08, 2026, 11:58 AM | 2 min read

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് ആവർത്തിക്കുമ്പോഴും ഏതൊക്കെ ബസുകളിൽ സേവനം ലഭ്യമാകുമെന്ന് വ്യക്തമാക്കാതെ ഗതാഗത മന്ത്രി സി പി ജോൺ. സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. പദ്ധതി ജൂൺ 15 മുതൽ തുടങ്ങുമെന്നാണ് മന്ത്രി പറയുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ, ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, യാത്ര ഓർഡിനറി ബസുകളിൽ മാത്രമായിരിക്കുമെന്ന മാധ്യമ വാർത്തകളോട് മന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. താൻ 'ഓർഡിനറിയിൽ സൗജന്യ യാത്ര' എന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമേ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കൂ എന്നും, അപ്പോൾ മാത്രമേ കൃത്യമായ വിവരങ്ങൾ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.


മുഴുവൻ ബസുകളിലും സൗജന്യ യാത്ര എന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഇത് നടപ്പാക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ദീർഘദൂര ബസുകളിൽ തുടക്കത്തിലേ സൗജന്യ യാത്ര അനുവദിച്ചാൽ വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ 712 കോടി രൂപയുടെ നഷ്ടമാണ് വരുന്നത്. എന്നാൽ എല്ലാ ബസുകളിലും അനുവദിച്ചാൽ ഇത് 1300 കോടി രൂപയായി ഉയരുമെന്നും മന്ത്രി പറയുന്നു.


ഈ സാമ്പത്തിക ബാധ്യത മുൻനിർത്തി, പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കാൻ മുഖ്യമന്ത്രി വി ഡി. സതീശനും ഗതാഗത മന്ത്രിയും തമ്മിൽ ധാരണയായതായാണ് സൂചന. ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കുകയും സ്ത്രീകളുടെ യാത്രാ രീതികളെക്കുറിച്ച് പഠിക്കുകയും ചെയ്യും. കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പരിഹരിക്കാമെന്ന് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ 100 ദിവസത്തെ പഠനത്തിന് ശേഷമേ ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കൂ.


പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ തീരുമാനമില്ലാത്തതിനാൽ സർക്കാർ വാഗ്ദാനത്തിൽ നിന്ന് 'യു-ടേൺ' അടിക്കുകയാണെന്ന വിമർശനം ഇപ്പോൾ ഉയരുന്നുണ്ട്. മുൻപും ഇത്തരം വാഗ്ദാനങ്ങൾ വന്നിരുന്നതാണ് ജനങ്ങളുടെ സംശയത്തിന് കാരണം. എന്നാൽ, സാമ്പത്തിക നഷ്ടത്തെക്കുറിച്ച് കെഎസ്ആർടിസി ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ സാമ്പത്തിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി ഉറപ്പുനൽകി. കെഎസ്ആർടിസി ജീവനക്കാർക്കും ഇതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home