ad
Deshabhimani

അതിരുകളില്ലാത്ത മൈതാനം

രക്തമിറ്റുവീഴുന്ന സെല്‍ഫ് ഗോള്‍

കൊളംബിയൻ താരം ആന്ദ്രേ എസ്‌കോബാർ 1994ലെ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിനിടെ
avatar
എ എൻ രവീന്ദ്രദാസ്‌

Published on Jun 08, 2026, 11:42 AM | 6 min read


ന്ദ്രേ എസ്‌കോബാര്‍... ഓര്‍ക്കുന്നില്ലേ ആ ചോരത്തുള്ളികളെ... ആ സെല്‍ഫ് ഗോളിനെയും വെടിയുണ്ടകളെയും. എസ്‌കോബാര്‍‐ ഇവന്‍ മരണത്തിലേക്ക് വിളിച്ചുണര്‍ത്തപ്പെട്ടവന്‍. പ്രായശ്ചിത്തമില്ലാത്ത പിഴവിന് ആരാധകര്‍ ഇവനു നല്‍കിയ പന്ത്രണ്ട് വെടിയുണ്ടകളുടെ വേദനയില്‍, കണ്ണീർച്ചാലുകളില്‍ മെഡലിനിലെ ശവക്കല്ലറ ഇപ്പോഴും വിതുമ്പുന്നു.

കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേര്. ഫുട്‌ബോളിന്റെ യഥാർഥ രക്തസാക്ഷി. വീണ്ടുമൊരു ലോകകപ്പ് വിരുന്നിനെത്തുമ്പോള്‍ വീറുറ്റ പോരാട്ടങ്ങള്‍ക്കായി നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന ഫുട്‌ബോള്‍ പ്രണയികളുടെ മനസ്സില്‍ പടരുന്ന നൊമ്പരമായി ആന്ദ്രേ എസ്‌കോബാറിന്റെ ചിത്രം കടന്നുവരും. 1994ലെ ലോകകപ്പില്‍ കിരീടമോഹവുമായി വന്ന കൊളംബിയയുടെ പ്രതിരോധഭടന്‍. ദൗര്‍ഭാഗ്യത്തിന്റെ ഒരഭിശപ്ത നിമിഷത്തില്‍ തന്റെ പാദങ്ങള്‍ ഒരു പിഴവ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ പകരം മയക്കുമരുന്ന് വാതുവയ്‌പ്പ്‌ മാഫിയാസംഘത്തിന് എസ്‌കോബാര്‍ കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു.

കൊളംബിയൻ താരം ആന്ദ്രേ എസ്‌കോബാർ 1994ലെ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിനിടെകൊളംബിയൻ താരം ആന്ദ്രേ എസ്‌കോബാർ 1994ലെ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിനിടെ

ലോകകപ്പിലെ സെല്‍ഫ്‌ ഗോളുകള്‍ക്ക് ഈ മഹാമേളയോളം പഴക്കമുണ്ട്. സ്വന്തം ടീമംഗത്തിന്റെ പിഴവോ മനപ്പൂർവമല്ലാത്ത ഒരു പാളിച്ചയോ മൂലം സ്വന്തം ഗോൾവലയ്‌ക്കുള്ളില്‍ പന്ത് പതിക്കുമ്പോള്‍ എതിര്‍ടീമിന്റെ ആരവത്തേക്കാള്‍ ഉറക്കെ കേള്‍ക്കുക പിഴവുപറ്റിയ സംഘത്തിന്റെ ദീര്‍ഘനിശ്വാസമാകാം. 1930-ലെ പ്രഥമ ലോകകപ്പില്‍ തന്നെ പരാഗ്വായുടെ ഒറിലിയോ ഗോണ്‍സാലസ് അമേരിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ സ്വന്തം വലയിലേക്ക് പന്തടിച്ചു. 1938-ല്‍ ജര്‍മനിയെ നേരിട്ട സ്വിറ്റ്‌സർലന്‍ഡിന്റെ ലെര്‍ഷര്‍ പിഴവ് ഗോളിന്റെ നാണക്കേട് ആവര്‍ത്തിച്ചു. പിന്നീടിങ്ങോട്ട് യുറഗ്വായിയുടെ ക്രൂസ്, ഓസ്ട്രിയയുടെ ഹനാപ്പി, ഇംഗ്ലണ്ടിന്റെ ഡിക്കിന്‍സണ്‍, മെക്‌സിക്കോയുടെ ഗാര്‍ഡിനാസ്, ഇറാന്റെ എഡ്കാന്റാറിയന്‍, കൊറിയയുടെ ചോക്വാങ്, ഓസ്‌ട്രേലിയയുടെ കുറാന്‍... അങ്ങനെ സ്വന്തം കൂടാരത്തിലേക്ക് തീക്കൊള്ളിയെറിഞ്ഞവരുടെ നീണ്ടനിരതന്നെയുണ്ട്. പക്ഷേ, സെല്‍ഫ് ഗോള്‍ എന്നാല്‍ ജീവനെടുക്കും എന്നുകൂടി അർഥമുണ്ടെന്ന് ലോകമറിഞ്ഞത് എസ്‌കോബാറിന്റെ വധത്തിലൂടെയാണ്.


1994 ജൂണ്‍ 22. അമേരിക്കന്‍ നഗരമായ പാസദേനയിലെ റോസ്‌ബൗള്‍ സ്റ്റേഡിയം. ആദ്യ മത്സരത്തില്‍ റുമാനിയയോട് 3-‐1ന്‌ തോറ്റതിന്റെ നാണക്കേട് തീര്‍ക്കാന്‍ വാള്‍ഡറാമ നയിച്ച കൊളംബിയ കളത്തിലിറങ്ങുന്നു. എതിരാളികള്‍ ആതിഥേയരായ അമേരിക്ക. ക്വാര്‍ട്ടറിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് വിജയം ആവശ്യമായിരുന്നു. തങ്ങള്‍ക്ക് ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ കിരീടസാധ്യത കൽപ്പിച്ചത് സാധൂകരിക്കാനാവുമെന്ന്‌ തോന്നിച്ച അത്യുജ്വല പ്രകടനം കൊളംബിയ കെട്ടഴിച്ചു. എന്നാല്‍ ഒന്നാം പകുതിയുടെ 34-ാം മിനിറ്റില്‍ വിധിയുടെ വിനാശകരമായ പരീക്ഷണം അവര്‍ക്കുണ്ടായി.

ബോക്‌സിന്‌ പുറത്തുനിന്ന് യുഎസ് മിഡ്ഫീല്‍ഡര്‍ ജോണ്‍ ഹാര്‍ക്‌സ് നല്‍കിയ ക്രോസ് അടിച്ചുമാറ്റാനുള്ള ശ്രമത്തില്‍ കൊളംബിയന്‍ ഡീപ് ഡിഫന്‍ഡര്‍ ആന്ദ്രേ എസ്‌കോബാറിന്റെ കാലില്‍ തട്ടി, വെട്ടിത്തിരിഞ്ഞ പന്ത് സ്വന്തം ഗോൾവലയത്തിലേക്ക് നീങ്ങി. സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ഗോളി ഓസ്‌കര്‍ കൊര്‍ഡൊസെയ്‌ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പ്, റോസ്ബൗള്‍ സ്റ്റേഡിയം നിറഞ്ഞ 93,000‐ത്തിലേറെ കാണികളെ അമ്പരപ്പിച്ചുകൊണ്ട് പന്ത് കൊളംബിയന്‍ നെറ്റില്‍ പതിച്ചു. ഇടങ്കാലനായ എസ്‌കോബാര്‍, വലതുഭാഗത്തുനിന്നു വന്ന ക്രോസ് വലങ്കാലുകൊണ്ട് അടിച്ചകറ്റാന്‍ ശ്രമിച്ചതാണ് അബദ്ധമായത്.


52-ാം മിനിറ്റില്‍ എര്‍നി സ്റ്റുവാര്‍ട്ടിലൂടെ ഒരു ഗോളടിച്ച് അമേരിക്ക 2-‐0ന്‌ മുന്നിലെത്തി. കളിയുടെ അന്ത്യയാമത്തില്‍ അഡോള്‍ഫോ വാലെന്‍സിയയിലൂടെ കൊളംബിയ ഒരു ഗോള്‍ മടക്കിയെങ്കിലും അമേരിക്ക 2-‐1ന്‌ വിജയം കൈപ്പിടിയിലൊതുക്കി. അതോടെ രണ്ട് പരാജയവുമായി കൊളംബിയ ഫലത്തില്‍ ലോകകപ്പില്‍നിന്നു പുറത്തായിക്കഴിഞ്ഞിരുന്നു. അവസാന മത്സരത്തില്‍ സ്വിറ്റ്‌സർലന്‍ഡിനെ ഏകപക്ഷീയമായ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചുവെങ്കിലും അത് പതനം കഴിഞ്ഞുള്ള മുഴക്കം മാത്രമായി. ലഭ്യമായ മൂന്ന് പോയിന്റുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ മതിയാകുമായിരുന്നില്ല. എസ്‌കോബാറിന്റെ ആ അബദ്ധഗോള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, കൊളംബിയ രണ്ടാം റൗണ്ടിലെത്തുമായിരുന്നു. അതേസമയം അമേരിക്കയാകട്ടെ 1950‐നുശേഷം ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ ആദ്യവിജയമാണ് സ്വന്തം മണ്ണില്‍ കൈവരിച്ചത്. 1950ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യജയം (1-‐0).


നിന്റെ സെല്‍ഫ് ഗോളിന് നന്ദി

ലോകകപ്പിന്റെ തുടക്കത്തിലെ കൗതുകങ്ങളിലൊന്നായി വന്നുപോയ ഈ സെല്‍ഫ് ഗോള്‍ ആന്ദ്രേ എസ്‌കോബാറിന്റെ ജീവനെടുത്തത് ഒരാഴ്‌ചയ്‌ക്കുശേഷം വന്ന വെള്ളിയാഴ്‌ചയിലായിരുന്നു. 1994 ജൂലൈ രണ്ടിന്. പിഴവുഗോളിന്റെ കരിനിഴലുമായി സ്വന്തം മണ്ണില്‍ മടങ്ങിയെത്തിയ എസ്‌കോബാറിന് കൊളംബിയന്‍ കഴുകന്മാര്‍ കനിഞ്ഞനുവദിച്ചത് വെറും പത്തുദിവസത്തെ ജീവിതം മാത്രമാണ്. സ്വന്തം നാടിന്റെ ലോകകപ്പ് വിജയത്തിനായി വാതുവച്ച മയക്കുമരുന്ന്‌ സംഘങ്ങള്‍ക്ക് യുഎസിനോടുള്ള തോൽവിയും ആന്ദ്രേയുടെ അബദ്ധഗോളും സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുന്നത് സ്വപ്‌നം കാണാത്ത കളിക്കാരുണ്ടാവില്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലൂടെ തോളിലേറ്റുന്ന കനത്ത ഉത്തരവാദിത്വം ഭാഗ്യമായി കണ്ട് അതിനായി എന്തും ചെയ്യാന്‍ സന്നദ്ധരാവുന്ന കളിക്കാര്‍ക്ക് തീര്‍ച്ചയായും അറിയാം; പിഴവുകള്‍ എത്രവേഗമാണ് നാട്ടുകാരുടെ കണ്ണില്‍ വലുതാവുന്നതെന്ന്, കേള്‍ക്കേണ്ടിവരുന്ന വിമര്‍ശനങ്ങളുടെ രൂക്ഷതയെന്തെന്ന്.

പക്ഷേ, ആന്ദ്രേ എസ്‌കോബാറിനെപോലെ ഒരു പിഴവിന് ഇത്രയും വിലകൊടുക്കേണ്ടിവന്ന ഒരു കളിക്കാരന്‍ വേറെയില്ല. മത്സരശേഷം നിരാശനായിരുന്ന എസ്‌കോബാര്‍ ബന്ധുക്കളെയും വിവാഹം ഉറപ്പിച്ച കാമുകി പമേല കസ്‌കാര്‍ഡോയെയും സന്ദര്‍ശിക്കാതെ ബാറിലും നൈറ്റ് ക്ലബ്ബിലുമായി സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞുകൂടുകയായിരുന്നു. ജൂലൈ രണ്ടിന് വെളുപ്പിന് കാറില്‍ എസ്‌കോബാര്‍ വീട്ടിലേക്ക് പോകാനൊരുങ്ങവെ, കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിലെ മെഡലിനില്‍ വിരുന്നുശാലയ്‌ക്ക് മുമ്പില്‍ കാത്തിരുന്നവര്‍ക്ക് പിഴച്ചില്ല. മദ്യപിച്ചിളകിയ ഒരുസംഘം അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. തനിക്ക് ചുറ്റുംനിന്ന അവര്‍ എന്തോ പറഞ്ഞപ്പോള്‍ എസ്‌കോബാര്‍ അത്ര ഗൗനിച്ചില്ല. ‘നിന്റെ സെല്‍ഫ്‌ഗോളിന് നന്ദി' എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ എന്തോ തിരിച്ചുപറഞ്ഞു. പിന്നെ നടന്നത് പൈശാചിക ആക്രമണമായിരുന്നു.

 യുഎസിനെതിരെ ആന്ദ്രെ എസ്‌കോബാറിന്റെ സെൽഫ്‌ ഗോൾ യുഎസിനെതിരെ ആന്ദ്രെ എസ്‌കോബാറിന്റെ സെൽഫ്‌ ഗോൾ

ചൂതാട്ടമടയിലെ ഉംബര്‍ട്ടോ മുനോസ് കാസ്‌ട്രോ, സാന്റിയാഗോ ഹെനേയോ എന്നീ നീചന്മാര്‍ തോക്കെടുത്ത് എസ്‌കോബാറിനു നേരെ തീ തുപ്പി. പന്ത്രണ്ട് വെടിയുണ്ടകള്‍ക്കിടയില്‍ ആര്‍ത്തനാദത്തോടെ ചോരയില്‍ കുഴഞ്ഞുവീണ ഇരുപത്തേഴുകാരന്‍ എസ്‌കോബാറിനെ നോക്കി കൊലയാളിസംഘം പകയോടെ ചിരിച്ചു. ഓരോ വെടിയുണ്ടയും എസ്‌കോബാറിന്റെ ശരീരത്തില്‍ തുളഞ്ഞുകയറുമ്പോള്‍ ‘ഗോള്‍ ഗോള്‍' എന്നാര്‍ത്തുവിളിച്ച അവര്‍ കലിയടങ്ങാതെ അട്ടഹസിച്ചു; ആന്ദ്രേ, നിന്റെ സെല്‍ഫ് ഗോളിനു നന്ദി. ഉംബര്‍ട്ടോ കാസ്‌ട്രോയുള്‍പ്പെട്ട കൊലയാളിക്കൂട്ടം മരണം ഉറപ്പാക്കിയശേഷം കാറില്‍ രക്ഷപ്പെട്ടു.

കൊളംബിയയുടെ തോൽവിയില്‍ മനംനൊന്ത രാജ്യസ്‌നേഹികളായിരുന്നില്ല അവര്‍. മറിച്ച് കൊളംബിയ അമേരിക്കയെ തോല്‍പ്പിക്കുമെന്ന് വിശ്വസിച്ച് വന്‍തുക വാതുകെട്ടിയ മാഫിയകളില്‍പ്പെട്ടവരായിരുന്നു. പ്രധാനപ്രതിയായ ഉംബര്‍ട്ടോ കാസ്‌ട്രോയെ പിന്നീട് പൊലീസ് പിടികൂടി. അമേരിക്കക്കെതിരെ കൊളംബിയ ജയിക്കുമെന്ന് ഭീമമായ തുകയ്‌ക്ക്‌ പന്തയം വച്ചിരുന്നതായും ടീമിന്റെ തോൽവിയില്‍ കുപിതനായാണ് ആന്ദ്രേയെ വധിച്ചതെന്നുമാണ് പ്രതി പൊലീസിനോട്‌ പറഞ്ഞത്.


ഒറ്റയ്‌ക്ക്‌ ലോകകപ്പ് നേടാന്‍ കഴിയുന്നവനെന്ന് പെലെ വാഴ്‌ത്തിയ ഷാര്‍പ്പ് ഷൂട്ടര്‍ ആസ്പ്രിയ ഉള്‍പ്പെടെ വാള്‍ഡറാമ നയിക്കുന്ന പ്രതിഭാശാലികളുടെ സംഘമായ കൊളംബിയ അമേരിക്കയെ തോല്‍പ്പിക്കുമെന്ന് വിശ്വസിച്ചാണ് മാഫിയാ സംഘം വാതുകെട്ടിയത്. തോൽവിക്ക് വഴിവച്ച് കോടികള്‍ നഷ്ടമാക്കിയ വില്ലനെ അവരെങ്ങനെ ശിക്ഷിക്കാതിരിക്കും. ലോകത്തില്‍ ഏറ്റവുമധികം ജനങ്ങളുടെ പ്രിയ കായികവിനോദവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സംഭവകഥകളില്‍, ഭീകരതയില്‍ ഇതിനെ വെല്ലാന്‍ മറ്റൊന്നില്ല. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് പാരമ്പര്യ ശക്തികള്‍ക്കു പുറത്തുള്ള ഒരു രാജ്യം സാധ്യതാചാമ്പ്യന്മാരായി കളിക്കാനെത്തിയത്. എന്നാല്‍ ദുർവിധിയുടെ തീക്കാറ്റായിരുന്നു അവരെ ചൂടിനിന്നിരുന്നത്. കളിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തങ്ങള്‍ക്ക് ആ സ്വപ്‌നസംഘം ഇരയായി.

മാര്‍ക്വേസിന്റെ മാന്ത്രിക സ്വപ്‌നാനുഭൂതിയും കാല്‍പ്പന്തിന്റെ സൗന്ദര്യവും സംഗീതവും നൃത്തവും മയക്കുമരുന്നും ചൂതാട്ടവും ഒക്കെക്കൂടി കലരുന്ന വിചിത്രമായ സര്‍ഗാത്മകതയും വന്യമായ ഹിംസാത്മകതയും ഇഴപിരിയുന്ന നിഗൂഢ ദേശമാണോ കൊളംബിയ. മാന്ത്രികസ്‌പര്‍ശമുള്ള ഗോളി ഹിഗ്വിറ്റയും വാള്‍ഡറാമയും റിങ്കണും ഗോമസുമൊക്കെ ഉള്‍പ്പെട്ട കൊളംബിയന്‍ ടീം 1990 ലോകകപ്പില്‍ മായികപ്രകടനം കാഴ്‌ചവച്ചവരായിരുന്നു. ലോകകപ്പിലെ നേട്ടങ്ങളേക്കാള്‍ സര്‍ഗാത്മകതകൊണ്ട് നിയമങ്ങള്‍ തെറ്റിക്കുന്ന കലാത്മകതകൊണ്ടാണ് അവര്‍ കളിപ്രേമികളുടെ ഹൃദയം കീഴടക്കിയത്. ഗോളിക്ക് വിധിച്ച ലക്ഷ്മണരേഖകള്‍ ലംഘിച്ചുകൊണ്ട് മൈതാനം മുറിച്ച്‌ മുന്നോട്ടുപോയ ഹിഗ്വിറ്റയെ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ ഹിഗ്വിറ്റയില്‍ നിന്നു വന്ന പന്ത് റാഞ്ചി വലയിലിട്ട കാമറൂണിന്റെ കാരണവരായ റോജർ മില്ലയ്‌ക്ക്‌ മുമ്പിലാണ് ആ ഭ്രാന്തന്‍ ഗോളി യാഥാർഥ്യങ്ങളുടെ മണ്ണിലേക്ക് തിരിച്ചെത്തിയതെന്നതും മറന്നുകൂടാ.

1994 ലോകകപ്പിലെ കൊളംബിയൻ ടീം1994 ലോകകപ്പിലെ കൊളംബിയൻ ടീം

യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയെ അഞ്ച്‌ ഗോളിന്‌ തകര്‍ത്തതടക്കം ഒറ്റക്കളിപോലും തോല്‍ക്കാതെ ഒന്നാം സ്ഥാനക്കാരായി കൂടുതല്‍ കരുത്തോടെയാണ് കൊളംബിയന്‍ ടീം '94ലെ ലോകകപ്പിനെത്തിയത്. അതിനകം വിധിയുടെയും സ്വയംകൃതാനർഥങ്ങളുടെയും ഇരുളിലേക്ക് മറഞ്ഞുപോയ ഹിഗ്വിറ്റയ്‌ക്ക്‌ പകരം കാവല്‍ക്കാരനായി വന്നത് കൊര്‍ഡൊസെയായിരുന്നു. കളിയുടെ ഓരോ ഘട്ടത്തിലും കൊളംബിയന്‍ ടീമിനെ ബെറ്റിങ്, കൊക്കെയ്ന്‍ മാഫിയ വേട്ടയാടി. ടീം ഹോട്ടലിലെ സുരക്ഷാസന്നാഹങ്ങളെയെല്ലാം മറികടന്ന് അധോലോക രാജാക്കന്മാരുടെ കൽപ്പനകള്‍ അവര്‍ക്കുണ്ടായി. കളിക്കാര്‍ക്കും പരിശീലകനും നിരന്തരം ഭീഷണികളും സമ്മർദങ്ങളും നേരിടേണ്ടിവന്നു. ആരെ കളിപ്പിക്കണം, ആരെ പകരക്കാരനാക്കണം തുടങ്ങിയവയിലൊക്കെ മാഫിയയുടെ തീരുമാനത്തിന് കോച്ച് ഫ്രാന്‍സിസ്‌കോ മതുരാനയ്‌ക്ക്‌ വഴങ്ങേണ്ടിവന്നു. നിര്‍ഭാഗ്യത്തിന്റെ പരകോടിയില്‍ എസ്‌കോബാറിന്റെ ബൂട്ടില്‍ നിന്നു വന്ന പിഴവുഗോളിലൂടെ അമേരിക്കയോട് കൊളംബിയ തോറ്റപ്പോള്‍ ഒരു നാടിന്റെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും സ്വപ്‌നങ്ങളാണ് നീര്‍ക്കുമിളപോലെ വീണുടഞ്ഞത്.


കൊളംബിയയില്‍ കളിയും കാര്യവും തിരിച്ചറിയാതായിട്ട് കാലങ്ങളേറെയായി. മാഫിയാതലവന്മാര്‍ മയക്കുമരുന്നും തോക്കും നല്‍കി തീറ്റിപ്പോറ്റുന്ന ഗുണ്ടകള്‍ തെരുവില്‍ ഏറ്റുമുട്ടുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന കാലത്തിന് ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. ആ ജൂലൈ രണ്ടിന് രാത്രി മെഡലിനില്‍ പലയിടങ്ങളിലായി വെടിയേറ്റു മരിച്ച 44 ഹതഭാഗ്യരില്‍ ഒരാളായാണ് ആന്ദ്രേ എസ്‌കോബാറും ആ തെരുവില്‍ വിറങ്ങലിച്ചു കിടന്നത്. എസ്‌കോബാറിന്റെ മരണത്തിനുശേഷം മാഫിയകളുടെ കുഴിതോണ്ടാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തെങ്കിലും അവരെ പൂര്‍ണമായി സംഹരിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

കീശയില്‍ പിസ്റ്റള്‍ തിരുകി ചില പിശാചുക്കള്‍ കളിക്കാരന്റെ പിഴവുകള്‍ തേടിയിരിക്കുമ്പോള്‍, ഗോളുകളുടെയും വിജയങ്ങളുടെയും മതിമറക്കലുകള്‍ക്കിടയില്‍ പൂജ്യത്തിലെത്തുന്നത് പ്രതിരോധക്കാരുടെയും സ്‌ട്രൈക്കര്‍മാരുടെയും ജീവന്റെ വിലയാണ്. അവര്‍ കൊളംബിയക്കാരനാണെങ്കില്‍ പ്രത്യേകിച്ചും.


ഈ ബലിപീഠത്തില്‍

ചരിത്രം മാപ്പുസാക്ഷി

ഫുട്‌ബോള്‍ ഭ്രാന്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരതയുടെ ബലിപീഠത്തിലാണ് എസ്‌കോബാറിന്റെ ശിരസ്സ്‌ അര്‍പ്പിക്കപ്പെട്ടത്. ചരിത്രം ഇവിടെ മാപ്പുസാക്ഷി. പണ്ടൊരിക്കല്‍ നാസി പട്ടാളം യുക്രെയ്‌നിലെ ഡൈനമോ കീവിന്റെ കളിക്കാരെ നിരത്തിനിര്‍ത്തി. സെല്‍ഫ് ഗോള്‍ അടിക്കാത്തതായിരുന്നു കുറ്റം. 22 കളിക്കാര്‍ പിടഞ്ഞുവീണു. പക്ഷേ ആരുടെ ശരീരത്തിലും ഒന്നിലേറെ ബുള്ളറ്റുകള്‍ ഉണ്ടായിരുന്നില്ല. ഉന്മത്തനായ ആരാധകനായിരുന്നില്ല അവിടത്തെ കൊലയാളി. എസ്‌കോബാറിന് ഘാതകര്‍ സമ്മാനിച്ചത് ഒരു ഡസന്‍ വെടിയുണ്ടകളായിരുന്നല്ലോ.

ഫുട്‌ബോള്‍ അറിയുന്ന ആര്‍ക്കും വ്യക്തമാണ് എസ്‌കോബാറിന്റെ പിഴവ് മനഃപൂർവമല്ലായിരുന്നെന്ന്. ഒരു നിമിഷത്തിന്റെ ദൗര്‍ഭാഗ്യമായിരുന്നു അത്. പക്ഷേ ചൂതുകളിയിലും വാതുവയ്‌പ്പിലും മുച്ചൂടും മുങ്ങിക്കഴിയുന്നവര്‍ക്ക് അത് പൊറുക്കാനാവാത്ത കുറ്റമായിരുന്നിരിക്കണം. കൊളംബിയന്‍ ഫുട്‌ബോളിന്റെ ദാരുണവും വിഭ്രാത്മകവുമായ മരണക്കളി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിനിടെ ഏഴ് ലോകകപ്പുകള്‍കൂടി കടന്നുപോയി. ഇനിയും ലോകകപ്പുകള്‍ കളിക്കണം. സെല്‍ഫ് ഗോളുകള്‍ പിറന്നുവീഴാം. അത് സംഭവിച്ചാല്‍ മരണം തുറിച്ചുനോട്ടവുമായിയുണ്ടാവുമെന്ന നില ആവര്‍ത്തിച്ചുകൂടാ. കളിയുടെ മാസ്മരികതയെ ചൂതാട്ടത്തിന്റെ ഏകാധിപതികള്‍ ചോരപ്പുഴയില്‍ ഒഴുക്കിക്കളഞ്ഞുകൂടാ.

കൊളംബിയയിലെ മെഡലിനിലുള്ള എസ്‌കോബാറിന്റെ പ്രതിമകൊളംബിയയിലെ മെഡലിനിലുള്ള എസ്‌കോബാറിന്റെ പ്രതിമ

1967 മാര്‍ച്ച് 13ന് കൊളംബിയയിലെ മെഡലിനില്‍ ബാങ്ക് ഉദ്യോഗസ്ഥനായ മാരിയോ എസ്‌കോബാറിന്റെ മകനായാണ് ആന്ദ്രേയുടെ ജനനം. സ്‌കൂള്‍ ടീമിലൂടെ കളിച്ചുവളര്‍ന്ന അവന്‍ കൊളംബിയന്‍ ഫുട്‌ബോളിലെ ഇതിഹാസമായിരുന്ന വെല്ലിങ്ടണ്‍ ഓട്ടസിന്റെ ആരാധകനായിരുന്നു. 21ാം വയസ്സില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയ ആന്ദ്രേ 1988-ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 1989-ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടി. സ്വന്തം ക്ലബ്ബായ അത്‌ലറ്റികോ നാഷണലിനെ 1989-ല്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പക്ഷേ ലോകകപ്പിലെ ഒരേയൊരു പിഴവില്‍ ഇതെല്ലാം വിസ്മരിക്കപ്പെട്ടു.

ലോകകപ്പിലെ കൊളംബിയയുടെ തോൽവിക്കുശേഷം ഒരു പത്രത്തില്‍ എസ്‌കോബാര്‍ എഴുതി‐ ‘എന്റെ കരിയറില്‍ ഇന്നോളം അതുപോലൊരു പിഴവു വന്നിട്ടില്ല. പക്ഷേ ആര്‍ക്കുമത് സഹിക്കാനാവുകയില്ല.’ കളിക്കാരന്‌ പിണയുന്ന ചെറിയ പിഴവുപോലും ക്ഷമിക്കാന്‍ കഴിയാത്ത ഫുട്‌ബോള്‍ മാഫിയകളുടെയും വാതുവയ്‌പുകാരുടെയും വികൃതമനസ്സ് വായിച്ചെടുത്ത ആന്ദ്രേ എസ്‌കോബാര്‍ തന്റെ രക്തസാക്ഷിത്വം മുന്‍കൂട്ടി കാണുകയായിരുന്നോ? അക്രമിയായ ഉംബര്‍ട്ടോ മുനോസ് കാസ്‌ട്രോയ്‌ക്ക്‌ 43 വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതിവിധി ആന്ദ്രേയുടെ ആദ്യ മരണവാര്‍ഷികത്തില്‍ വന്നത് ആരുടെയെങ്കിലും കണ്ണുതുറപ്പിച്ചുവോ. കായികചരിത്രത്തിലെ ഏറ്റവും ഹീനമായ ഈ കൊലപാതകത്തിന് അതൊന്നും പ്രായശ്ചിത്തമാവില്ല. കൊളംബിയയുടെ വിരിമാറിലൂടെ ഒഴുകുന്ന അധോലോക കൂട്ടത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക്‌ തടയിടാന്‍, ആന്ദ്രേയുടെ ബലിദാനത്തിന് 32 വര്‍ഷമെത്തിയിട്ടും അവിടെ ഭരണകൂടത്തിന് കഴിയുന്നില്ലെന്നതാണ് വാസ്‌തവം. അന്ന് കപ്പ് നേടുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ അമേരിക്കയിലേക്ക് വന്നവരായിരുന്നു കൊളംബിയന്‍ ടീം. ഒടുവില്‍ സംഭവിച്ചതോ? പ്രതിരോധക്കാരന്‍ ഗോമസിന്‌ ലഭിച്ച വധഭീഷണിയും എസ്‌കോബാറിന്റെ ബലിയും കൊളംബിയയെ ദുരന്തങ്ങളുടെ കൂടാരമാക്കി മാറ്റി.

എസ്‌കോബാറിന്റെ കൊലയാളി ഉംബർട്ടോ കാസ്ട്രോ അറസ്റ്റിലായപ്പോൾഎസ്‌കോബാറിന്റെ കൊലയാളി ഉംബർട്ടോ കാസ്ട്രോ അറസ്റ്റിലായപ്പോൾ

ഫുട്‌ബോളിന് രക്തവും മാംസവും നല്‍കി നേദിച്ച ആന്ദ്രേ എസ്‌കോബാറിന്റെ ബലിക്കുറിപ്പ് ഓരോ ഫുട്‌ബോള്‍ കളിക്കാരനുമുള്ള മുന്നറിയിപ്പാണ്. ഏത് മനുഷ്യനും പൂര്‍ണതയില്‍നിന്ന് ഒരു കാതം അകലെയാണെന്ന തിരിച്ചറിവാണ് ലോകത്തിന് വേണ്ടത്. കളിയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് എത്ര ലോലമാണെന്ന് എസ്‌കോബാറിന്റെ ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നു. സെല്‍ഫ് ഗോളിലേക്ക് വന്നുപതിച്ച ഒരു ഫുട്‌ബോള്‍. കളിയാക്കപ്പെടുന്ന ജീവിതമാണോ ഈ കളി... അസ്വസ്ഥമായ ഒരു ജനസഞ്ചയം സദാ എസ്‌കോബാറിനെപ്പോലുള്ള കളിക്കാരനെ തുറിച്ചു നോക്കുന്നുണ്ട്. പുറകോട്ടുപിടിച്ച അവരുടെ കൈകളില്‍ തിളങ്ങുന്ന കത്തിയോ തിരയൊഴിയാത്ത തോക്കുകളോ ഉണ്ടാകും. മൂന്നാം ലോകത്ത് പട്ടിണിയും അക്രമവും മയക്കുമരുന്നും പെരുകുന്നതിനനുസരിച്ചാണത്രേ കളിഭ്രാന്തും കൂടുന്നത്. നീട്ടിപ്പിടിച്ച തോക്കുകള്‍ക്ക് നെറ്റി ചേര്‍ത്തുപിടിക്കാന്‍ നിര്‍ബന്ധിതമാകുന്ന കളിക്കാരുടെ രാജ്യങ്ങള്‍ ഏറുകയാണ്. ദാനഗോളിന്റെ ശാപം പേറേണ്ടിവരുന്ന എസ്‌കോബാറിന്റെ ആ മുറിവില്‍നിന്നും വറ്റാത്ത ചോരച്ചാലുകള്‍ കളിക്കളങ്ങളില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. മെഡലിനിലെ കത്തീഡ്രലിലെ ശവക്കല്ലറ ഇപ്പോഴും വിതുമ്പുന്നു. ആന്ദ്രേയുടെ ദൈന്യമായ നിലവിളികളും ചോരപ്പാടുകളും ഫുട്‌ബോളിന് മറക്കാനാവില്ല... ഒരിക്കലും... .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home