നോവൽ
തെറം ‐31


പി വി ഷാജികുമാർ
Published on Jun 08, 2026, 11:48 AM | 5 min read
കാറ്റിന്റെ കാര്യം
കണ്ണ് തുറക്കുമ്പോള്‍ കാറ്റാടിമരങ്ങള്‍ നിറഞ്ഞൊരു കുന്നിന്‍പുറത്ത് കിടക്കുകയായിരുന്നു മുനീര്‍. കാറ്റെത്താത്തതിനാല്‍ ഒരിലപോലും അനക്കാന്‍ കഴിയാതെ കാറ്റാടിമരങ്ങള്‍ മരിച്ച വീട്ടിലെന്നപോലെ നിശ്ചലതയോടെ നിന്നു. കൈകാലുകളൊന്നും കെട്ടിയിട്ടില്ലായിരുന്നെങ്കിലും ഉള്ളിലും പുറത്തും കുത്തിക്കൊണ്ടിരുന്ന കൊടിയ വേദന എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ മുനീറിനെ കിടന്നയിടത്ത് തന്നെ കിടത്തി. അവന്റെ മുഖവും നെഞ്ചും കൈകാലുകളും അടികൊണ്ട് വീര്‍ത്തിരുന്നു. ഇടതുപുരികത്തിന് മുകളില്‍നിന്ന് ചോര കീഴ്‌ത്താടിയിലൂടെ മണലില്‍ പടര്‍ന്നിരുന്നു. ഉറുമ്പുകള്‍ കൂട്ടംകൂടി നിന്ന് ചോരയുടെ രുചി അറിഞ്ഞുകൊണ്ടിരുന്നു. മനുഷ്യരക്തത്തിന്റെ രുചി ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഉറുമ്പുകളായിരുന്നു അത്. അതിന്റെ ലഹരിയുടെ ആലസ്യത്തില്‍ അവര്‍ ചോരയ്‌ക്കുള്ളില്‍ തന്നെ മയങ്ങുകയും നേരമൊട്ടും കുറയാതെ അതില്‍ തന്നെ ചാവുകയും ചെയ്‌തു. ചോര തേടി വന്ന എല്ലാ ഉറുമ്പുകള്‍ക്കും അതുതന്നെ സംഭവിച്ചു. ചാവുന്നതിന് മുമ്പ് മുന്നറിയിപ്പ് കൊടുക്കാന്‍ അവയിലോരോന്നും തലയുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചോരയുടെ ലഹരിയില്‍ അവര്‍ സത്യം മറന്നുപോയി.
ചാവ് തേടുന്ന മനുഷ്യര്‍ക്കും മറുവകകളില്‍ സംഭവിക്കുന്നത് അതുതന്നെയാണെന്ന് അവര്‍ അറിയുന്നില്ലല്ലോ...!
തലയ്‌ക്കുള്ളില്‍ ഒരു വലിയ കരിങ്കല്ല് കുത്തിയതുപോലെ മുനീറിന് കടച്ചില്‍ എടുക്കുന്നുണ്ടായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
കടച്ചിലിന്റെ കൊടുമുടിയില്‍ ഇടറുമ്പോഴും പണ്ടെപ്പോഴോ സ്വപ്‌നത്തില്‍ കണ്ട കുന്നിന്‍പുറത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിപ്പെട്ടതിന്റെ ആശ്ചര്യം അവനില്‍ വട്ടംകറങ്ങി. ആ സ്വപ്‌നത്തിലെ മലമുകളില്‍ കാറ്റ് ഭ്രാന്ത് പിടിച്ചതുപോലെ ആഞ്ഞുവീശുന്നുണ്ടായിരുന്നു.
കാറ്റിന്റെ ചൂളംവിളി ചുറ്റിലും പടര്‍ന്നിരുന്നു, ചെരിഞ്ഞും ചാഞ്ഞും ചുറഞ്ഞും ചുറ്റിത്തിരിഞ്ഞും...
കാറ്റാടിമരങ്ങള്‍ക്ക് കാറ്റിന്റെ ഉന്മാദത്തില്‍ സ്വബോധം നഷ്ടപ്പെട്ടു. തല പൊട്ടിപ്പോകുമെന്ന പേടി പോലുമില്ലാതെ മരങ്ങള്‍ മുടിയഴിച്ചിട്ട് ആടവെ ബോധം പോവാത്ത കാറ്റാടികളിലൊന്നിന് മനസ്സിലായി- കാറ്റ് മനുഷ്യമനസ്സ് പോലെയാണ്... അത് ഉറങ്ങും, തിരിയും, പറക്കും, വട്ടം കറങ്ങും, എപ്പോഴെങ്കിലും ഉണരും...
കാറ്റാടി മനുഷ്യനെ മനസ്സിലാക്കവെ അജ്ഞാതയായ ഒരു പെണ്‍കുട്ടിക്കൊപ്പം നടക്കുകയായിരുന്നു അവന്‍. സ്വർണനിറമാര്‍ന്ന അവളുടെ മുടിയിഴകള്‍ കാറ്റില്‍ നൃത്തം വയ്‌ക്കുകയും പലപ്പോഴും അവന്റെ മുഖത്ത് സ്‌പര്‍ശിക്കുകയുമുണ്ടായി. അവന്റെ മനസ്സ് കാറ്റുപോലെ പറക്കുകയും ചുറ്റിത്തിരിയുകയും ചെയ്‌തു. തണുപ്പ് അത്രമേല്‍ ആഴത്തില്‍ അവനെ ചുറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. കുന്നിന്‍പുറത്തായിട്ടും അവന്‍ കടലിനെ മനസ്സില്‍ കണ്ടു, കടലിലെ കാറ്റും കോളും കണ്ടു. അവന്റെ ശൈത്യം കൂടുതല്‍ ആഴമേറിയതായി. അവന്റെ രോമങ്ങള്‍ തണുപ്പില്‍ എഴുന്നേറ്റുനില്‍ക്കുകയും അതില്‍ ആഴമളക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആനന്ദം അനുഭവിക്കുകയുമുണ്ടായി. ആ നേരത്ത് അവന് മുന്നില്‍ പച്ചപ്പുല്ല് പുതച്ച മലനിരകള്‍ തെളിഞ്ഞു. നേര്‍നിരകളുള്ള അവന്റെ മനസ്സിനെ മലനിരകള്‍ കാറ്റിന്റെ ഒച്ചയില്‍ അടുത്തുവിളിച്ചു. അവന്റെ കാഴ്‌ചയുടെ ആഴം കൂടി. പെണ്ണിന്റെ മുലകള്‍പോലെ ഭൂമിയുടെ മുലകളാണോ മലകള്‍ എന്ന് മുനീറിന് തോന്നി. ആ നേരത്ത് അവള്‍ തിരിഞ്ഞുനിന്ന് അവനെ ചേര്‍ത്തുപിടിച്ചു ചുംബിച്ചു. കാറ്റ് അവരുടെ ആലിംഗനത്തില്‍ ചേര്‍ന്നു. കെട്ടുവിട്ട പട്ടം പോലെ അവര്‍ ദിശയില്ലാത്ത ഗഗനചാരികളായി. ചുംബനത്തിന്റെ നടുവിലെവിടെയോവച്ച് അവന്റെ സ്വപ്‌നം മുറിഞ്ഞു. അവന്റെ ഉറക്കം ഞെട്ടി.
ആ സ്വപ്‌നം ഏറെനാള്‍ മുനീറിനെ പിന്തുടര്‍ന്നിരുന്നു. ആരായിരിക്കും അവളെന്ന് അവന്‍ പലപ്പോഴും ആലോചിച്ചിരുന്നു. കുരുത്തക്കേടുകള്‍ കുറേ കൂട്ടിയിട്ടുണ്ടെങ്കിലും സ്‌ത്രീകളെ ഒരിക്കലും അവന്‍ തെറ്റായ രീതിയില്‍ സമീപിച്ചിരുന്നില്ല, അവന്റെ കൂട്ടുകാരെല്ലാവരും അങ്ങനെയായിരിക്കുമ്പോള്‍ തന്നെയും. ആ കാരണം കൊണ്ട് അവര്‍ക്ക് അവനോട് ചെറുതല്ലാത്ത ആദരവ് ഉണ്ടായിരുന്നു.
സ്വപ്‌നത്തിന്റെ ഓര്‍മ മുനീറിനോട് പറഞ്ഞു: അവള്‍ റസിയയാ..!
അത് അവനില്‍ ആനന്ദത്തിന്റെ ഇളങ്കാറ്റ് തീര്‍ത്തു.
സ്‌നേഹം വേദനയ്‌ക്കുള്ള മറുമരുന്നാണ്.
അവന് മനസ്സിലായി.
കാറ്റാടികളില്‍ കാറ്റ് പിടിച്ചതും അപ്പോഴായിരുന്നു. മഴ കുന്നിറങ്ങിവരുന്നതുപോലെ കാറ്റാടിത്തലപ്പുകളുടെ ഇളക്കം അവിടെയാകെ നിറഞ്ഞു.
ചിത്രീകരണം: കെ പി മുരളീധരൻ
തളര്‍ച്ചയില്‍നിന്ന് ഉയരാന്‍ കഴിയുമെന്ന് അവന് തോന്നി. രണ്ടും കല്‍പ്പിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ കെട്ടമണമുള്ള എന്തോ ചവച്ചുകൊണ്ട് മൂന്നുപേര്‍ അവന്റെ അടുത്തേക്ക് കുന്ന് കയറിവന്നു. അവനെ ചാളയില്‍നിന്ന് പിടിച്ചുകൊണ്ടുപോയവരല്ല അവര്‍, അവന് മനസ്സിലായി. അവന്റെ പേടി കൂടി.
-‘‘ഓ... ബോധം വന്നല്ലോ...’’
അവരിലൊരാള്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു. നില്‍ക്കാന്‍ ശ്രമിച്ച അവനെ അയാള്‍ പിടിച്ചുവലിച്ച് നിലത്തിട്ടു.
കാറ്റാടിയുടെ മണ്ണില്‍നിന്ന് പൊന്തിനില്‍ക്കുന്ന വേരില്‍ അവന്റെ നടുകുത്തി. അവന്‍ അറിയാതെ കരഞ്ഞുപോയി.
അയാള്‍ അവനടുത്ത് കുനിഞ്ഞിരുന്നു.
-‘‘എവിടെയാടാ സ്വർണം?’’
വായില്‍ നിറഞ്ഞിരിക്കുന്ന ലഹരി പുറത്തേക്ക് തുപ്പിക്കൊണ്ട് അയാള്‍ അവനോട് ചോദിച്ചു.
-‘‘എനിക്കൊന്നും അറീലാ...’’
വേദന കടിച്ചമര്‍ത്തിക്കൊണ്ട് പറഞ്ഞതിനാല്‍ അവന്റെ വാക്കുകള്‍ ആരുടെയോ ഒച്ചയായി പുറത്തുവന്നു. അതിന് മറുപടിയായി നിന്നിരുന്ന ഒരുവന്‍ അവന്റെ വയറ്റിന് ഊക്കില്‍ ചവുട്ടി. മുനീറിന്റെ വായില്‍നിന്ന് ചോര പുറത്തേക്ക് വന്നു. വയറില്‍ കൈവയ്‌ക്കാന്‍ പോലുമാവാതെ അവന്‍ ചുരുണ്ടു.
-‘‘അബ്ബാസും പാഷയും എവിടെയാടാ പന്നീരെ മോനേ...’’
ഇരുന്നയാളുടെ ഒച്ച ഇരട്ടിച്ചു. ചോരയില്‍ കുതിര്‍ന്ന അവന്റെ മുഖം അയാള്‍ കോട്ടിപ്പിടിച്ചു. അവന്‍ പിടഞ്ഞു.
-‘‘എനിക്കറീലാ...’’
ചോരയ്‌ക്കൊപ്പം അവന്‍ വാക്കുകള്‍ തുപ്പി.
നിനക്കറിയില്ലാല്ലേടാ എന്നും പറഞ്ഞ് അയാള്‍ അവനെ കഴുത്തില്‍ പിടിച്ചുയര്‍ത്തി മുഖത്തടിച്ചു. മറ്റുള്ളവരും അയാള്‍ക്കൊപ്പം ചേര്‍ന്നു. ഏതോ കളിയില്‍ പങ്കെടുക്കുന്നതുപോലെ ആസ്വദിച്ചു അവര്‍. തെറിപറഞ്ഞും അട്ടഹസിച്ചും അവര്‍ അവനെ പ്രഹരിച്ചുകൊണ്ടിരുന്നു. ഒരു വാക്കുപോലും ഉച്ചരിക്കാന്‍ കഴിയാതെ അവന്‍ ചുരുങ്ങി.
കുന്നിന്‍ചെരുവിലെ വലിയൊരു കാറ്റാടിമരം പൊരിഞ്ഞുവീണത് ആ നേരത്തായിരുന്നു. മരം വീഴുന്നത് ലോകം ഒടുങ്ങുന്നതിന്റെ ഒച്ച പോലെയാണെന്ന് മുനീറിനെ തല്ലിക്കൊണ്ടിരിക്കുന്നവര്‍ക്ക് തോന്നി. അവരൊന്ന് ഞെട്ടി. കാറ്റാടിമരം തല ഭൂമിയില്‍ തല്ലുന്നത് അവര്‍ നോക്കിനിന്നു.
മുനീറിന്റെ കണ്ണുകളടഞ്ഞു. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് താന്‍ വീണുപോകുന്നതെന്ന് അവന്‍ പേടിച്ചു.
ആ നീണ്ട ഉറക്കത്തില്‍ ഭയാനകമായ സ്വപ്‌നങ്ങള്‍ അവനെ പിടിച്ചുകുലുക്കി. പ്രളയവും കൊടുങ്കാറ്റും തീജ്വാലകളും ചെകുത്താന്മാരും മരിച്ച മനുഷ്യരും ഒടുങ്ങിയ ജീവികളും അവനെ ഭീതിയുടെ ഇരുട്ടറയിലിട്ടു.
ഏഴാംദിവസം കണ്ണ് തുറക്കും മുമ്പ് കണ്ട സ്വപ്‌നത്തില്‍ അവന് ഏഴുവയസ്സായിരുന്നു. ഒരു തവളയുടെ കൈകാലുകള്‍ കുട്ടിയായ അവന്‍ പതിയെ മുറിച്ചെടുത്തു. മൃതപ്രായയായ അതിനെ അവന്‍ വെള്ളം കെട്ടിനില്‍ക്കുന്ന തടാകത്തിലേക്കിട്ടു. ചലിക്കാന്‍ ബലമില്ലാതെ അത് വെള്ളത്തിലേക്ക് താഴ്‌ന്നുപോവുന്നത് നോക്കവെ രസം പിടിച്ച് അവന്‍ പൊട്ടിച്ചിരിച്ചു.
കണ്ണ് തുറക്കുമ്പോള്‍ അവന്‍ ജില്ലാ ആശുപത്രിയിലായിരുന്നു.
സ്വപ്‌നം തന്ന ശൂന്യതയില്‍ അവന്‍ ചുറ്റിലും നോക്കി. ആദ്യമൊന്നും ആരും അവന്റെ കാഴ്‌ചയില്‍ തെളിഞ്ഞില്ല. ഡോക്ടറും നഴ്‌സുമാരും മുന്നില്‍ നില്‍ക്കുന്നത് പതിയെ കാഴ്‌ചയില്‍ തെളിഞ്ഞുവന്നു. സ്വപ്‌നമാണെന്നാണ് അവന്‍ കരുതിയത്.
ചിത്രീകരണം: കെ പി മുരളീധരൻ
-‘‘ഒന്നുമില്ല മുനീര്‍...’’
ഒമര്‍ കൈപിടിച്ചപ്പോള്‍ അവന് മനസ്സിലായി, ജീവന്‍ തിരിച്ചുകിട്ടിയിരിക്കുന്നു. അവന്‍ ഒമറിനെ നോക്കിക്കൊണ്ട് കരഞ്ഞു. തലയില്‍ തലോടിക്കൊണ്ട് ഒമര്‍ അവനെ ആശ്വസിപ്പിച്ചു.
കാറ്റാടിമരത്തിന്റെ വീഴ്‌ച കണ്ട് കുന്നുകയറിയ നാട്ടുകാര്‍ ബോധമില്ലാതെ കിടക്കുന്ന മുനീറിനെ കണ്ടു. ചോരയില്‍ കുളിച്ചുകിടക്കുന്ന അവനെ എടുക്കാന്‍ ഭീതിയാല്‍ ആളുകള്‍ക്ക് മനസ്സൊരുക്കം കിട്ടിയില്ല. അവന്‍ മരിച്ചുപോയാല്‍ പശ്ചാത്താപം കാരണം ഒരിക്കലും മനസ്സൊരുക്കം കിട്ടില്ലെന്ന് തോന്നിയ നാലുപേര്‍ അവനെ കമുകിന്‍പട്ടകള്‍ ചേര്‍ത്തുകെട്ടിയ മഞ്ചലില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. മുനീറിനെ ദിവസങ്ങളായി കാണാത്തതിനാല്‍ അന്വേഷണം തുടങ്ങിയ ഒമര്‍ ആശുപത്രിയിലും എത്തിയിരുന്നു. അവരാണ് അജ്ഞാതനായ ഒരാള്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടക്കുന്ന കാര്യം ഒമറിനെ അറിയിച്ചത്.
കാറ്റില്‍നിന്നാണ് ശ്വാസം കിട്ടിയതെന്ന് ഒമറില്‍നിന്ന് മുനീറിന് മനസ്സിലായി. ഒമറില്‍നിന്ന് കാര്യം കേള്‍ക്കുമ്പോള്‍ സത്യമെന്നതുപോലെ തുറന്നിട്ട ജാലകങ്ങള്‍ക്കിടയിലൂടെ കാറ്റ് അവന്‍ കിടന്നിരുന്ന കാഷ്വാലിറ്റി വാര്‍ഡില്‍ ചുറ്റിക്കറങ്ങി.
ഇടദിവസങ്ങളില്‍ മുനീറിനെ കാണാന്‍ പലഹാരങ്ങളുമായി ഒരാള്‍ വന്നു. അത് അവന്റെ വയ്യായ്കയെ വേഗത്തില്‍ കുറച്ചുകൊണ്ടുവന്നു. അത് റസിയയായിരുന്നു. കടലില്‍നിന്ന് മുനീര്‍ മുങ്ങിയെടുത്തപ്പോള്‍ അവളില്‍നിന്ന് കൊഴിഞ്ഞുപോയത് ഉപ്പയുടെ മരണമുണ്ടാക്കിയ വിഷാദമായിരുന്നു. ജീവിതം ജീവിച്ചുകാണിക്കാന്‍ അവള്‍ ആഗ്രഹിച്ചതും അതോടെ. അതിന്റെ കാരണക്കാരനെ അവള്‍ എങ്ങനെ മറക്കാനാണ്!
അവളെ കാണുമ്പോഴൊക്കെ മുനീറിനും ജീവിക്കാനുള്ള കൊതി കൂടിവന്നു. ഡോക്ടര്‍മാര്‍ മൂന്നാഴ്‌ചകൂടി കിടക്കണമെന്നാണ് വിധിയെഴുതിയത്. എന്നാല്‍ ഒന്നരയാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ അവന്‍ ആശുപത്രി വിട്ടു. അതിന്റെ കാരണം പ്രേമമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
അതിനുശേഷം മാലിന്റെ കടത്തിനായി ആരും മുനീറിനെ തേടി ഉജ്ജിറയിലെത്തിയില്ല. അബ്ബാസിനെക്കുറിച്ചും പാഷയെക്കുറിച്ചും ഒരു വിവരവും അവന് കിട്ടിയില്ല. മാലും കൊണ്ട് ഇരുവരും കടന്നുകളഞ്ഞിട്ടുണ്ടാവുമെന്ന് അവന്‍ ഊഹിച്ചു. താനും അവരുടെ കൂട്ടത്തിലുണ്ടായിട്ടുണ്ടാവുമെന്ന വിചാരത്തിലാവും കൊല്ലാനാക്കിയതെന്ന് അവന് മനസ്സിലായി. അബ്ബാസ് അബ്ബാസിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. എത്രനാള്‍ കടത്തുസംഘത്തിന്റെ കണ്ണുവെട്ടിച്ച് അവന് കഴിയാനാവും..! അവരെന്തായാലും അവനെ പിടിക്കും, അവരുടെ ശിക്ഷ നടപ്പിലാക്കും.
അതോര്‍ത്ത് മുനീര്‍ ദീര്‍ഘമായി നിശ്വസിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
ചാളയിലെത്തി രണ്ട് മാസത്തിനുള്ളില്‍ മുനീര്‍ റസിയയെ ജീവിതത്തിലേക്ക് വിളിച്ചു. അവന്റെ ജീവിതം കൂടുതല്‍ സാന്ദ്രവും തെളിച്ചമാര്‍ന്നതും സ്‌നേഹപൂർണവുമായി. ഉപ്പയുടെ വിധി വേറൊരു തരത്തില്‍ മുനീറിനെ തേടിയെത്തേണ്ടതായിരുന്നു എന്ന് റസിയയ്‌ക്ക് മനസ്സിലായി. കടത്തിന്റെ വഴിക്ക് വീണ്ടും മുനീര്‍ ഇറങ്ങാതിരിക്കാന്‍ റസിയ അതോടെ കൂടുതല്‍ കരുതല്‍ കാണിച്ചു. ജീവിതത്തില്‍ അവനേക്കാള്‍ കൂടുതല്‍ കാര്യഗൗരവം അവള്‍ കാണിച്ചു. എന്നാല്‍ വിധി വേറൊരു രൂപത്തില്‍ മുനീറിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലമായിരുന്നു അത്. ആളുകൾ കൂട്ടംകൂടി നില്‍ക്കാനോ പ്രതികരിക്കാനോ അനുവാദമില്ലാത്ത കാലം. മുടി നീട്ടിവളര്‍ത്താന്‍ ആണുങ്ങളെ അനുവദിക്കാത്ത എസ്ഐയുടെ സ്റ്റേഷന്‍പരിധിയിലായിരുന്നൂ ഉജ്ജിറയും. നീണ്ട മുടിയുണ്ടായിരുന്നു മുനീറിന്. മുടി അവന്റെ സൗന്ദര്യമായിരുന്നു. മുടി മുറിക്കാന്‍ അവനൊരിക്കലും തോന്നിയില്ല. എന്നാല്‍ പോലീസുകാര്‍ അത് ചെയ്‌തു. മുനീറിനെ പോലീസുകാര്‍ ബാര്‍ബാര്‍ ഷോപ്പില്‍ കൊണ്ടുപോയി നിര്‍ബന്ധിതമായി മുടി മുറിപ്പിച്ചു. എതിര്‍ക്കാന്‍ അവന് തോന്നിയതാണ്, ഭൂതകാലം അവനെ പിന്തിരിപ്പിച്ചു. മൊട്ടത്തലയോടെ മനംമടുത്ത് അവന്‍ റസിയയ്‌ക്ക് മുന്നില്‍ വന്നുനിന്നു. വിഷാദത്താല്‍ അവന്റെ മുഖം വീര്‍ത്തിരുന്നു. നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അവളും അറിഞ്ഞിരുന്നു. അതിന്റെ ഫലമാണ് അവന്റെ തലയില്‍ സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ ഒന്നും ചോദിക്കാതെ അവനെ ചേര്‍ത്തുപിടിച്ചു. അകത്തേ മുറിയില്‍ അവനെ തന്നോട് ചേര്‍ത്തുകിടത്തി. അവന്റെ ആത്മനിന്ദയെ ഉമ്മകള്‍കൊണ്ട് അവള്‍ കഴുകിക്കളഞ്ഞു. കടലിന്റെ തിരയിളക്കങ്ങളില്‍ അവരുടെ സ്‌നേഹാര്‍ദ്രമായ ഒച്ചകള്‍ കൂടിക്കലര്‍ന്നു.
വിയര്‍പ്പില്‍ കുളിച്ച റസിയയുടെ ഉടലിന്റെ നഗ്നതയിലേക്ക് കാറ്റ് കുളിരിന്റെ പുതപ്പിട്ടു.
ചിത്രീകരണം: കെ പി മുരളീധരൻ
നിലത്ത് കെട്ടിപ്പിടിച്ച് കിടക്കവെ കാറ്റിനെ മുനീര്‍ അറിഞ്ഞു.
കാറ്റിനോട് അവന്‍ മന്ദഹസിച്ചു.
മുടിവെട്ടലില്‍ നിന്നില്ല മുനീറിനോടുള്ള പോലീസ് വേട്ട.
മുടി വെട്ടിയതിന്റെ മൂന്നാം ദിവസം വീണ്ടും പോലീസ് മുനീറിനെ തേടിവന്നു. അവന്റെയും റസിയയുടെയും ചോദ്യങ്ങള്‍ക്കും അപേക്ഷകള്‍ക്കും വിലാപങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയില്ല.
കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ മുനീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കുറ്റമെന്താണെന്ന് അവന് മനസ്സിലായില്ല.
മജിസ്‌ട്രേറ്റ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് അവനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
അപ്പോഴും കുറ്റമെന്താണെന്ന് അവന് മനസ്സിലായില്ല.
സെന്‍ട്രല്‍ ജയിലിലെ ഇരുപത്തിനാലാം നമ്പര്‍ മുറിയില്‍ ട്രൗസറും ബനിയനും ധരിപ്പിച്ച് അവനെ കൊണ്ടുപോയിട്ടു.
മുറിയിലുള്ള സഹതടവുകാരെ കണ്ടപ്പോള്‍ അവന് കുറ്റം മനസ്സിലായി.
അവരില്‍ അഹമ്മദ് ഉണ്ടായിരുന്നു. അവരില്‍ പൂജാരിയുണ്ടായിരുന്നു.
അത് തിരിച്ചറിഞ്ഞ സന്ധ്യയില്‍ കാറ്റ് അഴികള്‍ക്കിടയിലൂടെ അവനെ വന്നു തൊട്ടു.
അതില്‍ ചോദ്യമുണ്ടായിരുന്നു. ഉത്തരവുമുണ്ടായിരുന്നു .(തുടരും)










0 comments