ad
Deshabhimani

കവർസ്റ്റോറി

സോർബയെ പോലെ ചിരിച്ച (ചിന്തിപ്പിച്ച) ഒരാൾ

ഇന്ദ്രൻസ്‌
avatar
ഇന്ദ്രൻസ്‌

Published on Jun 29, 2026, 11:00 AM | 6 min read



രു വലിയ കാർണിവൽ പിരിച്ചുവിട്ട്‌ നടൻ സലിംകുമാർ പോയി. ബഹളമൊഴിഞ്ഞ ഉത്സവപ്പറമ്പ്‌ പോലെ ഞങ്ങൾ കൂട്ടുകാരുടെ മനസ്സ്‌ ശൂന്യമാണ്‌. അവനെത്തുംമുന്നേ എത്തിയിരുന്ന ആ പൊട്ടിച്ചിരി ഇനിയില്ല എന്നത്‌ അത്രവേഗം ഉൾക്കൊള്ളാൻ പറ്റുന്നതല്ല. നാട്ടിലെ ഉത്സവപ്പറമ്പിലും കാനഡയിലെ ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിലും അവൻ തന്റെ ശബ്ദം കേൾപ്പിച്ചിട്ടുണ്ട്‌. വെളുക്കെ ചിരിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും കറുത്തവന്റെ ജീവിതം പറഞ്ഞിട്ടുണ്ട്‌. വിശപ്പിന്റെ വിലയറിഞ്ഞിട്ടുണ്ട്‌. അരങ്ങിലും അണിയറയിലും ഏറെ വിയർത്തവനാണ്‌. സിനിമയിൽ തിളങ്ങുമ്പോഴും ചുറ്റുമുള്ളവരുടെ നോവും നിലവിളിയും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്‌. കലാകാരനെന്ന്‌ പറഞ്ഞ്‌ മാറി നടന്നില്ല, നിലം തൊട്ടും നിലപാട്‌ പറഞ്ഞും ജീവിതം ജീവിച്ചു തീർത്തതാണ്‌.

സലിംകുമാർസലിംകുമാർ ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

സലിംകുമാറിനെ ഓർക്കുമ്പോൾ നിക്കോസ്‌ കസാൻദ്‌സാക്കിസിന്റെ ‘സോർബ ദി ഗ്രീക്ക്’ എന്ന നോവലിലെ സോർബയെന്ന കഥാപാത്രത്തെയാണ്‌ ഓർമ വരിക. ഇ‍ൗയടുത്ത്‌ വായിച്ചതുകൊണ്ടാകാം ഇ‍ൗ നോവലും ഇതിലെ കഥാപാത്രങ്ങളും ഒപ്പം തന്നെയുണ്ട്‌. സോർബ എന്ന വയോധികൻ ബുദ്ധിജീവിയായ നായകനെ പരിചയപ്പെടുന്നതും അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ്‌ നോവൽ പറയുന്നത്‌. ഖനി നടത്താൻ പോകുന്ന നായകന്റെ ജോലിക്കാരനായും പിന്നീട്‌ കൂട്ടുകാരനായും മാറുന്ന സോർബ അയാളുടെ ജീവിതത്തിലും കാഴ്‌ചപ്പാടിലും വരുത്തുന്ന മാറ്റം വായനക്കാരനെ കൂടി അനുഭവിപ്പിക്കുന്നുണ്ട്‌. രണ്ടുപേർ ജീവിതത്തെ കാണുന്ന കാഴ്‌ചകളാണ്‌ നോവലിന്റെ പൊരുൾ. ഒരുപാട്‌ സംസാരിക്കുന്ന സോർബയുടെ വാക്കുകൾ വായനയ്‌ക്കുശേഷവും നമ്മെ വന്നു പൊതിഞ്ഞുകൊണ്ടിരിക്കും. സലിംകുമാർ എന്ന നടൻ നമ്മെ വിട്ടുപോയെങ്കിലും അയാളുടെ ചിരിയും വാക്കുകളും എക്കാലവും നമ്മുടെ ചെവിക്കുചുറ്റും വട്ടംവയ്‌ക്കും. സോർബയെപോലെ ജീവിതം അനുഭവിച്ചറിയാനുള്ള ഒന്നാണ്‌ എന്നാണ്‌ സലിംകുമാറും ഓർമിപ്പിക്കുന്നത്‌. വായന കഴിഞ്ഞും ആസ്വാദകനൊപ്പം വിടാതെ കൂടുന്ന സോർബയുടെ വാക്കുകൾ പോലെ സലിംകുമാറിന്റെ ചിരി അയാൾ പോയ വഴിയിൽ തങ്ങിനിൽക്കും. നാളെ ഒരു കുട്ടി തന്റെ സിനിമയിലെ രംഗം കണ്ട്‌ ചിരിക്കുമ്പോൾ അദ്ദേഹം വീണ്ടും ജനിക്കും. ഒരു കുടുംബം സലിമിന്റെ ഏതെങ്കിലും സംഭാഷണം ഓർത്ത്‌ സന്തോഷിക്കുമ്പോൾ അദ്ദേഹം വീണ്ടും ജനിക്കും. ഒരു സങ്കടനേരത്ത്‌ ആരെങ്കിലും തന്റെ കഥാപാത്രത്തെ ഓർത്ത്‌ പുഞ്ചിരിച്ചാൽ അദ്ദേഹം അവിടെ തിരിച്ചെത്തും. പെരുമ്പാവൂരിലെ ഒരു ഹോട്ടലിലേക്ക്‌ അലസനായി നടന്നുവരുന്ന സലിംകുമാറാണ്‌ ആദ്യം മനസ്സിലെത്തുന്നത്‌. വർഷങ്ങൾക്ക്‌ മുമ്പ്‌. ‘ഗ്രാമപഞ്ചായത്ത്‌ ’ എന്ന സിനിമയുടെ ഷൂട്ടിങ്‌ സമയത്താണെന്നാണ്‌ ഓർമ. അന്ന്‌ സലിം മിമിക്രിയിൽ അത്യാവശ്യം തിളങ്ങി നിൽക്കുന്ന കാലമാണ്‌. മിമിക്രി കാസറ്റുകളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. ലൊക്കേഷനിൽ മറ്റുള്ളവർ പുലർത്തിയിരുന്ന അച്ചടക്കമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മിമിക്രി കലാകാരന്മാർ ഉൾപ്പെടെ വലിയ സ‍ൗഹൃദവലയം അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങൾ അന്ന്‌ പരിചയപ്പെട്ടെങ്കിലും വലിയ കൂട്ടൊന്നും ആയിരുന്നില്ല. ഷൂട്ടിങ്‌ കഴിഞ്ഞ്‌ മിമിക്രിയിലെ പുതിയ പരിപാടികൾ ആസൂത്രണം ചെയ്യലും റിഹേഴ്‌സൽ ചെയ്യലുമൊക്കെയായിരുന്നു സലിമിന്റെ പ്രധാന പരിപാടി. അക്കാലത്ത്‌ ‘ഭാഷാപോഷിണി’യിൽ, ഞാൻ അഭിനയിച്ച ഏതോ സിനിമയെക്കുറിച്ച്‌ വന്ന ലേഖനം വായിച്ചിട്ട്‌ സലിം നല്ല അഭിപ്രായമൊക്കെ പറഞ്ഞു. പൊതുവേ സിനിമാ ലൊക്കേഷനുകളിൽ പലതരം വാരികകളും മറ്റും കാണാറുണ്ടെങ്കിലും ‘ഭാഷാപോഷിണി’യൊന്നും ഉണ്ടാകാറില്ല. അന്ന്‌ സലിം സാഹിത്യത്തെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചുമെല്ലാം ഏറെ സംസാരിച്ചു. ഇയാൾ കൊള്ളാമല്ലോ എന്ന്‌ തോന്നി. എനിക്ക്‌ ഇത്തരം സംസാരത്തിന്‌ പറ്റിയ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷമുണ്ടായി. അന്ന്‌ സലിം ഒരുപാട്‌ കഥകൾ പറഞ്ഞ്‌ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്‌തു. തമാശകൾ എല്ലാം അയാൾ സ്വയം പറഞ്ഞ്‌ ആസ്വദിച്ച്‌ അതിൽ പരമാവധി സന്തോഷിച്ച്‌ ബാക്കിയുള്ളതേ കേൾക്കുന്ന ആൾക്ക്‌ കിട്ടൂ എന്ന തരത്തിലായിരുന്നു അവതരണം. എക്കാലവും അത്‌ അങ്ങനെത്തന്നെയായി തോന്നിയിട്ടുണ്ട്‌. സ്വയം പറയുന്ന തമാശകൾക്കൊക്കെ കേൾക്കുന്നവർ ചിരിക്കാൻ തുടങ്ങുംമുമ്പ്‌ സലിം ചിരിച്ചുതുടങ്ങും. ആ ചിരി അവസാനം നിർത്തുന്നതും സലിം തന്നെയായിരിക്കും. അതയാളുടെ ജീവിതകാഴ്‌ചപ്പാട്‌ പോലെയാണെന്ന്‌ തോന്നിയിട്ടുണ്ട്‌. സോർബയെപ്പോലെ ചിരിക്കാൻ തോന്നുമ്പോൾ ചിരിച്ചും കരയാൻ തോന്നുമ്പോൾ കരഞ്ഞുമാണ്‌ സലിം ജീവിതം ജീവിച്ചത്‌. മറ്റുള്ളവർ എന്ത്‌ വിചാരിക്കും, എന്ത്‌ വിചാരിക്കില്ല എന്നത്‌ സലിമിനെ ഒരിക്കലും അലട്ടിയിരുന്നില്ല. വ്യക്തമായ രാഷ്‌ട്രീയ നിലപാട്‌ സൂക്ഷിക്കുമ്പോഴും മറ്റുള്ളവരോട്‌ അതിന്റെ പേരിൽ തട്ടിക്കയറാനോ കുഴപ്പമുണ്ടാക്കാനോ നിന്നില്ല. കോളേജ്‌ കാലത്ത്‌ അടികിട്ടിയ കാര്യമൊക്കെ പറയുമ്പോൾ അതിന്റെ നോവിനെക്കുറിച്ചല്ല, അന്നുണ്ടായ പല കഥകളും സംഭവങ്ങളുമൊക്കെയാണ്‌ പറയുക. സലിമിന്റെ സ‍ൗഹൃദത്തിൽ എല്ലാ രാഷ്‌ട്രീയ പാർടിക്കാരും നേതാക്കൻമാരുമുണ്ട്‌. രാഷ്‌ട്രീയമായി എതിർപക്ഷത്തുനിൽക്കുന്നവരിൽ തന്നെ ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിക്കുന്നവരുമുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുവേണ്ടി സജീവമായപ്പോൾ ഞങ്ങളെല്ലാം കരുതിയത്‌ സലിമിന്റെ ജീവിതം പുതിയ തുടക്കത്തിലാണെന്നാണ്‌. സാംസ്‌കാരികരംഗത്തോ മറ്റേതെങ്കിലും സ്ഥാനത്തോ എത്തി സജീവമായ സാംസ്‌കാരിക ജീവിതം നയിക്കുമെന്നൊക്കെയായിരുന്നു. സലിംകുമാർ അടിമുടി കലാകാരനായിരുന്നു. അതിന്റെ കുറവും കൂടുതലുമെല്ലാം അവനിലുണ്ട്‌. ഒപ്പം നിന്നവരെ എന്നും ചേർത്തുനിർത്താൻ ശ്രമിച്ചിരുന്നു. സിനിമയിൽ നിന്ന്‌ കിട്ടിയ കാശുകൊണ്ട്‌ നാടക ട്രൂപ്പ്‌ തുടങ്ങി. അതും നല്ല തിരക്കുള്ള സമയത്ത്‌. കലയിൽനിന്ന്‌ കിട്ടിയ പൈസയെല്ലാം കലയിൽ തന്നെ ചെലവഴിച്ചു.

സലിംകുമാർ മഹാരാജാസ്‌ കോളേജിൽ        ഫോട്ടോ: പി വി സുജിത്‌സലിംകുമാർ മഹാരാജാസ്‌ കോളേജിൽ ഫോട്ടോ: പി വി സുജിത്‌

അനുഭവങ്ങൾ പാകപ്പെടുത്തിയ കലാകാരനാണ്‌ സലിം. അഭിനയത്തിൽ അയാൾ ആഘോഷിച്ചു. ഏതുതരം അഭിനയവും വഴങ്ങുമെന്ന്‌ കാണിച്ചുതന്നു. ആദ്യകാലത്തെല്ലാം ഇളകി അഭിനയിച്ച്‌ പ്രേക്ഷകരെ ചിരിപ്പിച്ചു. ഇടയ്‌ക്ക്‌ കാർട്ടൂൺ കഥാപാത്രങ്ങൾ പോലെ കുട്ടികൾക്കൊക്കെ പ്രിയങ്കരനായി. അഭിനയത്തിൽ മിമിക്രി ചാലിച്ച്‌ വേറിട്ട ഒരു ‘സലിംകുമാർശൈലി’ തന്നെ സൃഷ്‌ടിച്ചു. ‘ആദാമിന്റെ മകൻ അബു’, ‘അച്ഛനുറങ്ങാത്ത വീട്‌’... പോലുള്ള സിനിമകളിൽ കൈയൊതുക്കത്തോടെ, മിതത്വം പുലർത്തി അഭിനയിച്ചു. ആ സിനിമകളിലൊക്കെ അയാൾ കരഞ്ഞപ്പോൾ നമ്മളെല്ലാവരും ഒപ്പം കരഞ്ഞു. അയാളുടെ നിസ്സഹായതകളിൽ നമ്മളും നിസ്സഹായരായി. അഭിനയത്തിന്റെ രണ്ടറ്റവും നന്നായി പയറ്റാൻ സലിമിന്‌ കഴിഞ്ഞു. തമാശയിലെല്ലാം അങ്ങേയറ്റം അതിന്റെ രസതന്ത്രത്തിൽ തൊട്ട്‌ നടിച്ചു. ‘സിഐഡി മൂസ’, ‘ചതിക്കാത്ത ചന്തു’, ‘പച്ചക്കുതിര’, ‘കല്യാണരാമൻ’, ‘ഇരുവട്ടം മണവാട്ടി’, ‘ഈ പറക്കുംതളിക’, ‘ഉദയനാണ്‌ താരം’, ‘മാലിക്‌’ തുടങ്ങിയ സിനിമകളിലെല്ലാം ഞങ്ങൾ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌. സെറ്റിലെല്ലാം കഥപറഞ്ഞും ചിരിച്ചും ചിരിപ്പിച്ചുമുള്ള അന്തരീക്ഷമുണ്ടാക്കാൻ സലിമിന്‌ പെട്ടെന്ന്‌ കഴിഞ്ഞിരുന്നു. ഒരിക്കൽ മലയാളത്തിലെ ഒരു വലിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ എന്നെ വിളിച്ചു. ആ സംവിധായകന്റെ പടത്തിൽ അഭിനയിക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്‌. അഭിനയിക്കാൻ ചെന്നപ്പോൾ എനിക്കുള്ള വസ്‌ത്രങ്ങൾ കിട്ടാൻ വൈകി. അന്വേഷിച്ചപ്പോൾ എല്ലാവർക്കും ഒരു പരുങ്ങൽ. അപ്പോഴാണറിഞ്ഞത്‌ സലിംകുമാർ ആ സിനിമയിൽ ഒരുദിവസമോ മറ്റോ അഭിനയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അളവിലുള്ള ഡ്രസ്സുകളാണ്‌ തയ്‌ച്ചിരുന്നത്‌ എന്നുമൊക്കെ. പിന്നീടെന്തോ കാരണത്താൽ അദ്ദേഹത്തെ മാറ്റുകയായിരുന്നു. സലിമിനുവേണ്ടി തയ്‌ച്ച വസ്‌ത്രങ്ങൾ എനിക്കായി പാകപ്പെടുത്തുന്നതിന്റെ ധൃതിയിലായിരുന്നു കോസ്‌റ്റ്യൂം ഡിസൈനർ. അതറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. അയാൾ ചെയ്‌തുനിർത്തിയ വേഷം അറിയാതെയാണെങ്കിലും ഞാനണിയേണ്ടി വന്നല്ലോ. സലിമിനും അത്‌ വലിയ വിഷമമുണ്ടാക്കിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽനിന്നും ഇങ്ങനെയല്ല ഒരു നടനെ പറഞ്ഞ്‌ വിടേണ്ടതെന്ന അഭിപ്രായം സലിം പിന്നീട്‌ എന്നോടും പറഞ്ഞിരുന്നു. പിന്നീട്‌ ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിൽ എനിക്ക്‌ എത്താൻ കഴിയാതെ വന്നപ്പോൾ ആ വേഷം ചെയ്‌തത്‌ സലിമായിരുന്നു. സലിംകുമാറിന്റെ നടൻ എന്ന നിലയിലുള്ള തിരക്കുള്ള യാത്ര തുടങ്ങിയത്‌ ആ സിനിമയിലൂടെയാണ്‌. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്നതുപോലെയാണ്‌ ആ സംഭവം. ‘തെങ്കാശിപ്പട്ടണ’ത്തിൽ സലിം ആടിത്തിമിർക്കുകയായിരുന്നു. എനിക്കും അത്‌ വലിയ സന്തോഷം നൽകി.

‘ആദാമിന്റെ മകൻ അബു’വിൽ കലാഭവൻ മണിക്കൊപ്പം‘ആദാമിന്റെ മകൻ അബു’വിൽ കലാഭവൻ മണിക്കൊപ്പം

വ്യക്തിപരമായ സ‍ൗഹൃദം എന്നും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു സലിം. എന്റെ മോളുടെ കല്യാണത്തിന്‌ വിളിച്ചപ്പോൾ സലിമിന്‌ വരാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടുമക്കളും വന്നിരുന്നു. സലിം അവരോട്‌ നിർബന്ധമായും പങ്കെടുക്കണമെന്ന്‌ പറഞ്ഞ്‌ അയക്കുകയായിരുന്നു. തിരക്കിനിടയിൽ അവരെ വേണ്ടപോലെ ശ്രദ്ധിക്കാനും എനിക്ക്‌ കഴിഞ്ഞിരുന്നില്ല. എന്റെ മകൾ തിരുവനന്തപുരത്ത്‌ ഡെന്റൽ കോളേജിൽ പഠിക്കുമ്പോൾ അവരുടെ ഒരു പരിപാടിയിലേക്ക്‌ വരാൻ പറ്റുമോ എന്ന്‌ ഞാൻ ചോദിച്ചിരുന്നു. ഒരു മടിയും കൂടാതെയാണ്‌ അന്ന്‌ വന്നത്‌. വീട്ടിൽ വന്ന്‌ കുറേ നേരമിരുന്ന്‌ സംസാരിച്ച്‌, ഭക്ഷണം കഴിച്ച ശേഷമാണ്‌ മടങ്ങിയത്‌. അന്ന്‌ കോളേജിൽ നടത്തിയ പ്രസംഗവും രസമായിരുന്നു. ഞങ്ങൾ നിങ്ങളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും നിങ്ങളാണ്‌ ആ ചിരികളെയെല്ലാം ഭംഗിയുള്ളതാക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ കുട്ടികൾ വലിയ കൈയടിയോടെയാണത്‌ സ്വീകരിച്ചത്‌. എന്റെ ആത്മകഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വന്നപ്പോൾ വിളിച്ച്‌ അഭിപ്രായങ്ങൾ പറയുമായിരുന്നു.

സലിംകുമാറും ഭാര്യ സുനിതയുംസലിംകുമാറും ഭാര്യ സുനിതയും

കോളേജ്‌ കാലംമുതൽ സലിംകുമാറിനുണ്ടായിരുന്ന സ‍ൗഹൃദങ്ങൾ അമ്പരപ്പിക്കുന്നതാണ്‌. സി ആർ ഓമനക്കുട്ടൻ സാറിനെയും കെ ജി എസിനെയും പോലുള്ള പ്രതിഭകളുമായി എന്നും നല്ല ബന്ധമായിരുന്നു. പുസ്‌തകങ്ങൾ എന്നും ചങ്ങാതിമാരായിരുന്നു. ഏതിലും തമാശ കാണാനും ജീവിതത്തെ മാറിനിന്ന്‌ സൂക്ഷ്‌മമായി കാണാനുമുള്ള ‘വലിയ’ കണ്ണുകൾ അവനുണ്ടായിരുന്നു. ഒരുപാട്‌ കഷ്ടപ്പെട്ട്‌ വന്നതുകൊണ്ടാകാം സഹജീവികളെ തിരിച്ചറിയാൻ പറ്റിയിരുന്നു. ‘താരം’ എന്ന ഭാരം താങ്ങി നടന്നിരുന്നില്ല. തയ്യൽക്കടയിലും ബാർബർഷോപ്പിലും മാർക്കറ്റിലുമൊക്കെ അടുത്ത കൂട്ടുകാരുണ്ടായിരുന്നു. ജീവിതം അവനെ പഠിപ്പിച്ച ഫിലോസഫി പറഞ്ഞ്‌ ഉച്ചത്തിൽ ചിരിച്ചു. അതൊന്നും വലിയ തത്വചിന്തകളായി അവൻ കരുതിയില്ല, പറഞ്ഞ വാക്കുകളിൽ ആ ചിരിയേക്കാൾ വലിയ അർഥം മുഴങ്ങി. ചിരിച്ചും ചിരിപ്പിച്ചും സ്വന്തമായി ഒരു ‘ചിരിവീടു’ണ്ടാക്കി. ‘ലാഫിങ്‌ വില്ല’ എന്ന പേര്‌ വീടിന്‌ ഇടാൻ സലിമിന്‌ ധൈര്യം കൊടുത്തത്‌ താൻ ചിരിക്കുന്നതുപോലെ മറ്റുള്ളവരെക്കൊണ്ട്‌ ചിരിപ്പിക്കാനും കഴിയും എന്ന വിശ്വാസമാണ്‌. പ്രളയകാലത്ത്‌ ആ വീട്‌ ഒരുപാട്‌ മനുഷ്യർക്ക്‌ ആശ്രയമായിരുന്നു. ചുറ്റുവട്ടത്തുള്ളവർക്കെല്ലാം അഭയം നൽകി. സലിംകുമാർ എന്ന മനുഷ്യസ്‌നേഹിയെയാണ്‌ അന്ന്‌ നമ്മൾ കണ്ടത്‌. ‘എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാർ’, ‘ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ’, ‘ആരും പേടിക്കേണ്ട... ഓടിക്കോ’, ‘ഈ മനുഷ്യരൊക്കെ ജനിക്കുന്നതിന്‌ മുമ്പ്‌ ആടിനെ തീറ്റിച്ചതാരാ’... പോലുള്ള സലിംകുമാർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഡയലോഗുകൾ നാട്ടിൻപുറങ്ങളിൽ ഇന്നും ചൊല്ലുകൾ പോലെ ആവർത്തിക്കാറുണ്ട്‌. സിനിമാഡയലോഗായി കേട്ട്‌ മറക്കാവുന്നവയാണെങ്കിലും നാട്ടിൻപുറജീവിതത്തിലെ പല സന്ദർഭങ്ങൾക്കും പ്രയോഗിക്കാവുന്ന ഏറ്റവും ഉചിതമായ പ്രയോഗങ്ങളായി അവ മാറാറുണ്ട്‌. പറഞ്ഞ്‌ പറഞ്ഞ്‌ അവയെല്ലാം തന്നെ സിനിമയിലെ ഡയലോഗ്‌ എന്ന നിലവിട്ട്‌ വളരുന്നതും പടരുന്നതും കാണാം. മണവാളൻ, പ്യാരി, തബല ഭാസ്‌കരൻ, ലീലാകൃഷ്‌ണൻ, അഡ്വ. മുകുന്ദനുണ്ണി, ഓമനക്കുട്ടൻ, ഉസ്മാൻ, ഡാൻസ് മാസ്റ്റർ വിക്രം തുടങ്ങിയ സലിംകുമാറിന്റെ കഥാപാത്രങ്ങളെല്ലാം തിയറ്ററിൽ വലിയ ഓളം സൃഷ്ടിച്ചവയാണ്‌. ല‍ൗഡ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ വിജയിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, നടന്റെ കൈയിൽനിന്ന്‌ വഴുതിപ്പോയേക്കാം. എന്നാൽ സലിംകുമാറിന്റെ അത്തരം കഥാപാത്രങ്ങളെയെല്ലാം മലയാളികൾ സ്വീകരിച്ചിട്ടുണ്ട്‌.

സലിംകുമാർ          ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

ചിലർ വിട്ടുപോകുമ്പോൾ അവർ മാത്രമല്ല, നമുക്ക്‌ നഷടമാകുന്നത്‌. ചില ഇടങ്ങൾ, അനുഭവങ്ങൾ, ചിരി, മണം, നിറം ഇങ്ങനെ പലതുമാണ്‌. സലിമിന്റെ വലിയ കണ്ണുകളിൽ എന്നും ക‍ൗതുകമുണ്ടായിരുന്നു. അതിൽ ഒന്നും ഒളിപ്പിച്ചുവച്ചില്ല, ചോദിക്കാനുള്ളത്‌ ചോദിച്ചും അറിയാനുള്ളത്‌ ചോദിച്ചറിഞ്ഞും അവൻ നടന്നു. ഒരുപാട്‌ നോവറിഞ്ഞതുകൊണ്ടാകാം ചിരിയുടെ വില നന്നായി മനസ്സിലാക്കിയിരുന്നു. ഒരു മടിയും കൂടാതെ ഉള്ളിലെ ചിരിയെ പുറത്തേക്കൊഴുക്കി. അതിൽപെട്ട്‌ മറ്റുള്ളവർ സന്തോഷിക്കുന്നത്‌ അവനെ പിന്നെയും ചിരിപ്പിച്ചു. എത്ര മോശം സിനിമയായാലും കണ്ടിറങ്ങുമ്പോൾ സലിമിന്റെ കഥാപാത്രത്തെ കുറിേച്ചാർത്ത്‌ പ്രേക്ഷകർ പറഞ്ഞുചിരിച്ചു. നമ്മുടെ നാട്ടിൽ നിന്നോ, വീട്ടിൽ നിന്നോ, തൊട്ടടുത്ത ചായക്കടയിൽ നിന്നോ, ഭ്രാന്താശുപത്രിയിൽ നിന്നോ ഇറങ്ങിപ്പോയവരെപ്പോലെ ആ കഥാപാത്രങ്ങളെല്ലാം നമുക്ക്‌ പരിചയമുള്ളവരായി. ചിരിച്ചും ചിരിപ്പിച്ചും സലിം നടന്നുപോയെങ്കിലും അയാൾ ഇട്ടേച്ചുപോയ എന്തൊക്കെയോ ചിന്തകൾ നമ്മുടെ വഴിയിൽ എക്കാലവും വീണുകിടക്കും.

രാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽനിന്ന്‌ ദേശീയ അവാർഡ്‌  സ്വീകരിക്കുന്നുരാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽനിന്ന്‌ ദേശീയ അവാർഡ്‌ സ്വീകരിക്കുന്നു

സലിമിന്റെ മരണശേഷം ഏറ്റവും ഭയപ്പെടുത്തിയത്‌ മരണവീട്ടിൽ മൊബൈൽ ഫോണുമായി ചിലർ കാണിച്ചുകൂട്ടിയത്‌ ഓർത്താണ്‌. എല്ലാ മനുഷ്യർക്കും സ്വകാര്യജീവിതമുണ്ടെന്ന കാര്യം പലപ്പോഴും പലരും മറന്നുപോകുന്നു. മാധ്യമപ്രവർത്തകരാണ്‌ അവരെല്ലാം എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. മറ്റൊരാളുടെ സ്വകാര്യജീവിതത്തെ മാനിക്കാൻ ഇത്രയും സാംസ്‌കാരിക ഉയർച്ച നേടിയ നമുക്ക്‌ കഴിയാത്തത്‌ എന്തുകൊണ്ടാകും എന്നോർത്ത്‌ ഒരെത്തുംപിടിയും കിട്ടുന്നില്ല. ജീവിതത്തെയും മരണത്തെയും കൗതുകക്കാഴ്‌ചയാക്കി മാറ്റുന്നത്‌ ആശങ്കയുണ്ടാക്കുന്നു. മനുഷ്യരുടെ സങ്കടത്തിലും സന്തോഷത്തിലും കൂടെ നിൽക്കാൻ ശ്രമിച്ച ആളായിരുന്നു സലിംകുമാർ. ചുറ്റുമുള്ളവരുടെ ജീവിതത്തെ ആദരവോടെ കണ്ട മനുഷ്യൻ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home