ad
Deshabhimani

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

gaza attack

​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾ.photom credit: video screenshot

വെബ് ഡെസ്ക്

Published on Jun 29, 2026, 11:45 AM | 1 min read

ഗാസ സിറ്റി : ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 13 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ടാണ് ആദ്യ ആക്രമണം നടന്നതെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു. ഇതിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി നാസർ ആശുപത്രിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ ഗാസയിൽ ഇസ്രയേലി ഷെല്ലാക്രമണത്തിൽ ചീളുകൾ തറച്ച് പരിക്കേറ്റ 13 വയസുകാരി എലീൻ അൽ-ഫറയും മരിച്ചതായി നാസർ ആശുപത്രി വ്യക്തമാക്കി.


ആക്രമണത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ഗാസയിലുടനീളം കനത്ത ടാങ്ക് ഷെല്ലാക്രമണം നടന്നതായും ക്വാഡ്‌കോപ്റ്ററുകൾ പലതവണ ​ഗാസയ്ക്ക് മുകളിലൂടെ പറന്നതായും പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.


ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനുശേഷം ഗാസയിൽ ​ഗുരുതരമായ പ്രശ്നങ്ങളില്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നതെങ്കിലും മിക്ക ദിവസങ്ങളിലും ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസിനെയും മറ്റ് തീവ്രവാദികളെയും ലക്ഷ്യമിടുന്നതാണ് വെടിനിർത്തൽ ലംഘനങ്ങൾക്കുള്ള ന്യായമായി ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നത്.


വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഗാസയിൽ ഇസ്രയേൽ 1,040-ലധികം പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടതിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ 7 നാണ് യുദ്ധം ആരംഭിച്ചത്. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73,050-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home