അയോധ്യ ക്ഷേത്രക്കൊള്ള: എഫ് ഐ ആറിന് മുൻപ് ലക്ഷങ്ങൾ വീണ്ടെടുത്തു; ട്രസ്റ്റിന്റെ നടപടികളിൽ ദുരൂഹതയേറുന്നു

ലഖ്‌നൗ: അയോധ്യയിൽ നിര്‍മിച്ച രാമക്ഷേത്രത്തിലെ കാണിക്കപ്പണവും കാഴ്ച വസ്തുക്കളും കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് ക്ഷേത്ര ട്രസ്റ്റിന്റെ നടപടികളെ ചോദ്യം ചെയ്യുന്ന പുതിയ വിവരങ്ങൾ പുറത്ത്. യുപി സർക്കാർ തിടുക്കപ്പെട്ട് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുന്നതിനും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും മുൻപ് തന്നെ മോഷ്ടിക്കപ്പെട്ട തുകയിൽ വലിയൊരു പങ്ക് ട്രസ്റ്റ് ഭാരവാഹികൾ സ്വന്തം നിലയിൽ കൈവശമാക്കിയിരുന്നു.
ഔദ്യോഗികമായി പരാതി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ പോലീസ് ഉദ്യോഗസ്ഥർ ഒരു കറുത്ത ബാഗുമായി കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസിനെ ഉപയോഗിച്ചാണ് ഈ നീക്കം നടത്തിയതെന്ന് ലീക്കായ വീഡിയോയിൽ വ്യക്തമാവുന്നു.
അന്വേഷണ ഏജൻസികൾ നിലവിൽ ഈ സമയക്രമത്തിലെ അസ്വാഭാവികതയെക്കുറിച്ച് നിശബ്ദത തുടരുകയാണ്. ഔദ്യോഗിക പരാതിക്ക് മുൻപ് നടന്ന ഈ പണം വീണ്ടെടുക്കൽ കേസിനെ എങ്ങനെ ബാധിക്കുമെന്നത് നിർണായമാണ്.
ജൂൺ നാലിനാണ് ക്ഷേത്രത്തിലെ പണം നഷ്ടപ്പെട്ട വിവരം ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത ദിവസം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ നിർദ്ദേശപ്രകാരം ട്രസ്റ്റ് പ്രതിനിധികളും ഏതാനും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് കേസിൽ പ്രതിയായ അവിനാഷ് ശുക്ലയുടെ വസതിയിലെത്തി. ഏകദേശം 58 ലക്ഷം രൂപ കണ്ടെടുത്തു. മാത്രമല്ല ഇതിന് ശേഷം ജൂൺ 5 - 8 തീയതികളിലായി ബാക്കി തുക ഇതര പ്രതികൾ ബാങ്ക് ട്രാൻസ്ഫർ വഴി തിരികെ അടച്ചു. എന്നാൽ ഇതെല്ലാം കഴിഞ്ഞ് ജൂൺ ഏഴിനാണ് കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട വാർത്തകൾ ആദ്യമായി മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നു. ഇന്ത്യ ടു ഡെ ടിവിയാണ് പണം പൊലീസിനെ ഉപയോഗിച്ച് മാറ്റുന്ന ദൃശ്യം പുറത്തു വിട്ടത്.

അറസ്റ്റും രാജി സമർപ്പണവും
വിവാദം ശക്തമായതിനെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എല്ലാം ഭദ്രമാക്കി കഴിഞ്ഞ ശേഷം പണം വരെ റെഡിയാക്കി കഴിഞ്ഞ് അന്വേഷണം പ്രഖ്യാപിക്കയും എഫ് ഐ ആര്‍ ഇടുകയും ചെയ്തു.
എസ്ഐടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അവിനാഷ് ശുക്ല ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഏകദേശം 80 ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തു.
Related News
കേസ് വലിയ വിവാദമായതോടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും ധാർമ്മിക ഉത്തരവാദിത്തം ഒഴിയാനാവാതെ പദവികൾ രാജിവെച്ചു. അറസ്റ്റിലായ മുഖ്യപ്രതി ടിന്നു യാദവ് ചമ്പത് റായിയുടെ മുൻ ഡ്രൈവറായിരുന്നു എന്നത് ട്രസ്റ്റിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇയാൾക്ക് 50 കോടി രൂപയുടെ ആസ്തിയുണ്ട്. ഇയാൾ തന്നെ നിയമിച്ചവരും പരസ്പര ബന്ധുക്കളുമാണ് പണവും കാണിക്ക പണയങ്ങളും തിട്ടപ്പെടുത്തിയിരുന്നത്. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന കരാർ ജീവനക്കാരിലേക്ക് മാത്രം കേസ് ഒതുക്കി നിര്‍ത്തിയിരിക്കയാണ്. ഇതിനിടയിലാണ് പണം തന്നെ നേരത്തെ കണ്ടെത്തിയതാണ് എന്ന വിവരങ്ങൾ പുറത്തു വരുന്നത്.
സുരക്ഷാ വീഴ്ചകളും രാഷ്ട്രീയ വിവാദവും
പണം കൈകാര്യം ചെയ്യുന്നതിലും ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിലും സിസിടിവി നിരീക്ഷണത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി എസ്ഐടി തന്നെ പറയുന്നു. അയോധ്യയിലെ വികസനങ്ങളും സുരക്ഷയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നേരിട്ട് നിരീക്ഷിക്കുമ്പോൾ ഇത്രയും വലിയ തട്ടിപ്പ് എങ്ങനെ നടന്നു എന്ന ചോദ്യം ഉയരുന്നു. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ആര്‍ എസ് എസ് പ്രമുഖരാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റികൾ.











0 comments