ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ തിരിച്ചടി; അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര തോൽവി

Photo:BCCI
തിരുവനന്തപുരം : അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ സമ്പൂർണ പരാജയത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിൽ. ലോകകപ്പ് വിജയത്തിന് ശേഷം നടന്ന ആദ്യ പരമ്പരയിൽ അയർലൻഡിനോട് 0-2ന് തോറ്റത് ടീമിന് വലിയ തിരിച്ചടിയായി. ശ്രേയസ് അയ്യർ ട്വന്റി ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ ടീം നേരിട്ട തോൽവി ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസിന്റെ പദവിക്ക് വലിയ തിരിച്ചടിയാണ്.
അയർലൻഡ് ചരിത്രത്തിലാദ്യമായാണ് ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. ടെസ്റ്റ് പദവിയില്ലാത്ത ഒരു ടീമിനോട് ഇന്ത്യ ട്വന്റി20 പരമ്പര അടിയറവ് വെക്കുന്നത് ഇതാദ്യമാണ്. കൂടാതെ, ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പരയിൽ തന്നെ പരാജയം നേരിട്ട ക്യാപ്റ്റൻ എന്ന നാണക്കേട് ശ്രേയസ് അയ്യരും സ്വന്തമാക്കി.
അയർലൻഡിനെതിരായ രണ്ടാം മത്സരത്തിൽ ഒരു റണ്ണിനായിരുന്നു ഇന്ത്യയുടെ പരാജയം. ബെൽഫാസ്റ്റിൽ നടന്ന പോരാട്ടത്തിൽ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർമാരായ അഭിഷേക് ശർമ്മയും സഞ്ജു സാംസണും ആദ്യ പന്തിൽ തന്നെ പുറത്തായത് ടീമിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. ആദ്യ ആറോവറിൽ തന്നെ നാലു വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ തോൽവിക്ക് പ്രാധാന കാരണമായി.
55 റൺസെടുത്ത തിലക് വർമ്മ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. ഹർഷിത് റാണ (21), ശിവം ദുബെ (20), അക്‌സർ പട്ടേൽ (14) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയം അകന്നുനിന്നു. നേരത്തെ, മൂന്നു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പ്രിൻസ് യാദവിനൊപ്പം അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവർ ചേർന്ന് അയർലൻഡിനെ 154 റൺസിൽ ഒതുക്കി. ഹാരി ടെക്ടറിന്റെ (53) ബാറ്റിങ്ങാണ് അയർലൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന്റെ തുടർച്ചയായ മോശം പ്രകടനം വലിയ ചർച്ചയായി. അതേസമയം, യുവതാരം വൈഭവ് സൂര്യവംശിയെ ഈ പരമ്പരയിൽ കളിപ്പിക്കാതിരുന്നത് സെലക്ഷൻ പിഴവാണെന്ന വിമർശനവും ശക്തമാണ്. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയിൽ വൈഭവ് അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ പരമ്പരയിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചുവരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.










0 comments