ad
Deshabhimani

ഇനി പുതുവേഗം; ഇത്തിഹാദ് റെയിൽ യാത്രാസേവനം ചൊവ്വാഴ്‌ച മുതൽ

etihad rail
വെബ് ഡെസ്ക്

Published on Jun 29, 2026, 01:08 PM | 2 min read

ദുബായ് : യുഎഇയുടെ കുതിപ്പിന്‌ പുതുവേഗം പകർന്ന്‌ ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാസേവനം ചൊവ്വാഴ്‌ച ഫുജൈറയിൽനിന്ന് കുതിച്ചുപായും. പുലർച്ചെ 5.34ന് ഫുജൈറയിൽനിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കാണ് ആദ്യ യാത്ര. കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളിലായി സജ്ജീകരിച്ച ട്രെയിനിൽ വൈഫൈ, പവർ പോയിന്റുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുണ്ടാകും. എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം കുറയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഗതാഗത സംവിധാനങ്ങൾക്ക്‌ പുതിയ ഉ‍ൗർജംപകരും.


മണിക്കൂറിൽ 200 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിൻ ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഫുജൈറയിൽനിന്ന് അബുദാബിയിലെത്തും. നിലവിൽ ആരംഭിക്കുന്ന സർവീസ് രാജ്യത്തെ ദേശീയ റെയിൽ ഗതാഗത വികസനത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാനാകും.

രാജ്യത്തിന്റെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല വിവിധ ഘട്ടങ്ങളിലായാണ് വിപുലീകരിക്കുന്നത്. ആദ്യഘട്ട വിജയത്തിനുപിന്നാലെ സെപ്തംബർ 30 മുതൽ ദുബായിലേക്കും അൽ ദെയ്ദിലേക്കും യാത്രാസേവനം വ്യാപിപ്പിക്കും. ഇതോടെ കിഴക്കൻ തീരപ്രദേശത്തെയും ദുബായെയും ദേശീയ റെയിൽ ശൃംഖല നേരിട്ട് ബന്ധിപ്പിക്കും.


രണ്ടാംഘട്ടത്തിൽ ഡിസംബർ 30 മുതൽ അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പ്രവർത്തനസജ്ജമാകും. തുടർന്ന് 2027 മാർച്ച് 30 മുതൽ ഷാർജയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതോടെ രാജ്യത്തെ പ്രധാന ജനവാസ-വ്യവസായ മേഖലകളെ ഉൾക്കൊള്ളുന്ന ശൃംഖലയായി മാറും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് സ്റ്റേഷനുകളും ട്രെയിനുകളും ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സുഗമമായി ഉപയോഗിക്കാവുന്ന പ്രത്യേക സൗകര്യങ്ങൾ, വ്യക്തമായ മാർഗനിർദേശ ബോർഡുകൾ, വിശാലമായ പാർക്കിങ് സൗകര്യം, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈ-ഫൈ, ഓരോ സീറ്റിലും മൊബൈൽ- ലാപ്ടോപ് ചാർജിങ് പോർട്ടുകൾ, മടക്കാവുന്ന ടേബിളുകൾ, വിശാലമായ ലഗേജ് റാക്കുകൾ, സൗകര്യമുള്ള ഇരിപ്പിടങ്ങൾ എന്നിവയുമുണ്ട്. ശാന്തവും തിരക്കില്ലാത്തതുമായ അന്തരീക്ഷം യാത്രക്കാർക്ക്, യാത്രയ്‌ക്കിടെ ജോലിചെയ്യാനും വിശ്രമിക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കും. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, യാത്രാതീയതി, ക്ലാസ് എന്നിവ തെരഞ്ഞെടുത്ത്‌ ഓൺലൈൻ പേയ്‌മെന്റ് പൂർത്തിയാക്കിയാൽ ടിക്കറ്റ് ലഭ്യമാകും.


പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും വ്യവസായ, സാമ്പത്തിക കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ റെയിൽ ശൃംഖലയായി ഇത്തിഹാദ് റെയിൽ മാറും. മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ യലായിസ്, ഷാർജ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറ, അൽ ദെയ്ദ്, അൽ മിർഫ, അൽ സില, അൽ റുവൈസ്, മദീനത്ത് സായിദ്, ലിവ, അൽ ഫയ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home