കാത്തിരുന്നവർക്ക് സന്തോഷവാർത്ത; സ്വർണവില വീണ്ടും കുറഞ്ഞു

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 680 രൂപ കുറഞ്ഞതോടെ വില 1,04,880 രൂപയായി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,088 ഡോളർ നിലവാരത്തിലാണ്. നിലവിലെ പ്രവണത തുടർന്നാൽ അധികം വൈകാതെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ താഴേക്ക് വലിക്കുന്നത്. ഇതോടൊപ്പം ആഗോള വിപണിയിലും സ്വർണത്തിന് സമ്മർദം തുടരുകയാണ്. ഡോളർ സൂചിക 101.38 എന്ന ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ രൂപയുടെ മൂല്യം 94.32 ആയി.
നിലവിലെ നിരക്കുപ്രകാരം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,775 രൂപയും പവന് 86,200 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,395 രൂപയും പവന് 67,160 രൂപയും നൽകണം. 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 5,415 രൂപയും പവന് 43,320 രൂപയുമാണ്. വെള്ളിയുടെ വില ഗ്രാമിന് 240 രൂപയും പത്ത് ഗ്രാമിന് 2,400 രൂപയുമാണ്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കും സ്വർണവിലയും
ആഗോള നിക്ഷേപ വിപണിയിൽ സ്വർണവും ഡോളറും പരസ്പരം വിപരീത ദിശയിൽ സഞ്ചരിക്കുന്ന നിക്ഷേപ ഉപാധികളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമ്പോൾ അമേരിക്കയിലെ പലിശനിരക്കും വർധിക്കും. ഇതോടെ ഡോളറിനും പലിശ ലഭിക്കുന്ന ബോണ്ടുകൾക്കും കൂടുതൽ ആകർഷണം ലഭിക്കുകയും വൻകിട നിക്ഷേപകർ സ്വർണത്തിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കും മറ്റ് പലിശ അധിഷ്ഠിത നിക്ഷേപങ്ങളിലേക്കും മാറുകയും ചെയ്യും. ഇതിന്റെ ഫലമായി സ്വർണത്തിന്റെ ആഗോള ഡിമാൻഡ് കുറയുകയും വില താഴുകയും ചെയ്യും. ആഗോള വിലയിടിവ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കും.
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്ന സാഹചര്യത്തിൽ ഡോളറിന്റെയും ബോണ്ടുകളുടെയും ആകർഷണം കുറയുകയും നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയർത്തുകയും ആഭ്യന്തര വിപണിയിലും വിലക്കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും. യുഎസ് ഫെഡ് പലിശനിരക്ക് ഉയരുന്നത് സാധാരണയായി സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ പലിശനിരക്ക് കുറയുന്നത് സ്വർണവില ഉയരാൻ അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
അടുത്തിടെ ചേർന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതെ തുടരാൻ തീരുമാനിച്ചിരുന്നു. ഇതോടെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ ഇപ്പോഴും ആകർഷകമായി തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഡോളറിന്റെ ശക്തമായ മുന്നേറ്റം സ്വർണവിപണിയിൽ തിരുത്തലിന് കാരണമായി. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 4,142.52 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിപണിയിൽ സ്വർണവില ഏകദേശം 7 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഔൺസിന് ഏകദേശം 315 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്കിന്റെ സ്വാധീനവും കൂടി പരിഗണിക്കുമ്പോൾ ആഭ്യന്തര വിപണിയിലും ഈ വിലക്കുറവ് കൂടുതൽ പ്രകടമായാണ് അനുഭവപ്പെടുന്നത്.











0 comments