കാലുകൾ മുറിച്ചുമാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കരുതലായി സഹപ്രവർത്തകർ; ചികിത്സാച്ചെലവ് വെൽഫെയർ ബ്യൂറോയിൽനിന്ന്

അപകടത്തിൽ പരിക്കേറ്റ കെ എംസൂരജ് (മുകളില്‍), അലോഷ്യസ്, അപകടമുണ്ടാക്കിയ കാർ (വലത്)

സ്വന്തം ലേഖകൻ
Published on Jun 29, 2026, 01:10 PM | 1 min read
കാസർകോട്: എല്ലാം അപ്രതീക്ഷിതമായിരുന്നു. ഇങ്ങനെയൊരു ദുരന്തത്തെ നേരിടേണ്ടിവരുമെന്ന് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർമാരായ വലിയപറമ്പ് സ്വദേശി സൂരജും (32) കുന്നുംകൈ സ്വദേശി അലോഷ്യസും (39) അപകടസമയത്തുപോലും വിചാരിച്ചിട്ടുണ്ടാവില്ല.
കഴിഞ്ഞ 18ന് ഡ്യൂട്ടിയുടെ ഭാഗമായി പടന്നക്കാട് ഐങ്ങോത്ത് വാഹന പാർക്കിങ് പരിശോധനയിലായിരുന്നു രണ്ടുപേരും. ദേശീയപാതയോരത്ത് അപകടംവരുത്തിവയ്ക്കുന്നവിധത്തിൽ നിർത്തിയിട്ട ലോറികൾ മാറ്റാൻ നിർദേശിച്ച് പൊലീസ് വാഹനത്തിന് പിറകിൽ നിൽക്കവെ പൊടുന്നനെയെത്തിയ കാറാണ് എല്ലാം മാറ്റിമറിച്ചത്. ഇരുവരുടെയും ദേഹത്തേക്ക് നിയന്ത്രണംവിട്ടെത്തിയ വണ്ടി ഇടിച്ചുകയറി. ജീപ്പിനും കാറിനുമിടയിൽ കുടുങ്ങി രണ്ടുപേരുടെയും കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലേക്ക് മാറ്റി. തുടർന്ന് ഇരുവരുടെയും കാലുകൾ മുറിച്ചുനീക്കി. കഴിഞ്ഞദിവസം സൂരജിന്റെ രണ്ടാമത്തെ കാലും നീക്കേണ്ടിവന്നു.
സഹപ്രവർത്തകരുടെയുൾപ്പെടെ കരുതലിലാണ് നിലവിൽ ഇരുവരും. രണ്ടുപേരെയും മുറിയിലേക്ക് മാറ്റി. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നതിനാലാണ് സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടിവന്നത്. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരുമുള്ളത്.
ഇവരുടെ ചികിത്സാച്ചെലവ് പൊലീസ് വെൽഫെയർ ബ്യൂറോയിൽനിന്നാണ് ലഭ്യമാക്കുക. ഓരോ പൊലീസുകാരനും നിക്ഷേപിക്കുന്ന തുകയാണ് മൂലധനം. ഡ്യൂട്ടിക്കിടെയുണ്ടായ അപകടമായതിനാൽ മുഴുവൻ ചികിത്സാച്ചെലവും ഇതിൽനിന്ന് ലഭ്യമാക്കാനാവും. കാറ്റഗറി മാറ്റി പ്രത്യേക ഉത്തരവിലൂടെ തൊഴിൽ സംരക്ഷണവും ഉറപ്പാക്കാം.











0 comments