വീഴ്ച മറയ്ക്കാൻ ന്യായീകരണവുമായി സിബിഎസ്ഇ; വേദാന്ത് ശ്രീവാസ്തവ തർക്കം രൂക്ഷമാകുന്നു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയായ വേദാന്ത് ശ്രീവാസ്തവയും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. വീഴ്ചകൾ ചൂണ്ടികാട്ടുകയും അവ സമൂഹത്തിന് മുന്നിൽ എത്തിക്കയും ചെയ്ത വിദ്യാര്‍ഥികളോട് വാശി തുടരുകയാണ് ബോര്‍ഡ്.
പരാതികൾക്ക് തത്കാലം പരിഹാരം കണ്ടതോടെ മാർക്ക് പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് വേദാന്ത് ഉന്നയിച്ച അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിയ സിബിഎസ്ഇ, വിദ്യാർത്ഥിയുടേത് "വസ്തുതാവിരുദ്ധമായ പ്രസ്താവനയും" "പച്ചക്കള്ളവുമാണെന്ന്" പരസ്യമായി കുറ്റപ്പെടുത്തി.
എന്നാൽ, ബോർഡിന്റെ ഈ ആരോപണത്തെ ശക്തമായി എതിർത്തുകൊണ്ട് വേദാന്ത് വീണ്ടും രംഗത്തെത്തിയതോടെ വിവാദം വീണ്ടും പുകഞ്ഞു. വേദാന്തിന്റെ വര്‍ധിച്ച മാര്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ ലഭിച്ചതാണ് എന്നും പഴയ പേപ്പര്‍ വാല്യൂവേഷനിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് ബോര്‍ഡ് പറയുന്നത്. എന്നാൽ ഇത് റീ വാലുവേഷനിലെ വര്‍ധനയല്ല നേരത്തെ പേപ്പര്‍ മാറി നൽകയപ്പോൾ വിട്ടുപോയതായി കണ്ട മാര്‍ക്കാണ് എന്ന് വേദാന്ത് വ്യക്തമാക്കുന്നു.
സി.ബി.എസ്.ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ 'ഓൺ-സ്ക്രീൻ മാർക്കിംഗ്' രീതിയിലെ പിഴവുകളെച്ചൊല്ലി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പരീക്ഷാ ഫലം വന്നതിന് പിന്നാലെ, തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റേതോ വിദ്യാർത്ഥിയുടേതാണെന്ന് വേദാന്ത് ചിത്രങ്ങൾ സഹിതം വ്യക്തമാക്കി. വ്യാപകമായ വിമർശനങ്ങൾക്കൊടുവിൽ, ഉത്തരക്കടലാസുകൾ മാറിപ്പോയതായി സിബിഎസ്ഇ സമ്മതിക്കുകയും വേദാന്തിന്റെ യഥാർത്ഥ ഉത്തരക്കടലാസ് തിരികെ നൽകുകയും ചെയ്തു.
ഈ തിരുത്തലിന് ശേഷം വേദാന്ത് വീണ്ടും റീ-ഇവാലുവേഷന് അപേക്ഷിച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് തർക്കം ഉടലെടുത്തത്.
ഫിസിക്സ് തിയറി പരീക്ഷയ്ക്ക് 9 മാർക്ക് വർദ്ധിച്ചത് റീ-ഇവാലുവേഷൻ പോർട്ടൽ തുറന്ന ശേഷമല്ല. സിബിഎസ്ഇ വരുത്തിയ ഉത്തരക്കടലാസ് കൈമാറ്റത്തിലെ പിഴവ് തിരുത്തി, തന്റെ യഥാർത്ഥ പേപ്പർ നൽകിയപ്പോൾത്തന്നെ ഫിസിക്സ് മാർക്ക് 35-ൽ നിന്ന് 44 ആയി (മൊത്തം മാർക്ക് 65-ൽ നിന്ന് 74 ആയി) ഉയർന്നിരുന്നു എന്നാണ് വേദാന്ത് വാദിക്കുന്നത്. ഇത് റീ വാലുവേഷനിലൂടെ ലഭിച്ച മാര്‍ക്കാണെന്ന് വിശദീകരിക്കുക വഴി തുടക്കത്തിൽ സംഭവിച്ച പിഴവ് മറയ്ക്കുകയാണ് ബോര്‍ഡ്.
മാർക്ക് കൂടിയതിനെക്കുറിച്ചല്ല മറിച്ച് ആ മാർക്ക് എപ്പോൾ, എങ്ങനെ കൂടി എന്നതിലാണ് വിവാദം. പിഴവ് മറച്ചുവെക്കാൻ സിബിഎസ്ഇ റീ-ഇവാലുവേഷന്റെ ക്രെഡിറ്റ് എടുക്കുകയാണെന്ന് വേദാന്ത് തുറന്നടിക്കുന്നു. തങ്ങളുടെ ഔദ്യോഗിക റെക്കോർഡിലെ ആദ്യ മാർക്കും അവസാന മാർക്കും തമ്മിലുള്ള വ്യത്യാസം ചൂണ്ടികാട്ടിയാണ് ബോർഡ് ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചത്.











0 comments