ad
Deshabhimani

മഴക്കെടുതി രൂക്ഷം; അരുണാചൽ പ്രദേശിലും അസമിലും പ്രളയവും ഉരുൾപൊട്ടലും, വ്യാപക നാശനഷ്ടം

assam

കനത്ത മഴയിൽ അരുണാചൽ പ്രദേശിലും അസമിലും ഉണ്ടായ നാശനഷ്ടങ്ങൾ |Photo:ScreengrabX

വെബ് ഡെസ്ക്

Published on Jun 29, 2026, 11:44 AM | 1 min read

ഗുവാഹത്തി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ. റോഡുകൾ വെള്ളത്തിനടിയിലായതിനൊപ്പം നിരവധി വീടുകൾ തകരുകയും വ്യാപകമായ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിലെ ലെഡം ഗ്രാമത്തിൽ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി.


കീയി പന്യൂർ ജില്ലയിൽ ജൂൺ 24 നുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ് , എസ്ഡിആർഎഫ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നു. പ്രത്യേക ഉപകരണങ്ങളും ഡോഗ് സ്ക്വാഡും ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.


കീയി പന്യൂർ ജില്ലയിൽ 128 കുടുംബങ്ങളെ പ്രളയം ബാധിക്കുകയും, നീപ്കോ ക്യാമ്പിൽ 60 പേർ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ലോവർ സിയാങ് ജില്ലയിലെ സിജി ബ്ലോക്ക് പോയിന്റിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


അസമിലെ ധേമാജി ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. ആറ് ജില്ലകളിലായി 22,000ത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് സിമെൻ നദിയിലെ റെയിൽവേ പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നത് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ആർക്കിപഥർ-സിമെൻ ചാപാരി സ്റ്റേഷനുകൾക്കിടയിലുള്ള പാലത്തിന്റെ സമീപത്തെ മണ്ണ് ഒലിച്ചുപോയതാണ് തൂണിന് ബലക്ഷയം സംഭവിക്കാൻ കാരണം. ഇതേത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home