കവർസ്റ്റോറി
അമൂല്യം ഈ അമരസംഗീതം


വി ജയിൻ
Published on Jul 27, 2026, 12:54 PM | 7 min read
ഔപചാരിക വിദ്യാഭ്യാസമോ സംഗീതത്തിൽ ശാസ്‌ത്രീയമായ ശിക്ഷണമോ ഇല്ലാതെ സംഗീതമുഗ്ധമായ ഒരായുസ്സ് ജീവിച്ചുതീർക്കുകയെന്നത് വിസ്മയപ്പെടുത്തുന്നതാണ്; അതും ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും അതീതമായി ജനകോടികളെ തന്റെ സംഗീതത്താൽ കോർത്തിണക്കിക്കൊണ്ട്. എസ് ജാനകിയുടെ സംഗീതജീവിതം ആയുസ്സിന് ശേഷവും കാലാതിവർത്തിയായി തുടരും. പല ഭാഷകളിലായി, അവയുടെ ജൈവശ്വാസം നിലയ്‌ക്കുന്നതുവരെ ഈ പാട്ടുകളിലൂടെ ജാനകി അമരയാകും.
എസ് ജാനകി ആദ്യകാല ചിത്രം
എസ് ജാനകിയുടെ പാട്ടുകാലം അവരുടെ ഓർമക്കാലത്തിനും പിന്നിൽനിന്നാണ് തുടങ്ങുന്നത്. 1938ൽ അന്നത്തെ മദിരാശി പ്രവിശ്യയിലെ (ഇന്നത്തെ ആന്ധ്രപ്രദേശ്) ഗുണ്ടൂർ ജില്ലയിലെ പല്ലപട്ല എന്ന കുഗ്രാമത്തിൽ ജനിച്ച ജാനകി രണ്ടോ മൂന്നോ വയസ്സിൽ തന്നെ പാട്ട് തുടങ്ങി. ഇക്കാര്യം അമ്മ പറഞ്ഞുകേട്ടാണ് ജാനകി മനസ്സിലാക്കിയത്. അമ്മയുടെ സംഗീതാഭിരുചിയാണ് മകളിലൂടെ വളർന്നു വികസിച്ചത്. സമീപ പട്ടണത്തിലേക്ക് "ബാലനാഗമ്മ’ സിനിമ കാണാൻ കാളവണ്ടിയുടെ പിന്നിലായി നടന്നുപോകുന്ന സഹോദരിമാരിലൊരാൾ ജാനകിയായിരുന്നു. സിനിമയിലെ ഗാനങ്ങൾ ഒറ്റ തവണ കേട്ടാൽ കുഞ്ഞു ജാനകിക്ക് ഈണവും സാഹിത്യവും ഹൃദിസ്ഥമാകും. അവ വീട്ടിൽവന്ന് പാടും. എവിടേക്കെങ്കിലും പോയാൽ കടകളിനിന്ന് ഗ്രാമഫോൺ റെക്കോഡിൽ കേൾക്കുന്ന പാട്ട് ശ്രദ്ധിച്ച് സ്വയം മറന്നുനിൽക്കും. വീട്ടിലെത്താൻ വൈകും. അതിന് അമ്മയിൽനിന്ന് അടിയും കിട്ടും. അയൽവാസികൾക്കും നാട്ടുകാർക്കും ജാനകി അത്ഭുത ഗായികയായി. നാട്ടിൽ വന്ന സർക്കസ് സംഘത്തിനൊപ്പം സർക്കസ് അഭ്യാസവും പാട്ടും. കയറിന്മേൽ നടത്തവും അന്തരീക്ഷത്തിൽ ചാടിമറിയലുമൊക്കെ അനായാസമായി അവതരിപ്പിക്കുന്ന കൂസലില്ലാത്ത ബാലിക. ഏത് സ്റ്റേജിൽ കയറാനും ജനങ്ങളെ അഭിമുഖീകരിച്ച് പാടാനും കഴിയുന്ന നിർഭയത്വം കുട്ടിക്കാലത്തു തന്നെ കിട്ടിയതാണ്.
രാജമുന്ദ്രിയിലെ നാഗേശ്വര വിദ്വാൻ പൈദിസ്വാമിയിൽനിന്ന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ശിക്ഷണം. ശിഷ്യയുടെ പാട്ട് കേട്ടപ്പോൾ, ഇനിയൊന്നും പഠിക്കേണ്ടതില്ല, മധുരമായ സംഗീതമാണ് കയ്യിലുള്ളതെന്നായിരുന്നു ഗുരുവിന്റെ തീർപ്പ്. 16 വയസ്സിൽ ഹൈദരാബാദിൽ മോണോ ആക്ട് കലാകാരന്റെ സഹായിയായി ഇടവേളകളിൽ പാടുന്ന ഗായികയായി. കോളേജുകളിൽ പരിപാടിക്ക് പോകുമ്പോൾ ആദ്യം കുട്ടികൾ കൂക്കിവിളിക്കും. ജാനകിയുടെ ആദ്യഗാനം കഴിഞ്ഞാൽ അതേ കുട്ടികൾ തന്നെ കയ്യടിക്കും. "മേരേ ദിൽ കെ പുകാരേ ആജാ’, "രസിക് ബലമാ’ തുടങ്ങിയ ഹിന്ദി പാട്ടുകൾ അവയുടെ ആസ്വാദ്യത ഒട്ടും ചോരാതെ പാടി. ആകാശവാണിയുടെ ലളിതഗാന മത്സരത്തിൽ ലളിതമായി പാടിയ ജാനകിക്ക് രണ്ടാം സ്ഥാനവും ശാസ്‌ത്രീയസംഗീതം കുത്തിക്കയറ്റിയ പാട്ട് പാടിയ ആൾക്ക് ഒന്നാം സ്ഥാനവും. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദിൽനിന്നാണ് അവാർഡ് സ്വീകരിച്ചത്. എ വി എം സ്റ്റുഡിയോയിലേക്കും ജമിനിയിലേക്കും ഓഡിഷന് അപേക്ഷ അയക്കുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നു. എ വി എമ്മിൽനിന്ന് ഓഡിഷന് ക്ഷണം കിട്ടി. ആദ്യ ശ്രമത്തിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. മാസ ശമ്പളത്തിൽ നിയമനം. "വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലായിരുന്നു ആദ്യ പിന്നണിഗാനം പാടിയത്. പക്ഷെ സിനിമ പുറത്തുവന്നില്ല. പിന്നീട് ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിച്ച ചലച്ചിത്ര സംഗീതസപര്യയിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ നിരവധി സിനിമകളിൽ പാടി. ഹിന്ദി അടക്കം 17 ഇന്ത്യൻ ഭാഷകളിൽ 17,000‐ ത്തിലധികം സിനിമാഗാനങ്ങൾ മാത്രം പാടി. ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ സംഗീത ജീവിതം.
എസ് ജാനകിയും യേശുദാസും
ശാസ്‌ത്രീയ സംഗീതം പഠിച്ചതിന്റെ അനുഭവമോ പശ്ചാത്തലമോ ഇല്ലാതിരുന്ന ജാനകിക്ക് സ്വതസിദ്ധമായ സംഗീതജ്ഞാനം വേണ്ടുവോളം ഉണ്ടായിരുന്നു. എത്ര ഗഹനമായ ഈണവും ഒരുതവണ കേട്ടാൽ ഹൃദിസ്ഥമാകും. അതിൽ ശാസ്‌ത്രീയസംഗീതത്തിന്റെ അംശങ്ങൾ ഉണ്ടെങ്കിൽ അതും വേഗം ഹൃദിസ്ഥമാക്കും. 1962‐ൽ പുറത്തിറങ്ങിയ "കൊഞ്ചും ശലങ്കൈ’ എന്ന തമിഴ് ചിത്രത്തിൽ നാഗസ്വരവിദ്വാൻ കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാഗസ്വരത്തിനൊപ്പം പാടുകയെന്ന നിയോഗം ലഭിച്ചു. മറ്റൊരു മഹാഗായികയുടെ ഹൃദയവിശാലത കൊണ്ടാണ് ഈ അവസരം ലഭിച്ചത്. പി ലീലയെയാണ് ഈ പാട്ട് പാടാൻ ആദ്യം ചുമതലപ്പെടുത്തിയത്. എന്നാൽ നാഗസ്വരത്തിന്റെ ഉയർന്ന ശ്രുതിക്കൊപ്പം പാടാൻ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞ ലീല, ആന്ധ്രയിൽ മിടുക്കിയായ ഒരു പെൺകുട്ടിയുണ്ടെന്നും അവൾക്ക് ഈ പാട്ട് പാടാൻ കഴിയുമെന്നും സംഗീതസംവിധായകനോട് പറയുന്നു. അത് വഴിത്തിരിവായി. ആഭേരി രാഗത്തിൽ എസ് എം സുബ്ബയ്യാനായിഡു ചിട്ടപ്പെടുത്തിയ "ശിങ്കാരവേലനെ ദേവാ’ എന്ന ഗാനം നാഗസ്വരത്തിനൊപ്പം അതിമനോഹരമായി ആലപിച്ച ജാനകി ദക്ഷിണേന്ത്യയിലാകെ പ്രശസ്‌തയായി. ശാസ്‌ത്രീയസംഗീത രംഗത്തെ അതിപ്രശസ്‌തരായ ഉപകരണസംഗീത വിദഗ്ധരോടൊപ്പം പാടാൻ ജാനകിക്ക് അവസരം ലഭിച്ചു. 1977ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ "സനാദി അപ്പണ്ണ’ എന്ന ചിത്രത്തിനായാണ് ഉസ്‌താദ് ബിസ്മില്ലാ ഖാനും എസ് ജാനകിയും ഒന്നിച്ചത്. "കരെദാരു കേളടി’ എന്ന ഗാനത്തിൽ രാജ്‌കുമാർ ഷെഹ്‌നായി വിദ്വാനായും ജയപ്രദ നർത്തകിയായുമാണ് വേഷമിട്ടത്. ജി കെ വെങ്കിടേഷ് ആയിരുന്നു സംഗീതസംവിധാനം. 1977ൽ തന്നെ പുറത്തിറങ്ങിയ ഹേമവതി എന്ന കന്നഡ സിനിമയിൽ വയലിൻ വിദ്വാൻ എം എസ് ഗോപാലകൃഷ്‌ണന്റെ വയലിൻ വാദനത്തിനൊപ്പമായിരുന്നു ജാനകിയുടെ പാട്ട്. എൽ വൈദ്യനാഥന്റെ സംഗീതസംവിധാനത്തിലായിരുന്നു ഈ പാട്ട്. വയലിന്റെ താരസ്ഥായി സഞ്ചാരത്തിനൊപ്പം ജാനകിയുടെ പാട്ടിന് എത്താൻ കഴിയുമോ എന്ന സംശയം ഉയർന്നു. എന്നാൽ ജാനകി തന്നെ അത് പാടണമെന്ന് എൽ വൈദ്യനാഥൻ ശഠിച്ചു. ശാസ്‌ത്രീയസംഗീതം പഠിച്ചിട്ടില്ലാത്ത ജാനകിയുടെ ദ്രുതകാലത്തിലുള്ള സ്വരപ്രസ്‌താരം എല്ലാവരെയും അമ്പരപ്പിച്ചു. ‘സപ്തസ്വരങ്ങൾ' എന്ന മലയാള ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച് വി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘അനുരാഗനർത്തനത്തിൻ അരങ്ങേറ്റം' എന്ന ഗാനം പാടിയത് പ്രശസ്‌തനായ നാമഗിരിപ്പേട്ട കൃഷ്‌ണന്റെ നാഗസ്വരത്തിനൊപ്പമായിരുന്നു. പ്രശസ്‌ത പുല്ലാങ്കുഴൽ വിദ്വാൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമൊത്ത് തെലുഗു സിനിമയ്‌ക്കുവേണ്ടിയും ജാനകി പാടി.
ഇളയരാജയും ജാനകിയും
ഇന്ത്യയുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഒട്ടും ചോരാതെ തന്റെ പാട്ടുകളിൽ പ്രതിധ്വനിപ്പിക്കാൻ ജാനകിക്ക് കഴിഞ്ഞു. ഭാഷയിലൂടെ, ഈണങ്ങളിലൂടെ, വൈകാരിക മുഹൂർത്തങ്ങളിലൂടെ, ഓരോ ജനതയുടെയും സൂക്ഷ്മമായ ജീവിതത്തിലൂടെ അവർ നാടിന്റെ പ്രാദേശിക സവിശേഷതകളെ പാട്ടുകളിൽ പുനരാവിഷ്‌കരിച്ചു. മലയാളിയുടെയും തമിഴരുടെയും കന്നഡിഗരുടെയും തെലുഗരുടെയും വികാരപ്രകടനങ്ങളിലും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലുമുള്ള വ്യത്യാസങ്ങൾ അവർ ശരിയായി ഉൾക്കൊണ്ടു. തദ്ദേശീയത ഉൾക്കൊണ്ട് പാടുന്നതിൽ അവർ ഗവേഷണബുദ്ധിയോടെ ശ്രദ്ധിച്ചു. അതുകൊണ്ടാണ് തെലുഗ് മാതൃഭാഷയായ ജാനകി മലയാളി വീട്ടകങ്ങളിലെ ഇഷ്ടഗായികയായി ഇന്നും ജീവിക്കുന്നത്. നാനാത്വത്തിൽ ഏകത്വമെന്ന ആശയം ശരിയായി മനസ്സിലാക്കാനും തന്റെ കലാജീവിതത്തിൽ പകർത്താനും അവർക്ക് കഴിഞ്ഞു.
1957ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല' എന്ന സിനിമയ്‌ക്കുവേണ്ടി ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ' എന്ന ഗാനമാണ് മലയാളത്തിൽ ജാനകി ആദ്യമായി പാടിയത്. പി എൻ ദേവ് രചിച്ച ഗാനത്തിന് ഹിന്ദി സിനിമയിൽ നിന്നാണ് ഈണം എടുത്തത്. 1954ൽ പുറത്തിറങ്ങിയ ‘നാഗിൻ' സിനിമയിലെ പ്രശസ്‌തമായ ‘മേരാ ദിൽ യേ പുകാരേ ആജാ' എന്ന ഗാനത്തിന്റെ ഈണം അങ്ങനെത്തന്നെ സ്വീകരിക്കുകയായിരുന്നു. ഹേമന്ത്കുമാറാണ് ‘നാഗിൻ' സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. ഈ ഗാനം ജാനകി കുട്ടിക്കാലത്തു തന്നെ നിരവധി തവണ പാടി ആസ്വാദകശ്രദ്ധ നേടിയതാണ്. 1962ൽ പുറത്തിറങ്ങിയ ‘ഭാര്യ' എന്ന ചിത്രത്തിലെ ‘കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു' എന്ന ഗാനം യേശുദാസിനൊപ്പം പാടിയത് ഹിറ്റായി. തൊട്ടടുത്ത വർഷം ‘മൂടുപടം' എന്ന സിനിമയ്‌ക്ക് വേണ്ടി പി ഭാസ്‌കരൻ രചിച്ച് എം എസ് ബാബുരാജ് ഈണം നൽകിയ ‘തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ' എന്ന ഗാനത്തിന്റെ ആലാപനത്തോടെ എസ് ജാനകി മലയാളത്തിൽ വേരുറപ്പിച്ചു. ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടുകളിലും ജീവിക്കുന്ന ഗാനമാണത്. മലയാളത്തിൽ നിത്യയൗവനത്തോടെ നിൽക്കുന്ന എസ് ജാനകിയുടെ ഗാനങ്ങൾ നിരവധിയാണ്. മലയാളത്തിൽ 1300‐ലധികം സിനിമാഗാനങ്ങൾ ജാനകി പാടി.
അറുപതുകളുടെ സാമൂഹ്യജീവിതത്തെയും കേരളീയ സ്‌ത്രീജീവിതത്തെയും ശരിയായി മനസ്സിലാക്കിക്കൊണ്ടാണ് അവർ പാടിയത്. മലയാളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെയും സ്‌ത്രീജീവിതത്തിന്റെയും നാഴികക്കല്ലുകളായി എസ് ജാനകിയുടെ പാട്ടുകളെ കാണാൻ കഴിയും. മനുഷ്യരുടെ എല്ലാ അവസ്ഥകളെയും മനോവിചാരങ്ങളെയും വൈകാരിക വൈവിധ്യങ്ങളെയും സൂക്ഷ്മമായി പ്രതിഫലിപ്പിക്കാൻ തന്റെ ആലാപനത്തിലൂടെ എസ് ജാനകിക്ക് കഴിഞ്ഞു. ശോകം, ആനന്ദം, വാത്സല്യം, പ്രണയം, വിരഹം, കുതൂഹലം എന്നിവയുടെ വ്യത്യസ്‌ത ഭാവങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചു. റെക്കോഡിങ്ങിനു മുമ്പ് ഗാനത്തിന്റെ സാഹിത്യം ലഭിക്കുമ്പോൾ തന്നെ അതിന്റെ ഉള്ളടക്കവും സിനിമയിൽ അതിനുള്ള സ്ഥാനവും മനസ്സിലാക്കും. ഗാനത്തിന്റെ അണിയറശിൽപ്പികളുമായും സിനിമയുടെ സംവിധായകരുമായും നല്ലരീതിയിൽ ആശയവിനിമയം നടത്തി കൂടുതൽ മനസ്സിലാക്കും. അങ്ങനെ പാട്ടിന്റെ ആത്മാവ് മനസ്സിലാക്കിയാണ് ആലാപനം. അതിനാൽ സിനിമയുടെ നാലതിരും കടന്ന് ആ പാട്ടുകൾ ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടും. അവയ്‌ക്ക് സ്വതന്ത്രമായ അസ്‌തിത്വം ലഭിക്കും. അതുകൊണ്ടാണ് സിനിമ ഏതെന്നറിയാതെ തന്നെ ജനങ്ങൾ ജാനകിയുടെ പാട്ടുകളെ സ്വതന്ത്രമായി ആസ്വദിക്കുന്നത്. ഏതൊരു നല്ല പാട്ടിനും ഇങ്ങനെയൊരു പരിണാമവും നിലനിൽപ്പും സാധാരണമാണ്.
തിരുവനന്തപുരത്ത് വച്ച് യേശുദാസിനെ ആദരിക്കുന്ന ചടങ്ങിൽ
എസ് ജാനകിക്കൊപ്പം വി ശിവൻകുട്ടി, ഇ കെ നായനാർ, എം എസ് നസീം തുടങ്ങിയവർ ഫോട്ടോ: പി മുസ്തഫ
കാൽപ്പനികതയുടെ കാലാനുസൃതമായ പരിണാമങ്ങളെ ഉൾക്കൊണ്ടാണ് അവർ പാടിയത്. അറുപതുകളിലെ വൈകാരിക അനുഭൂതിയല്ല ഇന്നുള്ളത്. സിനിമയിലും ഈ മാറ്റമുണ്ടായി. ഇന്നത്തെ കണ്ണും ചെവിയും മനസ്സും കൊണ്ടല്ല പഴയ സിനിമകളെയും ഗാനങ്ങളെയും വിലയിരുത്തേണ്ടത്. സംഗീത സംവിധാനവും വളരെയേറെ മാറ്റങ്ങൾക്ക് വിധേയമായി. എന്നാൽ എസ് ജാനകി അരനൂറ്റാണ്ടുമുമ്പ് പാടിയ പാട്ടുകളൊന്നും വിസ്മൃതിയിലേക്ക് മറയുകയോ അപ്രസക്തമാവുകയോ ചെയ്‌തില്ല. പി ഭാസ്‌കരൻ, വയലാർ രാമവർമ, ഒ എൻ വി കുറുപ്പ്, ജി ശങ്കരക്കുറുപ്പ്, അഭയദേവ്, തിരുനയിനാർ കുറിച്ചി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, തിക്കുറിശ്ശി, പി ജെ ആന്റണി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ, മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പാപ്പനംകോട് ലക്ഷ്മണൻ, ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി, ചുനക്കര രാമൻകുട്ടി, കാവാലം നാരായണ പണിക്കർ, മുല്ലനേഴി, സത്യൻ അന്തിക്കാട്, ഡോ. പവിത്രൻ, എം ഡി രാജേന്ദ്രൻ, ഏഴാച്ചേരി രാമചന്ദ്രൻ, കെ ജയകുമാർ, എസ് രമേശൻ നായർ, ഷിബു ചക്രവർത്തി, ശരത് വയലാർ, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി നിരവധി ഗാനരചയിതാക്കളുടെ സൃഷ്ടികൾക്ക് ജാനകി ശബ്ദസാക്ഷാത്കാരം നൽകി. ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, കെ രാഘവൻ, കെ വി മഹാദേവൻ, എം എസ് വിശ്വനാഥൻ, പി എസ് ദിവാകർ, എസ് എൻ രംഗനാഥൻ, സലിൽ ചൗധുരി, എം ബി ശ്രീനിവാസൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ഉഷ ഖന്ന, ആർ കെ ശേഖർ, ഗംഗൈ അമരൻ, ബി എ ചിദംബരനാഥ്, പുകഴേന്തി, എം കെ അർജുനൻ, രവീന്ദ്രൻ, കെ വി ജോബ്, എ ടി ഉമ്മർ, ഇളയരാജാ, കെ പി ഉദയഭാനു, എ ടി ഉമ്മർ, കണ്ണൂർ രാജൻ, ശ്യാം, ശങ്കർ ഗണേഷ്, കെ ജെ ജോയ്, എൽ പി ആർ വർമ, ജയവിജയ, എം ജി രാധാകൃഷ്‌ണൻ, ജോൺസൺ, ഔസേപ്പച്ചൻ, ജെറി അമൽദേവ്, ബേണി ഇഗ്‌നേഷ്യസ്, വിദ്യാസാഗർ, എസ് പി വെങ്കിടേഷ്, മോഹൻ സിതാര, മിഥുൻ ഈശ്വർ തുടങ്ങിയ സംഗീത സംവിധായകരുടെ ഈണങ്ങൾക്കൊത്ത് മലയാളത്തിൽ ജാനകി പാടി. മറ്റ് ഭാഷകളിലെ ഗാനങ്ങളെക്കുറിച്ചും പറയാൻ തുടങ്ങിയാൽ ഏറെ ദീർഘിച്ചുപോകും.
സിനിമയിൽ ഗാനത്തിന്റെ സന്ദർഭം ചോദിച്ചറിയുകയും ശരിയായ ഉച്ചാരണം സംഗീതസംവിധായകരിൽനിന്ന് തന്നെ പാടിക്കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നതാണ് ജാനകിയുടെ രീതി. വ്യക്തിജീവിതത്തിൽ ഉടനീളം പുലർത്തിയ ലാളിത്യവും വിനയവും അവരുടെ സംഗീതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഏത് പാട്ടിലും ആർദ്രതയുടെയും പൂർണ സമർപ്പണത്തിന്റെയും സ്‌പർശം അറിയാൻ കഴിയും.
മികച്ച ഗായികയ്‌ക്കുള്ള േദശീയ പുരസ്‌കാരം രാഷ്‌ട്രപതി ശങ്കർദയാൽ ശർമയിൽനിന്ന് ഏറ്റുവാങ്ങുന്നു ഫോട്ടോ: പി മുസ്തഫ
നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചുവെങ്കിലും ഒന്നിനുവേണ്ടിയും സ്വന്തം നിലപാടുകൾ പണയം വച്ചില്ല. 2013‐ൽ പത്മഭൂഷൺ പുരസ്‌കാരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായെങ്കിലും ഭാരതരത്നം ലഭിക്കാൻ അർഹതയുണ്ടെന്നും അതാണ് തനിക്ക് ലഭിക്കേണ്ടതെന്നും പറഞ്ഞ് നിരസിക്കുകയാണുണ്ടായത്. മലയാളത്തിലും തമിഴിലും വളരെ ജനപ്രീതി നേടിയതും മികച്ചതുമായ നിരവധി ഗാനങ്ങൾ അറുപതുകളിൽ തന്നെ ജാനകി പാടിയിട്ടുണ്ടെങ്കിലും ദേശീയതലത്തിൽ ആദ്യമായി ആദരിക്കപ്പെട്ടത് 1977ൽ ഭാരതിരാജയുടെ ആദ്യചിത്രമായ ‘16 വയതിനിലേ' എന്ന ചിത്രത്തിൽ ഇളയരാജാ ഈണം നൽകിയ "സെന്ദൂരപ്പൂവേ’ എന്ന ഗാനത്തിന്റെ ആലാപനത്തിനാണ്. 1967‐ലാണ് മികച്ച പിന്നണിഗായകനുള്ള ദേശീയ അവാർഡ് ഏർപ്പെടുത്തിയത്. അക്കൊല്ലം മഹേന്ദ്ര കപൂറിനാണ് അത് ലഭിച്ചത്. 1968‐ലാണ് മികച്ച പിന്നണിഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഏർപ്പെടുത്തിയത്. പി സുശീലയ്‌ക്കായിരുന്നു ആദ്യ പുരസ്‌കാരം. എസ് ജാനകിക്ക് അത് ലഭിച്ചത് 1977ൽ. 1981ൽ ‘ഓപ്പോൾ' എന്ന മലയാളം സിനിമയിലെ "ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്’ എന്ന ഗാനത്തിന് എസ് ജാനകിക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. സിതാര എന്ന തെലുഗ് സിനിമയിലെ "വെണ്ണല്ലോ ഗോദാരി അന്ദം’ എന്ന ഗാനത്തിന് 1984ലും ‘തേവർ മകൻ' എന്ന തമിഴ് സിനിമയിൽ ഇളയരാജയുടെ ഈണത്തിൽ പാടിയ "ഇഞ്ചി ഇടുപ്പഴഗ്’ എന്ന ഗാനത്തിന് 1992ലും ദേശീയ പുരസ്‌കാരം നേടി. മലയാളത്തിൽ 11 തവണയും തെലുഗിൽ 10 തവണയും തമിഴിൽ ഏഴു തവണയും ഒഡിയയിൽ ഒരു തവണയും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും നേടി. കർണാടക സർക്കാരിന്റെ ‘കർണാടക രാജ്യോത്സവ' അവാർഡും ലഭിച്ചു.
ഭർത്താവ് വി രാമപ്രസാദിനൊപ്പം
എസ് ജാനകി
യൗവനകാലത്ത് തന്റെ പാട്ട് കേട്ട് പ്രശംസിച്ച വി രാമപ്രസാദിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ജാനകിയുടെ സംഗീതജീവിതത്തിന്റെ താങ്ങും തണലുമായിരുന്നു രാമപ്രസാദ്. റെക്കോഡിങ്ങിന് അദ്ദേഹം ഒപ്പം പോകുമായിരുന്നു. 1997ൽ അദ്ദേഹം അകാലത്തിൽ മരിച്ചത് ജാനകിയുടെ വ്യക്തിജീവിതത്തിന് വലിയ ആഘാതമായി. ‘കാർത്തിക' എന്ന സിനിമയിൽ യൂസഫലി കേച്ചേരി രചിച്ച് ബാബുരാജ് ഈണം നൽകിയ ‘കണ്മണിയേ കണ്മണിയേ കരയാതുറങ്ങു നീ' എന്ന പാട്ടിലെ ‘കഴിഞ്ഞ കഥയിലെ കഥാനായകൻ കനിഞ്ഞു നൽകിയ നിധിയല്ലേ, കാണാത്ത കഥയിലെ കണ്ണീർക്കഥയിലെ കഥാനായകൻ നീയല്ലേ’ എന്ന അനുപല്ലവി തന്റെ ജീവിതത്തിന്റെ പകർപ്പാണെന്ന് ജാനകി ദുഃഖത്തോടെ അനുസ്മരിച്ചിട്ടുണ്ട്. ‘കഴിഞ്ഞ കഥയിലെ കഥാനായകൻ' ഭർത്താവ് രാമപ്രസാദും ‘കാണാത്ത കഥയിലെ കണ്ണീർക്കഥയിലെ കഥാനായകൻ' മകൻ മുരളീകൃഷ്‌ണയും (ജാനകി ഇത് പറയുമ്പോൾ മുരളീകൃഷ്‌ണ ജീവിച്ചിരുന്നു. 2026 ജനുവരിയിലാണ് അന്തരിച്ചത്) ആണെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. മകന്റെ മരണത്തോടെ ജാനകി വലിയ ഏകാന്തതയിലായി.
സ്വതന്ത്രഭാരതത്തിന്റെ സാംസ്‌കാരികജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിൽ നക്ഷത്രശോഭയോടെ തിളങ്ങിയ ഒരു സംഗീതജീവിതമാണ് അവസാനിച്ചത്. ഇന്ത്യ റിപ്പബ്ലിക്കായ ശേഷം പല തലങ്ങളിലും വികസിച്ച വ്യത്യസ്‌ത ഭാഷാ സിനിമകളുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമകളുടെ വളർച്ചയിൽ ഒപ്പംനിന്ന് പങ്കുവഹിച്ച വലിയ കലാകാരിയാണ് എസ് ജാനകി. തന്റെ പാട്ടുകളിലൂടെ ജനകോടികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായിക. നമുക്കായി തന്ന അസംഖ്യം ഗാനങ്ങളിലൂടെ ആ മഹാഗായിക ഇനിയും ജീവിക്കും .










0 comments