ബസ് പെട്ടെന്നു നിയന്ത്രണം വിട്ട് തെന്നിനീങ്ങി, അടുത്ത നിമിഷം; രണ്ട് വിദ്യാർഥികൾ അനുഭവം പറയുന്നു

പുത്തനത്താണിയിൽ അപകടത്തിൽപ്പെട്ട ബസ്
കുറ്റിപ്പുറം ബസ് അപകടത്തിൽ നിന്നും അത്ഭുതരമായി രക്ഷപ്പെട്ട രണ്ട് വിദ്യാർഥിനികൾ. വളാഞ്ചേരി സ്വദേശികളായ പ്ലസ് വൺ വിദ്യാർഥിനി അനാമികയും ഡിഗ്രി വിദ്യാർഥിനി ജസ്നയും. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവും ഒപ്പം അവസാനിക്കാത്ത ഭയവും. തൃശൂർ -കോഴിക്കോട് ബസ് നിയന്ത്രണം തെറ്റി രണ്ടായി തകർന്നപ്പോൾ അതിനുള്ളിവലുണ്ടായിരുന്നവർ. നടുക്കം വിട്ടുമാറാതെ അവർ ആ നിമിഷങ്ങളെ കുറിച്ചോർക്കുകയാണ്
വളാഞ്ചേരി പിന്നിട്ടതിനു ശേഷം മഴ ശക്തമായതോടെ ജനലുകൾ അടച്ചിരിക്കുകയായിരുന്നു.വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ബസിന്റെ മധ്യഭാഗത്ത്, പിന്നീട് ഡിവൈഡറിൽ ഇടിച്ച ഭാഗത്തോടു ചേർന്ന സീറ്റിലായിരുന്നു ഇരിപ്പ്. അപകടത്തിന്റെ ഭീകരത നേരിൽ കണ്ടവർക്ക് ഇവർ ജീവനോടെ പുറത്തുവന്നത് അദ്ഭുതമായിരുന്നു.
‘ബസ് പെട്ടെന്നു നിയന്ത്രണംവിട്ട് തെന്നിനീങ്ങി. അടുത്ത നിമിഷം വലിയ ശബ്ദം കേട്ടു. ബസ് തലകീഴായി മറിയുകയായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. കണ്ണുതുറന്നപ്പോഴാണ് ആശുപത്രിയിലാണെന്നു മനസ്സിലായത്’. ഇരുവരും പറഞ്ഞു. ശരീരമാസകലം വേദനയും ചെറിയ പരുക്കുകളും ഉണ്ടായെങ്കിലും ഇവർ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട ബസ് റോഡിന്റെ നടുക്കുള്ള ഡിവൈഡറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. ബസിൽ യാത്രക്കാർ നിറഞ്ഞിരുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണം കൂടുതലായിരുന്നു. അപകട വിവരമറിഞ്ഞ് ഉടൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.










0 comments