ad
Deshabhimani

'സാറിനോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, എന്നിട്ടും ഇടിച്ചില്ലേ, കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസും മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

police brutality
വെബ് ഡെസ്ക്

Published on Jul 27, 2026, 02:44 PM | 1 min read

കൊല്ലം : കൊല്ലം, കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസും സിയാദിന്റെ മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. യുവാവിനെ പൊലീസ് മർദിച്ചതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആരോപണവിധേയനായ പൊലീസ് ഉദ്യോ​ഗസ്ഥനുമായി സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
പപ്പയ്ക്ക് സുഖമില്ലാത്തതാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നില്ലേയെന്നും സാർ മർദിച്ചുവെന്ന് പപ്പ തങ്ങളോട് പറഞ്ഞുവെന്നും മകൾ ചോദിക്കുന്നതാണ് സംഭാഷണത്തിലുള്ളത്. ഏറെ വ‍ൈകാരികമായാണ് പെൺകുട്ടി ഉദ്യോ​ഗസ്ഥനോട് സംസാരിക്കുന്നത്. 'സാറന്മാരോട് എല്ലാവരോടും ഞാൻ അന്ന് പറഞ്ഞതല്ലേ എന്റെ പപ്പ സുഖമില്ലാത്തയാളാണെന്ന്. സാർ മർദിച്ചുവെന്ന് അന്ന് തന്നെ പപ്പ ഞങ്ങളോട് പറഞ്ഞിരുന്നു. സാറാണ് ഇടിച്ചതെന്ന് പപ്പ പറഞ്ഞു. ഇപ്പോ എന്റെ പപ്പ പോയി. ഇതിനെല്ലാം തെളിവുണ്ട് സാറെ. ആശുപത്രിയിൽ പോയപ്പോൾ ആരാണ് ഇങ്ങനെ മർദിച്ചതെന്ന് ഡോക്ടർ ചോദിച്ചു. നട്ടെല്ല് നിറയെ പഴുപ്പ് ആയിരുന്നു. ആശുപത്രിയിൽ കിടക്കുകയായിരുന്നു ഇത്രയും നാൾ. ഇന്ന് എന്റെ പപ്പ പോയി. നൂറുവട്ടം ഞാൻ സാറിനോട് പറഞ്ഞതല്ലേ വയ്യാത്ത ആളാണെന്ന്', മകൾ ഫോൺ കോളിൽ പറഞ്ഞു.


സിയാദിന്റെ മകൾ വ‍ൈകാരികമായി കുറ്റം ആരോപിക്കുമ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥൻ ഇതെല്ലാം അവ‍ജ്ഞയോടെ നിഷേധിക്കുന്നതും സംഭാഷണത്തില്‍ കേള്‍ക്കാം. ഒരു മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ജൂൺ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് സിയാദിനെ പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പെരുമ്പുഴയെന്ന സ്ഥലത്ത് ജീപ്പ് നിർത്തി കുട്ടിയെവിടെയെന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home