ad
Deshabhimani

കവർസ്റ്റോറി

മായാത്ത സ്വർണമുകിൽ

ലതികയും എസ്‌ ജാനകിയും
avatar
ലതിക

Published on Jul 27, 2026, 02:34 PM | 7 min read



ളരെ ചെറിയ പ്രായത്തിലേ പാട്ടുകേട്ട്‌ ഹൃദയത്തിൽ നിറഞ്ഞുതൂവിയ പേരാണ്‌ എസ്‌ ജാനകി എന്ന ജാനകിയമ്മയുടേത്‌. ആറാമത്തെ വയസ്സിൽ സഹോദരൻ രാജേന്ദ്രബാബു അണ്ണൻ പഠിച്ചിരുന്ന കൊല്ലം എസ്‌ എൻ കോളേജിലെ വാർഷികാഘോഷത്തിന്‌ എന്നെ പാട്ടുപാടിക്കാൻ കൊണ്ടുപോയിരുന്നു. അണ്ണൻ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. അണ്ണന്റെ സുഹൃത്തുക്കളെല്ലാം ചേർന്നാണ്‌ കൊണ്ടുപോയത്‌. പൊക്കം കുറവായതിനാൽ എന്നെ മേശപ്പുറത്ത്‌ ഇരുത്തിയാണ്‌ പാടിച്ചത്‌. അന്ന്‌ ‘സൂര്യകാന്തി...’ എന്ന പാട്ടാണ്‌ പാടിയത്‌. ജാനകിയമ്മ എന്ന പേര്‌ എന്റെ ഉള്ളിലേക്ക്‌ എക്കാലത്തേക്കുമായി ചേർത്തുനിർത്തിയ പാട്ടാണത്‌. ആസ്വദിച്ച്‌ പാടുകയും എല്ലാവരും ആസ്വദിച്ച്‌ കേൾക്കുകയും ചെയ്യുന്നതിനിടയിലാണ്‌ തൊട്ടടുത്തുള്ള റെയിൽവേ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയത്‌. അതിനുമുമ്പ്‌ തീവണ്ടി ഇത്രയും അടുത്തുനിന്ന്‌ കണ്ടിരുന്നില്ല. ആ ക‍ൗതുകത്തിൽ പാട്ടിനിടയിൽ ഞാനെഴുന്നേറ്റ്‌ മേശയ്‌ക്കുമുകളിൽനിന്ന്‌ തീവണ്ടി കണ്ണിൽനിന്ന്‌ മറയുന്നതുവരെ നോക്കിനിന്നു. വണ്ടി പോയിക്കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തപോലെ പാട്ട്‌ തുടർന്നു. അണ്ണന്റെ കൂട്ടുകാരെല്ലാം വലിയ ചിരിയായിരുന്നു. അധ്യാപകരും ഒരുപാട്‌ രക്ഷിതാക്കളുമൊക്കെ സദസ്സിലുണ്ടായിരുന്നു. എന്റെ ആദ്യത്തെ വേദിയും അതായിരുന്നു. അന്ന്‌ തുടങ്ങിയതാണ്‌ ജാനകിയമ്മയുടെ പാട്ടുമായുള്ള വല്ലാത്ത അടുപ്പം. സുശീലാമ്മ, ലതാജി... എന്നിവരുടെയെല്ലാം പാട്ടുകൾ അക്കാലത്ത്‌ പാടുമായിരുന്നു. പിന്നീട്‌ നാട്ടിലെ ഗാനമേളകളിൽ സജീവമായപ്പോൾ ജാനകിയമ്മയും ജീവിതത്തിന്റെ ഭാഗമായി. ‘താമരക്കുമ്പിളല്ലോ മമ ഹൃദയം...’ പോലുള്ള പാട്ടുകളെല്ലാം എല്ലാ വേദിയിലും പാടുമായിരുന്നു. ജാനകിയമ്മയുടെ പാട്ടുകളൊക്കെ പാടിപ്പാടിയാണ്‌ പാട്ടിന്റെ ലോകത്ത്‌ ജീവിച്ചുതുടങ്ങിയത്‌.

ലതികയും എസ്‌ ജാനകിയുംലതികയും എസ്‌ ജാനകിയും

സിനിമയിൽ പാടാൻ പോയശേഷം ഞങ്ങൾ കുടുംബസമേതം ചെന്നൈയിൽ താമസിക്കാൻ തുടങ്ങി. അവിടെ തമിഴ്‌ ഗാനമേളകളിലെല്ലാം സജീവമായിരുന്നു. ആ വേദികളിലെല്ലാം ജാനകിയമ്മയുടെ പാട്ടുകൾ പാടുമായിരുന്നു. ‘അന്നക്കിളി ഉന്നൈ തേട്‌ത്‌’, ‘മണി ദീപമേ’, ‘ആയിരം താമരൈ മൊട്ടുക്കളേ...’ പോലുള്ള അവരുടെ ഹിറ്റുപാട്ടുകളും പാടുമായിരുന്നു. ‘മാതാ ഉൻ കോവിലിൽ’ പോലുള്ള പാട്ടുകൾ പൊതുവെ ആരും ഗാനമേളകളിൽ പാടാറില്ല. ഞാൻ ഇ‍ൗ പാട്ടുകളെല്ലാം എല്ലാ വേദികളിലും പാടി. അന്നൊന്നും ജാനകിയമ്മയെ നേരിട്ട്‌ കണ്ടിരുന്നില്ല.

അക്കാലത്ത്‌ ജാനകിയമ്മയ്‌ക്കുവേണ്ടി ഒരു തമിഴ്‌ ചലച്ചിത്ര ഗാനത്തിനായി ട്രാക്ക്‌ പാടാൻ ഞാൻ അണ്ണനോടൊപ്പം മദ്രാസ്‌ ശ്യാമള സ്റ്റുഡിയോയിൽ പോയിരുന്നു. തൊട്ടടുത്ത ദിവസം അതേ സ്‌റ്റുഡിയോയിൽ ഗുണസിങ്ങിന്റെ കന്നഡ ചിത്രത്തിൽ ജയേട്ടനൊപ്പം (പി ജയചന്ദ്രൻ) ഒരു യുഗ്മഗാനം പാടാനായി ഞാൻ വീണ്ടും അവിടെയെത്തി. അന്നവിടെ തലേന്ന്‌ ഞാൻ പാടിയ പാട്ട്‌ മിക്‌സ്‌ ചെയ്യാനായി ജാനകിയമ്മ വന്നിരുന്നു. ദൂരെ ഹാളിൽ നിന്ന്‌ ഞാനവരെ കാണുന്നുണ്ടായിരുന്നു. ആരും പരിചയപ്പെടുത്താനുണ്ടായിരുന്നില്ല. ആരെങ്കിലും പരിചയപ്പെടുത്തിയിരുന്നെങ്കിൽ എന്ന്‌ വല്ലാതെ ആഗ്രഹിച്ചിരുന്നു.

രാജാമണിയായിരുന്നു സംഗീത സംവിധായകൻ. ഞാൻ പാടിയ ട്രാക്ക്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശേഷിച്ചും ഓർക്കസ്ട്ര വിഭാഗത്തിന്. എങ്കിലും അതു ജാനകിയമ്മ തന്നെ പാടണമെന്നായിരുന്നു നിർമാതാവും സംവിധായകനും ആഗ്രഹിച്ചത്. പ്രശസ്‌തരുടെ പേരുകൾ സിനിമയുടെ ടൈറ്റിലിൽ എഴുതി കാണിക്കാനാണ് നിർമാതാവിനും സംവിധായകനും കൂടുതൽ താൽപ്പര്യം. ഞാൻ പാടിവച്ച പാട്ട് രാജാമണി ജാനകിയമ്മയെ കേൾപ്പിച്ചു. അവർക്കത്‌ ഇഷ്‌ടപ്പെട്ടു. ‘‘ട്രാക്ക് റൊമ്പ നല്ലായിരിക്ക്‌. അപ്പടിയേ വെച്ച്‌ക്കോ... ഞാൻ ഇത്‌ക്കും മേലെ എന്ന പാടണം’’ എന്നു പറഞ്ഞ് അമ്മ തിരികെ പുറപ്പെടാനൊരുങ്ങി. എന്റെ പാട്ട് ജാനകിയമ്മ വിലയിരുത്തിയതുകേട്ട് ഞാൻ കോരിത്തരിച്ചുപോയി. "ട്രാക്ക് പാടിയ ഗായിക ഇവിടെയുണ്ട്' എന്നുപറഞ്ഞ് രാജാമണി എന്നെ പരിചയപ്പെടുത്തുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെട്ടു. എന്റെ പാട്ടിന്‌ ജാനകിയമ്മ നൽകിയ അംഗീകാരവും അവരെ പരിചയപ്പെടാൻ കഴിയാത്ത നിരാശയും ചേർന്നുണ്ടായ വികാരം വിവരിക്കാനാവില്ല. ഏത്‌ അവാർഡിനേക്കാളും വലിയ അംഗീകാരമായിട്ടാണ്‌ ആ സന്ദർഭത്തെ ഓർക്കുന്നത്‌. ജാനകി എന്ന ഗായികയുടെ വലിയ മനസ്സിന്റെ തെളിവുകൂടിയായിരുന്നു ആ സംഭവം. പുതിയ ഗായകരെ ഉൾപ്പെടെ അംഗീകരിക്കാനുള്ള വിശാലമായ മനസ്സ്‌ അവർക്ക്‌ എന്നുമുണ്ടായിരുന്നു.

മൊബൈൽഫോണിൽ ലതികയുടെ ഫോട്ടോ പകർത്തുന്ന ജാനകിമൊബൈൽഫോണിൽ ലതികയുടെ ഫോട്ടോ പകർത്തുന്ന ജാനകി

രവീന്ദ്രൻ മാഷിന്റെ മകന്റെ വിവാഹത്തിന്‌ പങ്കെടുക്കാൻ പോയപ്പോഴാണ്‌ പിന്നീടവരെ കണ്ടത്‌. ചിത്രയും അമ്പിളിയുമെല്ലാം ഉണ്ടായിരുന്നു. ജാനകിയമ്മ വന്നപ്പോൾ ഞാൻ ഓടിപ്പോയി ശ്യാമള സ്‌റ്റുഡിയോയിലെ കാര്യം പറഞ്ഞു. അമ്മയ്‌ക്ക്‌ അതെല്ലാം നല്ല ഓർമയുണ്ട്‌. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്‌ ചോദിച്ചപ്പോൾ എന്നെ ചേർത്ത്‌ പിടിച്ച്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തു. ഇന്നും ഞാനത്‌ നിധിപോലെ സൂക്ഷിക്കുന്നുണ്ട്‌. അന്നു തുടങ്ങിയതാണ്‌ ഞങ്ങൾ തമ്മിലുള്ള ബന്ധം. അന്ന്‌ മലയാളത്തിൽ നിരവധി സിനിമകളിൽ ഞാൻ പാടിയിരുന്നു. ആദ്യ ഗാനമായ ഐ വി ശശിയുടെ ‘അഭിനന്ദന’ത്തിൽ ശ്രീകുമാരൻ തമ്പി എഴുതി കണ്ണൂർ രാജൻ സംഗീതം പകർന്ന ‘പുഷ്‌പ തൽപ്പത്തിൻ...’ എന്ന പാട്ടെല്ലാം വലിയ ഹിറ്റായിരുന്നു. ചെന്നൈയിലായതിനാൽ പലപ്പോഴും അതൊന്നും അറിഞ്ഞിരുന്നില്ല. ആ സിനിമ ഇതുവരെ കണ്ടില്ല എന്ന്‌ കഴിഞ്ഞ ദിവസവും ഓർത്തു. അവിടെ മലയാളം സിനിമകൾ കാണാൻ അവസരം അക്കാലത്ത്‌ കുറവായിരുന്നു. നാട്ടിലേക്ക്‌ വരുന്നതും അപൂർവമായിരുന്നു.


ജാനകിയമ്മ മദ്രാസിലെ നീലാങ്കരയിൽ വീടുവച്ചപ്പോൾ പാലുകാച്ചലിന്‌ പോയിരുന്നു. അക്കാലത്ത്‌ ഞാൻ പാലക്കാട്‌ മ്യൂസിക്‌ കോളേജിൽ ജോലി ചെയ്യുകയായിരുന്നു. എന്നെ ഓർത്തുവച്ച്‌ അമ്മ വിളിക്കുകയായിരുന്നു. എന്റെ ഒരു വിദ്യാർഥി അക്കാലത്ത്‌ അമ്മയുടെ കൂടെ മദ്രാസിൽ ഉണ്ടായിരുന്നു. അവനോട്‌ എന്റെ നമ്പർ വാങ്ങിയാണ്‌ വിളിച്ചത്‌. ഞാൻ പാലക്കാട്‌ നിന്നും ഇത്രയും ദൂരം വന്നതിൽ അമ്മയ്‌ക്ക്‌ വലിയ സന്തോഷമായി. നല്ലൊരു സാരി എനിക്ക്‌ അമ്മ സമ്മാനമായി തന്നു. ചെറുതും വലുതുമായ നിരവധി ഗായകർ അന്ന്‌ പാലുകാച്ചൽ ചടങ്ങിന്‌ ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന്‌ വീടിന്റെ മുകളിലിരുന്ന്‌ ഒാരോ പാട്ടുകൾ വീതം പാടി. ഇ‍ൗ വീട്ടിൽനിന്നും അവർ പിന്നീട്‌ ഹൈദരാബാദിലേക്ക്‌ താമസം മാറ്റി. ആയിടയ്‌ക്ക്‌ ഒരിക്കൽ ഗായിക കെ എസ്‌ ചിത്ര വിളിച്ച്‌ ജാനകിയമ്മ മദ്രാസിൽ വന്നിട്ടുണ്ട്‌, കാണാൻ പോരുന്നോ എന്ന്‌ ചോദിച്ചു. ഞങ്ങൾ ഒരുമിച്ച്‌ പോയി. അന്ന്‌ നാലഞ്ച്‌ മണിക്കൂറോളം ഞങ്ങൾ മൂന്നുപേരും പാട്ടുകൾ പാടി. അതൊന്നും പകർത്തിവയ്‌ക്കാൻ കഴിഞ്ഞില്ല. ഇന്നത്തെപ്പോലെ ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ ഒന്നുമുള്ള സംവിധാനമുണ്ടായിരുന്നില്ല. അതെല്ലാം അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായിട്ടാണ്‌ കാണുന്നത്‌. ഒരിക്കൽ ഹൈദരാബാദിൽ മലയാളി സംഘടന ഓണാഘോഷത്തിന്‌ അതിഥിയായി എന്നെ വിളിച്ചിരുന്നു. എന്റെ കൂടെ ജോലിചെയ്‌തിരുന്ന ഒരാൾ അന്നവിടെയുണ്ടായിരുന്നു. ഹൈദരാബാദിൽ വരാമെന്നേറ്റത്‌ തന്നെ ജാനകിയമ്മയെ കാണാമല്ലോ എന്ന ആഗ്രഹത്തോടെയാണ്‌. പക്ഷേ ജാനകിയമ്മയുടെ വീട്ടിൽ പോയെങ്കിലും അവർ അവിടെയുണ്ടായിരുന്നില്ല. എവിടെയോ പോയതാണെന്ന്‌ വാച്ച്‌മാൻ അറിയിച്ചു. അമ്മയുടെ നമ്പറിൽ വിളിച്ചപ്പോൾ മൈസൂരിലേക്ക്‌ താമസം മാറിയതായി പറഞ്ഞു. അവിടേക്ക്‌ ക്ഷണിച്ചു. അന്ന്‌ തന്നെ രാത്രി ബസിൽ രണ്ട്‌ കൂട്ടുകാരോടൊപ്പം മൈസൂരിലേക്ക്‌ പോയി. അവിടെ എന്റെ കസിൻ സിസ്‌റ്ററും ഫാമിലിയുമുണ്ടായിരുന്നു. അന്നവർക്കൊപ്പം താമസിച്ചു. പിറ്റേന്ന്‌ രാവിലെ ജാനകിയമ്മുടെ വീട്ടിൽ പോയി. പാട്ടും വർത്തമാനവുമായി ഒരുപാടു സമയം ചെലവഴിച്ചു. എന്നെക്കൊണ്ട്‌ ഒരുപാട്‌ പാട്ടുകൾ അമ്മ പാടിച്ചു. ഓരോ പാട്ട്‌ കഴിയുമ്പോഴും നന്നായിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അന്ന്‌ അമ്മതന്നെ ഭക്ഷണം പാചകം ചെയ്‌ത്‌ വിളമ്പിത്തന്നു. അതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവമാണ്‌. അക്കാലത്ത്‌ ഞാൻ സിനിമയിൽ പാടിയ പാട്ടുകളെ കുറിച്ച്‌ അമ്മ അധികമൊന്നും സംസാരിച്ചിരുന്നില്ല. അവരുടെ പാട്ടുകൾ കേൾക്കാൻപോലും അവർക്ക്‌ സമയമുണ്ടായിരുന്നില്ല. തമിഴിലൊക്കെ അത്രയും തിരക്കായിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക്‌ അവർ സംഗീതം നൽകിയിട്ടുമുണ്ട്‌. പെയിന്റിങ്ങിലും താൽപ്പര്യമുണ്ടായിരുന്നു. ശ്രീകൃഷ്‌ണന്റെ ചിത്രങ്ങളാണ്‌ വരച്ചിരുന്നത്‌. എല്ലാ ചിത്രത്തിലും സ്വന്തം മുഖമാണ്‌ തെളിഞ്ഞത്‌. അത്രയും ആഴത്തിൽ അവർ കൃഷ്‌ണനെ ഹൃദയത്തോട്‌ ചേർത്തിരുന്നു.

പാലക്കാടുനിന്നും തിരുവനന്തപുരം മ്യൂസിക്‌ കോളേജിലേക്ക്‌ ഞാൻ സ്ഥലംമാറിപ്പോയ സമയത്ത്‌ ഒരിക്കൽ ജാനകിയമ്മ എന്തോ ആവശ്യത്തിന്‌ പാലക്കാട്‌ വന്നിരുന്നു. ജാനകിയമ്മയുടെ വലിയ ആരാധകനായ എന്റെ ഒരു വിദ്യാർഥി മധു അവരെ വീട്ടിലേക്ക്‌ നിർബന്ധിച്ചു കൊണ്ടുപോയി. മധുവിന്‌ ജാനകിയമ്മയെ പോലെ എന്നെയും വലിയ ഇഷ്ടമായിരുന്നു. അവൻ എന്നെ വിളിച്ച്‌ ടീച്ചർ വരുന്നോ എന്ന്‌ ചോദിച്ചു. കേൾക്കേണ്ട താമസം ഞാൻ പാലക്കാട്ടെത്തി. ഇത്രയും ദൂരം യാത്രചെയ്‌ത്‌ അമ്മയെ കാണാനെത്തിയതിൽ അവർക്ക്‌ വലിയ സന്തോഷം തോന്നി. പാട്ടുകളുടെ പകലായിരുന്നു അന്നും. പാട്ട്‌ പാടിക്കൊണ്ടിരുന്ന നേരമത്രയും അമ്മ എന്റെ കൈയിൽ പിടിച്ചുതന്നെയിരുന്നു.

ഫോട്ടോ എടുത്തോട്ടെ എന്ന്‌ ചോദിച്ചപ്പോൾ, ഞാൻ നിന്റെ ഫോട്ടോ എടുക്കാം എന്ന്‌ പറഞ്ഞ്‌ അമ്മ എന്നെ പിടിച്ചുനിർത്തി പോസ്‌ ചെയ്യിച്ച്‌ ഫോട്ടോയെടുത്തു. അമ്മ എന്നെ പകർത്തുന്ന ആ ഫോട്ടോ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ട്‌. 1990 സെപ്‌തംബറിൽ എന്റെ വിവാഹത്തോടനുബന്ധിച്ച്‌ മദ്രാസ്‌ പാംഗ്രോവ്‌ ഹോട്ടലിൽ സംഘടിപ്പിച്ച സൽക്കാരത്തിന്‌ ജാനകിയമ്മ ഭർത്താവിനും ചെറുമകളോടുമൊപ്പം പങ്കെടുത്തിരുന്നു.

എസ്‌ ജാനകിയും ലതികയുംഎസ്‌ ജാനകിയും ലതികയും

‘‘ഇടയ്‌ക്കൊക്കെ വിളിച്ചോട്ടെ’’ എന്ന്‌ ചോദിച്ച്‌ ഞാൻ അമ്മയ്‌ക്ക്‌ മെസേജ്‌ അയക്കുമായിരുന്നു. ‘‘ഇതൊക്കെ ചോദിക്കണോ, വിളിച്ചാൽ പോരേ..’’എന്ന്‌ അമ്മ മറുപടി പറയും. ഒരിക്കൽ, ഞാനെപ്പഴോ പാടിയ ഒരു കൃഷ്‌ണഭക്തി ഗാനം എന്റെ ഫോണിൽനിന്ന്‌ മധുവിന്‌ അയച്ചുകൊടുത്തിരുന്നു. സാങ്കേതിക തകരാറ്‌ കൊണ്ടാകാം മധുവിന്‌ അതിന്റെ ആദ്യത്തെ വരികളേ കേൾക്കാൻ കഴിഞ്ഞുള്ളൂ. മധു അത്‌ ജാനകിയമ്മയ്‌ക്ക്‌ അയച്ചുകൊടുത്തു. അവർക്ക്‌ വലിയ ഇഷ്ടമായി. ജാനകിയമ്മ വലിയ കൃഷ്‌ണഭക്തയായിരുന്നല്ലോ. പാട്ടിന്റെ ബാക്കി വരികൾകൂടി കിട്ടണമെന്ന്‌ അമ്മ വാശിപിടിച്ചു. എനിക്ക്‌ ആ പാട്ട്‌ എപ്പോൾ പാടിയതാണ്‌ എന്നുപോലും അറിയില്ലായിരുന്നു. അമ്മ നിർബന്ധിക്കുന്നുണ്ടെങ്കിലും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ആയിടയ്‌ക്ക്‌ ഒരിക്കൽ സംഗീത സംവിധായകനായ എം കെ കരിക്കോട്‌ ഒരു പരിപാടിക്ക്‌ ക്ഷണിക്കാൻ വീട്ടിൽ വന്നിരുന്നു. സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ ഫോണിൽ ഞാൻ പാടിയ ഒരു പാട്ടുണ്ടെന്ന്‌ പറഞ്ഞു. അദ്ദേഹം സംഗീതം പകർന്ന പാട്ടായിരുന്നു. അന്ന്‌ തിരക്കിനിടയിലാണ്‌ ഞാനാ പാട്ട്‌ കേട്ടത്‌, അത്ഭുതപ്പെട്ടുപോയി. ജാനകിയമ്മ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഭക്തിഗാനമായിരുന്നു അത്‌. ഉടനെ ഞാനത്‌ അമ്മയ്‌ക്കയച്ചു. അത്‌ കേട്ട്‌, ‘‘മോളേ, കരച്ചിൽ വരുന്നു... വളരെ നന്നായി പാടിയിട്ടുണ്ട്‌’’ എന്ന്‌ പറഞ്ഞു. ‘മോൾ ഇത്ര മനോഹരമായി പാടിയിട്ടും മലയാളത്തിൽ എന്താണ്‌ കൂടുതൽ അവസരം കിട്ടാത്തത്‌’ എന്നൊക്കെ സങ്കടപ്പെട്ട്‌ മെസേജ്‌ അയച്ചു. ഇടയ്‌ക്കിടയ്‌ക്ക്‌ ഇത്തരത്തിൽ എനിക്ക്‌ മെസേജ്‌ അയക്കുമായിരുന്നു. ഇ‍ൗയടുത്ത കാലത്ത്‌ ആറ്റുകാലമ്മയെ കുറിച്ചുള്ള എന്റെ ഒരു പാട്ട്‌ ഞാനയച്ചുകൊടുത്തിരുന്നു. അതിന്‌ ‘നന്നായിരിക്കുന്നു മോളെ’ എന്ന്‌ മറുപടി തന്നു. അവർ എന്നോട്‌ മലയാളം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. മലയാളി അല്ലാത്തതുകൊണ്ട്‌ മനസ്സിലാകില്ല എന്ന്‌ കരുതി ഞാനവരോട്‌ കഷ്ടപ്പെട്ട്‌ തമിഴിൽ സംസാരിക്കാനൊരുങ്ങിയപ്പോഴൊക്കെ തിരിച്ച്‌ മലയാളത്തിൽ സംസാരിക്കുന്നത്‌ കേട്ട്‌ ചമ്മിപ്പോയിട്ടുണ്ട്‌. മലയാളികളോട്‌ എപ്പോഴും അവർ മലയാളത്തിൽ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. കന്നഡ, തെലുങ്ക്‌ ഭാഷകളൊക്കെ സംസാരിക്കാൻ അവർക്ക്‌ കഴിവുണ്ടായിരുന്നു. മലയാളിയാണോ അവരെന്ന്‌ നമുക്ക്‌ തോന്നും ജാനകിയമ്മയുടെ മലയാളം പാട്ടുകൾ കേൾക്കുമ്പോൾ. തമിഴ്‌ പാടുമ്പോൾ ആ നാട്ടുകാരിയായിട്ടും തോന്നും. ഏത്‌ ഭാഷയിൽ പാടുമ്പോഴും ആ ഭാഷയോട്‌ അവർ പുലർത്തിയിരുന്ന അപാരമായ ഒരു സത്യസന്ധതയുണ്ട്‌. പാട്ടിന്റെ വരികളുടെ അർഥം ചോദിച്ച്‌ ഉൾക്കൊണ്ടിട്ടേ പാടിയിരുന്നുള്ളൂ. ഓരോ വാക്കിന്റെയും വരികളുടെയും അർഥം പൂർണമായി അവർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക്‌ അവയെല്ലാം പെയ്‌ത്‌ നിറയുകയായിരുന്നു. ഏത്‌ തരത്തിലുള്ള പാട്ടായാലും അതിന്റെ ആത്മാവ്‌ ഉൾക്കൊണ്ടിരുന്നു. പ്രണയഗാനമായാലും തമാശ നിറഞ്ഞ പാട്ടായാലും താരാട്ടായാലും അത്‌ നമ്മെ അനുഭവിപ്പിക്കും. വേദന നിറഞ്ഞ പാട്ടുകൾ പാടുമ്പോൾ പല തരത്തിലുള്ള വേദനകൾ ഉണ്ടെന്ന്‌ കേൾവിക്കാർക്ക്‌ മനസ്സിലാകും. നമ്മളും വിതുമ്പിപ്പോകും. ജാനകിയമ്മപാടിയ പാട്ടുകളിൽ ഒരു പാട്ടുപോലും നന്നായില്ല എന്ന്‌ ആരും പറയില്ല. മറ്റ്‌ ഒരു പാട്ടുകാർക്കും ഇ‍ൗ ഭാഗ്യമുണ്ടായിട്ടില്ല. വരികളുടെ ആത്മാവ്‌ ആദ്യം സ്വയം അനുഭവിച്ചശേഷം അത്‌ നമുക്ക്‌ പകർന്ന്‌ തരികയാണ്‌ ജാനകിയമ്മ, അതിന്റെ പൂർണതയോടെ. ‘‘പൊൻവാനം പന്നീർ തൂവത്‌ ഇന്നേരം...’’ എന്ന ഇളയരാജ സംഗീതം പകർന്ന പാട്ട്‌ എന്ത്‌ രസമായിട്ടാണ്‌ ജാനകിയമ്മ പാടിയത്‌. ആലാപനത്തിലെ വൈവിധ്യം പഠിക്കണമെങ്കിൽ ഇ‍ൗ പാട്ട്‌ മാത്രം കേട്ടാൽ മതി. ഓരോ തവണയും ‘പൊൻവാനം’ എന്ന്‌ പാടുന്നത്‌ ഓരോ ശൈലിയിലാണ്‌. അതുപോലെ ‘കാട്രിൻ എന്തെൻ ഗീതം കാണാതെ ഉന്നൈ തേടുതേ’ തുടങ്ങിയ പാട്ടുകളെല്ലാം അനുവാചകന്റെ ഹൃദയം നിറഞ്ഞുതൂവുന്ന അനുഭൂതിയാണ്‌ തരുന്നത്‌. ഇ‍ൗ പാട്ടുകളൊക്കെ എത്ര തവണ ഞാൻ കേട്ടിട്ടുണ്ട്‌ എന്ന്‌ പറയാൻ കഴിയില്ല. ജാനകിയമ്മയുടെ ഒരു പാട്ട്‌ നൂറു തവണ കേട്ടാലും നൂറ്റിയൊന്നാമത്തെ തവണ കേൾക്കുമ്പോഴും അതിൽ പുതുമയുണ്ടാകും. ജാനകിയമ്മയുടെ ഓരോ പാട്ടും ഗായകർക്ക്‌ പാഠപുസ്‌തകങ്ങളാണ്‌.

പി ഭാസ്‌കരൻ, ബാബുരാജ്‌, എസ്‌ ജാനകി കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെല്ലാം കാലത്തെ അതിജീവിക്കുന്നവയാണ്‌.

തളിരിട്ട കിനാക്കൾ തൻ..

സൂര്യകാന്തി..

താനേ തിരിഞ്ഞും മറിഞ്ഞും..

താമര കുമ്പിളല്ലോ മമ ഹൃദയം..

ഇരുകണ്ണീർ തുള്ളികൾ...

‐ പോലുള്ള പാട്ടുകൾ തലമുറകളിലൂടെ ഒഴുകിപ്പരക്കുക തന്നെ ചെയ്യും. ‘സന്ധ്യേ കണ്ണീരിതെന്തേ... (സലിൽ ച‍ൗധരി), ‘സ്വർണമുകിലേ’, മോഹംകൊണ്ടു ഞാൻ, ഗോപികേ (ജോൺസൺ), തേനും വയമ്പും (രവീന്ദ്രൻ) എന്നീ ഗാനങ്ങളെല്ലാം മലയാള ചലച്ചിത്ര സംഗീതത്തിലെ സ്വർണഖനികളാണ്‌. സ്വർണമുകിലേ.. പാടുമ്പോൾ എപ്പോഴും എനിക്ക്‌ കണ്ണു നിറയാറുണ്ട്‌. ജാനകിയമ്മയുടെ ഇത്തരം പാട്ടുകളിൽ നമ്മൾ ഇനിയും ആസ്വദിക്കാത്ത ഭാവതലങ്ങൾ ഏറെയുണ്ടാകും. മലയാളികളെ മലയാളഭാഷയിലേക്ക്‌ അടുപ്പിക്കുന്നതിൽ ഇതരഭാഷക്കാരിയായ ജാനകി എന്ന ഗായിക നൽകിയ സംഭാവന ഏറെയാണ്‌. പ്രകൃതിയോടുള്ള അവരുടെ അടങ്ങാത്ത അടുപ്പവും സ്‌നേഹവുമാണ്‌ ഹൃദയശുദ്ധിയുള്ള ഗായികയായി അവരെ നമുക്കിടയിൽ ഇക്കാലമാത്രയും നിർത്തിയത്‌. സംഗീതമുള്ള കാലത്തോളം ആ പേര്‌ തലമുറകൾ കൈമാറിക്കൊണ്ടിരിക്കും.

മകൻ മരിച്ചത്‌ ജാനകിയമ്മയുടെ തീരാത്ത ദുഃഖമായിരുന്നു. ഏകമകനായിരുന്ന മുരളികൃഷ്‌ണ ജനുവരിയിലാണ്‌ മരിച്ചത്‌. ‘പുത്രദുഃഖം ശോകം’ എന്നുപറഞ്ഞ്‌ എന്നെ വിളിച്ച്‌ കരഞ്ഞിരുന്നു. അതിൽനിന്നും അവർ പുറത്ത്‌ കടന്നിരുന്നില്ല. എന്നെ വിളിച്ചു സങ്കടപ്പെട്ടപ്പോൾ പോയി കാണാമെന്ന്‌ ഉറപ്പ്‌ കൊടുത്തു. ‘മോളേ ഞാൻ മൈസൂരിൽ തന്നെയുണ്ട്‌, മോള്‌ വരൂ’ എന്ന്‌ പറഞ്ഞു. കഴിഞ്ഞ ദിവസം ഞാൻ വരുന്ന കാര്യം ഓർമിപ്പിച്ച്‌ അയച്ച മെസേജ്‌ അമ്മ കണ്ടിരുന്നില്ല. ആ സമയത്ത്‌ അമ്മ ആശുപത്രിയിലായിരിക്കാം. ജൂലൈ പതിമൂന്നിന്‌ മൈസൂരിൽ പോയി കാണാൻ ട്രെയിൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നു. അപ്പോഴേക്കും അവരീലോകം വിട്ട് പോയി. അവസാനമായി പോയി കാണാൻ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്‌.

ലതികയും രാജേന്ദ്രനും വിവാഹവേളയിൽ എസ്‌ ജാനകിക്കൊപ്പം  ലതികയും രാജേന്ദ്രനും വിവാഹവേളയിൽ എസ്‌ ജാനകിക്കൊപ്പം

മലയാളത്തിൽ പാടിയ കൃഷ്‌ണഭക്തി ഗാനങ്ങളെല്ലാം ചേർത്ത്‌ ഒരു ആൽബം ഇറക്കണമെന്ന ആഗ്രഹം അമ്മയ്‌ക്കുണ്ടായിരുന്നു. അതിനായി അവർ ചില ശ്രമങ്ങളും നടത്തി. എന്നാൽ അമ്മ പാടിയ പാട്ടുകളെല്ലാം മറ്റൊരു ഗായികയുടെ പേരിൽ പുതിയ ഒരു കമ്പനി ഇറക്കിയിരുന്നു. അത്‌ വലിയ സങ്കടത്തോടെയാണ്‌ അമ്മ പറഞ്ഞത്‌. ഇത്‌ തെറ്റായ ഒരു രീതിയാണ്‌. ജാനകിയമ്മ, സുശീലാമ്മ എന്നിവരെല്ലാം പാടി ഹിറ്റാക്കിയ പല പാട്ടുകളും ഇന്ന്‌ മറ്റു ചില ഗായികമാരുടെ പാട്ടുകളായിട്ടാണ്‌ അറിയപ്പെടുന്നത്‌. പുതിയ തലമുറയിലുള്ളവർക്ക്‌ ഇ‍ൗ പാട്ടുകളെല്ലാം പാടിയത്‌ മറ്റുപലരുമായിട്ടാണ്‌ അറിയുന്നത്‌. ഇത്‌ വല്ലാത്ത അനീതിയാണ്‌. ഒരാൾ പാടിവെച്ചത്‌ പിന്നീട്‌ മറ്റൊരാളുടെതായി ചരിത്രത്തിൽ അടയാളപ്പെടുന്നത്‌ സങ്കടകരമാണ്‌. ധാർമികമായ തെറ്റാണത്‌. വലിയ കലാകാരന്മാരോട്‌ ചെയ്യുന്ന അനീതിയാണ്‌. നിയമപരമായി പകർപ്പവകാശത്തിലെ ചില പിഴവുകളാണ്‌ ഇത്തരം തെറ്റുകൾക്ക്‌ കാരണമാകുന്നത്‌ എന്നാണ്‌ മനസ്സിലാകുന്നത്‌. ഇതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത ഒരവസ്ഥ നിലവിലുണ്ട്‌. ജാനകിയമ്മയുടെ പാട്ടുകളെല്ലാം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന എളിയ കലാകാരിയാണ്‌ ഞാൻ. ആ ഗാനലോകം തുറന്നുതരുന്ന സംഗീത പ്രപഞ്ചം കണ്ടു വിസ്‌മയിക്കാനേ പറ്റൂ. ആ സിംഹാസനത്തിൽ മറ്റാർക്കും ഇരിക്കാൻ കഴിയില്ല. അത്‌ ഒഴിഞ്ഞുതന്നെയിരിക്കും .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home