കവിത

കവിത: സന്ധ്യാമരത്തിലെ പെൺനിലാവ്‌ ‐ ഏഴാച്ചേരി രാമചന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2025, 02:38 PM | 2 min read


ഞങ്ങൾക്കു ഞങ്ങടെ നേരു കായ്‌ക്കുന്നൊരീ

വംശവൃക്ഷങ്ങൾ തിരിച്ചുവേണം;

ഞങ്ങൾക്കു ഞങ്ങളെ കൊന്നു കുഴിച്ചിട്ട

കുന്നും കുരിശും പതിച്ചുവേണം.

ഞങ്ങ,ളനാദികാലം മുതലേ, കനൽ‐

ക്കണ്ണിൽത്തിളയ്‌ക്കുന്ന പന്തവുമായ്‌,

കാവുകൾ തോറും ബലിമരങ്ങൾ നട്ടു

ചോരതളിച്ച നായാടി മക്കൾ.

2

മന്ത്രം മറന്ന രുദ്രാക്ഷങ്ങളാൽ ഞങ്ങൾ

ഗന്ധർവശിൽപ്പം മെനഞ്ഞെടുത്തൂ;

കൊട്ടാരവാതിലിൽ ഗോപുരം കാക്കുന്ന

ചെട്ടിച്ചികൾക്കതു കാഴ്‌ചവെച്ചു.

ഇടയന്റെ മക്കളെ,ന്നിലവാതിലിൽ മറ‐

ഞ്ഞൊരുപറ്റം നത്തുകളാക്ഷേപിയ്‌ക്കെ,

ഗന്ധർവന്മാരും രതിദേവതമാരും

സന്ധ്യാമരത്തിലെപ്പെൺനിലാവും,

ആക്ഷേപഹാസ്യങ്ങൾ കേൾക്കാതിരുന്നീല

പൂക്കൾ പുണർന്ന മലമ്പള്ളയിൽ

3

എന്നിട്ടുമെന്നിട്ടും അന്നപൂർണിക്കിളി

പൊന്നുവിതാനിച്ച തൃപ്പടികൾ

എണ്ണിച്ചവിട്ടിക്കടന്നു വന്നേൻ, ഹര‐

പഞ്ചാക്ഷരി ച്ചൂരിയന്ന കാറ്റിൽ.

നല്ലൂരിടം നമുക്കന്യമല്ലാ, വേട‐

മൺകുടിലും മണൽക്കാറ്റും.

എല്ലാം കടന്നു കടന്നു നാ, മാര്യന്റെ

വഞ്ചനാപഞ്ചകത്തേരു ചുട്ടു.

എല്ലാം മറന്നു മറന്നു നാമാദിത്യ

കഞ്ചുകമന്ത്രം പുതച്ചുറങ്ങി.

4

ഈ നൃത്ത‐താള സവിശേഷതകൾക്കു

ശ്രീവിദ്യനെഞ്ചിടിപ്പോടേ,

ഈണം വിളമ്പുന്നു തഞ്ചാവൂർ പട്ടരും

പാണനും കൈകോർത്തുനിൽക്കെ.

പ്രാണവസുന്ധരേ, ‘നമ്മളൊന്നാ’ണെന്നു

പ്രേമം പുണർന്ന ചിരിയാൽ

പണ്ടേ ‘പുലാമന്തോൾഷാരടി’1മീട്ടിയ

കിന്നരമാണെന്റെ കയ്യിൽ

ആണ്ടാൾപുരം വിട്ടുവന്ന ശിവകാമി

‘കാന്താരതാരകം’ കാഴ്‌ചവെച്ചു.

മുന്നിലും പിന്നിലും എന്നിലും നിന്നിലും

ചെങ്കൊടിച്ചെത്തം വിതച്ചു.

5

മൂപ്പിളമത്തർക്കമെന്തിതമ്പായീ

കാറ്റിൻമകൻ നയിക്കുമ്പോൾ!

പേരാറും നെയ്യാറും ശ്രീരുദ്രഗംഗയും

കാവേരിയും ‘ശുദ്ധ സാവേരി’യും2

ഒന്നായൊഴുകുമീനീരൊഴുക്കിൽ നിന‐

ക്കെെന്നസ്സമർപ്പിയ്‌ക്കയല്ലോ!

പൊന്നാപുരം േകാട്ട കീഴടക്കാനുള്ള

സംഗ്രാമധീരക്കുതിപ്പിൽ,

കീഴൂരിടംതൊ,ട്ടസുരകാലത്തിന്റെ

‘കീഴ്‌വെൺമണി’3ത്തുണയോടേ,

ഞങ്ങളേ ഞങ്ങൾ തിരിച്ചറിഞ്ഞെത്തുന്നു

പെങ്ങളേ, നീയിടം പാടുനിൽക്കെ.

6

നരകവാതിൽ തുറ,ന്നസുരവാദ്യങ്ങളാൽ

ശിവപുരാണസ്തവമേറ്റുപാടി

തെക്കൻ കൊടുങ്കാ‘റ്റസുരനാരായണം’

മൃത്യുഞ്ജയത്തോടുചേർത്തുചൊൽകെ

തൊട്ടുകൂടായ്‌മക,ളെന്തിന്നു ദ്രാവിഡ‐

ച്ചിത്രവേണീ പുരത്തന്നപൂർണീ?

മുങ്ങിക്കുളിച്ചു വ്രതശുദ്ധിയേൽക്കുവാൻ

ഗംഗകാവേരിയെ തൊട്ടുതീണ്ടി,

പൊന്നാനിവേനൽക്കനൽപ്പാട്ടുമൂളുന്നി‐

തിമ്പിച്ചിബാവയും ബാബുക്കയും! അവർ‐

കൈകോർത്തുമുന്നിൽവരുന്നകണ്ടോ; കടൽ

മങ്കേ കലാപശലാകേ!

7

തെക്കൻകൊടുങ്കാറ്റിന്നസ്‌ത്രസാമർഥ്യങ്ങൾ

‘മക്കൾ തിലക’ങ്ങൾ കണ്ടുനിൽക്കെ,

ദ്രാവിഡച്ചിറ്റേ വലംപിരിശ്ശംഖിലെ

നോവുയിർക്കുന്നു‘ധന്യാഡി’രാഗം.

നീ പെരുഞ്ചോറ്റുദയന്റെ നേർപെങ്ങളെ‐

ന്നാരാലറിയുവോരാണു ഞങ്ങൾ.

തഞ്ചാവൂരിൽനിന്നു കാശ്‌മീരിലേയ്്‌ക്കുള്ള

സഞ്ചാരസംഗ്രാമസർഗദൗത്യം,

നമ്മളെത്തമ്മിലിണക്കുന്നു മാർകഴി‐

ച്ചന്ദ്രികേ, ‘ഒറ്റച്ചിലമ്പി’നൊപ്പം.

മാരുതസഞ്ചാരപാത, നമുക്കനു‐

കൂലം കുലാചലത്തോളം!

8

വാതിൽ തുറക്കുന്നൊ,രോഷധിപ്രസ്ഥമേ,3

ദൂരങ്ങൾ, നേരിന്നിണങ്ങർ.

അഴകിയ പാണ്ടിപുരം കടന്നാദിത്യ

വഴികളിൽ കുത്തുവിളക്കുമേന്തി,

ഒത്തുപിടിച്ചാൽ ഹിമാചലം പോരുമെ‐

ന്നസ്‌തമയങ്ങൾതന്നസ്‌ത്രശാസ്‌ത്രം!

നത്തുകൾവന്നു കുടിപാർക്കുമീ, നരി‐

പ്പൊത്തുകളേഴും തിരിച്ചറിഞ്ഞ്‌,

മർത്യതയ്‌ക്കന്നം വിളമ്പുന്ന കയ്യിലെ

മൃത്യുഞ്‌ജയത്തഴമ്പുമ്മവെച്ച്‌

മുമ്പിൽ നയിക്കുമീപ്പാർഥസാരഥിയോടു

സന്ധിചെയ്യുന്നു വിശുദ്ധകാലം!

‘മുന്നോട്ടുമുന്നോട്ടെ’ന്നല്ലയോ പാടുന്നു

കണ്ണീർത്തുരുത്തും കനൽപ്പൂക്കളും

പിന്നെയും മുന്നോട്ടെന്നാർത്തുവിളിയ്‌ക്കുന്നു

കണ്ണൂർക്കരുത്തും കടൽക്കോട്ടയും .


കുറിപ്പുകൾ:

1. ചെറുകാട്‌

2. സാവേരി‐ കർണാടക സംഗീതത്തിലെ ഒരു രാഗം.

3. കീഴ്‌വെൺമണി ‐ കമ്യൂണിസ്റ്റുകാരെ ജന്മിമാർ

കൂട്ടക്കൊല ചെയ്‌ത തമിഴ്‌നാട്ടിലെ ഗ്രാമം

4. ഓഷധിപ്രസ്ഥം‐ ഹിമവാന്റെ വീട്‌




Tags
deshabhimani section

Related News

View More
0 comments
Sort by

Home