റപ ന്യൂയികളും മോവായികളും

റപ ന്യൂയി (Rupa Nui) വൈചിത്രങ്ങളുടെ നാടാണ്. പസഫിക് സമുദ്രത്തിൽ ത്രികോണാകൃതിയിൽ കാണപ്പെടുന്ന ഒരു ദ്വീപാണിത്. ഇതിന്റെ മധ്യഭാഗത്തിന് വെറും 25 കിലോമീറ്റർ മാത്രമേ വീതിയുള്ളു. 16628 ഹെക്ടർ വിസ്തീർണവും. ഒരു ദിവസത്തിനുള്ളിൽ നമുക്ക് ഒന്നോടിനടന്നു കണ്ടുവരാം. ഏതാണ്ട് 7000 മാത്രമാണ് ജനസംഖ്യ. ടൂറിസമാണ് പ്രധാന വരുമാന മാർഗം. ചിലിയിൽ നിന്നും 3700 കിലോ മീറ്റർ അകലെ ഉൾക്കടലിലാണ് ഇതിന്റെ സ്ഥാനം. ജനവാസമുള്ള അയൽപക്കത്ത് എത്താൻ 1700 കിലോ മീറ്റർ സമുദ്രത്തിലൂടെ സഞ്ചരിക്കണം. കടലിനുള്ളിലെ ഒറ്റപ്പെടലും തനത് കാലാവസ്ഥയും റപ ന്യൂയിയിലെ ജൈവവൈവിധ്യത്തെ പരുവപ്പെടുത്തി. ഇവിടെ യാണ് പനവർഗത്തിലെ ഏറ്റവും ഉയരമുള്ള മരങ്ങൾ കാണപ്പെട്ടിരുന്നത്. മരങ്ങൾ (Hard wood) ഇവിടെ ഉരുവമെടുത്തിരുന്നില്ല. കടൽകടന്ന് മനുഷ്യരല്ലാതെ മറ്റൊരു ജീവജാലവും എത്താത്ത ദിക്കെന്നു ചുരുക്കം. റപ ന്യൂയിലെത്തിയവർ റപന്യൂയികൾ എന്നറിയപ്പെട്ടു. ദ്വീപിലെ ഇല്ലായ്മകളുമായി അവർ ജീവിച്ചു. ശോഷിച്ച സസ്യസമ്പത്ത്, നേർത്ത മേൽമണ്ണ്, മഴക്കുറവ് തുടങ്ങിയ പരിമിതികളെ തരണം ചെയ്ത് അവർ കൃഷിചെയ്തു.
കോൺ ടിക്കി യാത്ര
സി ഇ 1200ലാണ് ജനവാസം ആരംഭിച്ചത്. തെക്കേ അമേരിക്കയിൽനിന്ന് മുളകൾ കൊണ്ടുള്ള ചങ്ങാടങ്ങളിലാണ് ന്യൂയിയിലേയ്ക്ക് കൂടിയേറ്റമുണ്ടായത്. പോളിനേഷൻ ദ്വീപുകളിലേയ്ക്കുള്ള ആദിമ മനുഷ്യരുടെ ഈ യാത്രയെ വെറുമൊരു കഥയായിട്ടാണ് ഒരു കാലത്ത് കരുതിയിരുന്നത്. നോർവീജിയൻ സാഹസികനും നരവംശശാസ്ത്രജ്ഞനുമായ തോർ ഹെയർദാൽ (Thor Heyerdahl) 1947 ൽ കോൺ ടിക്കി (Kon-Tiki) എന്നൊരു ചങ്ങാടം കെട്ടിയൊരുക്കി 101 ദിവസങ്ങളിലെ കടൽയാത്ര നടത്തി പസഫിക്കിലെ ദ്വീപുകളിൽ എത്തിച്ചേർന്നു. ഇൗ യാത്രയുടെ വിവരണമാണ് കോൺ ടിക്കി യാത്ര എന്ന പുസ്തകം.
ഈസ്റ്റർ ദീപ്
റപ ന്യൂയിയെ ആദ്യമായി ‘കണ്ടത്’ ജേക്കബ് റൊഗ്വിൻ (Jacob Roggeveen) എന്ന ഡച്ച് നാവികനാണ്. യൂറോപ്പിൽ നിന്നുള്ള യാത്രയിൽ ഈയാളുടെ ടെലസ്കോപ്പിൽ ദ്വീപ് പതിഞ്ഞു. നിർജീവമായ മണൽപ്പരപ്പിൽ നിന്നും പുകയുയരുന്നത് ഇവരിൽ കൗതുകമുണ്ടാക്കി. 1722 ഏപ്രിൽ അഞ്ചിന് അവരങ്ങനെ ദ്വീപിൽ കാലുകുത്തി. ഇത് ഉയിർത്തെഴുന്നേൽപ്പ് ദിനത്തിലായതിനാൽ താൻ ‘കണ്ടെത്തിയ’ ദ്വീപിനെ ഈസ്റ്റർ ദീപ് എന്നു ജേക്കബ് റൊഗ്വിൻ വിളിച്ചു. സൗമ്യരായ ആദിമനിവാസികൾക്ക് നേരെ ‘പരിഷ്കൃത’ രീതിയിൽ വെടിവച്ച് പന്ത്രണ്ടിൽപ്പരം സാധുക്കളെ മൃഗീയമായി വകവരുത്തുകയും ചെയ്തു.
മനുഷ്യപ്പാവകൾ
റപ ന്യൂയിയിൽ പത്താം നൂറ്റാണ്ടുമുതൽ സ്വതന്ത്രസംസ്കാരം ആരംഭിച്ചു. മുപ്പതടി ഉയരത്തിലുള്ള മനുഷ്യപ്പാവകകളാണ് അതിൽ പ്രധാനം. നീണ്ട മുഖമുള്ള അവയെ മോവായി ( (Moai) കൾ എന്നു വിളിച്ചു. പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ തൊള്ളായിരത്തിൽപരം മോവായികൾ ആ ചെറുദേശത്ത് നിർമിക്കപ്പെട്ടു. സമുദ്രതീരത്തിലെ പീഠത്തിൽ നിരനിരയായാണ് സ്ഥാപിച്ചിരുന്നത്.
ക്വാറികളിൽ നിന്നും എങ്ങനെയാണ് ടൺ കണക്കിന് ഭാരമുള്ള ഇവയെ സമുദ്ര തീരത്തിലെ പീഠങ്ങളിൽ ചുമന്നെത്തിച്ചിരിക്കുക? നിലത്തിലൂടെ നിരക്കിക്കൊണ്ടുവരാൻ മരങ്ങളും ഉയർത്തി നിർത്താൻ വടങ്ങളുമില്ല!!!
അതിശയക്കാഴ്ച
പൂർവികരാധനയുടെ തെളിവായ ഈ കൂറ്റൻ ആൾരൂപങ്ങളുടെ അടിവശം മണലിലൂടെ വലിച്ചുകൊണ്ടു പോകാൻ പാകത്തിലാണ് ഉണ്ടാക്കിയിരുന്നത്. സ്ഥാപകത്തറയിലെത്തിച്ചശേഷമാണ് അടിവശത്തെ പണികൾ പൂർത്തിയാക്കി ഉയർത്തി വച്ചിരുന്നത്. പ്രത്യേക തരത്തിലുള്ള നിർമാണ രീതിയായതിനാൽ 4.35 ടൺ ഭാരമുള്ള മോവായിയെ നൂറുമീറ്റർ ദൂരം നീക്കാൻ 40 മിനുട്ട് സമയം മതിയെന്നും അതിനാവശ്യമായ മാനവശേഷി 18 പേരുടേതുമാണെന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തി. യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ടൂറിസം കേന്ദ്രമായ റപ ന്യൂയി നേരിടുന്ന പുതിയ ഭീഷണി കടൽകയറ്റമാണ്. കടൽനിരപ്പ് മോവായികൾ സ്ഥാപിച്ച അടിത്തട്ടു വരെ എത്തിക്കഴിഞ്ഞു.









0 comments