പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകം; ദമ്പതികൾ കസ്റ്റഡിയിൽ

murder
avatar
സ്വന്തം ലേഖകൻ

Published on Jun 24, 2025, 09:07 PM | 2 min read

പള്ളുരുത്തി : ഇടക്കൊച്ചി ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. കേസിൽ പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷെഹന (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്നും പിടിയിലായ ഷിഹാബും ഷെഹനയും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയൽ പറഞ്ഞു.


പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡ്‌ വഴിയകത്ത് വീട്ടിൽ അക്ബറിന്റെ മകൻ ആഷിക്കിനെയാണ്‌ (30) മത്സ്യം കൊണ്ടു പോകുന്ന ശീതീകരിച്ച വാനിന്റെ വാനിന്റെ മുൻ സീറ്റിൽ ദൂരൂഹ സാഹചര്യത്തിൽ തിങ്കൾ രാത്രി ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. മാർക്കറ്റിൽ മീൻ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിക്കിന്.


സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങിനെ: ആഷിക്കും യുവതിയും തിങ്കൾ രാത്രി വാനിൽ ഒരുമിച്ചു യാത്ര ചെയ്‌തു. തുടർന്ന്‌ വാഹനം ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്‌തു. ഈ സമയം മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഭർത്താവ്‌ ഷിഹാബിനെ സംഭവ സ്ഥലത്തേക്ക് ഷെഹന വിളിച്ചു വരുത്തി. ആഷിക്കിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം ഷിഹാബ് കടന്നു കളഞ്ഞു. ചോര വാർന്ന് മരണം ഉറപ്പാക്കിയ ശേഷം ഷെഹന നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽ പെട്ടതായി ആഷിക്ക്‌ തന്നെ വിളിച്ച്‌ അറിയിച്ചുവെന്നും തുടർന്ന്‌ സ്ഥലത്ത്‌ എത്തുകയായിരുന്നുവെന്നുമാണ്‌ ഷെഹന നാട്ടുകാരോട്‌ പറഞ്ഞത്‌.


ആഷിക്കും ഷെഹനയും അടുപ്പത്തിലായിരുന്നു. ഇത് ഭർത്താവ് അറിഞ്ഞപ്പോൾ ആഷിക്കുമായുള്ള ബന്ധത്തിൻ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു. പീഡിപ്പിച്ചുവെന്ന് കാണിച്ച് ഷെഹനയെ കൊണ്ട് ആഷിക്കിനെതിരെ പരാതി നൽകി. കേസിൽ ആഷിക്ക് റിമാൻഡിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷെഹനയുടെ നഗ്നചിത്രം കൈവശമുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ആഷിക്ക് ഭീഷണിപ്പെടുത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. തുടർന്നാണ് ആഷിക്കിനെ കൊല്ലാൻ ഇരുവരും തീരുമാനിച്ചതെന്നും പൊലീസ്‌ പറയുന്നു.


കത്തി വാങ്ങിയത്‌ ഓൺലൈനിൽ നിന്ന്‌


കുത്താൻ ഉപയോഗിച്ച കത്തി പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് പൊലിസ് കണ്ടെത്തി. കത്തി പ്രതികളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരു തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റ് രക്തം നഷ്ടപ്പെട്ടതാണ് ആഷിക്കിന്റെ മരണകാരണം. കഴുത്തിലും പരിക്കുള്ളതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home