ഫോൺ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

സുൽത്താൻപൂർ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ ചൊല്ലി ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ധൻപത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സേവ്ര ചാർത്തൈ സ്വദേശി കുസും (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നഖ്ചേദിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ച ജോലിക്കിടെ നഖ്ചേദ് ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും തിരക്ക് കാരണം കുസുമിന് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ നഖ്ചേദ് അർദ്ധരാത്രിയോടെ വീട്ടിലെത്തി കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒമ്പതും എട്ടും വയസ്സുള്ള മക്കൾ തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരെ തള്ളിമാറ്റി.
തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിയ കുസും ചൊവ്വാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രതി വീണ്ടും വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായ കുസുമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഞ്ജു മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി സർക്കിൾ ഓഫീസർ അശുതോഷ് കുമാർ അറിയിച്ചു. കൊല്ലപ്പെട്ട കുസുമിന് മൂന്ന് മക്കളുണ്ട്.










0 comments