യുപിയിൽ രണ്ടു കുട്ടികളെ കഴുത്തറുത്ത് കൊന്നു; കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. അർദ്ധനഗ്നമായ നിലയിലും കൈകാലുകൾ ബന്ധിച്ച നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കളായ പ്രിൻസ് (12), അഭിഷേക് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ ഇവരെ കാണാതായിരുന്നു. ഭക്‌സ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏറ്റവും അവസാനം കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വൈകിയിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് കുടുംബം ഇവരെ അന്വേഷിച്ചിറങ്ങുകയായിരുന്നു. പ്രിൻസിന്റെ കൈകളും അഭിഷേകിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലുമായിരുന്നു മൃതദേഹങ്ങൾ. കുട്ടികളുടെ വായിൽ തുണി തിരുകിയിട്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്‌സയിലുള്ള അമ്മാവന്റെ വീട്ടിലെത്തിയതായിരുന്നു പ്രിൻസ്. കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതായ വിവരം ലഭിച്ചതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു. അടുത്ത ദിവസം അവരുടെ മൃതദേഹം കണ്ടെടുത്തു. തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ ഉടൻ കണ്ടെത്തും. കർശനമായ ശിക്ഷ നൽകും. കേസന്വേഷണം വേഗത്തിലാക്കാൻ പോലീസ് സംഘങ്ങൾ ഒന്നിലധികം വഴികളിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments