പത്ത് ലക്ഷം ഫോളോവേഴ്സ്: വ്യവസായിയുടെ നഗ്നത പകർത്തി കോടികൾ തട്ടിയ സോഷ്യൽ മീഡിയ താരം പിടിയിൽ

സൂറത്ത്: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തതായുള്ള കേസില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവതി പിടിയിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കീര്‍ത്തി പട്ടേലിനെയാണ് അഹമ്മദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട ബാക്കി നാലുപ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസിന് കീർത്തിയെ കണ്ടെത്താൻ കഴിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് കീര്‍ത്തി പട്ടേല്‍. പൊലീസ് അന്വേഷിക്കുമ്പോഴും അവർ സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടർന്നു. കഴിഞ്ഞ ആഴ്ച, ഒരു ഓൺലൈൻ കാസിനോ പ്രൊമോട്ട് ചെയ്യുന്നതിനായി അവർ ഒരു റീൽ പോസ്റ്റ് ചെയ്തതത് ആറ് ലക്ഷത്തിലധികം പേർ കണ്ടു.
സൂറത്തിലെ കെട്ടിടനിര്‍മാണ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി കീര്‍ത്തി പട്ടേലും സംഘവും പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷമാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്.
കീര്‍ത്തി പട്ടേലും കൂട്ടാളികളും തന്നെ ഒരു ഫാംഹൗസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മദ്യവും ഭക്ഷണവും നല്‍കി. ഇതിനിടെ ബോധരഹിതനായപ്പോൾ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. നഗ്നയായ യുവതിക്കൊപ്പം നിര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പരാതിക്കാരൻ ബോധിപ്പിച്ചത്.
ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ പിന്നീട് പണം വാങ്ങിച്ചു. ഭൂമിതര്‍ക്കം ചര്‍ച്ചചെയ്യാനെന്ന വ്യാജേനയാണ് ഫാം ഹൌസിലേക്ക് കൊണ്ടുപോയത് എന്നാണ് പരാതിക്കാരന്റെ വിശദീകരണം.

കീര്‍ത്തി പട്ടേലിന്റെ കൂട്ടാളികളായ ഒരു യുവതി അടക്കം നാലുപേരെ പിടികൂടി. എങ്കിലും കീര്‍ത്തിയെ മാത്രം കണ്ടെത്താനായില്ല. പോലീസിനെ വെട്ടിച്ച് വിവിധനഗരങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവർ. സിം കാർഡും ഐപി അഡ്രസും മാറ്റുന്നതായിരുന്നു തന്ത്രം. ഹണിട്രാപ്പ് കേസിന് പുറമേ ഭൂമി കയ്യേറ്റത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും യുവതിക്കെതിരേ കേസുണ്ടെന്നും പോലീസ് പറയുന്നു.










0 comments