സ്വർണ്ണം വിട്ട് ലഹരിയിലേക്ക് കള്ളക്കടത്ത് സംഘങ്ങൾ; വിമാനത്താവളങ്ങളിൽ പുതിയ വെല്ലുവിളി

cannabis drying dbi
avatar
എൻ എ ബക്കർ

Published on May 15, 2025, 02:08 PM | 3 min read

കൊച്ചി: സ്വർണ്ണ കടത്തിനെതിരായ പരിശോധനകളും നിരീക്ഷണങ്ങളും കർശനമാവുകയും അവിഹിത കൂട്ടുകെട്ടുകൾ കൂടുതലായി തകർക്കപ്പെടുകയും ചെയ്തതോടെ ലഹരി വസ്തുക്കളിലേക്ക് കൂടുമാറി കള്ളക്കടത്ത് സംഘങ്ങൾ. റോഡ് മാർഗ്ഗം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരിയായിരുന്നു ഇതുവരെ ഭീഷണി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘങ്ങൾ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത.  


ഹൈബ്രിഡ് കഞ്ചാവ്, ഇ-ലഹരി, ലഹരിമിഠായികൾ, സംയുക്തങ്ങൾ എന്നിങ്ങനെയാണ് സംഘത്തിന്റെ പ്രധാന ഇനങ്ങൾ. കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100 കോടി രൂപയിലധികം വിലവരുന്ന ലഹരി കടത്താണ് പിടികൂടിയത്. നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ മാസം തമിഴ്നാട് സ്വദേശിയായ യുവതിയിൽ നിന്നും 35 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലായിരുന്നു കണ്ടെത്തൽ.


നെടുംബാശ്ശേരിയിൽ തന്നെ കഴിഞ്ഞ മാർച്ചിൽ 1.7 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് ഇനവുമായി രണ്ട് യുവതികൾ പിടിയിലായി. മേക്കപ് സാധനങ്ങളിൽ കലർത്തിയായിരുന്നു ഇവയുടെ കടത്ത്. രാജസ്ഥാൻ സ്വദേശികളായ യുവതികൾ ഉത്തരേന്ത്യൻ വിപണിയാണ് ലക്ഷ്യമാക്കിയിരുന്നത്. നടികൾ എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഫെബ്രുവരിയിൽ പഞ്ചാബ് സ്വദേശിയിൽ നിന്ന് ആറ് കോടി രൂപയുടെ വീര്യംകൂടിയ കഞ്ചാവും കണ്ടെത്തി പിടികൂടി. തായ്ലലൻഡിൽ നിന്നും എത്തിയ യാത്രക്കാരനായിരുന്നു.


പരിശോധനയിൽ ചോക്ലേറ്റ്, അകത്ത് ലഹരി


മിഠായികളിലും കേക്ക്, ബിസ്‌കറ്റുകൾ എന്നിവയിലും കലര്‍ത്തിയുള്ള കടത്താണ് കരിപ്പൂരിൽ കണ്ടുപിടിച്ചത്. ബ്രാന്‍ഡഡ് ചോക്ലേറ്റുകളിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ലഹരിമരുന്ന് കലർത്തുന്നത്. മിശ്രിതങ്ങളായും പാക്കറ്റുകളിൽ ഇടകലർത്തിയും എത്തിക്കുന്നു. നിലവിലെ സംവിധാനത്തിൽ എക്സറേ പരിശോധനിയിലൂടെ ഇവ കണ്ടെത്തുക എളുപ്പമല്ല. ഭക്ഷ്യവസ്തുക്കൾ പൊതുവെ യാത്രക്കാർ കൊണ്ടുവരുന്നവയാണ്. ഇവ ലഹരി കലർത്തിയതാണോ എന്ന് തിരിച്ചറിയുക അതിനായി പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ഒന്നും തന്നെ നിലവിലില്ല.


kannabis chocolate


ഒരു കിലോ സ്വര്‍ണം കടത്തുമ്പോൾ ഏഴുലക്ഷം രൂപ വരെ മിച്ചം ലഭിച്ചിരുന്ന കാലം മാറി. നികുതി കുറച്ചതോടെ ഇപ്പോൾ മൂന്നു ലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. ഇടനിലക്കാരും കൈക്കൂലിയും എല്ലാമായി ഇതിന് വലിയ ചിലവ് വരികയും ചെയ്യും. എന്നാൽ വിദേശത്ത് 10 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തുമ്പോൾ രാജ്യത്ത് അതിന് ഒരു കോടിയോളം രൂപ വിപണി വില നിലനിൽക്കുന്നു. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രൂപ വരെയാണ് വില.


കൂടുതലായി വനിതകളെ ഉപയോഗിക്കുന്നു


സ്ത്രീകളെയാണ് വിമാനത്താവളങ്ങൾ വഴിയുള്ള മയക്കു മരുന്ന് കടത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് ഇങ്ങനെ സ്ത്രീകളെ കരിയറായി ഉപയോഗപ്പെടുത്തുന്ന പ്രവണത വർധിച്ചു. ബാങ്കോക്കിൽ നിന്നാണ് അധികവും ഇത്തരത്തിൽ വാഹകർ യാത്ര ചെയ്ത് എത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരെയാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത് എന്നും കാണാം.


മാർച്ചിൽ നെടുംബാശ്ശേരിയിൽ 15 കിലോഗ്രാം ഹൈഡ്രോപോണിക് ഖഞ്ചയുമായി രണ്ട് സ്ത്രീകളെ പിടികൂടി അറസ്റ്റ് ചെയ്തതിൽ ഒരാൾ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഒരു മോഡലും മറ്റൊരാൾ ഡൽഹിയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. മാർച്ച് 19 ന് തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയപ്പോഴാണ് അവരെ പിടികൂടിയത്.
ganja trafficking arrested women


ള്ളക്കടത്തുമായി വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് അവർ ബാങ്കോക്കിൽ താമസിച്ചിരുന്ന സ്ഥലത്ത് അത്തരം 17 വനിതാ കാരിയർമാരുണ്ടായിരുന്നു എന്നാണ് ഈ വനിതകൾ കസ്റ്റംസിന് മൊഴി നൽകിയത്. ഓരോ യാത്രയ്ക്കും പ്രതിഫലം, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയ്ക്ക് പുറമെ ഉല്ലാസ യാത്രയും കാരിയറുകൾക്ക് വാഗ്ദാനം ചെയ്യുന്നു.


നിയമം ഒന്ന്, ലഹരി പലത്


ഒരുകാലത്ത് സാധാരണ കഞ്ചാവ് ഉപയോഗിക്കുന്നവർക്കിടിയിൽ പ്രസിദ്ധമായിരുന്നു പശ്ചിമഘട്ട മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ. എന്നാൽ വീര്യം കൂടിയ ഹൈബ്രിഡ് ഇനങ്ങൾ ആധുനിക ശാസ്ത്ര സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച് വളർത്തിയാണ് വിദേശങ്ങളിൽ നിന്നും എത്തുന്നത്. പ്രാദേശിക ഇനങ്ങൾ വീര്യത്തിൽ ഔട്ടായി.


കഞ്ചാവ് ഇൻഡിക്ക, കഞ്ചാവ് സാറ്റിവ എന്നീ ഇനങ്ങളുടെ സംയോജനത്തിൽ നിന്ന് വളർത്തിയെടുത്ത ഇനമാണ് പൊതുവെ ഹൈബ്രിഡ് കഞ്ചാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സാറ്റിവ ഇനങ്ങളാണ് കൂടുതൽ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. സാധാരണ തണുപ്പുള്ള കുന്നിൻ പ്രദേശങ്ങളിൽ വളരുന്ന ചെടികളുമായി ഇവയ്ക്ക് വ്യത്യാസമുണ്ട്.


ഇപ്പോൾ വിപണിയിൽ വിലമതിക്കപ്പെടുന്ന മിക്ക ഇനങ്ങളും സങ്കരയിനങ്ങളാണ്. ഇവ ആസൂത്രിത കൃഷി രീതിയിൽ വളർത്തപ്പെടുന്നവയാണ്. വിദേശ രാജ്യങ്ങളിൽ എല്ലായിടത്തും ഇവയ്ക്ക് നിരോധനം ഇല്ലെന്നതും മയക്കുമരുന്ന് കടത്ത് സംഘങ്ങൾ പ്രയോജനപ്പെടുത്തുന്ന സാഹചര്യമാണ്. എൻ‌ഡി‌പി‌എസ് ആക്ടിൽ (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) കഞ്ചാവിന്റെ വ്യത്യസ്ത വിഭാഗങ്ങളോ വ്യത്യസ്ത ശിക്ഷാ വ്യവസ്ഥകളോ ഇല്ല. ആക്റ്റിൽ കഞ്ചാവ് മാത്രമേ പരാമർശിക്കുന്നുള്ളൂ.




deshabhimani section

Related News

View More
0 comments
Sort by

Home