19 February Tuesday

'ആ നെല്ലിക്കക്കാരനെ ഇടിച്ചിട്ട സൈക്കിളുകാരന്‍ നീ തന്നെയല്ലേ '...

പ്രദീപ് ഗോപാല്‍Updated: Friday Jan 5, 2018


'ഞാനല്ല, ആ താടിക്കാരനാണ്', നെല്ലിക്കക്കാരനെ സൈക്കിളുകൊണ്ട് ഇടിച്ചിട്ടശേഷം രാജേഷ് മാധവന്‍ പറഞ്ഞു. നീതന്നെയെന്ന് കാഴ്ചക്കാരും. മലയാള സിനിമയിലേക്ക് രാജേഷ് മാധവനെന്ന കാസര്‍കോട്ടുകാരന്റെ തുടക്കം അവിടെയാണ്...മഹേഷിന്റെ പ്രതികാരത്തില്‍. മെംബര്‍ താഹിറിന്റെ സൈക്കിളില്‍ ഇടിച്ചപ്പോഴും നെല്ലിക്കക്കാരന്റെ കച്ചോടം മുട്ടിച്ചപ്പോളും തോന്ന്യാസത്തില്‍നിന്നും രക്ഷപ്പെടാന്‍ ദേശീയതയെ കൂട്ടുപിടിച്ചപ്പോളും രാജേഷ് മാധവന്‍ സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

തൊണ്ടിമുതലില്‍ പീടികക്കാരന്‍ ' മാല ബിതീങ്ങ്റ്റ്വൊ' ചോദിക്കുമ്പോള്‍ അന്തംവിട്ടുനില്‍ക്കുന്ന സുരാജിനെപ്പോലെതന്നെയായിരുന്നു പ്രേക്ഷകരും. പിടികിട്ടാത്ത കാസര്‍കോട് വാമൊഴിയെ മലയാള സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള ശ്രമത്തില്‍ പങ്കാളിയായി. സജീവ് പാഴൂര്‍ ഒരുക്കിയ തിരക്കഥയില്‍ കാസര്‍കോട് വാമൊഴിയുടെ നീട്ടലിലും കുറകലിലും രസകരമായ താളമൊപ്പിച്ചു. മാല ബിത്ങ്ങി, പിന്ന മേണിക്കപ്പാ, ഓറ് ഈടെന്നെ ഇണ്ടാവുപ്പാ, ബെള്ളം കിട്ടീനെങ്ക് നോക്കായ്രുന്നു, പൂമ്പാറ്റേം അണ്ണാക്കൊട്ടനൊക്കെ ഇണ്ടല്ലോ, ഇപ്പോന്നും ഇല്ലല്ലോ...ഞ്ഞീ മാല ബിത്ങ്ങീന്ടോ, അപ്പോ ഇതെന്ത്ന്നറോ.. എന്നിങ്ങനെ തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും എന്ന സിനിമയിലെ സംഭാഷണങ്ങളില്‍ ഈ വാമൊഴി നിറയുമ്പോള്‍ ഈ കാസര്‍കോടുകാരനും അതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

ഇന്ന് മായാനദിയുടെ പ്രണയതാളത്തിനൊപ്പം മലയാള സിനിമ അകമഴിയുമ്പോള്‍, അതിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് രാജേഷ്. 'നയന്‍താര ബെസ്റ്റാണ്' എന്ന് ലിജോ ജോസ് പെല്ലിശേരിയോട് പറഞ്ഞ്, സിനിമയുടെ പ്രണയവേഗത്തിലേക്ക് ചിരിതൊടുത്തു. സിനിമയിലെ പ്രധാന കഥാപാത്രമായ  അപ്പുവിന്റെ ആത്മവിശ്വാസത്തിലേക്കുള്ള ഗതിമാറ്റം ഈ കഥാപാത്രത്തിന്റെ കൈകളില്‍ ചുംബിച്ചായിരുന്നു. മായാനദി കണ്ടിറങ്ങുമ്പോള്‍ അപ്പുവിനും മാത്തനുമൊപ്പം രാജേഷിന്റെ കഥാപാത്രവും ഓര്‍മയില്‍ ഇടംനേടും.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമിട്ടു രാജേഷ്. രണ്ട് സിനിമകളില്‍ സഹസംവിധായകനായി. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, രാജീവ് രവി, ആഷിഖ് അബു എന്നിവരുള്‍പ്പെട്ട നവനിരയ്ക്കൊപ്പമാണ് തുടക്കം. സമകാലീന മലയാള സിനിമയില്‍ ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന തുടക്കം.

നെല്ലിക്കക്കാരനെ ഇടിച്ചിടുന്ന ലോലിതനായും, കള്ളത്തരം മറയ്ക്കാന്‍ ദേശീയ ഗാനത്തെ കൂട്ടുപിടിച്ച് ഇടങ്കണ്ണിട്ട് നെല്ലിക്കക്കാരനെ നോക്കിയും മഹേഷിന്റെ പ്രതികാരത്തിലേക്ക് വഴിമരുന്നിട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയിലും കാസര്‍കോടന്‍ വാമൊഴികള്‍ക്ക് വ്യക്തത നല്‍കി. ഇതിനിടെ തൃശിവപേരൂര്‍ ക്ളിപ്തത്തില്‍ നായകനായ ആസിഫ് അലിയുടെ കൂട്ടുകാരനായി അഭിനയിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പരസ്യത്തില്‍ സ്ഥിരം പ്രതിയായി കൈയടി നേടി.

മായാനദിയിലും സംവിധാന സഹായിയായിരുന്നു. സിനിമയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളൊന്നില്‍ മുദ്ര ചാര്‍ത്താനുംകഴിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലെ മീമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട രാജേഷിന് പിന്നെ ഏറെ അവസരങ്ങള്‍ കിട്ടി.

മമ്മൂട്ടിയുടെ തമിഴ് ചിത്രം സ്‌ട്രീറ്റ് ലൈറ്റ്സ്, മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിര്‍ എന്നിവയാണ് ഉടന്‍ ഇറങ്ങാനുള്ള സിനിമകള്‍. കൊച്ചി കേന്ദ്രീകരിച്ച് ദിലീഷ് പോത്തന്റെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന സിനിമയുടെ സംവിധാന സഹായിയായും രാജേഷ് ചുവടുറപ്പിക്കുന്നു. നാടകമെന്ന ഇടത്തെ ഏറെ സ്നേഹിക്കുന്നുമുണ്ട് ഈ ചെറുപ്പക്കാരന്‍. മൂന്ന് നാടകങ്ങള്‍ ഇതിനിടെ എഴുതി.

സിനിമക്കാരനെന്ന നിലയില്‍ രാജേഷിന്റെ ഏറ്റും മികച്ച അനുഭവങ്ങള്‍ തൊണ്ടിമുതലിലേതാണ്. ദിലീഷ്-രാജീവ് രവി-ശ്യാം പുഷ്കരന്‍ എന്നിവര്‍ പാഠശാലയാണെന്ന് രാജേഷ് പറയും. ഇവര്‍തമ്മില്‍ ജൈവപരമായ ഒത്തുചേരലാണ്. കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും പ്ളേസ് ചെയ്യുന്നതിലും അതുകാണാം. കഥപറയുന്ന രീതി, കഥാപാത്രങ്ങളെ കണ്ടെത്തുന്നത്, കെട്ടുകാഴ്ചകളെ, പരമ്പരാഗത വാര്‍പ്പുമാതൃകകളെ നിരാകരിച്ചുള്ള വഴിമാറ്റം. സേഫ് സോണില്‍നിന്ന് സിനിമയെടുക്കുന്ന ആളുകളല്ല, ആഷിഖ് അബുവിനെപ്പോലുള്ള സംവിധായകര്‍. കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള മലയാള സിനിമയുടെ പ്രതീക്ഷനിര്‍ഭരമായ കാഴ്ചയാണത്. അതിനൊപ്പം ചേരാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് രാജേഷിന്. മലയാളസിനിമയുടെ ദിശാ മാറ്റത്തിന്റെ കാറ്റുവീശുന്ന കാലഘട്ടത്തില്‍ ഇതുപോലൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസം നല്‍കിയെന്നാണ് രാജേഷിന്റെ അഭിപ്രായം. തൊണ്ടിമുതല്‍ ശരിക്കുമൊരു പാഠശാലയായിരുന്നു. സിനിമയില്‍ ഒട്ടും എക്സ്പ്ളോര്‍ ചെയ്യാത്ത നാടായിരുന്നു കാസര്‍കോട്. ആ ചിന്തയാണ് ദിലീഷ് പോത്തനെയും ശ്യാം പുഷ്കരനെയും കാസര്‍കോടേക്ക് എത്തിച്ചത്. സ്വാഭാവികമായും കാസര്‍കോടിന്റെ സംസ്കാരവും ഭാഷയും അറിയുന്ന ഒരാളെ അവര്‍ക്ക് ആവശ്യമായിരുന്നു. തൊണ്ടിമുതലിലേക്കുള്ള രാജേഷിന്റെ വരവ് അങ്ങനെയായിരുന്നു.ലൊക്കേഷന്‍ കണ്ടെത്തുന്നതിലും സംഭാഷണങ്ങള്‍ക്ക് കാസര്‍കോട് ശൈലിയൊരുക്കിയും ആ സിനിമയുടെ ഭാഗമായി.

നാടകമായിരുന്നു രാജേഷിന്റെ വഴി. ബാല സംഘത്തിന്റെ വേനല്‍ക്കാലാ കലാജാഥയായ വേനല്‍ത്തുമ്പികളിലൂടെയാണ് തുടക്കം. തുടര്‍ന്ന് കാസര്‍കോട് കുറ്റിക്കോലില്‍ കുട്ടികളുടെ നാടകക്കളരിയായ സണ്‍ഡേ തീയേറ്ററിന്റെ ഭാഗമായി. നാടക നടന്‍ എന്ന രീതിയില്‍ കൃത്യമായി  രൂപപ്പെട്ടത് സണ്‍ഡേയില്‍ നിന്നാണ്.ഡിഗ്രി പഠനം കഴിഞ്ഞ്, കൊച്ചിയിലെ അമൃത കോളേജിലെത്തുമ്പോള്‍ സിനിമ മോഹം തലയ്ക്കുപിടിച്ചിരുന്നു. ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസം അതിലേക്കുള്ളവഴിയായി. ഏഷ്യാനെറ്റ്, അമൃത ചാനലുകളില്‍ ജോലി നോക്കിയശേഷമാണ് മുഴുവന്‍ സമയ സിനിമാ ജീവിതത്തിലേക്ക് രാജേഷ് വഴിമാറ്റിയത്. സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയംവരെ എന്ന ചിത്രത്തിലിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തുടക്കം. സ്വപ്നത്തിലേക്കുള്ള ആദ്യപടി. സുഹൃത്ത് രവിശങ്കറുമൊപ്പമുള്ള നൈഫ് ഇന്‍ ദ ബാര്‍ എന്ന ഷോര്‍ട്ട് ഫിലിം രാജേഷിനെ സിനിമയിലേക്ക് ഒരുപടി കൂടി അടുപ്പിച്ചു. രവിശങ്കര്‍ വഴി റാണിപദ്മിനിയിലേക്ക്. അഭിനയിച്ച രംഗംവന്നില്ലെങ്കിലും റാണി പദ്മിനി, രാജേഷിന് മുന്നില്‍ വിശാലമായ വാതിലാണ് തുറന്നിട്ടത്.

സംവിധാനംതന്നെയാണ് മനസില്‍. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകണം. ഒപ്പം നാടകവും നെഞ്ചോട് ചേര്‍ത്തുപിടിക്കണം. വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ പ്രതീക്ഷയാണ്.

കാസര്‍കോട് പെര്‍ലടുക്കമാണ് രാജേഷിന്റെ സ്വദേശം. അച്ഛന്‍ കെ മാധവന്‍. അമ്മ രത്നാവതി. രാജിയും ശ്രീജിയുമാണ് സഹോദരിമാര്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top