01 October Saturday

വെള്ളിത്തിരയില്‍ ആദ്യമായി ചെങ്കൊടി പാറിച്ച രണ്ടിടങ്ങഴി -'ചുവന്ന' സിനിമകളിലൂടെ തുടരുന്നു

സാജു ഗംഗാധരന്‍Updated: Tuesday Aug 24, 2021

1957ല്‍ ഇ. എം. എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയതോടെ സിനിമയിലും അതിന്റെ ചലനങ്ങള്‍ ദൃശ്യമായി. അതുവരെ പുണ്യ പുരാണ പടങ്ങളും സി ഐ ഡി, മന്ത്രവാദി തുടങ്ങിയ ചിത്രങ്ങളുമെടുത്ത പി. സുബ്രമണ്യം തന്നെ അതിനു തുടക്കം കുറിച്ചു. 'രണ്ടിടങ്ങഴി'യിലൂടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രത്യക്ഷത്തില്‍ സംസാരിക്കുന്ന ശക്തമായ സിനിമ പിറവി കൊണ്ടു...സാജു ഗംഗാധരന്‍ എഴുതുന്നു.

1950കള്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ദശാബ്ദമായിരുന്നു. 'ജീവിതനൌക' (1951) നേടിയ ബോക്‌സോഫീസ് വിജയം, കമ്യൂണിസം ആരോപിച്ച് സെന്‍സര്‍മാര്‍ കത്രിക വെച്ചു നശിപ്പിച്ച പൊന്‍കുന്നം വര്‍ക്കിയുടെ 'നവലോകം' (1951) പ്രസിഡന്റിന്റെ വെള്ളി മെഡല്‍ നേടിയ കേരളീയ തനിമയുള്ള 'നീലക്കുയില്‍' (1954) കെ. പി. എ. സിയിലെ നാടക പ്രവര്‍ത്തകര്‍ അണിനിരന്ന ആര്‍. വേലപ്പന്‍ നായരുടെ 'കാലം മാറുന്നു' (1955), മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു സംഘം കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'ന്യൂസ്‌പ്പേപ്പര്‍ ബോയ്' (1955) പി. ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത 'രാരിച്ചന്‍ എന്ന പൌരന്‍ ' (1956) മുട്ടത്തുവര്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി പി. സുബ്രമണ്യം സംവിധാനം ചെയ്ത 'പാടാത്ത പൈങ്കിളി' (1957) തുടങ്ങിയ ചലച്ചിത്രങ്ങള്‍ മലയാള സിനിമയുടെ മാറുന്ന മുഖത്തിന്റെ അടയാളമായി മാറിയ ചലച്ചിത്രങ്ങളാണ്.ആ ധാരയുടെ ഏറ്റവും ശക്തമായ തുടര്‍ച്ചയാണ് പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു 1958 ആഗസ്റ്റ് 24നു തിയറ്ററുകളില്‍ എത്തിയ 'രണ്ടിടങ്ങഴി'. 1948ല്‍ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ 'രണ്ടിടങ്ങഴി'യുടെ
ചലച്ചിത്രാഖ്യാനമായിരുന്നു സിനിമ. 'മാര്‍ത്താണ്ഡവര്‍മ്മ'യ്ക്ക് ശേഷം മലയാളത്തില്‍ എഴുതപ്പെട്ട ഒരു സുപ്രധാന കൃതി ചലച്ചിത്രമായി എന്ന ചരിത്രപരമായ പ്രത്യേകത കൂടിയുണ്ട് 'രണ്ടിടങ്ങഴി'ക്ക്. നീലാ പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും എഴുതിയത് തകഴി തന്നെയാണ്.  1958ല്‍ മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം 'രണ്ടിടങ്ങഴി'ക്കായിരുന്നു.

രണ്ടിടങ്ങഴി-തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനശ്വര ഗാഥ

കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ ജന്‍മിത്തത്തിന്റെ ചൂഷണത്തെ പരാജയപ്പെടുത്തിയ ത്യാഗപൂര്‍ണ്ണമായ പോരാട്ടത്തിന്റെ കഥയാണ് 'രണ്ടിടങ്ങഴി'. മലബാറും, കൊച്ചിയും, തിരുവിതാംകൂറുമായി വേര്‍പിരിഞ്ഞു കിടന്നിരുന്ന കേരളത്തിന്റെ വയലേലകളില്‍ തൊഴിലാളികള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാനും തുടങ്ങിയ 1940കളാണ് 'രണ്ടിടങ്ങഴി'യുടെ പശ്ചാത്തലം.
 
പുഷ്പവേലില്‍ ഔസേപ്പ് എന്ന ജന്‍മിയുടെ പണിക്കാരനാണ് കോരന്‍ (പി.ജെ.ആന്റണി).  ഔസേപ്പില്‍ നിന്നും മുന്‍കൂര്‍ പെണ്‍പണം കടം വാങ്ങിയാണ് കോരന്‍ ചിരുതയെ (മിസ് കുമാരി) വിവാഹം കഴിക്കുന്നത്.

മിസ് കുമാരി , പി.ജെ.ആന്‍റണി

മിസ് കുമാരി , പി.ജെ.ആന്‍റണി

എന്നാല്‍ വര്‍ഷാവസാനം കൂലി കൊടുക്കുന്ന സമയത്ത് ജന്മി കണക്കില്‍ കൃത്രിമം കാണിച്ചതായി കോരന് മനസിലാവുന്നു.  താന്‍ അദ്ധ്വാനിച്ചു വിളയിച്ച നെല്‍ക്കറ്റ എടുക്കാന്‍ തനിക്ക് അവകാശമില്ലെന്ന തിരിച്ചറിവു കോരന്റെ ഉള്ളില്‍ പ്രതിഷേധത്തിന്റെ കനലുകളാകുന്നു. കൂലിയായി നെല്ല് നല്‍കാതെ ജന്മി അത് പൂഴ്ത്തിവെച്ചു എന്നു മനസിലാക്കിയ കോരന്‍ ശബ്ദമുയര്‍ത്തുന്നു. ഗര്‍ഭിണിയായ തന്റെ ഭാര്യ ചിരുതയെ ജന്‍മിയുടെ മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാളെ കൊന്നു കോരന്‍ ജയിലിലേക്ക് പോകുന്നു.
മുത്തയ്യ, മിസ്‌ കുമാരി

മുത്തയ്യ, മിസ്‌ കുമാരി

സുഹൃത്തായ ചാത്തന് (മുത്തയ്യ) ചിരുതയെ ഇഷ്ടമാ ണെന്ന് അറിയാവുന്ന കോരന്‍ അവളെ ചാത്തനെ ഏല്‍പ്പിക്കുന്നു. ചാത്തന്‍ ചിരുതയെ സഹോദരിയെ പോലെയാണ് കണ്ടത്. ഇതിനിടയില്‍ കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളി  പ്രക്ഷോഭം ശക്തമാകുന്നു. ചിരുത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കുന്നു. ജയില്‍ മോചിതനായി എത്തിയ കോരന്റെ കയ്യിലേക്ക് ചാത്തന്‍ ചിരുതയെയും മകന്‍ വെളുത്തയെയും ഏല്‍പ്പിക്കുന്നു. 

തകഴിയുടെ ആവശ്യവും പി. സുബ്രഹ്മണ്യത്തിന്റെ ഉറപ്പും

'രണ്ടിടങ്ങഴി' സിനിമയാക്കണം എന്ന ആവശ്യവുമായി അക്കാലത്തെ ഏറ്റവും പ്രബലമായ പ്രൊഡക്ഷന്‍ സ്റ്റുഡിയോയുടെ ഉടമയായ പി. സുബ്രമണ്യം സമീപിച്ചപ്പോള്‍ കുട്ടനാടിന്റെ ഇതിഹാസകാരന് ഒരു ഡിമാന്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'സിനിമയിലെ പാട്ടുകള്‍ എഴുതുന്നത് വയലാര്‍ രാമവര്‍മ്മ, ഓഎന്‍വി കുറുപ്പ്.... ഇവരിലാരെങ്കിലും അല്ലെങ്കില്‍ പി ഭാസ്‌കരന്‍ ആയിരിക്കണം. സംഗീതം കൊടുക്കുന്നത് ദേവരാജനും.'
 

തകഴി

തകഴി

അതുകേട്ട് മെരിലാന്റ് സുബ്രഹ്മണ്യം ഒന്നു ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞു.
 
'ഇവരെല്ലാം വളരെ കഴിവുള്ള വലിയ ആള്‍ക്കാരാ. അവരുടെ പാട്ടുകള്‍ എനിക്കും ഒത്തിരി ഇഷ്ടമാ. പക്ഷെ ഞങ്ങള്‍ക്ക് ഇവിടെ പാട്ടെഴുതാനും കമ്പോസ് ചെയ്യാനുമൊക്കെ അറിയാവുന്ന നല്ല ആളുകളുണ്ട്. അവരായിരിക്കും ഈ പടത്തിലും മ്യൂസിക് ചെയ്യുന്നത്. സാറിന് അത് സമ്മതമാണെങ്കില്‍ നമുക്കീ പടവുമായി മുന്നോട്ടു പോകാം. ഇല്ലെങ്കില്‍ വേണ്ടെന്നു വെക്കാം. എല്ലാം സാറിന്റെ ഇഷ്ടം.'
 
പി. സുബ്രമണ്യം

പി. സുബ്രമണ്യം

തകഴി ശിവശങ്കരപ്പിള്ളയുടെ മുഖത്ത് അപ്പോഴും സംശയം ബാക്കിനില്‍ക്കുന്നതു കണ്ട് സുബ്രഹ്മണ്യം ധൈര്യം കൊടുത്തു. 'സാറ് വിഷമിക്കേണ്ട. മനസ്സില്‍ ഉദ്ദേശിക്കുന്ന, നാടകത്തിലേതുപോലെയുള്ള പാട്ടുകള്‍ തന്നെ നമുക്കീ പടത്തിന് വേണ്ടി ചെയ്യാം.എല്ലാവരും മൂളി നടക്കുന്ന പാട്ടുകള്‍!' (കെ. പി. എ.സി സുലോചനയുടെ ജീവിത കഥ-ബൈജു ചന്ദ്രന്‍)
 
പിന്നീട് സംഭവിച്ചത് മലയാള ചലചിത്ര ഗാന ശാഖയുടെ ചരിത്രത്തില്‍ ഏറെ തെളിച്ചത്തോടെ എഴുതപ്പെട്ട കാര്യങ്ങള്‍. സ്ഥിരം ഗായകരെയും ബ്രദര്‍ ലക്ഷ്മണന്‍ എന്ന മെറിലാന്റിന്റെ സ്ഥിരം സംഗീത സംവിധായകനെയും പി. സുബ്രമണ്യം മാറ്റി നിര്‍ത്തി. കെ. പി. എ. സിയുടെ നാടകങ്ങളിലൂടെ കേരളത്തിന്റെ പ്രിയങ്കരിയായി മാറിയ സുലോചന പാട്ടുപാടാന്‍ ക്ഷണിക്കപ്പെട്ടു. തിരുനൈനാര്‍ കുറിച്ചി മാധവന്‍ നായര്‍ എഴുതി ആകാശവാണിയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായ തൃശൂര്‍ പി. രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന ആ ഗാനം പിറന്നു. കമുകറ പുരുഷോത്തമനും കെ. പി. എ. സി. സുലോചനയും പാടിയ യുഗ്മ ഗാനം.
സുലോചന

സുലോചന


 
'തുമ്പപ്പൂ പെയ്യ്‌ണ പൂനിലാവേ -- ഏന്
നെഞ്ചു നിറയണ പൂങ്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്'

 

അങ്ങനെ സുബ്രമണ്യം തകഴിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടു. 'രണ്ടിടങ്ങഴി'യിലെ ഈ പാട്ട് കേരളമാകെ ഏറ്റുപാടി.  കമുകറ, സുലോചന, സി. എസ്. രാധാദേവി എന്നിവര്‍ പാടിയ 9 പാട്ടുകളാണ് ചിത്രത്തില്‍ ഉള്ളത്. ആകാശവാണി ജീവനക്കാരനായ തൃശൂര്‍ പി. രാധാകൃഷ്ണന് പേര് വെക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് സംഗീത സംവിധായകന്റെ സ്ഥാനത്ത് ബ്രദര്‍ ലക്ഷ്മണന്റെ പേരാണ് വെച്ചത്.

കമുകറ, തിരുനൈനാര്‍ കുറിച്ചി ,പി. രാധാകൃഷ്ണന്‍

കമുകറ, തിരുനൈനാര്‍ കുറിച്ചി ,പി. രാധാകൃഷ്ണന്‍

കോരനായി ഇന്‍ക്വിലാബിന്റെ മകന്‍

'കാട്ടാളന്‍മാര്‍ നാട് ഭരിച്ചീ
നാട്ടില്‍ തീ മഴ പെയ്തപ്പോള്‍
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ'-

മട്ടാഞ്ചേരി വെടിവെയ്പ്പിനെ തുടര്‍ന്ന് പിറന്നുവീണ ഈ ആവേശോജ്ജ്വല മുദ്രാവാക്യത്തിന്റെ രചയിതാവ്. 'ഇങ്ക്വിലാബിന്റെ മക്കളി'ലൂടെ നാടകവേദിയില്‍ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത നാടക പ്രവര്‍ത്തകന്‍. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യില്‍ നൂറോളം വേദികളില്‍ പരമുപ്പിള്ളയെ അവതരിപ്പിച്ച നടന്‍. മലയാള നാടക-സിനിമാ രംഗത്തെ നിഷേധി. പനക്കൂട്ടത്തില്‍ ജോസഫ് ആന്റണി എന്ന പി. ജെ ആന്റണി. 

പി.ജെ. ആന്‍റണി

പി.ജെ. ആന്‍റണി

കോരന്‍ എന്ന ഉശിരനായ കര്‍ഷകത്തൊഴിലാളി സഖാവിനെ അവതരിപ്പിക്കാന്‍ പി. സുബ്രമണ്യം തിരഞ്ഞെടുത്തത് കൊച്ചിക്കാരനായ പി.ജെ. ആന്റണിയെയാണ്. മെറിലാന്റ് സ്റ്റുഡിയോയിലെ സ്ഥിരം നടന്‍മാരില്‍ ഒരാളായ മുത്തയ്യ ആണ് കൊച്ചിയില്‍ ഒന്നിച്ചു നാടകം കളിച്ച പി. ജെ. ആന്റണിയുടെ കാര്യം സുബ്രമണ്യത്തോട് പറഞ്ഞത്.  അങ്ങനെ പി. ജെ. ആന്റണിയുടെ ആദ്യ സിനിമയായി 'രണ്ടിടങ്ങഴി' മാറി.
 
നാടകമാണ് മുഖ്യ തട്ടകമെങ്കിലും മലയാള സിനിമയുടെ ചരിത്രത്തിലെ മുഖ്യ നാമധേയമാണ് പി. ജെ. ആന്റണിയുടേത്. സിനിമയില്‍ അഭിനയിക്കുക മാത്രമല്ല കഥയും തിരക്കഥയും പി. ജെ. ആന്റണി എഴുതി. വിന്‍സന്റ് സംവിധാനം ചെയ്ത 'നദി'യുടെ കഥ പി. ജെ ആന്റണിയുടെ ആയിരുന്നു. എം ടി സംവിധാനം ചെയ്ത 'നിര്‍മ്മാല്യ'ത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പി. ജെ. ആന്റണി മലയാളത്തില്‍ എത്തിച്ചു.  'മുടിയനായ പുത്രന്‍', 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍', 'ഭാര്‍ഗ്ഗവീനിലയം', 'റോസി', 'മുറപ്പെണ്ണ്', 'ഇരുട്ടിന്റെ ആത്മാവ്', 'നദി' തുടങ്ങി മലയാള സിനിമയിലെ നിരവധി മികച്ച ചിത്രങ്ങളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക്  പി. ജെ ആന്റണി ജീവന്‍ പകര്‍ന്നു. പി. എ. ബക്കര്‍ സംവിധാനം ചെയ്ത 'മണ്ണിന്റെ മാറില്‍' ആണ് അവസാനമായി അഭിനയിച്ച സിനിമ.
 
115 ഓളം നാടകങ്ങള്‍, രണ്ട് നോവല്‍, ഏഴോളം ചെറുകഥാ സമാഹാരങ്ങള്‍, കവിത-ഗാന സമാഹാരങ്ങള്‍- നാടകത്തിലും സാഹിത്യത്തിലും സിനിമയിലും പി. ജെ. ആന്റണി എന്ന പ്രതിഭയുടെ തൂലികാ സ്പര്‍ശമേല്‍ക്കാത്ത മേഖലകള്‍ ചുരുക്കം

നവലോകവും രണ്ടിടങ്ങഴിയും തുറന്ന വഴി

1951ല്‍ പൊന്‍കുന്നം വര്‍ക്കി എഴുതി പി. വി. കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത 'നവലോക'മാണ് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറഞ്ഞ ആദ്യ മലയാള സിനിമ. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു വികൃതമാക്കിയ നിലയിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. എന്നാല്‍ അതേ കാലഘട്ടത്തില്‍ മലയാള നാടകവേദി വിപ്ലവാവേശം തുടിക്കുന്ന നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പടയോട്ടം നടത്തുകയായിരുന്നു. 1957ല്‍ ഇ. എം. എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ എത്തിയതോടെ സിനിമയിലും അതിന്റെ ചലനങ്ങള്‍ ദൃശ്യമായി. അതുവരെ പുണ്യ പുരാണ പടങ്ങളും സി ഐ ഡി, മന്ത്രവാദി തുടങ്ങിയ ചിത്രങ്ങളുമെടുത്ത പി. സുബ്രമണ്യം തന്നെ അതിനു തുടക്കം കുറിച്ചു. 'രണ്ടിടങ്ങഴി'യിലൂടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രത്യക്ഷത്തില്‍ സംസാരിക്കുന്ന ശക്തമായ സിനിമ പിറവി കൊണ്ടു. പിന്നീട് ആ പാത പിന്‍തുടര്‍ന്നാണ്  'പുന്നപ്ര വയലാര്‍', 'മൂലധനം', 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'ഇന്‍ക്വിലാബ് സിന്ദാബാദ്' തുടങ്ങിയ ശക്തമായ രചനകള്‍ അഭ്രപാളിയില്‍ എത്തിയത്.

 

ആദ്യഭാഗം: കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍': ഇവിടെ വായിക്കാം

രണ്ടാം ഭാഗം: ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’

മൂന്നാം ഭാഗം: അനുഭവങ്ങള്‍ പാളിച്ചകള്‍: സഖാവ് ചെല്ലപ്പനെ അനശ്വരമാക്കിയ സത്യന്‍ മാജിക്

നാലാംഭാഗം: ത്യാഗം, അതാണ് മൂലധനം 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top