01 October Saturday
'ചുവന്ന' സിനിമകളിലൂടെ തുടരുന്നു

'അനുഭവങ്ങള്‍ പാളിച്ചകള്‍'ക്ക് 50 : സഖാവ് ചെല്ലപ്പനെ അനശ്വരമാക്കിയ സത്യന്‍ മാജിക്

സാജു ഗംഗാധരന്‍Updated: Friday Aug 6, 2021

അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസായിട്ട് ആഗസ്ത് ആറിന് 50 വര്ഷം തികയുകയാണ്. മരണം അരികിലെന്ന് അറിഞ്ഞശേഷം അനശ്വര നടന്‍ സത്യന്‍ തിരക്കിട്ട് പൂര്‍ത്തിയാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1971 ആഗസ്ത് ആറിനു തീയറ്ററുകളില്‍ എത്തിയ ഈ ചിത്രം. 1961ല്‍ ജ്ഞാനസുന്ദരിയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്ന കെ. എസ്. സേതുമാധവന്‍റെ 'രാഷ്ട്രീയ സിനിമ' എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രം. സഖാവ് ചെല്ലപ്പന്‍ എന്ന സത്യന്റെ ശക്തമായ കഥാപാത്രം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. സിനിമയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവതരിപ്പിച്ച രീതിയോട് പല വിയോജിപ്പുകളും ആ കാലത്ത് ഉയര്‍ന്നിരുന്നെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ അതുല്യ സൃഷ്ടികളില്‍ ഒന്നായി ചിത്രം എന്നും എണ്ണപ്പെടും. 

സാജു ഗംഗാധരന്‍ എഴുതുന്നു

ലപ്പുഴയില്‍ ‘അനുഭവങ്ങള്‍ പാളിച്ചകളു’ടെ ഷൂട്ടിംഗ് നടക്കുകയാണ്. സത്യന്‍ തൂമ്പകൊണ്ട് മണ്ണ് കിളയ്ക്കുന്ന ഒരു രംഗം സജ്ജീകരിക്കുകയായിരുന്നു സംവിധായകന്‍ കെ. എസ്. സേതുമാധവനും ഛായാഗ്രാഹകന്‍ മെല്ലി ഇറാനിയും. അര്‍ബുദം ഗുരുതരമായതിന്‍റെ ആയാസങ്ങള്‍ സത്യന്‍ അനുഭവിക്കുന്നുണ്ട് എന്നറിയാവുന്ന സേതുമാധവന്‍ ക്ലോസപ്പ് ഷോട്ട് എടുക്കാമെന്നും ലോങ്ഷോട്ടില്‍ ഒരു ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാമെന്നും പറഞ്ഞു. സത്യന്‍ പെട്ടെന്ന് അസ്വസ്ഥനായി. ഷോട്ടിനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തോളൂ എന്നു പറഞ്ഞ സത്യന്‍ ഡ്യൂപ്പിനെ വെച്ചു ചിത്രീകരിക്കാന്‍ തയ്യാറായില്ല. "ഒരു ഭീരുവിനെ പോലെ മരിക്കുന്നതിനേക്കാള്‍ അഭിനയിച്ചു കൊണ്ട് മരിക്കുന്നതാണ് എനിക്കിഷ്ടം" എന്നാണ് ആ മഹാനടന്‍ പറഞ്ഞത്.   

സത്യന്‍ തന്‍റെ അവസാന കാലത്ത് അഭിനയിച്ച അഞ്ചു ചലച്ചിത്രങ്ങളുടെ (തെറ്റ്, ഒരു പെണ്ണിന്‍റെ കഥ, കരകാണാക്കടല്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ഇന്‍ക്വിലാബ് സിന്ദാബാദ്) സംവിധായകന്‍ കെ. എസ്. സേതുമാധവനാണ് എന്നത് യാദൃശ്ചികതയല്ല. അത് ചരിത്രത്തിന്‍റെ തീരുമാനം തന്നെയായിരുന്നു എന്നുറപ്പിച്ചു പറയാന്‍ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ഒറ്റ ചലച്ചിത്രം മാത്രം മതി.  

കുട്ടനാടിന്‍റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ അനശ്വര നോവലിനോട് കിടപിടിക്കുന്ന സിനിമാ ഭാഷ്യമാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍ക്ക്’ കെ. എസ്. സേതുമാധവന്‍ ഒരുക്കിയത്. സാമൂഹ്യ മാറ്റത്തിന്‍റെ കൊടുങ്കാറ്റ്, അതിനുള്ളിലെ ചില ഇടര്‍ച്ചകള്‍, മുന്നോട്ടേക്ക് കുതിക്കാന്‍ ഊര്‍ജ്ജം പകരുന്ന സംഘടിത ബോധത്തിന്‍റെ പ്രത്യയശാസ്ത്രം നല്‍കുന്ന കരുത്ത്, വ്യക്തിജീവിതത്തിലെ വിള്ളലുകളില്‍ ഒരുവേള പകച്ചു നില്‍ക്കുന്ന പച്ചമനുഷ്യര്‍; കുട്ടനാടിന്‍റെ, കേരളത്തിന്‍റെ തന്നെയും, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ജീവിതഗന്ധിയായ ചലച്ചിത്രമാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’. സത്യന്‍ അവതരിപ്പിച്ച സഖാവ് ചെല്ലപ്പന്‍ എന്ന കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ചുവപ്പന്‍ സിനിമകളിലെ ഏറ്റവും ശക്തരായ കമ്യൂണിസ്റ്റ് നായകരില്‍ ഒരാളാണ് എന്നുറപ്പിക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.  

‘പുന്നപ്ര വയലാറും’ (1968) ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യും (1970) സിനിമാ കൊട്ടകകളില്‍ തീര്‍ത്ത വിപ്ലവാവേശത്തിന്‍റെ അലയൊലികള്‍ കേരളക്കരയില്‍ അവസാനിച്ചിരുന്നില്ല ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ അഭ്രപാളിയില്‍ എത്തുമ്പോള്‍. ‘പുന്നപ്ര വയലാറി’ലെ ‘സഖാക്കളേ മുന്നോട്ട്’ എന്ന വിപ്ലവ ഗാനം പോലെ, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ ‘ഐക്യമുന്നണീ അലയടിച്ചടിച്ചിരമ്പും ഐക്യമുന്നണി’ എന്ന സമര ഗീതം പോലെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മലയാളത്തിലെ വിപ്ലവഗാന പട്ടികയിലേക്ക് ചേര്‍ത്തു വെച്ച ‘സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന ഒരൊറ്റ ഗാനം മതി തകഴി-സേതുമാധവന്‍ ചലച്ചിത്രത്തിന്‍റെ തൊഴിലാളി വര്‍ഗ്ഗ നിലപാട് തിരിച്ചറിയാന്‍. അതേസമയം സിനിമയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവതരിപ്പിച്ച രീതിയോട് ചില വിയോജിപ്പുകളും ആ കാലത്ത് ഉയരുകയുണ്ടായി.

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ സംവിധാനം ചെയ്ത തോപ്പില്‍ ഭാസിയാണ് ‘അനുഭവങ്ങള്‍ പാളിച്ചകളു’ടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സത്യന്‍ അന്തരിച്ച് ഒന്നര മാസങ്ങള്‍ക്കിപ്പുറം 1971 ആഗസ്റ്റ് 6നാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ തിയറ്ററില്‍ എത്തിയത്.

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ - വേറിട്ട ചലച്ചിത്രാനുഭവം

കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട തകഴി ശിവശങ്കരപ്പിള്ളയുടെ ഏറെ പ്രശസ്തമായ നോവലാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’. കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം സജീവമായ 1960കളെയാണ് നോവല്‍ അവതരിപ്പിക്കുന്നത്.   

കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ് ചെല്ലപ്പന്‍. അയാളുടെ ഭാര്യ ഭവാനി (ഷീല) ഒരു തൊഴിലാളി സ്ത്രീയാണ്. ചെറിയ വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ എടുത്ത് തൊഴിലാളികളെക്കൊണ്ട് പണി എടുപ്പിക്കുന്ന  ഗോപാലന്‍ (പ്രേംനസീര്‍) ചെല്ലപ്പന്‍റെ സുഹൃത്താണ്. കൂലി കൂടുതല്‍ ചോദിച്ചു എന്നു പറഞ്ഞു ചെല്ലപ്പനോട് പണിക്ക് വരേണ്ടെന്ന് ചാക്കോ മുതലാളി പറയുന്നു. ഇതിനെത്തുടര്‍ന്ന് മുതലാളിയുമായി വഴിയില്‍ വെച്ചുണ്ടായ ഒരു കശപിശയില്‍ ചെല്ലപ്പനെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യുന്നു. തുടര്‍ന്ന് പോലീസിന് പിടിക്കൊടുക്കാതെ ചെല്ലപ്പന്‍ ഒളിവില്‍ പോകുന്നു. ഗോവിന്ദന്‍ കുട്ടി അവതരിപ്പിക്കുന്ന മുന്‍ എംഎല്‍എ ആണ് ചെല്ലപ്പന് ഒളിവില്‍ കഴിയാനുള്ള സൌകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്നത്. പ്രഭാകരന്‍ എന്ന പേരിലാണ് ചെല്ലപ്പന്‍ ഒളിവില്‍ കഴിയുന്നത്.

ചെല്ലപ്പനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ഭവാനിയുടെയും രണ്ടു മക്കളുടെയും ജീവിതം വഴിമുട്ടി. ഗോപാലന്‍റെ കൂടെയാണ് ഭവാനി പണി എടുക്കുന്നത്. ഭാര്യ മരിച്ചുപോയ ഗോപാലന് ഭവാനിയെ ഇഷ്ടമാണ്. ആദ്യമൊക്കെ അയാളുടെ താല്‍പ്പര്യത്തെ ഭവാനി നിഷേധിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തീരുമാനിക്കുന്നു. ഗോപാലനും ഭവാനിയും ഒന്നിച്ചു ജീവിക്കുകയാണ് എന്നറിഞ്ഞതോടെ ചെല്ലപ്പന്‍ ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്നും ആരോടും പറയാതെ മുങ്ങുന്നു. എറണാകുളം നഗരത്തില്‍ വെച്ച് ഒരു തൊഴിലാളി പ്രകടനത്തില്‍ പങ്കെടുക്കുന്ന ചെല്ലപ്പന്‍ അവിടെ നടന്ന സംഘര്‍ഷത്തില്‍ ഇടപെടുകയും ഫാക്ടറി മുതലാളിയുടെ ഗുണ്ടകളെ തല്ലിഒതുക്കുകയും ചെയ്യുന്നു. പോലീസിന്‍റെ പിടിയിലായ ചെല്ലപ്പന്‍ ജയിലില്‍ അടക്കപ്പെടുന്നു.

ജയില്‍ മോചിതനായ ചെല്ലപ്പന്‍ കുട്ടനാട്ടില്‍ തിരിച്ചെത്തുന്നു. സ്വന്തം മകളുടെ മരണ വാര്‍ത്തയാണ് അയാളെ അവിടെ കാത്തിരുന്നത്. ആകെ തകര്‍ന്ന അയാള്‍ എറണാകുളത്തേക്ക് തന്നെ മടങ്ങുന്നു. തൊഴിലാളി വിരുദ്ധനായ അവ്റോജ് മുതലാളിയെ കൊലപ്പെടുത്തി അയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നു.

ദേശാഭിമാനിയില്‍ വന്ന പരസ്യം

ദേശാഭിമാനിയില്‍ വന്ന പരസ്യം

കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രമേയമായ സേതുമാധവന്‍റെ രണ്ടു സിനിമകളാണ് ‘അനുഭവങ്ങള്‍ പാളിച്ചകളും’ ‘ഇന്‍ക്വിലാബ് സിന്ദാബാദും’. ഒരേ കാലത്ത് നിര്‍മ്മാണം ആരംഭിക്കുകയും സത്യന്‍റെ മരണ ശേഷം 1971 ആഗസ്റ്റിലും സെപ്തംബറിലുമായി രണ്ടു സിനിമകളും തിയറ്ററില്‍ എത്തുകയും ചെയ്തു. 1961ല്‍ ജ്ഞാനസുന്ദരിയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്ന കെ. എസ്. സേതുമാധവന്‍റെ രാഷ്ട്രീയ സിനിമ എന്ന ഗണത്തില്‍ പെടുത്താവുന്ന രണ്ടു പ്രധാന സൃഷ്ടികളും ഇതുതന്നെ.  

തങ്ങളുടെ താരപ്പകിട്ടുകള്‍ക്കപ്പുറം സമൂഹത്തിന്‍റെ മാതൃകാ പുരുഷന്‍/സ്ത്രീ സങ്കല്‍പ്പങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സത്യനും പ്രേംനസീറും ഷീലയും തയ്യാറായി എന്നത് താരപ്പൊലിമയുടെ കെട്ടുകാഴ്ചകള്‍ മാത്രം കണ്ടുതഴമ്പിച്ച പ്രേക്ഷക സമൂഹത്തിനു വേറിട്ട അനുഭവമായിരുന്നു.  മുഖ്യധാരയുടെ വാര്‍പ്പ് സങ്കല്‍പ്പങ്ങളെ തള്ളിക്കളഞ്ഞു സിനിമയെടുക്കാനുള്ള അസാമാന്യമായ ധൈര്യം സംവിധായകന്‍ കെ. എസ്. സേതുമാധവനും നിര്‍മ്മാതാവ് എം. ഓ. ജോസഫും കാണിച്ചു എന്നുള്ളിടത്ത് കൂടിയാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ മലയാള സിനിമാ ചരിത്രത്തിലെ അതുല്യ സൃഷ്ടികളില്‍ ഒന്നായി മാറുന്നത്.

സത്യന്‍റെ സന്ദേഹം

"അനുഭവങ്ങള്‍ പാളിച്ചകളുടെയും ഇന്‍ക്വിലാബ് സിന്ദാബാദിന്‍റെയും ചിത്രീകരണം നടക്കുന്നതു വലിയ സമ്മര്‍ദത്തിലാണ്. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ. മരണത്തെ മുഖാമുഖം കാണുന്ന ഒരാളുടെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത്." സേതുമാധവന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ പറഞ്ഞു. 1993ല്‍ ദൂരദര്‍ശന്  വേണ്ടി മലയാള സിനിമയുടെ ഇന്നലെകളെ അവതരിപ്പിക്കുന്ന പ്രോഗ്രാമിനായി നടത്തിയ അഭിമുഖത്തിലാണ് സേതുമാധവന്‍ ‘അനുഭവങ്ങള്‍ പാളിച്ചകളു’ടെ ചിത്രീകരണ അനുഭവങ്ങള്‍ ബൈജു ചന്ദ്രനുമായി പങ്കുവെച്ചത്.

“അഗ്നിപര്‍വതം പുകഞ്ഞു എന്ന ഗാനരംഗം സത്യന്‍ അന്തരിച്ചതിന് ശേഷമാണ് പൂര്‍ത്തിയാക്കിയത്. ചെല്ലപ്പനെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന നിര്‍ണ്ണായകമായ കോടതി രംഗവും അസാമാന്യ സംവിധാന കൌശലത്തോടെ സത്യന്‍റെ അഭാവം പ്രേക്ഷകന് അനുഭവപ്പെടാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ സേതുമാധവന് സാധിച്ചു.” ബൈജു ചന്ദ്രന്‍ പറഞ്ഞു. 

ഒരു സീന്‍ ചിത്രീകരിക്കുന്ന സമയത്ത് സത്യന്‍റെ മൂക്കിലൂടെ രക്തം വന്നു.  നമുക്ക് ആശുപത്രിയില്‍ പോകാം, കണ്ടിന്യു ചെയ്യേണ്ട എന്നു സേതുമാധവന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു ‘നിങ്ങള്‍ ഷോട്ട് എടുക്കണം മിസ്റ്റര്‍’ എന്നു പറഞ്ഞു. അതാണ് സത്യന്‍റെ ഏറ്റവും വലിയ ദേഷ്യം. മിസ്റ്റര്‍ ചേര്‍ത്തു വിളിച്ചാല്‍ അദ്ദേഹം വളരെ ഗൌരവത്തോടെ സംസാരിക്കുന്നു എന്നാണ് അര്‍ത്ഥം

"എന്തും സംഭവിച്ചേക്കാമെന്ന സന്ദേഹം മനസില്‍ കിടക്കുന്നതുകൊണ്ട് എത്രയും വേഗം വര്‍ക്ക് ചെയ്തു തീര്‍ക്കണം എന്ന ചിന്തയായിരുന്നു സത്യന്. ഒരു നിമിഷം പോലും പാഴാക്കാതെ സെറ്റില്‍ തന്നെ എപ്പോഴും ഉണ്ടാകും. സംവിധായകനോ നിര്‍മ്മാതാവിനോ മാത്രം ഉണ്ടാവുന്ന ഒരു വികാരമാണത്. അങ്ങനെയിരിക്കെ ഒരു സീന്‍ ചിത്രീകരിക്കുന്ന സമയത്ത് സത്യന്‍റെ മൂക്കിലൂടെ രക്തം വന്നു. പെട്ടെന്നു അദ്ദേഹം മുഖം പൊത്തി മാറി നിന്നു രക്തം കഴുകി കളഞ്ഞിട്ട് കോട്ടണ്‍ മൂക്കിനുള്ളില്‍ തിരുകി വെച്ചു. നമുക്ക് വര്‍ക്ക് തുടരാമെന്ന് സത്യന്‍ പറഞ്ഞപ്പോള്‍ ക്യാമറാമാനും സംവിധായകനും ഒക്കെ വിഷമിച്ചു. നമുക്ക് ആശുപത്രിയില്‍ പോകാം, കണ്ടിന്യു ചെയ്യേണ്ട എന്നു സേതുമാധവന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു ‘നിങ്ങള്‍ ഷോട്ട് എടുക്കണം മിസ്റ്റര്‍’ എന്നു പറഞ്ഞു. അതാണ് സത്യന്‍റെ ഏറ്റവും വലിയ ദേഷ്യം. മിസ്റ്റര്‍ ചേര്‍ത്തു വിളിച്ചാല്‍ അദ്ദേഹം വളരെ ഗൌരവത്തോടെ സംസാരിക്കുന്നു എന്നാണ് അര്‍ത്ഥം." സേതുമാധവന്‍റെ സിനിമാ ജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച ലേഖന പരമ്പര ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ എസ്. രാജേന്ദ്ര ബാബു പറഞ്ഞു.


സത്യന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍ ‘അനുഭവങ്ങള്‍ പാളിച്ചകളി’ലെ സഖാവ് ചെല്ലപ്പനുണ്ടാകും. “ജയില്‍ മോചിതനായി ചെല്ലപ്പന്‍ മകളുടെ ശവകുടീരത്തിന് മുന്നില്‍ വന്നു നില്‍ക്കുന്ന സീനിലെ സത്യന്‍റെ അഭിനയത്തെ കവച്ചുവെക്കുന്ന പ്രകടനം പിന്നീട് മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.” ബൈജു ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ 1971ല്‍ മികച്ച നടനുള്ള അവാര്‍ഡ് സത്യന് നല്‍കിയത് സേതുമാധവന്‍ തന്നെ സംവിധാനം ചെയ്ത ‘കരകാണാക്കടലി’ലെ പ്രകടനത്തെ മാത്രം പരിഗണിച്ചാണ് എന്നത് മലയാള സിനിമാ ചരിത്രത്തിലെ കൌതുകങ്ങളില്‍ ഒന്നാണ്.

സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍....

 വയലാര്‍-ദേവരാജന്‍ ടിം ഒരുക്കിയ സുന്ദരമായ ഗാനങ്ങളുടെ പേരില്‍ കൂടിയാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ പ്രേക്ഷക മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. ഇതിലെ ശീര്‍ഷക ഗാനമായ ‘സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന വിപ്ലവഗാനത്തിലൂടെ സിനിമയുടെ ആത്മാവിനെ തന്നെയാണ് വയലാര്‍-ദേവരാജന്‍ ടീം അവതരിപ്പിച്ചത്. അവിടുന്നിങ്ങോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊതുയോഗങ്ങളിലും മെയ് ദിന പരിപാടികളിലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഗാനമായി അത് മാറി. “സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍... എന്ന ഗാനം സേതുമാധവന്‍റെ തന്നെ 'ഇന്‍ക്വിലാബ് സിന്ദാബാദി'നുവേണ്ടിയാണ് വയലാര്‍ എഴുതിയത്. 'അനുഭവങ്ങള്‍ പാളിച്ചകളു'ടെ ചര്‍ച്ചാവേളയില്‍ റിക്കാഡിങ് കഴിഞ്ഞ ഈ ഗാനം 'അനുഭവങ്ങള്‍ പാളിച്ചകളി'ല്‍ ചേര്‍ക്കാന്‍ വയലാറാണ് നിര്‍ദ്ദേശിച്ചത്. ഇന്‍ക്വിലാബിനുവേണ്ടി മറ്റൊരു ഗാനം എഴുതാമെന്നും വയലാര്‍ പറഞ്ഞു. 'സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന ഗാനത്തില്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്‍റെ ആഗോളചരിത്രം അതീവസൂക്ഷ്മായി അതിന്റെ എല്ലാ സമഗ്രതകളോടും കൂടി ശീര്‍ഷകഗാനമായി അവതരിപ്പിക്കുന്നുണ്ട്.” ‘സര്‍വ്വരാജ്യത്തൊഴിലാളികള്‍’ പിറന്ന കഥ കെ. എസ്. സേതുമാധവനെ കുറിച്ച് എഴുതിയ ഒരു ലേഖനത്തില്‍ ഡോ. വിജയരാഘവന്‍ ഇങ്ങനെ വിശദീകരിക്കുന്നു. 

"പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ...""അഗ്നിപര്‍വ്വതം പുകഞ്ഞൂ ഭൂ-
ചക്രവാളങ്ങള്‍ ചുവന്നൂ‍
മൃത്യുവിന്‍റെ ഗുഹയില്‍ പുതിയൊരു
രക്തപുഷ്പം വിടര്‍ന്നൂ‍" എന്നീ ഗാനങ്ങള്‍ കഥാപാത്രത്തിന്റെ  അന്തസംഘര്‍ഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍ വിജയം നേടിയ പാട്ടുകള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്.തന്‍റെ സിനിമയിലെ ഗാനങ്ങളെ കുറിച്ച് കെ. എസ്. സേതുമാധവന്‍ പറഞ്ഞിട്ടുള്ളത് എസ്. രാജേന്ദ്ര ബാബു ഇങ്ങനെ ഓര്‍മ്മിക്കുന്നു.
"എനിക്കു സംഗീതത്തെ കുറിച്ച് യാതൊരു അറിവുമില്ല. അഭിപ്രായം പറയാന്‍ പോലും അറിഞ്ഞുകൂട. പക്ഷേ എന്‍റെ പടത്തിലെ പാട്ടുകള്‍ നന്നായിരിക്കണം എന്നു എനിക്കു ആഗ്രഹമുണ്ട്. അതിനു പ്രാഥമികമായി ചെയ്യേണ്ടത് ഏറ്റവും നല്ല സംഗീത സംവിധായകനെയും രചയിതാവിനെയും നിയോഗിക്കുക എന്നതാണ്. അവരെ ആ ജോലി ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അവര്‍ ചെയ്യുന്ന ഒരു കാര്യത്തിലും ഇടപെടാതിരിക്കുക. അങ്ങയെങ്കില്‍ ഏറ്റവും നല്ല റിസള്‍ട്ട് ആയിരിക്കും  അവര്‍ നമുക്ക് തരിക. കഥയില്‍ ഇന്ന സാഹചര്യത്തില്‍ ആണ് പാട്ട് എന്ന കാര്യം ധരിപ്പിക്കുക മാത്രമാണ് സംവിധായകന്‍റെ ജോലി. ആ ഫ്രീഡം കൊടുത്തതുകൊണ്ട് എനിക്കു നല്ല പാട്ടുകളാണ് അവര്‍ തന്നിട്ടുള്ളത്.”

തകഴിയും മലയാള സിനിമയും

തകഴി

തകഴി

മലയാള സിനിമയില്‍ ആദ്യമായി ചെങ്കൊടി പാറിയത് ‘രണ്ടിടങ്ങഴി’യിലാണ്. കുട്ടനാട്ടെ ജന്‍മിത്വ വ്യവസ്ഥിതിക്കെതിരായ അധസ്ഥിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് തകഴിയുടെ ആ നോവലിന്‍റെ പ്രമേയം. 1958ല്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പി. സുബ്രഹ്മണ്യം ആണ്. പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നായ ‘ചെമ്മീനു’മായി രാമു കാര്യാട്ട് എത്തി. 1965ല്‍ ഇറങ്ങിയ ചിത്രം ദക്ഷിണേന്ത്യയില്‍ ആദ്യമായി പ്രസിഡന്റിന്‍റെ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ സിനിമയായി. അതിനു ശേഷമാണ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ അഭ്രപാളിയില്‍ എത്തുന്നത്. പിന്നീട് കെ. എസ്. സേതുമാധവന്‍ തന്നെ തകഴിയുടെ ‘ചുക്ക്’ എന്ന കൃതിയും സിനിമയാക്കി. 1973ല്‍ തോപ്പില്‍ ഭാസി ‘ഏണിപ്പടികള്‍’ വെള്ളിത്തിരയില്‍ എത്തിച്ചു. തകഴിയുടെ വിവിധ കഥകളെ അടിസ്ഥാനമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘നാല് പെണ്ണുങ്ങള്‍’ (2007) ‘ഒരു പെണ്ണും രണ്ടാണും’ (2008) എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

 കെ. എസ്. സേതുമാധവന്‍ എന്ന അത്ഭുത പ്രതിഭ  

സത്യനും കെ എസ് സേതുമാധവനും. ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍

സത്യനും കെ എസ് സേതുമാധവനും. ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍"മലയാള സാഹിത്യത്തിന്‍റെ അസ്തിവാരത്തിലാണ് കെ. എസ്. സേതുമാധവന്‍ ചലചിത്ര ഗോപുരങ്ങള്‍ പണിതുയര്‍ത്തിരിക്കുന്നത്." കെ. എസ്. സേതുമാധവന്‍-സിനിമ: കലയും ജീവിതവും എന്ന പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി. കെ. ശ്രീനിവാസന്‍ എഴുതിയത് അക്ഷരംപ്രതി ശരിയാണ്. ഇത്രയേറെ മലയാള സാഹിത്യകൃതികള്‍ക്ക് സിനിമാ ഭാഷ്യം നല്കിയ മറ്റൊരു സംവിധായകന്‍ ഉണ്ടാകില്ല. സേതുമാധവന്‍ മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുള്ള 56 ചിത്രങ്ങളില്‍ 37 എണ്ണവും സാഹിത്യ കൃതികളെ ഉപജീവിച്ച് ചെയ്തിട്ടുള്ളതാണ്.  

കെ എസ് സേതുമാധവന്‍

കെ എസ് സേതുമാധവന്‍

1960 ല്‍ ‘വീരവിജയ’ എന്ന സിംഹള സിനിമയില്‍ തുടങ്ങിയ പ്രയാണം 1995ല്‍ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന തെലുങ്കു സിനിമ വരെ തുടര്‍ന്നു. 1961ല്‍ പുറത്തിറങ്ങിയ ‘ജ്ഞാനസുന്ദരി’യാണ് ആദ്യ മലയാള സിനിമ. വിവിധ ഭാഷകളിലായി ആകെ 69 ചിത്രങ്ങളാണ് മൂന്നര പതിറ്റാണ്ട് കാലത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ സേതുമാധവന്‍ സംവിധാനം ചെയ്തത്. ‘ഓടയില്‍ നിന്ന്’ (1965), ‘യക്ഷി’ (1968), ‘കടല്‍പ്പാലം’ (1969), ‘അടിമകള്‍’ (1969), ‘വാഴ്വേമായം’ (1970), ‘മിണ്ടാപ്പെണ്ണ്’ (1970), ‘അരനാഴികനേരം’ (1970), ‘കരകാണാക്കടല്‍’ (1971) ‘ഒരു പെണ്ണിന്‍റെ കഥ’ (1971), ‘പണിതീരാത്ത വീട്’ (1972), ‘കന്യാകുമാരി’ (1974), ‘ചട്ടക്കാരി’ (1974) ‘ഓപ്പോള്‍’ (1980) തുടങ്ങി മലയാള സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച സൃഷ്ടികളാണ് ഒട്ടുമിക്ക സേതുമാധവന്‍ സിനിമകളും.

1991ല്‍ എംടിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘വേനല്‍ക്കിനാവു’കളാണ് അവസാന മലയാള ചിത്രം. 1970 ലും 1971ലും അഞ്ച് മലയാള സിനിമകള്‍ വീതമാണ് സേതുമാധവന്‍ സംവിധാനം ചെയ്തത് എന്നത് വിസ്മയത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആരംഭിച്ച 1969ല്‍ മികച്ച രണ്ടാമത്തെ ചിത്രം (അടിമകള്‍), 1970ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (അരനാഴിക നേരം), 1971ല്‍ മികച്ച സംവിധായകന്‍, മികച്ച മൂന്നാമത്തെ ചിത്രം (കരകാണാക്കടല്‍), 1972ല്‍ മികച്ച ചിത്രം, സംവിധായകന്‍ (പണിതീരാത്ത വീട്), 1974ല്‍ മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി) 1980ല്‍ മികച്ച ചിത്രം, സംവിധായകന്‍ (ഓപ്പോള്‍) എന്നീ അംഗീകാരങ്ങള്‍ മാത്രം മതി മലയാള സിനിമാ ചരിത്രത്തില്‍ കെ. എസ്. സേതുമാധവന്‍റെ സ്ഥാനം എന്തെന്ന് മനസിലാക്കാന്‍. അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഓപ്പോളിന് രജതകമലവും സേതുമാധവന്‍ കരസ്ഥമാക്കി.

ചില കൌതുകങ്ങള്‍  

ഇ എം എസും സേതുമാധവനും...... ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍

ഇ എം എസും സേതുമാധവനും...... ചിത്രം കടപ്പാട് : സന്തോഷ്‌ സേതുമാധവന്‍

ഇ എം എസിനെ സേതുമാധവന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ (1967) എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി തന്നെയാണ് ഇ എം എസ് അഭിനയിച്ചത്. ഇ എം എസിന്‍റെ പ്രഭാഷണം അദ്ദേഹത്തിന്‍റെ ഔദ്യോഗിക മുറിയില്‍ വെച്ചു തന്നെയാണ് ചിത്രീകരിച്ചത്.  
 
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് ‘അനുഭവങ്ങള്‍ പാളിച്ചകളി’ലൂടെയാണ് എന്നതാണ് കൌതുകകരമായ മറ്റൊരു ഒരു കാര്യം. ചെല്ലപ്പനെ സഹായിച്ചു  എന്നാരോപിച്ച് ബഹദൂര്‍ അവതരിപ്പിക്കുന്ന ഹംസയുടെ പെട്ടിക്കട മുതലാളിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ക്കുന്നു. അതറിഞ്ഞു ബഹദൂറിന്‍റെ കൂടെ ഓടിവരുന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.കെ. എസ്. സേതുമാധവന്‍ എന്ന മാസ്റ്റര്‍ സംവിധായകന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചതിന്‍റെ 60 വര്‍ഷവും ‘അനുഭവങ്ങള്‍ പാളിച്ചകളു'ടെ 50 വര്‍ഷവും കടന്നു പോകുമ്പോള്‍ മലയാള സിനിമയുടെ ആ സുവര്‍ണ്ണകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് മലയാളത്തിലെ പുതുനിര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു തിരിച്ചറിവു കൂടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ആദ്യഭാഗം കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍': ഇവിടെ വായിക്കാം

രണ്ടാം ഭാഗം: ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top