ഗ്രാമവികസനം, പഞ്ചായത്തീരാജ്: ഓൺലെെൻ പിജി ഡിപ്ലോമ

പ്രൊഫ.കെ പി ജയരാജൻ
Published on Jul 17, 2025, 10:07 AM | 1 min read
ഗ്രാമവികസനത്തിൽ അടിസ്ഥാന പഠനപരിശീലനവും ഗവേഷണവും നടക്കുന്ന സ്ഥാപനമാണ് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്. ഇവിടെ ന്യൂജെൻ ഉൾപ്പെടെയുള്ള നാല് പ്രോഗ്രാമുകൾ ഓൺലൈനായി പഠിക്കാം. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും മറ്റുള്ളവർക്കും ഏറെ പ്രയോജനപ്പെടും. ജൂലൈ 31നകം ഓൺലൈനിൽ അപേക്ഷിക്കാം.
കോഴ്‌സുകൾ
ഡിപ്ലോമ പ്രോഗ്രാം ഓൺ പഞ്ചായത്തീരാജ് ഗവേണൻസ് ആൻഡ് റൂറൽ ഡെവലപ്മെന്റ്: ഈ പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷം. തദ്ദേശഭരണ ഏകോപനത്തിന്റെ വഴികൾ പഠിക്കാൻ അവസരം. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ ജിയോ സ്പെഷ്യൽ ടെക്നോളജി ആപ്ലിക്കേഷൻസ്: ഗ്രാമവികസന പദ്ധതികളുടെ സ്പെഷ്യൽ ഡാറ്റ മൈനിങ്, ആസൂത്രണം, അവലോകനം, തീരുമാനമെടുക്കൽ തുടങ്ങിയവയുടെ സോഫ്റ്റ് വെയറിന്റെ പഠനം. ഡാറ്റ ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ, ജിഐഎസ്, റിമോട്ട് സെൻസിങ്, ജിപിഎസ് എന്നിവയുടെ സാങ്കേതികവിദ്യകൾ പരിശീലിക്കാം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. മൂന്നു സെമസ്റ്ററിലായി 18 മാസത്തെ പഠനത്തിൽ പ്രോജക്ട് വർക്കും ഉണ്ട്.
പിജി ഡിപ്ലോമ ഇൻ ട്രൈബൽ ഡെവലപ്മെന്റ് മാനേജ്മെന്റ്: ഗ്രോത്രസംസ്കാരം, ജനസംഖ്യാശാസ്ത്രം തുടങ്ങിയവ പഠിച്ച് ആദിവാസി ക്ഷേമത്തിനുള്ള സംയോജിത വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പ്രാവീണ്യം നൽകുന്ന പഠന പ്രോഗ്രാം. പ്രോജക്ട് മാനേജ്മെന്റിന് പരിശീലനം. മൂന്ന് സെമസ്റ്റർ. 18 മാസം.
പിജി ഡിപ്ലോമ ഇൻ സസ്റ്റേനബിൾ റൂറൽ ഡെവലപ്മെന്റ്: സുസ്ഥിര വികസനത്തിന്റെ സാധ്യതകൾ പഠിച്ച് ഈ മേഖലയിൽ പ്രൊഫഷണലുകളാകാൻ അവസരം. ഗ്രാമപദ്ധതികളിൽ മികച്ച ലോക മാതൃകകൾ നടപ്പാക്കാനുള്ള വൈദഗ്‌ധ്യം ലഭിക്കുന്നു. മൂന്നു സെമസ്റ്ററിലായി 18 മാസം.
മറ്റു വിവരങ്ങൾ
മൂന്നു വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കിയാൽ മതി. ലളിതഭാഷയിലുള്ള പഠന ഭാഗങ്ങൾ, പഠന നിർദേശങ്ങൾ തുടങ്ങിയവ തപാൽവഴിയും ഇ–- മെയിലായും ലഭിക്കും. ഓൺലൈനിലും നേരിട്ടും സമ്പർക്ക ക്ലാസുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: www.nirdpr.org.in ഫോൺ: 040/ 240 08442, 24008460, 7416860345.








0 comments