നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ്: അറിയാം പ്രവേശന പരീക്ഷകളെ

കേരളത്തിലെ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനം പ്ലസ്ടു മാർക്ക് പരിഗണിച്ചാണ്. (മുമ്പ് പാരാമെഡിക്കൽ എന്നാണ് വിളിച്ചിരുന്നത്) എന്നാൽ, അഖിലേന്ത്യാതലത്തിലുള്ള മിക്ക സ്ഥാപനങ്ങളിലും പ്രവേശനപരീക്ഷകൾ വഴിയാണ് നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നേരത്തേതന്നെ ഇത്തരം പരീക്ഷകളെക്കുറിച്ച് മനസ്സിലാക്കുകയും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വേണം. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.
എയിംസ്
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (AIIMS) വിവിധ കാമ്പസുകളില്‍ ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് പ്രോഗ്രാം, ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), വിവിധ അലൈഡ് ഹെൽത്ത് സയൻസസ് ബിരുദ പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനം സ്ഥാപനം നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്. വിവരങ്ങൾക്ക്: www.aiimsexams.ac.in
പിജിഐഎംഇആർ
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആൻഡ് റിസര്‍ച്ചിലെ (PGIMER) ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമുകളുടെ പ്രവേശനത്തിന് പ്രത്യേകം പരീക്ഷയുണ്ട്. വിവിധ അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾക്കും പ്രത്യേക പരീക്ഷവഴി പ്രവേശനം നൽകുന്നുണ്ട്. വിവരങ്ങൾക്ക്: www.pgimer. edu.in
നിംഹാൻസ്
ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോസയന്‍സസിലെ (NIMHANS) ബിഎസ്‌സി നഴ്‌സിങ്, വിവിധ അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകള്‍ക്ക് പൊതു പ്രവേശനപരീക്ഷവഴി അഡ്മിഷൻ നേടാം. വിവരങ്ങൾക്ക്: nimhans.ac.in
ഐഷ്
മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (BASLP) പ്രവേശനം സ്ഥാപനം നടത്തുന്ന പ്രത്യേക പരീക്ഷവഴിയാണ്. വിവരങ്ങൾക്ക്: aiish mysore.in
ദിവ്യാംഗൻ സ്ഥാപനങ്ങൾ
കേന്ദ്രസര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് ആൻഡ് റിസര്‍ച്ച് (SVNIRTAR) കട്ടക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ, പിഡിയു എൻഐ പിപിഡി ന്യൂഡൽഹി, സിആർസിഎസ്ആർഇ ഗുവാഹത്തി എന്നിവിടങ്ങളിൽ ബിരുദ പ്രോഗ്രാമുകളുണ്ട്. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി ( BPT), ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ( BOT), ബാച്ചിലര്‍ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓര്‍ത്തോട്ടിക്‌സ് (BPO), ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ് വിവരങ്ങൾക്ക്: admission. svnirtar.nic.in
നീറ്റ് വഴിയും
മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജി വഴിയും ചില സ്ഥാപനങ്ങളിൽ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കും. ന്യൂഡൽഹിയിലെ നഴ്സിങ് കോളേജുകളായ അഹല്യാഭായ് കോളേജ്, ഫ്ലോറൻസ് നെറ്റിംഗേൽ കോളേജ്, ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, രാജ്കുമാരി അമൃത് കൗര്‍ കോളേജ്, സഫ്ദര്‍ ജങ് ഹോസ്പിറ്റല്‍, വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ചില ഇഎസ്ഐസി കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 2025ലെ ബിഎസ്‌സി നഴ്‌സിങ് പ്രവേശനവും നീറ്റ് യുജി റാങ്ക് അടിസ്ഥാനമാക്കിയായിരുന്നു. പോണ്ടിച്ചേരി ജിപ്മറിൽ നാലുവർഷ ബിഎസ്‌സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളുടെ പ്രവേശനം നീറ്റ് യുജി റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനം നേരിട്ട് നടത്തുന്ന കൗൺസലിങ് വഴിയാണ്. വിവരങ്ങൾക്ക്: jipmer.edu. in ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ പെൺകുട്ടികൾക്കുമാത്രമുള്ള നഴ്സിങ് പ്രവേശനവും നീറ്റ് യുജി റാങ്ക് പരിഗണിച്ചാണ് വിവരങ്ങൾക്ക്: joinindianarmy.nic.in ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (aiipmr.gov.in), എയിംസ് മംഗളഗിരിയിലെ ബിഎസ്‌സി എമർജെൻസി മെഡിക്കൽ ടെക്നോളജി, ബിഎസ്‌സി ഹെമറ്റോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പ്രോഗ്രാമുകൾ (www.aiimsman galagiri.edu.in), എയിംസ് ദിയോഗറിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് (www.aiimsdeoghar. edu.in) തുടങ്ങിയവയുടെ പ്രവേശനത്തിനും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്.









0 comments