print edition ഫോറൻസിക് കോഴ്സുകൾ; അപേക്ഷ ഡിസംബർ 15 വരെ

എ ഐ നിർമിത ചിത്രം
ഫോറൻസിക് സയൻസ് മേഖലയിൽ ഏറെ ജോലി സാധ്യതകളുള്ള രണ്ട് പിജി പ്രോഗ്രാമുകൾക്ക് ചേരുവാൻ ഇപ്പോൾ അവസരം. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് നഴ്സിങ്, ഫോറൻസിക് ഡെന്റിസ്ട്രി കോഴ്‌സുകൾക്ക് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രത്യേകതകൾ
സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിക്കോ -ലീഗൽ സ്റ്റഡീസ് ആണ് കോഴ്‌സുകൾ നടത്തുന്നത്. അന്തർദേശീയതലത്തിലെ വിദഗ്‌ധരുടെ ക്ലിനിക്കൽ സെഷനുകളോടൊപ്പം ക്രൈംസീൻ ഇൻവെസ്റ്റിഗേഷനുള്ള അവസരം ഈ രണ്ടു പ്രോഗ്രാമുകളുടെയും സവിശേഷതയാണ്. പ്രായോഗിക പരിചയത്തിനായി മോക് കോർട്ട് റൂമുകൾ, കോടതി സന്ദർശനങ്ങൾ എന്നിവയും പഠനത്തിന്റെ ഭാഗമായി ഉണ്ടാകും.
എംഎസ്‌സി ഫോറൻസിക് നഴ്സിങ്
ക്ലിനിക്കൽ നഴ്സിങ് പ്രാക്‌ടീസുമായി സംയോജിച്ച് ഫോറൻസിക് സയൻസിന്റെ പ്രയോഗമാണ് ഈ കോഴ്സിന്റെ കാതൽ. ക്ലിനിക്കൽ നഴ്‌സിങ്ങിനോടൊപ്പം ഫോറൻസിക് നഴ്‌സിങ്, മാനസിക- സാമൂഹ്യ പരിചരണം, ഗവേഷണം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്നു. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, കുട്ടികൾക്കും മുതിർന്നവർക്കും എതിരായ അതിക്രമം എന്നിവയുടെ ഇരകൾക്ക് പരിചരണം നൽകുന്നതിൽ വിദഗ്‌ധ പരിശീലനം ലഭിക്കുന്നു.
ബിഎസ്‌സി നഴ്സിങ്/പോസ്റ്റ് ബേസിക് നഴ്സിങ് 55 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. രാജ്യത്തെ ഒരു സംസ്ഥാന നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷനും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ മാനദണ്ഡമനുസരിച്ചുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പോസ്റ്റ് ബേസിക് നഴ്സിങ് ഡിഗ്രിക്കാർക്ക് ഇത് ബിരുദം ലഭിക്കുന്നതിന് മുമ്പായാലും മതിയാകും. കോഴ്സ് ദൈർഘ്യം നാലു സെമസ്റ്ററുകളിലായി രണ്ട് വർഷം.
ആശുപത്രി ജോലികൾക്കുപുറമേ സ്പെഷ്യലൈസ്ഡ് മെഡിക്കൽ എക്സാമിനേഷൻ റൂം നഴ്സ്, സ്പെഷ്യലിസ്റ്റ് കൺസൽട്ടന്റ്, അധ്യാപകൻ, ഫോറൻസിക് ക്യൂറേറ്റർ, മെഡിക്കോ -ലീഗൽ വിദഗ്‌ധൻ തുടങ്ങിയ പുതിയ തൊഴിലവസരങ്ങളിലേക്ക് ഈ കോഴ്സിലെ പഠനം വഴിയൊരുക്കും.
എംഎസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി
ഫോറൻസിക് സയൻസസിലെ പ്രധാന ശാഖകളിലൊന്നാണ് ഫോറൻസിക് ഡെന്റിസ്ട്രി. ശാരീരികവും ജൈവപരവുമായ ദന്ത തെളിവുകൾ ഉപയോഗിച്ച് ദന്ത ശാസ്ത്രത്തിന്റെ സമഗ്രമായ പ്രായോഗിക മികവിൽ കുറ്റാന്വേഷണത്തിൽ കൃത്യതയും വൈദഗ്‌ധ്യവും നേടുന്ന പഠന പ്രോഗ്രാം. ഫോറൻസിക് ദന്ത ഡോക്ടർമാർ മെഡിക്കോ- ലീഗൽ (വൈദ്യ-നിയമ ) വിഷയങ്ങൾ കൈകാര്യം ചെയ്യാനും പ്രാപ്തരാകുന്നു.
പഠിച്ചിറങ്ങുന്നവർക്ക് കുറ്റാന്വേഷണം, ഫോറൻസിക് ലാബുകൾ, അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതയുണ്ട്. മെഡിക്കോ- ലീഗൽ കൺസൽട്ടന്റ്/ ഫോറൻസിക് ഓഡോൺറ്റോളജിസ്റ്റ് എന്നിങ്ങനെയും പ്രവർത്തിക്കാം.
കോഴ്സ് ദൈർഘ്യം നാല് സെമസ്റ്ററുകളിലായി രണ്ടു വർഷം. 55 ശതമാനം മാർക്കോടെ ബിഡിഎസ് പാസായവർക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്. ട്യൂഷൻ ഫീസ് സെമസ്റ്ററിന് 65,000 രൂപ.
മറ്റ് വിവരങ്ങൾ
യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക്: https://nfsu.ac.in/admission ഫോൺ: 079/ 23977100, 23977105, 8141298099. ഇ മെയിൽ: [email protected], [email protected]









0 comments