Deshabhimani

കൊഴിഞ്ഞുപോയത്‌ 1,150ൽ അധികം വിദ്യാർഥികൾ

പഠനം അവസാനിപ്പിച്ച്‌ ഗോത്രവിദ്യാർഥികൾ; വിദ്യാലയങ്ങളിൽ ഞെട്ടിക്കുന്ന കൊഴിഞ്ഞുപോക്ക്‌; 219 പേരുടെ ഹാജർ പൂജ്യം

Empty Classroom

Representative Image | AI

avatar
വി ജെ വർഗീസ്

Published on Oct 28, 2026, 08:17 AM | 2 min read

കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ച്‌ വയനാട്ടില്‍ വിദ്യാർഥികളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌. അഞ്ച്‌ മാസത്തിനിടെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽനിന്ന്‌ കൊഴിഞ്ഞുപോയത്‌ 1,150ലധികം വിദ്യാർഥികളെന്ന്‌ കണക്ക്‌. പഠനം അവസാനിപ്പിച്ചവരിൽ ഭൂരിഭാഗവും ആദിവാസി വിദ്യാർഥികളാണ്‌. ഗോത്രവിഭാഗത്തിലെ തൊള്ളായിരത്തോളം പേർ വിദ്യാലയങ്ങളിൽ എത്തുന്നില്ലെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്ക്‌.


കൊഴിഞ്ഞുപോക്ക്‌ തടയാനും ആദിവാസി വിദ്യാർഥികളുടെ പഠനപുരോഗതിക്കുമായി എൽഡിഎഫ്‌ സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട യുഡിഎഫ്‌ സർക്കാരിന്റെ നടപടിയാണ്‌ കൊഴിഞ്ഞുപോക്ക്‌ വർധിപ്പിച്ചത്‌. ഒന്പതുവർഷം ജോലി ചെയ്‌തവരെയാണ്‌ പിരിച്ചുവിട്ടത്‌. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഇ‍ൗ അധ്യയനവർഷം ഇതുവരെ ആദിവാസി വിദ്യാർഥികൾക്ക്‌ മെന്റർ അധ്യാപകരുടെ സേവനം ലഭിച്ചിട്ടില്ല.


എൽപിക്കൊപ്പം ഹൈസ്‌കൂൾ വിഭാഗത്തിലും വൻതോതിൽ കൊഴിഞ്ഞുപോക്കുണ്ട്‌. എട്ടാം ക്ലാസിൽനിന്ന്‌ 180 ഉം ഒന്പതിൽനിന്ന്‌ 357ഉം പത്താം ക്ലാസിൽനിന്ന്‌ 235 പേരും പഠനം ഉപേക്ഷിച്ചതായാണ്‌ കണക്ക്‌. ഒന്പതിൽ കൊഴിഞ്ഞവരിൽ 300ഉം പത്തിൽ കൊഴിഞ്ഞവരിൽ 220 പേരും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണ്‌. ഹൈസ്‌കൂളിൽ 219 പേരുടെ ഹാജർ പൂജ്യമാണ്‌. 311 പേരുടെ ഹാജർ 50 ശതമാനത്തിൽ താഴെയാണ്‌.


കൊഴിഞ്ഞുപോയവർ

വർഷം

എണ്ണം

2022–23

145

2023–24

274

2024–25

465

2025–26

309

2026–27

1150(

ഇതുവരെ)


മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ ക്രമാതീതമായി വർധിച്ചു. മുൻകാലങ്ങളിൽ ഗോത്രവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാനും സ്‌കൂളിൽ വരാത്തവരെ തിരികെ കൊണ്ടുവരാനും ഫലപ്രദമായ നടപടികളാണുണ്ടായിരുന്നത്‌. ഭരണമാറ്റത്തോടെ എല്ലാം നിലച്ചു. സ്‌കൂളിൽ വരാത്തവരെ മെന്റർ അധ്യാപകർ ഉ‍ൗരുകളിലെത്തി കൂട്ടിക്കൊണ്ടുവരുമായിരുന്നു. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ജനമൈത്രി പൊലീസ്, ഊരുകൂട്ടം വളന്റിയര്‍മാര്‍, പഞ്ചായത്ത്‌തല കോ ഓർഡിനേഷന്‍ കമ്മിറ്റികള്‍ എന്നിവയെല്ലാം കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിൽ സജീവമായി ഇടപെട്ടിരുന്നു. ഇത്തരം സംവിധാനങ്ങളുടെയെല്ലാം പ്രവർത്തനം ഇപ്പോൾ പേരിനുമാത്രമാണ്‌.

​

വിളവെടുപ്പായാൽ ഇനിയും കൊഴിയും

​

ജില്ലയിൽ നവംബർ മുതൽ വിളവെടുപ്പ്‌ സീസണാണ്‌. ഇത്‌ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ കൂട്ടും. അടക്ക, ഇഞ്ചി, കാപ്പി, കുരുമുളക് എന്നിവയുടെ വിളവെടുപ്പിന്‌ ഗോത്രവിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പവും അല്ലാതെയും പോകും. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്‌ പഠനം ഉപേക്ഷിച്ച്‌ പണിക്കുപോകുക. ഇത്‌ തടയാനും തിരികെ സ്‌കൂളുകളിൽ എത്തിക്കാനും ഫലപ്രദമായ ഇടപെടൽ ഇല്ലെങ്കിൽ ഇവരുടെ പഠനം പൂർണമായും അവസാനിക്കും. ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ പണിക്കുപോകുന്നവരും തിരികെയെത്താൻ വിമുഖത കാണിക്കും.

​

എസ്‌എസ്‌എൽസി രജിസ്‌ട്രേഷനെ ബാധിക്കും

​

അടുത്ത മാർച്ചിൽ പത്താം ക്ലാസ്‌ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളുടെ വിവരങ്ങൾ സന്പൂർണ പോർട്ടലിൽ അന്തിമമാക്കുന്ന സമയമാണിത്‌. പിന്നീട്‌ എക്സാം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യും. വിദ്യാലയങ്ങളിൽ എത്താത്തവരെ നിയമരപരമായി രജിസ്‌റ്റർ ചെയ്യാനാകില്ല. വരത്തവർക്കും ഹാജർ നൽകി രജിസ്‌ട്രേഷൻ നടത്തിയാണ്‌ കണക്കൊപ്പിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home