Deshabhimani

print edition അട്ടപ്പാടിയിൽ ‘അരുംകൊല’; നാല്‌ മാസത്തിനിടെ മരിച്ചത്‌ 10 കുട്ടികൾ

Attappadi Infant Death
avatar
വേണു കെ ആലത്തൂർ

Published on Oct 28, 2026, 08:36 AM | 2 min read

പാലക്കാട്‌ : അട്ടപ്പാടിയിൽ പിഞ്ചുകുഞ്ഞുങ്ങളെ സർക്കാർ ‘അരുംകൊല’യ്‌ക്ക്‌ ഇരയാക്കുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ നാല്‌ മാസത്തിനിടെ 10 ശിശുമരണമാണ്‌ ആദിവാസി ഉന്നതികളിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. അഗളി ധോണികുണ്ട്‌ ചിണ്ടക്കി ഉന്നതിയിലെ രാജി–സുനീഷ്‌ ദമ്പതികളുടെ ആൺകുഞ്ഞാണ്‌ അവസാന ഇര. ഒന്പത്‌ മാസം പൂർത്തിയായ ഗർഭസ്ഥശിശു ചൊവ്വ രാവിലെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ മണ്ഡലത്തിലാണ് അട്ടപ്പാടി.


പ്രസവത്തിനായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രാജിയെ തിങ്കളാഴ്‌ച പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന്‌ അനക്കമില്ലെന്ന്‌ കണ്ടതോടെ കോഴിക്കോട്ടേക്ക്‌ മാറ്റി. ചൊവ്വ രാവിലെ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇരുള വിഭാഗത്തിലെ രാജി(26)ക്ക്‌ സിക്കിൾ സെൽ അനീമിയ ബാധിച്ചിരുന്നു.


രോഗം തിരിച്ചറിഞ്ഞിട്ടും ആറാംമാസംമുതലുള്ള പരിചരണം നൽകുന്നതിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതർക്ക്‌ വീഴ്‌ചയുണ്ടായി. കോട്ടത്തറ ആശുപത്രിയിലെ സ്‌കാനിങ്‌ പിഴവിനെ തുടർന്ന്‌ 15 ദിവസം പ്രായമായ ആൺകുഞ്ഞ്‌ ഞായറാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചിരുന്നു. ഇ‍ൗ മാസം 21ന്‌ 10 ദിവസം പ്രായമായ ആൺകുഞ്ഞും തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചു. അട്ടപ്പാടിയിൽ ഗർഭകാലപരിചരണം നൽകാൻ ആവശ്യമായ ആരോഗ്യപ്രവർത്തകരില്ല.


ആരോഗ്യ വകുപ്പിനുകീഴിൽ ഏഴ്‌ ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സുമാർ, മൊബൈൽ ലാബിലെ ഫാർമസിസ്റ്റ്‌ എന്നിവരെ പുതിയ സർക്കാർ സ്ഥലംമാറ്റി. പകരം നിയമനവുമില്ല. എൻഎച്ച്‌എമ്മിന്‌ കീഴിലെ മൊബൈൽ ക്ലിനിക്കും നിർത്തി. ഇതോടെ ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണവും മരുന്ന്‌ വിതരണവും നിലച്ചു.


മൊബൈൽ ലാബുകളായി സർവീസ്‌ നടത്തിയ രണ്ട്‌ ജീപ്പുകളിൽ ഒന്നിലെ ഫാർമസിസ്റ്റിനെ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ സ്ഥലംമാറ്റിയതോടെ ഉന്നതികളിലേക്കുള്ള ജീപ്പ് സർവീസ്‌ നിലച്ചു. 24 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതും തിരിച്ചടിയായി. കുരുന്നുകളുടെ ജീവൻ ദിവസേനയെന്നോണം പൊലിഞ്ഞിട്ടും ആരോഗ്യമന്ത്രിയും സർക്കാരും അനാസ്ഥ തുടരുകയാണ്‌.


കുഞ്ഞുങ്ങൾക്കുള്ള 
2000 രൂപയും വെട്ടി


അട്ടപ്പാടിയിൽ ആദിവാസി കുഞ്ഞുങ്ങൾക്കുള്ള സഹായവും സർക്കാർ വെട്ടി. മൂന്നുമാസം മുതൽ ഒന്നവരയസ്സുവരെയുള്ള കുട്ടികൾക്ക്‌ എല്ലാ മാസവും നൽകിയ രണ്ടായിരം രൂപ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ നൽകുന്നില്ല. ഫണ്ടില്ലെന്നാണ്‌ ന്യായീകരണം. സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) പ്രകാരമാണ്‌ സഹായം നൽകിയത്‌.


പല കുട്ടികൾക്കും പോഷകാഹാരം മുടങ്ങി. നിരവധി പരാതി ലഭിച്ചിട്ടും പരിഗണിച്ചില്ല. എൽഡിഎഫ്‌ സർക്കാർ മുടക്കമില്ലാതെ നൽകിയിരുന്നു. എൻഎച്ച്‌എമ്മിനുകീഴിൽ ഉന്നതികളിലെ ആംബുലൻസ്‌ ക്ലിനിക്കുകളും യുഡിഎഫ് അധികാരത്തില്‍ വന്നശേഷം നിർത്തി. കരാർ അടിസ്ഥാനത്തിൽ ആംബുലൻസ്‌ നൽകിയ സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ ഫണ്ട്‌ നൽകാനില്ലെന്നാണ്‌ ഇതിന്‌ പറഞ്ഞ ന്യായം. ഇത്തരത്തില്‍ സര്‍ക്കാര്‍ സഹായവും ലാബും ക്ലിനിക്കുമെല്ലാം മുടങ്ങിയതിന്റെ ഫലമാണ്‌ അട്ടപ്പാടിയിൽ അടിക്കടിയുള്ള ശിശുമരണങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home