print edition എംജി സിൻഡിക്കറ്റ്; യുഡിഎഫ് അംഗങ്ങളുടെ രാജി നാടകം സംഘപരിവാറിനുവേണ്ടി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സ്വകാര്യ, എയ്‌ഡഡ് കോളേജുകളിലെ ഗവേണിങ് ബോഡി, മാനേജ്‌മെന്റ് കൗൺസിൽ എന്നിവയിലേക്ക് സംഘപരിപരിവാർ നോമിനികളെ നിയമിച്ച് വൈസ് ചാൻസലർ. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന നേതാവ് എൻ ശങ്കർരാമൻ ഉൾപ്പെടെ ഏഴ് സെനറ്റ് അംഗങ്ങളെയാണ് വിസി തിരുകി കയറ്റിയത്.
ഓരോ കോളേജിന്റെയും സ്റ്റാറ്റ്യൂട്ടറി ഗവേണിങ് ബോഡിയിലേക്ക് സിൻഡിക്കറ്റ് അംഗങ്ങളെയാണ് നിയമിക്കാറ്. സിൻഡിക്കറ്റിനാണ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം. സിൻഡിക്കറ്റിന്റെ അഫിലിയേഷൻ സ്റ്റാൻഡിങ് കമ്മിറ്റി, അംഗങ്ങളെ നിശ്ചയിച്ച് മിനിറ്റ്സ് വിസിക്ക് നൽകിയെങ്കിലും പട്ടിക വെട്ടി വിസി സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റി.
സിൻഡിക്കറ്റ് യോഗം വിളിച്ച് വിസിയുടെ തീരുമാനം റദ്ദാക്കുന്നതിന് പകരം യുഡിഎഫ് അംഗങ്ങൾ ചുമതലയിൽനിന്ന് പൂർണമായി ഒഴിവാകുകയാണെന്ന് പറഞ്ഞ് വിസിക്ക് കത്ത് നൽകി. ഇതോടെ ഈ ഒഴിവുകൾ കൂടി വിസിക്ക് നിയമിക്കാമെന്ന സ്ഥിതിയായി. സിൻഡിക്കറ്റിന് അംഗങ്ങളെ നിശ്ചയിക്കാനും അത് തിരുത്തിയ വിസിയുടെ നടപടി റദ്ദാക്കാനും പൂർണ അധികാരം ഉണ്ടായിരുന്നിട്ടും അത് വിനിയോഗിക്കാതിരുന്നത് യുഡിഎഫ് സിൻഡിക്കറ്റും വിസിയും തമ്മിലുള്ള ഒത്തുകളിയാണ്.
സംഘപരിവാറുമായി അധികാരവും പദവികളും വീതം വയ്ക്കുന്നതിന്റെ ഭാഗമാണിത്. കഴിഞ്ഞദിവസം നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിസി അകാരണമായി മാറ്റിവച്ചിരുന്നു. തെരഞ്ഞെടുപ്പ് ആദ്യ അജൻഡയായി പരിഗണിച്ചിരുന്നുവെങ്കിലും യോഗം തീരും മുമ്പ് വിസി ഇറങ്ങിപ്പോയി.
ഇടത് അംഗം തെരഞ്ഞെടുക്കപ്പെടാതിരിക്കാനായിരുന്നു വിസിയുടെ ഇടപെടൽ. യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങളുടെ അറിവോടെ ആയിരുന്നു വിസിയുടെ നീക്കം. ഇതിൽ പ്രതിഷേധിച്ച് സർവകലാശാലയിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽനിന്ന് എംജി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളായ അധ്യാപകർ രാജിവച്ചു. ഡോ. കെ ജയചന്ദ്രൻ, ഡോ. പി പി നൗഷാദ്, ഡോ. പി ആർ ബിജു, ഡോ. ചിത്രാമോഹൻ, ഡോ. എസ് സ്മിത, ഡോ. എം കെ ബിജു, ഡോ. വി ദിനേശൻ എന്നിവരാണ് വിസിക്ക് രാജിക്കത്ത് നൽകിയത്.
നേരത്തെ സെനറ്റിൽ 19 സംഘപരിവാർ അനുകൂല അധ്യാപകരെ ലോക്‌ഭവൻ ഇടപെടലിൽ നിയമിച്ചിരുന്നു. ഉന്നതവിദ്യാഭാസ മന്ത്രി ഉൾപ്പെടെ അന്ന് മൗനം പാലിച്ചു.









0 comments