മലയാളം സർവകലാശാല 12 പിജി പ്രോഗ്രാം: അപേക്ഷ 30 വരെ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഈ വർഷത്തെ പിജി പ്രോഗ്രാമുകളിലേക്ക് മെയ് 30നകം ഓൺലൈനിൽ അപേക്ഷിക്കാം. 12 കോഴ്സാണുള്ളത്. സർവകലാശാല നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് പ്രവേശനം. പ്രോഗ്രാമുകൾ എംഎ- ഭാഷാശാസ്ത്രം/ മലയാളം (സാഹിത്യ പഠനം)/ മലയാളം (സാഹിത്യ രചന)/ മലയാളം (സംസ്കാര പൈതൃകം)/ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ ചരിത്രം/ പരിസ്ഥിതിപഠനം/ വികസന പഠനവും തദ്ദേശ വികസനവും/ സോഷ്യോളജി/ ചലച്ചിത്ര പഠനം/ താരതമ്യസാഹിത്യ-വിവർത്തന പഠനം. എംഎസ്‌സി പരിസ്ഥിതിപഠനം അപേക്ഷായോഗ്യത അംഗീകൃത സർവകലാശാല ബിരുദം.
അവസാന വർഷ പരീക്ഷാ ഫലം കാത്തുനിൽക്കുന്നവർക്കും അർഹതയുണ്ട്. പ്രായം 2026 ഏപ്രിൽ ഒന്നിന് 35 കവിയരുത്. പിന്നാക്ക/പട്ടിക/ ഭിന്നശേഷിക്കാർക്ക് 37 വയസ്സ് വരെ ആകാം. സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും പ്രായപരിധിയില്ല. ഒന്നിലധികം പിജി ബിരുദമുള്ളവർക്ക് പ്രവേശനത്തിന് അർഹതയില്ല. ആദ്യ പിജി ബിരുദത്തിനുള്ളവരുടെ പ്രവേശനത്തിനുശേഷം ഒഴിവുള്ള സീറ്റുകളിൽ ഒരു പിജി ബിരുദമുള്ളവരുടെ അപേക്ഷ പരിഗണിക്കും.
അഭിരുചി പരീക്ഷ പരമാവധി മൂന്ന് വിഷയത്തിനുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ എഴുതാം. ഒരു മണിക്കൂർ ദൈർഘ്യമുള്ള വസ്തുനിഷ്ഠ മാതൃകയിലും വിവരണാത്മക മാതൃകയിലുമായി 50 മാർക്കിന്റെ പരീക്ഷയാണ് ഓരോ വിഷയത്തിനും ഉണ്ടാകുക. പൊതുവിജ്ഞാനവും അപേക്ഷിക്കുന്ന പിജി വിഷയവും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. സാഹിത്യ രചന എംഎക്ക് അപേക്ഷിക്കുന്നവർ അഞ്ച് പേജിൽ കവിയാത്ത, സ്വന്തം രചന (ഒരു കഥ/ ഒരു നിരൂപണം/രണ്ട് കവിത) പ്രവേശനപരീക്ഷ സമയത്ത് സമർപ്പിക്കണം. 20 മാർക്ക്. അഭിരുചി പരീക്ഷ ജൂൺ ആദ്യ ആഴ്ചയിൽ. വിവരങ്ങൾക്ക്: www.malayalamuniversity.edu.in ഫോൺ: 0494–-2631230, 9188023237, 9447802075.









0 comments