print edition പിജി ഡെന്റൽ കോഴ്‌സ് പ്രവേശനം: യോഗ്യതാ മാർക്ക് കുറച്ചു

പി ആർ ചന്തു കിരൺ
Published on Oct 07, 2026, 01:50 AM | 1 min read
തിരുവനന്തപുരം: പിജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിനുള്ള നീറ്റ് എംഡിഎസ് പ്രവേശനപരീക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തി നാഷണൽ ഡെന്റൽ കമീഷൻ (എൻഡിസി). എല്ലാ വിഭാഗത്തിനും യോഗ്യതാ മാർക്കിൽ 10 പേഴ്സന്റൈൽ കുറവുവരുത്തി വിജ്ഞാപനം പുറത്തിറക്കി.
പുതുക്കിയ പേഴ്സന്റൈൽ അടിസ്ഥാനമാക്കി നീറ്റ് എംഡിഎസ് ഫലം പുനഃപ്രസിദ്ധീകരിക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിനോടും തുടർനടപടികൾ മുൻഗണനാക്രമത്തിൽ സ്വീകരിക്കാൻ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയോടും എൻഡിസി നിർദേശിച്ചിരുന്നു.
യോഗ്യതാ പേഴ്സന്റൈൽ കുറച്ചതോടെ കൂടുതൽ വിദ്യാർഥികൾക്ക് പിജി ഡെന്റൽ പ്രവേശന കൗൺസലിങ്ങിൽ പങ്കെടുക്കാനാകും. പുതുക്കിയ മാനദണ്ഡപ്രകാരം യോഗ്യത നേടിയവർക്ക് പ്രവേശനത്തിന്റെ മൂന്നാംഘട്ടത്തിൽ അവസരം നൽകും. രാജ്യത്ത് പിജി ഡെന്റൽ സീറ്റുകൾ വ്യാപകമായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം മുൻവർഷങ്ങളിൽ ഉണ്ടായിരുന്നു. ഇതൊഴിവാക്കാനും കൂടുതൽപേർക്ക് പ്രവേശനം ലഭ്യമാക്കാനുമാണ് എൻഡിസി ഇളവ് നൽകിയത്.
അപേക്ഷ 9 വരെ
പുതുക്കിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ഡെന്റൽ കോഴ്‌സിൽ പ്രവേശനം നേടാൻ വെള്ളി രാവിലെ 10 വരെ അപേക്ഷിക്കാം. പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: www.cee.kerala. gov.in ഫോൺ: 0471–2332120, 2338487.









0 comments