Deshabhimani

print edition എൻജിനിയറിങ്‌ ബിരുദം നേടി ആർമിയിൽ ഓഫീസറാകാം

Army.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 07:35 AM | 2 min read

തിരുവനന്തപുരം: ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കൽ എൻട്രി സ്കീമിൽ (ടിഇഎസ് -57) സ്ഥിരം കമീഷൻ തസ്തികയിൽ നിയമനത്തിനുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കൾക്കാണ് അർഹത.


യോഗ്യത: 10+2 പാറ്റേണിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ 12–ാം ക്ലാസ് പാസായിരിക്കണം. മൂന്ന് വിഷയത്തിലുംകൂടി ആകെ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. രണ്ടാംവർഷ പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്. കൂടാതെ 2026 ജെഇഇ മെയിൻ പരീക്ഷയുടെ പേപ്പർ 1 (ബിഇ / ബിടെക്) സ്കോർ നേടിയിരിക്കണം.


പ്രായപരിധി


2027 ജൂലൈ ഒന്നിന്‌ പതിനാറര വയസ്സിൽ കുറയാനോ പത്തൊമ്പതര വയസ്സിൽ കൂടാനോ പാടില്ല. മെഡിക്കൽ ബോർഡ് നിശ്ചയിക്കുന്ന ശാരീരികയോഗ്യത നേടിയിരിക്കണം. തെരഞ്ഞെടുക്കുന്നവർക്ക് പ്രീ കമീഷൻഡ് ട്രെയിനിങ്‌ അക്കാദമികളിൽ (പിസിടിഎ) നാലുവർഷം പരിശീലനം ലഭിക്കുന്നതാണ്. ആദ്യത്തെ മൂന്നുവർഷം പുണെയിലോ സെക്കന്തരാബാദിലോ ഉള്ള പരിശീലനകേന്ദ്രത്തിലും അവസാന ഒരുവർഷം ഡെറാഡൂണിലുള്ള പരിശീലനകേന്ദ്രത്തിലുമാണ് ട്രെയിനിങ്‌.


​ബിരുദം


നാലുവർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് എൻജിനിയറിങ്‌ ബിരുദം അവാർഡ്‌ ചെയ്യും. സിവിൽ ആൻഡ്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ (പുണെ), ടെലികോം ആൻഡ്‌ ഐടി എൻജിനിയറിങ്‌ (മോവ്), ഇലക്ട്രിക്‌ ആൻഡ്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ (സെക്കന്തരാബാദ്) എന്നീ വിഭാഗങ്ങളിലാണ് ബിരുദം നൽകുന്നത്.


​സ്റ്റൈപെൻഡ്‌


മൂന്നുവർഷം ട്രെയിനിങ്‌ പൂർത്തിയാക്കുന്നവർക്ക് മാസം 56,100 രൂപ നിരക്കിൽ സ്റ്റൈപെൻഡ്‌ ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോൾ ലഫ്റ്റനന്റ് റാങ്കിൽ കമീഷൻ ലഭിക്കും. കോർ ഓഫ് എൻജിനിയറിങ്‌, കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക്സ് ആൻഡ്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ എന്നീ വിഭാഗങ്ങളിലാണ് സാധാരണയായി നിയമനം ലഭിക്കുന്നത്.


​തെരഞ്ഞെടുപ്പുരീതി


മിനിസ്ട്രി ഓഫ് ഡിഫൻസ് ഇന്റഗ്രേറ്റഡ് ഹെഡ്ക്വാട്ടേഴ്‌സ് (ആർമി) 2026 ജെഇഇ മെയിൻ പേപ്പർ 1 പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുവേണ്ടി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സർവീസ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യൂവിന്‌ ഹാജരാകണം. ഇന്റർവ്യൂ രണ്ടുഘട്ടമായാണ് നടക്കുക. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കുന്നവർക്ക് അടുത്തുള്ള മിലിട്ടറി ആശുപത്രിയിൽ മെഡിക്കൽ പരിശോധന ഉണ്ടാകും. നവംബർ 12 വരെ അപേക്ഷ ഓൺലൈനിൽ സ്വീകരിക്കും. വിവരങ്ങൾക്ക്: www.joinindianar my.nic.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home