എൻജിനിയറിങ് ബിരുദം നേടാം ആർമിയിൽ ഓഫീസറാകാം

ഡോ.രാജേഷ് ബാബു കെ ആർ
Published on May 20, 2026, 10:00 AM | 1 min read
ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീമിൽ (ടി ഇ എസ്) സ്ഥിരം കമീഷൻ തസ്തികയിൽ നിയമനത്തിനുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. ഓൺലൈനായി ജൂൺ 12 വരെ അപേക്ഷിക്കാം.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മൂന്ന് വിഷയത്തിലുംകൂടി ആകെ 60 ശതമാനം മാർക്ക് ലഭിക്കണം. രണ്ടാം വർഷ പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്. കൂടാതെ 2026 ജെ ഇ ഇ മെയിൻ പരീക്ഷയുടെ പേപ്പർ 1 (ബിഇ/ബിടെക്) സ്കോർ നേടിയിരിക്കണം. 2027 ജനുവരി ഒന്നിന് പതിനാറര വയസ്സിൽ കുറയുവാനോ പത്തൊമ്പതര വയസ്സിൽ കൂടാനോ പാടില്ല.
നാലുവർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് എൻജിനിയറിങ് ബിരുദം അവാർഡ് ചെയ്യും. സിവിൽ & മെക്കാനിക്കൽ എൻജിനിയറിങ് (പുണെ), ടെലികോം & ഐ ടി എൻജിനിയറിങ് (മോവ്), ഇലക്ട്രിക് & മെക്കാനിക്കൽ എൻജിനിയറിങ് (സെക്കന്തരാബാദ്) എന്നീ വിഭാഗങ്ങളിലാണ് ബിരുദം നൽകുന്നത്.
മൂന്ന് വർഷം ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക് മാസം 56,100 രൂപ നിരക്കിൽ സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോൾ ലഫ്‌റ്റനന്റ് റാങ്കിൽ കമീഷൻ ലഭിക്കും. കോർ ഓഫ് എൻജിനിയറിങ് , കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് സാധാരണയായി നിയമനം ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് രീതി
ജെഇഇ മെയിൻ 2026 പേപ്പർ 1 പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇന്റർവ്യൂ രണ്ട് ഘട്ടമായി നടക്കും. പ്രയാഗ് രാജ് (ഉത്തർപ്രദേശ്), ഭോപാൽ (മധ്യപ്രദേശ്), ബംഗളൂരു (കർണാടകം), ജലന്ധർ (പഞ്ചാബ്) എന്നിവിടങ്ങളിൽ ഏതെങ്കിലും കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണം. മെഡിക്കൽ പരിശോധനയുണ്ട്. വിവരങ്ങൾക്ക്: www.join indianarmy.nic.in









0 comments