തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്: 21,413 ഒഴിവ്

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് അവസരം. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 21,413 ഒഴിവുണ്ട്. ഇതിൽ 1,385 ഒഴിവ് കേരള സർക്കിളിലാണ്. ഓരോ സർക്കിളിലും ഡിവിഷൻ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനംചെയ്‌തിരിക്കുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. പ്രാദേശികഭാഷ അറിയുന്നവരായിരിക്കണം.
കേരള സർക്കിളിലെ ഡിവിഷനുകൾ: ആലപ്പുഴ, ആലുവ, കാലിക്കറ്റ്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർഎംഎസ്‌സിടി- കോഴിക്കോട്, ആർഎംഎസ്ഇകെ എറണാകുളം, ആർഎംഎസ്ടിവി തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, വടകര.
പ്രായം: 18-–-40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് ജയം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം) പത്താംക്ലാസ് വരെ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനവും ഉണ്ടായിരിക്കണം.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിക്കുന്നവർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്ററായി തെരഞ്ഞെടുക്കപ്പെടുന്നവർ പോസ്റ്റോഫീസിന്റെ അധികാര പരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.
വിശദ വിജ്ഞാപനം www.indiapostgdsonline.gov.inൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം.








0 comments