ബാങ്ക് ഓഫ് ബറോഡയിൽ 837 പ്രൊഫഷണൽ

ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് (WMS) വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലായി 837 പ്രൊഫഷണൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനമെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകുന്നതാണ്. സീനിയർ റിലേഷൻഷിപ്പ് മാനേജർ (791), ടെറിട്ടറി ഹെഡ് (35), ഗ്രൂപ്പ് ഹെഡ് (8), ഇൻവെസ്റ്റ്‌മെന്റ് പ്രൊഡക്ട് മാനേജർ (2), ഹെഡ് ഇൻവെസ്റ്റ്‌മെന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ബാങ്കിന്റെ ആവശ്യാനുസരണം ഇന്ത്യയിലെ ഏത് ഓഫീസുകളിലോ ശാഖകളിലോ ഉദ്യോഗാർഥികളെ നിയമിക്കാം. അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫിനാൻസ്, മാർക്കറ്റിങ് അല്ലെങ്കിൽ ബാങ്കിങ് മേഖലയിൽ രണ്ട് വർഷത്തെ ഫുൾടൈം പിജി ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ എംബിഎ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. തസ്തികകൾക്കനുസരിച്ച് നിശ്ചിത NISM/IRDA സർട്ടിഫിക്കറ്റുകളും വെൽത്ത് മാനേജ്‌മെന്റ് അല്ലെങ്കിൽ ഫിനാൻഷ്യൽ സെക്ടറിൽ മൂന്ന് വർഷം മുതൽ 12 വർഷം വരെയുള്ള പ്രവൃത്തിപരിചയവും നിർബന്ധമാണ്. തസ്തിക അനുസരിച്ച് കുറഞ്ഞ പ്രായപരിധി 24–35 ഉം കൂടിയ പ്രായപരിധി 35–50 ഉം ആണ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകളുടെ സൂക്ഷ്മപരിശോധന, ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രങ്ങളും അഭിമുഖ വിവരങ്ങളും കോൾ ലെറ്റർ വഴി അറിയിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 850 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്കും വനിതകൾക്കും 175 രൂപയുമാണ് അപേക്ഷാഫീസ്. www.bankofbaroda.bank.in സന്ദർശിച്ച് അതിലെ ‘Careers' പേജിലുള്ള ‘Current Opportunities' വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 24.








0 comments