എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനം നീറ്റും കീമും അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2017, 10:38 AM | 0 min read

തിരുവനന്തപുരം > രാജ്യത്ത് 2017ലെ മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്  (നീറ്റ് ) സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. നീറ്റ് വിജ്ഞാപനത്തിന് പിന്നാലെ സംസ്ഥാന പ്രവേശന കമീഷണര്‍ കേരളത്തില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ കീമിലേക്കും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണറുടെ കീമിലേക്കും അപേക്ഷിക്കണം.  

നീറ്റിലേക്ക് മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം. മെയ് ഏഴിന് രാജ്യത്തെ 80 കേന്ദ്രങ്ങളിലാണ് പരീക്ഷ. അപേക്ഷാഫോമും വിശദവിവരങ്ങളും cbseneet.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യണം.

2017-18 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള സംസ്ഥാന പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ നടക്കും. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധകോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലാണെങ്കിലും സംസ്ഥാന പ്രവേശന കമീഷണറുടെ 'കീം' നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. അതിനാല്‍ ഏത് കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്ന  വിദ്യാര്‍ഥികളും നീറ്റിന് അപേക്ഷിക്കുന്നതിനൊപ്പംതന്നെ www.cee.kerala.gov.in  എന്ന വെബ്സൈറ്റിലും അപേക്ഷിച്ചിരിക്കണം. ഫെബ്രുവരി 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇത്തവണ പ്രിന്റ് ചെയ്ത പ്രോസ്പെക്ട്സ് ഇല്ല. വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധരേഖകളും പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസിലെത്തിക്കേണ്ട അവസാനദിവസം ഫെബ്രുവരി 28 ആണ്.

അപേക്ഷാഫീസ് കുറച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സംവിധാനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home