എസ്‌ബിഐയിൽ 9766 ജൂനിയർ അസോസിയേറ്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലായി ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 9766 ഒഴിവുണ്ട്. ഇതിൽ 7680 റഗുലർ ഒഴിവും 2086 ബാക്ക്‌ലോഗ് ഒഴിവും ഉൾപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള എസ്‌ബിഐയുടെ വിവിധ സർക്കിളുകളിലാണ് നിയമനം. ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക്/കേന്ദ്രഭരണ പ്രദേശത്തേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫൈനൽ ഇയർ/സെമസ്റ്റർ വിദ്യാർഥികൾക്കും പ്രൊവിഷണലായി അപേക്ഷിക്കാം. ഇവർ ഡിസംബർ 31-നകം ബിരുദം നേടിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി: 20–28. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ പ്രിലിമിനറി പരീക്ഷ (ഫേസ്-1), ഓൺലൈൻ മെയിൻ പരീക്ഷ (ഫേസ്-2), പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന (ഫേസ് -3) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പ്രാദേശിക ഭാഷ പഠിച്ചവർക്ക് ഭാഷാ പരിശോധന ഉണ്ടായിരിക്കില്ല. പ്രിലിമിനറി പരീക്ഷ സെപ്‌തംബറിലും മെയിൻ നവംബറിലും നടക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. sbi.bank.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത് 31.










0 comments