ഇലക്‌ട്രോണിക് സാമ്പത്തിക തട്ടിപ്പ്; നടപടി കടുപ്പിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി : ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള നടപടി ശക്തമാക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. തട്ടിപ്പ് കേസുകളിൽ അതിവേഗ ഇടപെടലും ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള ഏകോപനവും ഉറപ്പാക്കാനായി രൂപീകരിച്ച ‘സെൻട്രൽ റൂം’ സംവിധാനത്തിൽ രാജ്യത്തെ എക-്‌സ്‌ചേഞ്ച് കമ്പനികളെയും ഉൾപ്പെടുത്തും. പേയ്‌മെന്റ് മേഖലയിലെ സ്ഥാപനങ്ങളുടെ അക്കൗണ്ടിങ്, സാമ്പത്തിക റിപ്പോർട്ടിങ് നടപടിക്രമങ്ങളിലും കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തി.
എക-്‌സ-്‌ചേഞ്ച് കമ്പനികൾ കണ്ടെത്തുന്ന ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് കേസുകൾ നിശ്ചിത മാർഗനിർദേശങ്ങൾ അനുസരിച്ച് വെർച്വൽ സെൻട്രൽ റൂമിൽ റിപ്പോർട്ട് ചെയ്യണം. സംശയാസ്പദമായ ഇടപാടുകൾ വേഗത്തിൽ തടയാനും തട്ടിപ്പിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ നീക്കം കണ്ടെത്താനും ഇതിലൂടെ സാധിക്കും. തട്ടിപ്പിനിരയായവരുടെ പണം സംരക്ഷിക്കാനും ആവശ്യമായ നടപടി കാലതാമസമില്ലാതെ സ്വീകരിക്കാനും സംവിധാനം സഹായിക്കും.
ഇ–പേയ്‌മെന്റ്/ ഇ–മണി സേവനദാതാക്കൾ, പേയ്‌മെന്റ് സംവിധാനങ്ങളുടെ ഓപ്പറേറ്റർമാർ എന്നിവരെയും സെൻട്രൽ റൂമിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ബാങ്കുകൾ, ആഭ്യന്തര മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട വിഭാഗങ്ങൾ തമ്മിൽ തൽക്ഷണ വിവര കൈമാറ്റവും ഏകോപനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പേയ്‌മെന്റ് മേഖലയിലെ സ്ഥാപനങ്ങളുടെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാനായി അക്കൗണ്ടിങ്, സാമ്പത്തിക റിപ്പോർട്ടിങ് നടപടിക്രമങ്ങളിലും സെൻട്രൽ ബാങ്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പങ്കാളികളുടെ ഫണ്ട്, മൂലധനം, ബാധ്യതകൾ, പിൻവലിക്കുന്ന തുകകൾ എന്നിവ സാമ്പത്തിക റിപ്പോർട്ടുകളിൽ വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്തണം. പങ്കാളികളുടെ കറന്റ് അക്കൗണ്ടുകളിലെ തുക ഓഹരി മൂലധനമായി രേഖപ്പെടുത്താൻ പാടില്ല. അടച്ചുതീർത്ത മൂലധനം, കരുതൽ ധനം, നിലനിർത്തിയ ലാഭം എന്നിവ പ്രത്യേകം കാണിക്കണം. ബിസിനസ് പ്രവർത്തനങ്ങൾക്കോ മൂലധന പിന്തുണയ്ക്കായോ പങ്കാളികൾ നൽകുന്ന തുക തിരിച്ചടവ് വ്യവസ്ഥകൾക്കനുസരിച്ച് ബാധ്യതയായോ ഓഹരി വിഭാഗത്തിലോ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഉപഭോക്താക്കളുടെ പണം മരവിപ്പിക്കൽ, പിടിച്ചെടുക്കൽ, അക്കൗണ്ട് ബാലൻസ് സംബന്ധിച്ച വിവരങ്ങൾ കൈമാറൽ തുടങ്ങിയ കാര്യങ്ങളിൽ നീതിന്യായ അധികാരികളിൽനിന്നുള്ള നിർദേശങ്ങൾ വേഗത്തിൽ സ്വീകരിച്ച് നടപ്പാക്കാനുള്ള സംവിധാനവും സ്ഥാപനങ്ങൾ ഒരുക്കണം. ഇതിനായി പ്രത്യേക ഇ-–മെയിൽ സംവിധാനം സജ്ജമാക്കുകയും അറിയിപ്പുകൾ എല്ലായ-്‌പോഴും സജീവമായി നിലനിർത്തുകയും വേണം. വ്യാജ ഫോൺ കോളുകൾ, വ്യക്തിഗത വിവരങ്ങൾ പുതുക്കാനെന്ന പേരിലുള്ള വ്യാജ ലിങ്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ, വ്യാജ സമ്മാന വാഗ്ദാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.










0 comments