'മിസ' നാടകത്തെ വക്രീകരിച്ചതിന് പിന്നിൽ കോൺഗ്രസ്–ലീഗ്– ബിജെപി സംഖ്യം

പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): അടിയന്തിരാവസ്ഥ കാലത്തെ മർദനവാഴ്‌ച തുറന്നുകാട്ടുന്ന മിസ നാടകത്തെ വക്രീകരിച്ചതിന് പിന്നിൽ കോൺഗ്രസ്–ലീഗ്– ബിജെപി ഗൂഢസംഖ്യമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. സമ്മേളന മികവ് ഇല്ലാതാക്കാനും യുവജനപ്രസ്ഥാനത്തെ കരിവാരിതേക്കലുമാണ് വ്യാജ വാർത്തയുടെ ലക്ഷ്യം. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കോൺഗ്രസ് നേതാവാണ് എഡിറ്റ് ചെയ്‌ത് വക്രീകരിച്ച രംഗം നവമാധ്യമങ്ങളിൽ ആദ്യം പ്രചരിപ്പിച്ചത്. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് നേതാക്കളെല്ലാം ഇത് ഷെയർ ചെയ്യുന്നു. ഡിവൈഎഫ്‌ഐ, സിപിഐ എം വനിതാ നേതാക്കളുടെ ഉൾപ്പടെ ചിത്രങ്ങളും വെട്ടി ഒട്ടിച്ച് വക്രീകരിക്കുന്നു. കോഴിക്കോട് ചിലങ്ക അവതരിപ്പിച്ച 'മിസ..അവസാന ശ്വാസത്തിന്റെരാഷ്ട്രീയം ' എന്ന നാടകം, അടിയന്തിരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലതാ റെഡ്ഡിയെ തടവറയിൽ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കിയ അധികാര പ്രഭുക്കൾക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് തത്തുല്യമായി വേട്ടയാടൽ നടക്കുന്ന സാഹര്യമാണ്. ഇൗ നാടകം ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിൽ ശനിയാഴ്‌ച വീണ്ടും അവതരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.









0 comments