പണമില്ല ഓണക്കോടിയുമില്ല; ഓണക്കാലത്ത് പട്ടികവർഗ വിഭാഗത്തെ മറന്ന് സർക്കാർ

കോട്ടയം : പട്ടികവർഗ കുടുംബങ്ങൾക്ക് ആയിരം രൂപയ്ക്ക് പകരം ഓണക്കോടി നൽകുമെന്ന സർക്കാർ വാഗ്ദാനവും വെറും വാക്കായി. വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഉന്നതികളിലൊന്നും ഓണക്കോടികളെത്തിയിട്ടില്ല. പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും സ്ത്രീകള്‍ക്ക് സെറ്റ് മുണ്ടും നല്‍കാനായിരുന്നു തീരുമാനം.
തിരുവോണമെത്താൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നിട്ടും വാഗ്ദാനം ചെയ്ത ഓണക്കോടി എവിടെയും ലഭിച്ചിട്ടില്ല. പട്ടികവർഗ കുടുംബങ്ങളുടെ ഓണപ്രതീക്ഷകൾ തകർത്തുകൊണ്ടാണ് കഴിഞ്ഞ വർഷം വരെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകിയിരുന്ന പദ്ധതി യുഡിഎഫ് സർക്കാർ നിർത്തലാക്കിയത്. ഇത് സംബന്ധിച്ച് ആഗസ്ത് 14 ന് പട്ടികജാതി - വർഗ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബാങ്ക് അക്കൗണ്ട് വഴിയാണ് പണമെത്തിയിരുന്നത്. അക്കൗണ്ടില്ലാത്തവർക്ക് ഐടിഡിപി ജീവനക്കാർ നേരിട്ടെത്തി പണം കൈമാറും. കഴിഞ്ഞ വർഷം ജില്ലയിൽ 60ന് മുകളിലുള്ള 1364 പേർക്ക് 1000 രൂപവീതം എൽഡിഎഫ് സർക്കാർ ഓണസമ്മാനമായി നൽകിയിരുന്നു. ഇത്തവണ ഓണക്കോടികൾ നൽകാനുള്ള തീരുമാനത്തിലൂടെ ഓണച്ചെലവുകൾക്ക് ആശ്വാസമാകുന്ന തുകയാണ് ഇല്ലാതാകുന്നത്. ഉന്നതികളിൽ കഴിയുന്നവരുടെ യഥാർഥ ആവശ്യം എന്തെന്ന് പോലും മനസിലാക്കാതെയാണ് ഓണക്കോടി വിതരണം എന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയതെന്നത് വ്യക്തമാണ്. പട്ടികവർഗ കുടുംബങ്ങളുടെ സംസ്കാരത്തെക്കുറിച്ചോ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചോ കൃത്യമായ പരിശോധനയും നടത്തിയിട്ടില്ല.
അതേസമയം, അഴിമതി ലക്ഷ്യമിട്ടാണ് പണത്തിന് പകരം ഓണക്കോടി നൽകാനുള്ള തീരുമാനമെന്നും ആരോപണമുണ്ട്. ഇടനിലക്കാരെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. നേരത്തെ പട്ടികവർഗ വിഭാഗക്കാർക്ക് ഓണക്കോടിയാണ് നൽകിയിരുന്നത്. ഇത് അർഹതപ്പെട്ടവരുടെ കൈകളിലെത്താതെ വന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചത്. എന്നാൽ പണവുമില്ല ഓണക്കോടിയുമില്ല എന്ന അവസ്ഥയിലാണ് കേരളത്തിലെ പട്ടികവർഗ കുടുംബങ്ങൾ. പട്ടികവർഗ വിഭാഗങ്ങളോടുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ സമീപനം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.









0 comments