ad
Deshabhimani

ട്രീസ, കേരളത്തിന്റെ പൊൻതൂവൽ; ചരിത്രനേട്ടത്തിലേക്ക് കുതിപ്പ്

treesa arjuna award

അച്ഛൻ ജോളി മാത്യുവിന്റെയും, അമ്മ ഡെയ്സി ജോളിയുടെയും സഹോദരി മരിയ ജോളിയുടെയും കൂടെ

വെബ് ഡെസ്ക്

Published on Aug 21, 2026, 04:01 PM | 1 min read

തിരുവനന്തപുരം: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ചതോടെ, നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരം എന്ന ബഹുമതി കരസ്ഥമാക്കാനൊരുങ്ങുകയാണ് ട്രീസ ജോളി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയാ യി ഫാൻ - ഷാങ് ഷു സിയാൻ സഖ്യത്തെയാണ് ട്രീസ- ​ഗായത്രി സഖ്യം കീഴടക്കിയത്. 2011ൽ ലണ്ടനിൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കല മെഡൽ നേടിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.


രാജ്യത്തെ മികച്ച കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് നേടി ദിവസങ്ങൾ ശേഷിക്കെയാണ് ഇരുപത്തിമൂന്നുകാരിയുടെ വിജയത്തുടർച്ച. കഠിനാധ്വാനവും ആത്മസമർപ്പണവുമാണ്‌ ട്രീസയുടെ വിജയങ്ങളുടെ ആധാരം.


പരിമിതിക്കുള്ളിൽനിന്നായിരുന്നു പരിശീലനം. കായികാധ്യാപക ജോലി ഒഴിവാക്കി കൂടെനിന്ന പിതാവ്‌ ജോളി മാത്യുവാണ്‌ ട്രീസയുടെ കരുത്ത്‌. ചെറുപുഴ സെന്റ് ജോസഫ് ഹൈസ്കൂളിലും പാലാവയൽ സെന്റ് ജോൺസ് എച്ച്‌എസ്‌എസിലും കല്യാശേരി കെപിആർ ഗോപാലൻ മെമ്മോറിയൽ ജിഎച്ച്‌എസ്‌എസിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന്‌ തലശേരി ബ്രണ്ണൻ കോളേജിൽ ബിബിഎ.


ദീർഘദൂര ഓട്ടമത്സരങ്ങളിലെമുൻ ചാമ്പ്യൻകൂടിയായ ജോളിയുടെ കീഴിലായിരുന്നു ഏഴാംക്ലാസ്‌ വരെ പരിശീലനം. വിദഗ്ധ പരിശീലനം കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. അനിൽ രാമചന്ദ്രന്റെ കീഴിൽ. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ പരിശീലനം വഴിത്തിരിവായി.


ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന ചാമ്പ്യനായി. പതിമൂന്നാം വയസ്സിൽ സംസ്ഥാന സീനിയർ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻഷിപ്പ്. 2018-ൽ ബംഗ്ലാദേശിൽ നടന്ന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം. 2022 കോമൺവെൽത്ത് ഗെയിംസ്‌ മിക്‌സഡ്‌ ടീം ഇനത്തിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും. 2024 -ൽ ഏഷ്യൻ ചാമ്പ്യൻഷിപ്‌ ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായി.


ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കായിക വിഭാഗം അധ്യാപകനായിരുന്നു ജോളി മാത്യു . അമ്മ ഡെയ്സി ജോളി ഇതേ സ്കൂളിലെ അധ്യാപികയാണ്. സഹോദരി മരിയ ജോളി. ജൂനിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ടീമംഗവുമാണ്‌ മരിയ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home