ആണവ മേഖലയിലും വിദേശ പങ്കാളിത്തത്തിന് വാതിൽ തുറന്നതോടെ അരയും തലയും മുറുക്കി യുഎസ് ലോബി

ന്യൂഡൽഹി:രാജ്യത്തിന് ആവശ്യമായ തോക്കും ബോംബും ആണവായുധങ്ങളും വരെ നിര്‍മ്മിക്കാൻ വിദേശ കുത്തകകൾക്ക് വാതിൽ തുറന്നിട്ടതോടെ അവസരം മുതലാക്കാൻ അമേരിക്കൻ ലോബിയിങ് ഏജൻസികളും കോര്‍പ്പറേറ്റ് കമ്പനികളും സജീവമായി.
സുരക്ഷയും തന്ത്രപ്രധാനമായ നിയന്ത്രണങ്ങളും പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമായിരിക്കും എന്ന വിശദീകരണത്തോടെയാണ് സ്വകാര്യ കമ്പനികൾക്കുള്ള ഇളവുകൾക്ക് വഴി തുറന്നിട്ടത്. ഇതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ശാന്തി (SHANTI - Sustainable Harnessing and Advancement of Nuclear Energy for Transforming India) നിയത്തിന്റെ കരട് ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിൽ അമേരിക്കൻ ന്യൂക്ലിയര്‍ വകുപ്പ് വരെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും തയാറാക്കി ഇടപെടൽ അവസരം പ്രയോജനപ്പെടുത്തുകയാണ്. സെപ്തംബര്‍ നാലുവരെയാണ് അവസരം നൽകിയിരിക്കുന്നത്.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (USISPF) നേതൃത്വത്തിൽ അമേരിക്കൻ ന്യൂക്ലിയർ ഊർജ്ജ മേഖലയിലെ കച്ചവട പ്രതിനിധികളും ഇന്ത്യയിലെ അവരുടെ നിയമ വിദഗ്ധരും ചേർന്ന് കരട് ചട്ടങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ പൂർത്തിയാക്കി. യുഎസ്ഐഎസ്പിഎഫ് സംവിധാനത്തിന് കീഴിലുള്ള ന്യൂക്ലിയര്‍ ഇൻഡസ്ട്രി കമ്മിറ്റി വഴിയാണ് ഇടപെടൽ നടത്തുന്നത്.
ശാന്തി വാഗ്ദാനം ചെയ്യുന്നത്
സ്വകാര്യ കമ്പനികൾക്കും ജോയിന്റ് വെഞ്ചറുകൾക്കും ന്യൂക്ലിയർ പ്ലാന്റുകൾ നിർമ്മിക്കാനും, ഉടമസ്ഥത വഹിക്കാനും, പ്രവർത്തിപ്പിക്കാനും, ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശാന്തി ചട്ടങ്ങൾ ഇളവുകൾ നൽകുന്നു. ഊര്‍ജ മേഖലയ്ക്ക് പുറമെ മരുന്ന്, കൃഷി തുടങ്ങിയ മേഖലകളിൽ അയോണൈസിങ് റേഡിയേഷൻ ഉപയോഗിക്കുന്നതിനും ആണവ ചട്ട ഇളവ് ലഭിച്ച ഇന്ധനം നിർമ്മിക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് അനുമതി വാഗ്ദാനം ചെയ്യുന്നുണ്ട്.
2033 ഓടെ കുറഞ്ഞത് അഞ്ച് തദ്ദേശീയ സ്മോൾ മോഡുലാര്‍ റിയാക്ടറുകൾ നിര്‍മ്മിക്കാനും തൊട്ടടുത്ത പത്ത് വര്‍ഷത്തോടെ നൂറ് ജിഗാവാട്ട് ഊര്‍ജ ലക്ഷ്യം കൈവരിക്കാനും പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പങ്കാളികളാവുന്നത് മിക്കവയും യു എസ് കമ്പനികളാണ്. നേരത്തെ നിലവിലുണ്ടായിരുന്ന സപ്ലയര്‍ ലയബിലിറ്റി വ്യവസ്ഥകളിൽ വെള്ളം ചേര്‍ത്താണ് വിദേശ കമ്പനികൾക്ക് അവസരം തുറന്നിട്ടത്. ഈ നിയമം ദുരന്തങ്ങൾ ഉണ്ടായാലും ഇത്തരം കമ്പനികൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.
ആയുധ നിര്‍മാണവും
സ്വകാര്യ കമ്പനികൾക്ക്
അഗ്നിശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈലുകൾ, ഗൈഡഡ് ബോംബ് സംവിധാനങ്ങൾ, അന്തര്‍വാഹിനികളിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ എന്നിവയും സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ്. ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനമിക്സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, എന്നിവയെ തഴഞ്ഞാണ് നീക്കം. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്, സോളാര്‍ ഇൻഡസ്ട്രീസ്, അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പെയ്സ് എന്നിവയ്ക്കാണ് മുൻതൂക്കം നൽകുന്നത്.
ടാറ്റ ഇൻഡസ്ട്രീസിന് വിദേശ കമ്പനികളുമായി ചേര്‍ന്ന് ജോയിന്റ് വെൻച്വറുകളുണ്ട്. അദാനി കമ്പനിക്കും വിദേശ സ്ഥാപനങ്ങളുമായി സാങ്കേതിക പങ്കാളിത്തവും സംയുക്ത സംരംഭങ്ങളുമുണ്ട്. അമേരിക്കയിലെയും ഇസ്രയേലിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും കമ്പനികളുമായാണ് കൂടുതൽ ബന്ധം.










0 comments