ഇന്ന് ലോക പുസ്തകദിനം
വായന നട്ടുവളർത്താം; അക്ഷരങ്ങളിലൂടെ ലോകത്തെ തൊടാം

പ്രതീകാത്മക ചിത്രം

പി എസ് മഞ്ജരി
Published on Apr 23, 2026, 12:41 PM | 4 min read
വായന മരിക്കുന്നു എന്ന് വിലപിക്കുന്നവർക്കിടയിൽ, അക്ഷരങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. ഡിജിറ്റൽ ലോകത്തെ തിരക്കുകൾക്കിടയിലും പുസ്തകങ്ങൾ പകർന്നുനൽകുന്ന പരമാനന്ദത്തിന് പകരമായി മറ്റൊന്നില്ല. ഇന്ന് ഏപ്രിൽ 23, ലോക പുസ്തകദിനം. വിശ്വസാഹിത്യത്തിലെ അതികായരായ വില്യം ഷേക്സ്പിയർ, മിഗ്വൽ ഡി സെർവാന്റസ്, ഇൻക ഗാർസിലാസോ ഡി ലാ വെഗ എന്നിവരുടെ ചരമദിനമാണ് ലോക പുസ്തകദിനമായി യുനെസ്കോ ആചരിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുക, കോപ്പിറൈറ്റിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 2026ലെ ലോക പുസ്തക തലസ്ഥാനമായി മൊറോക്കോയിലെ 'റബാത്ത്' (Rabat) ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
യുനെസ്കോയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനമായും ബഹുഭാഷാ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രസാധന രംഗത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് ഊന്നൽ നൽകുന്നത്. ഈ വർഷം യുനെസ്കോ പ്രധാനമായും മൂന്ന് പ്രമേയങ്ങളാണ് ലോക പുസ്തകദിനത്തിൽ മുന്നോട്ട് വെക്കുന്നത്.
"നിങ്ങൾ എന്തിനെയാണോ ഇഷ്ടപ്പെടുന്നത്, അതിനെക്കുറിച്ച് വായിക്കുക" (If you're into it, read into it) എന്നതാണ് ഈ പുസ്തകദിനം മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശം. "പൂർണമായും വായനയിലേക്ക്" (Go All In) എന്ന സന്ദേശത്തിലൂടെ വായനയെ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കൂ എന്നാണ് യുനസ്കോ വിഭാവനം ചെയ്യുന്നത്. "കഥകൾ നട്ടുവളർത്തുക, ലോകം പൂത്തുലയട്ടെ" (Plant stories and the world will bloom) എന്ന യുനസ്കോയും മറ്റൊരു മനോഹരമായ സങ്കൽപ്പം വായന നമ്മുടെ ഭാവനയെയും ലോകത്തെയും എങ്ങനെ മാറ്റുന്നു എന്ന് കാണിച്ചുതരുന്നു.
വളയാതിരിക്കാൻ വായിച്ചു വളരാം
വായന വെറുമൊരു ഗൗരവമേറിയ ഒരു കാര്യമല്ല. അത് ഇഷ്ടമുള്ള വിഷയങ്ങളിലേക്ക് ചേക്കേറാനുള്ള വാതിലാണ്. കായികം, സിനിമ, പാചകം, യാത്രകൾ തുടങ്ങി നിങ്ങൾ താല്പര്യപ്പെടുന്ന ഏത് വിഷയത്തെക്കുറിച്ചും ആഴത്തിൽ വായിച്ചു തുടങ്ങുന്നത് വായനയെ ആസ്വാദ്യകരമാക്കും.
വായന വെറുമൊരു വിനോദമല്ല, മറിച്ച് അത് ചിന്തകളെ ഉണർത്തുകയും വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ്. സ്ട്രെസ് കുറക്കാനും, ഭാവനയെ ഉത്തേജിപ്പിക്കാനും, അറിവിനെ വികസിപ്പിക്കാനും വായനയോളം മികച്ച വഴി മറ്റൊന്നില്ല. ഒരു പുസ്തകം തുറക്കുമ്പോൾ നാം മറ്റൊരു കാലത്തിലേക്കോ ദേശത്തിലേക്കോ ലോകത്തിലേക്കോ ആണ് പ്രവേശിക്കുന്നത്.
വായനക്ക് ഇനി മാർക്കുണ്ട്
കേരള സർക്കാർ വായനയെ പാഠ്യപദ്ധതിയുടെ ഭാഗമായി കൂടുതൽ ഗൗരവത്തോടെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത അധ്യയനവർഷം മുതൽ വായനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരീഡ് വായനയ്ക്കായി മാറ്റിവെക്കണമെന്നും, അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ളവർ പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും നടത്തണമെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നയം പുതിയൊരു വായനാ സംസ്കാരത്തിന് അടിത്തറയിടും. വായനയെ ഒരു ശീലമായി വളർത്തിയെടുക്കാൻ ഇത് കുട്ടികളെ സഹായിക്കും.
മലയാളത്തിൽ വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളിതാ
1. രണ്ടാമൂഴം (എം ടി വാസുദേവൻ നായർ) : വ്യാസഭാരതത്തെ ഭീമന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന നോവലാണിത്. പാണ്ഡവരിൽ എന്നും രണ്ടാമനായിപ്പോയ, ബലവാനായിട്ടും അംഗീകരിക്കപ്പെടാതെ പോയ ഭീമന്റെ മാനസിക സംഘർഷങ്ങളാണ് ഇതിന്റെ കേന്ദ്രപ്രമേയം. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണിത്. അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഭീമന്റെ ആത്മഗതം വായനക്കാരുടെ ഉള്ളുലക്കും.
2. ഖസാക്കിന്റെ ഇതിഹാസം (ഒ വി വിജയൻ) : മലയാള നോവൽ സാഹിത്യത്തെ 'ഖസാക്കിന് മുൻപും പിൻപും' എന്ന് രണ്ടാക്കി മാറ്റിയ വിസ്മയം. അസ്തിത്വവാദവും ആത്മീയതയും മിത്തും ഇഴചേരുന്ന ഈ നോവൽ, രവിയിലൂടെ മനുഷ്യജീവിതത്തിന്റെ അർഥത്തെയും പാപപുണ്യങ്ങളെയും വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിക്കുന്നു. അഞ്ചരപ്പതിറ്റാണ്ടിന് ശേഷവും മലയാളിയുടെ ഭാവനയെ സ്വാധീനിക്കുന്ന ഒരു അത്ഭുതമാണ് ഈ നോവൽ.
3. പാത്തുമ്മായുടെ ആട് (വൈക്കം മുഹമ്മദ് ബഷീർ) : ലളിതമായ ഭാഷയിൽ മനുഷ്യത്വത്തിന്റെ വലിയ പാഠങ്ങൾ പറഞ്ഞുതരുന്ന ബഷീറിയൻ മാജിക്. വിശപ്പിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ കൃതി, ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഇവിടെ അവകാശമുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ നെഞ്ചിലേറ്റിയ ഒരു കൊച്ചു വലിയ പുസ്തകമാണിത്.
4. ആടുജീവിതം (ബെന്യാമിൻ) : പ്രവാസത്തിന്റെ കഠിനാനുഭവങ്ങളെയും അതിജീവനത്തെയും അടയാളപ്പെടുത്തിയ നോവൽ. മരുഭൂമിയിലെ ഒറ്റപ്പെടലിലും അടിമത്തത്തിലും മടുത്തുപോകാതെ നജീബ് എന്ന മനുഷ്യൻ നടത്തിയ പോരാട്ടം ലോകമെമ്പാടുമുള്ള വായനക്കാരെ സ്വാധീനിച്ചു. മനുഷ്യന്റെ ആത്മവീര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ഈ കൃതി ഓരോ മലയാളിയും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.
5. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം. മുകുന്ദൻ) : ഫ്രഞ്ച് ഭരണകാലത്തെ മയ്യഴിയുടെ ചരിത്രവും മിത്തും ഇഴചേർത്ത കഥ. ദാസന്റെയും ചന്ദ്രികയുടെയും ഹൃദയസ്പർശിയായ പ്രണയത്തിലൂടെയും മയ്യഴിയുടെ വിമോചന പോരാട്ടങ്ങളിലൂടെയും കടന്നുപോകുന്ന ഈ നോവൽ, മലയാള സാഹിത്യത്തിലെ 'മയ്യഴിയുടെ കഥാകാരന്റെ' ഏറ്റവും മികച്ച രചനയാണ്.
6. ഒരു ദേശത്തിന്റെ കഥ (എസ് കെ പൊറ്റെക്കാട്ട്) : ഒരു ഗ്രാമത്തിന്റെ പരിണാമം ഹൃദ്യമായി ആവിഷ്കരിച്ച ജ്ഞാനപീഠം ലഭിച്ച കൃതി. കോഴിക്കോട്ടെ അതിരാണിപ്പാടം എന്ന ദേശത്തിന്റെ കഥയിലൂടെ മനുഷ്യബന്ധങ്ങളുടെയും കാലമാറ്റത്തിന്റെയും ആഴത്തിലുള്ള ചിത്രം വരച്ചുകാട്ടുന്ന ഈ നോവൽ ഓരോ വായനക്കാരനിലും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്.
7. എന്റെ കഥ (മാധവിക്കുട്ടി) : സ്ത്രീമനസ്സിന്റെ തുറന്നുപറച്ചിലുകളിലൂടെ വിപ്ലവം സൃഷ്ടിച്ച ആത്മകഥ. മാധവിക്കുട്ടിയുടെ ജീവിതവും പ്രണയവും ഏകാന്തതയും ഒത്തുചേരുന്ന ഈ കൃതി മലയാളത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ആത്മകഥകളിൽ ഒന്നാണ്.
8. നാലുകെട്ട് (എം ടി വാസുദേവൻ നായർ) : തകരുന്ന മരുമക്കത്തായത്തിന്റെ പശ്ചാത്തലത്തിൽ അപ്പുണ്ണി എന്ന യുവാവ് തന്റെ സ്വത്വം തേടുന്ന കഥ. എം ടിയുടെ ആദ്യ നോവലായ ഇത് മാറ്റത്തിന്റെ കാറ്റേറ്റ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്.
9. ഒരു സങ്കീർത്തനം പോലെ (പെരുമ്പടവം ശ്രീധരൻ) : റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ 'ചൂതാട്ടക്കാരൻ' എന്ന നോവലിന്റെ ജനനവും പശ്ചാത്തലമാക്കിയ കൃതി. പ്രണയത്തിന്റെയും ആത്മസംഘർഷത്തിന്റെയും മനോഹരമായ ആവിഷ്കാരം.
10. ധർമ്മപുരാണം (ഒ വി വിജയൻ) : രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള വായനാനുഭവം നൽകുന്ന നോവൽ. അധികാരത്തെയും രാഷ്ട്രീയ ജീർണതയെയും ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്ന ഈ നോവൽ എക്കാലവും പ്രസക്തമാണ്.
"ലോകം ഒരു വലിയ നാടകവേദിയാണെന്നും നാമെല്ലാവരും വെറും അഭിനേതാക്കൾ മാത്രമാണെന്നും" പറഞ്ഞ വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ചരമദിനം കൂടിയായ ഇന്ന് ലോക പുസ്തകദിനമായി ആഘോഷിക്കുമ്പോൾ, അക്ഷരങ്ങൾ തീർക്കുന്ന വലിയ നാടകവേദിയിൽ നമുക്കും കണ്ണികളാകാം. ഓരോ പുസ്തകവും ഓരോ പുതിയ ജീവിതമാണ്. ഡിജിറ്റൽ കാലത്തെ വേഗതകൾക്കിടയിൽ മനസിനെ ശാന്തമാക്കാൻ വായനയോളം മികച്ച മറ്റൊരു വഴിയില്ല. ഈ പുസ്തകദിനത്തിൽ നമുക്ക് ഒരു പുതിയ പുസ്തകം കൈയ്യിലെടുക്കാം, വായനയുടെ വസന്തം നമ്മുടെയുള്ളിലും പൂത്തുലയട്ടെ.










0 comments